Friday
20 Apr 2018

അര്‍ജന്റീനിയന്‍ മുങ്ങിക്കപ്പല്‍ കാണാതായി: തെരച്ചില്‍ ഊര്‍ജ്ജിതം

By: Web Desk | Saturday 18 November 2017 11:00 PM IST

ബ്യൂണസ്അയേഴ്‌സ്:

44 ജീവനക്കാരുമായി അര്‍ജന്റീനിയന്‍ നാവികസേനയുടെ മുങ്ങിക്കപ്പല്‍ സാന്‍ ജുവാന്‍ കാണാതായി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പാറ്റഗോണിയ തീരത്തുവെച്ചാണ് മുങ്ങിക്കപ്പല്‍ കാണാതായത്.
ചുബു പ്രവിശ്യയയിലെ സാന്‍ ജോര്‍ജ്ജ് ഉള്‍ക്കടലില്‍ തീരപ്രദേശത്ത് നിന്നും 430 കിലോമീറ്റര്‍ അകലെ വെച്ചാണ് ബുധനാഴ്ച്ച മുങ്ങിക്കപ്പലില്‍ നിന്നും അവസാന സന്ദേശം ലഭിച്ചത്. മുങ്ങിക്കപ്പല്‍ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും തുടരുകയാണ്. പ്രദേശത്തിന്റെ 13 ശതമാനത്തിലധികം മേഖലയില്‍ തെരച്ചില്‍ പൂര്‍ത്തിയാക്കിയെങ്കിലും അന്തര്‍വാഹിനിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
തീരപ്രദേശ നഗരമായ പാറ്റഗോണിയയില്‍ നിന്നും മൂന്നുറ് കിലോമീറ്റര്‍ അകലെ, എഴുപത് മീറ്റര്‍ ആഴത്തില്‍ വെച്ച് അന്താരാഷ്ട്ര സബ്മറൈന്‍ ആന്റ് റസ്‌ക്യൂ ലെയ്‌സ ഓഫീസ് അന്തര്‍വാഹിനി കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.
മുങ്ങിക്കപ്പല്‍ കണ്ടെത്തുതിനായി ദേശീയ, അന്തര്‍ദേശിയ സാഹചര്യങ്ങള്‍ ഉപയോഗിക്കുമെന്ന് അര്‍ജന്റീന പ്രസിഡന്റ് മൗറീസ്യോ മാര്‍സി ട്വീറ്റ് ചെയ്തു. എന്തെങ്കിലും യന്ത്രത്തകരാര്‍ ഉള്ളതായി മുങ്ങിക്കപ്പലില്‍ നിന്നും ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ അത് നഷ്ടപ്പെട്ടുവെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്നും നാവികസേന വക്താവ് എന്റിക്വു ബാല്‍ബി ഒരു പ്രാദേശിക ടെലിവിഷനോട് പറഞ്ഞു.
അന്തര്‍വാഹിനിയില്‍ നിന്നും അവസാന സന്ദേശം വന്ന പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. രാത്രിയിലാണ് തിരച്ചില്‍ നടത്തിയത് എന്നതും പ്രദേശത്ത് നിലനില്‍ക്കുന്ന പ്രതികൂല കാലാവസ്ഥയും മൂലമാണ് ആദ്യഘട്ട തിരച്ചിലുകള്‍ ഫലം കാണാത്തെതെന്നാണ് ബാല്‍പി വിശദീകരിക്കുന്നത്. മുന്ന് നാവിക കപ്പലുകളും രണ്ട് വിമാനങ്ങളും തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അന്തര്‍വാഹിനിയില്‍ നിന്നും അത്യാഹിത സന്ദേശങ്ങള്‍ ഒന്നും ലഭിച്ചിരുന്നട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. അപായ സൂചനകള്‍ ലഭിക്കാത്തതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണെന്ന് അര്‍ജന്റീനന്‍ നാവിക സേന വക്താവ് അറിയിച്ചു.
അര്‍ജന്റീന നാവികസേനയുടെ മൂന്ന് മുങ്ങിക്കപ്പലുകളില്‍ ഒന്നാണ് 66 മീറ്റര്‍ നീളമുള്ള ടിആര്‍ 1700 സുവാന്‍ ജുവാന്‍.