Saturday
21 Oct 2017

മെസി കളി ജയിപ്പിച്ചു; അര്‍ജന്റീന ലോകകപ്പിന്

By: Web Desk | Wednesday 11 October 2017 8:04 PM IST

ക്വിറ്റോ:

സൂപ്പര്‍താരം ലയണല്‍ മെസി വിശ്വരൂപം പുറത്തെടുത്തു. അസാധ്യമെന്ന് കരുതിയിരുന്ന ലോകകപ്പ് യോഗ്യത മെസി മുന്നില്‍നിന്ന് നയിച്ചപ്പോള്‍ അര്‍ജന്റീന സ്വന്തമാക്കി.
ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഇക്വഡോറിനെതിരെ 3-1ന് അര്‍ജന്റീന തകര്‍പ്പന്‍ ജയം സ്വന്തമാക്കി. സമനിലയായിരുന്നു കളിഫലം എങ്കില്‍ പോലും അര്‍ജന്റീനയുടെ മുന്‍പില്‍ വഴിയടയുമായിരുന്നു. ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് അര്‍ജന്റീന തിരിച്ചടിച്ച് ലീഡും ജയവും ഒപ്പം ലോകകപ്പ് യോഗ്യതയും കൈപ്പിടിയിലൊതുക്കിയത്.
12, 20, 62 മിനുട്ടുകളിലാണ് മെസി ഗോള്‍ നേടിയത്. ദക്ഷിണഅമേരിക്കന്‍ ഗ്രൂപ്പില്‍ 28 പോയിന്റുമായി മൂന്നാമന്‍മാരായാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. 41 പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. 31 പോയിന്റ് നേടിയ ഉറുഗ്വായ് ആണ് രണ്ടാം സ്ഥാനത്ത്. ബ്രസീല്‍, ഉറുഗ്വായ്, അര്‍ജന്റീന, കൊളംബിയ ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടിയത്. അഞ്ചാം സ്ഥാനത്ത് എത്തിയ പെറുവിന് ഓഷ്യാന ഗ്രൂപ്പില്‍നിന്നുള്ള ന്യൂസിലാന്‍ഡുമായി പ്ലേ ഓഫ് ജയിക്കാനായാല്‍ ലോകകപ്പിന് പോകാം.
ആദ്യ പകുതിയില്‍ 2-1ന് മുന്നിട്ടു നിന്ന അര്‍ജന്റീന രണ്ടാം പകുതിയില്‍ ഒരുവട്ടംകൂടി ഇക്വഡോര്‍ വലകുലുക്കി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് ബ്രസീലും ഉറുഗ്വെയും നേരത്തെ തന്നെ ലോകകപ്പ് കളിക്കാനുള്ള ടിക്കറ്റ് നേടിയിരുന്നു. ഇരുടീമുകള്‍ക്കും പിന്നില്‍ മൂന്നാമതായാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. ബ്രസീലിന് 41 ഉം ഉറുഗ്വയ്ക്ക് 31 ഉം അര്‍ജന്റീനയ്ക്ക് 28 ഉം പോയിന്റാണുള്ളത്.