Monday
19 Nov 2018

സേനയ്ക്ക് 7.4 ലക്ഷം പുതിയ തോക്കുകള്‍

By: Web Desk | Tuesday 13 February 2018 10:48 PM IST

15,935 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സായുധ സേനയ്ക്കായി 15,935 കോടി രൂപയുടെ പുതിയ ആയുധങ്ങള്‍ വാങ്ങുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം.

7.4 ലക്ഷം പുതിയ തോക്കുകള്‍ വാങ്ങാനാണ് തീരുമാനം. ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ഇന്‍സാസ് തോക്കുകള്‍ക്ക് പകരമായിരിക്കും ഇവ. മൂന്ന് സേനകള്‍ക്കും ഇവ നല്‍കും. വിദേശ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയ ശേഷം പിന്നീട് അവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

5,719 പുതിയ സ്‌നിപ്പര്‍ റൈഫിളുകള്‍ക്കായി 982 കോടിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ക്കായി 1,819 കോടിയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്.ജനുവരിയില്‍ 3547 കോടി മുടക്കി 72,400 അസാള്‍ട്ട് തോക്കുകള്‍ വാങ്ങാന്‍ സമിതി തീരുമാനമെടുത്തിരുന്നു. കൂടാതെ കരസേനയ്ക്കായി 93,895 കാര്‍ബൈനുകളും വാങ്ങാന്‍ തീരുമാനമായിരുന്നു.

അടിയന്തര സാഹചര്യങ്ങളിലും യുദ്ധകാലത്തും പ്രതിരോധിക്കാന്‍ ലൈറ്റ് മെഷീന്‍ ഗണ്‍ അത്യാവശ്യമാണ്. നിലവില്‍ സൈന്യത്തിന്‍റെ പക്കലുള്ള മെഷീന്‍ ഗണ്ണുകള്‍ക്ക് ഭാരക്കൂടുതലാണ്. ഇതുമൂലമാണ് ലൈറ്റ് മെഷീന്‍ ഗണ്‍ നോക്കാന്‍ സൈന്യം നിര്‍ബന്ധിതമായത്. ആവശ്യസമയങ്ങളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും. റഷ്യന്‍ ഡ്രാഗുനോവ് റൈഫിളുകള്‍ക്ക് പകരമാണ് സ്‌നിപ്പര്‍ റൈഫിളുകള്‍ കൊണ്ടുവരുന്നത്.
11 വര്‍ഷം മുമ്പാണ് അത്യാധുനിക തോക്കുകള്‍ വാങ്ങാനുള്ള നിര്‍ദ്ദേശം സൈന്യം സമര്‍പ്പിക്കുന്നത്. എന്നാല്‍ യോഗ്യരായ വിതരണക്കാര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ആയുധങ്ങള്‍ വാങ്ങുന്നത് അനിശ്ചിതമായി മുടങ്ങി. 2016ലും ആയുധം വാങ്ങുന്നതിനായി ശ്രമം നടത്തിയിരുന്നെങ്കിലും താല്‍പര്യമറിയിച്ച് ഒരു കമ്പനി മാത്രം രംഗത്തെത്തിയതോടെ ഈ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച എല്ലാ നൂലാമാലകളും തീര്‍ക്കാനും എത്രയും പെട്ടെന്ന് ആയുധങ്ങള്‍ വാങ്ങാനും തീരുമാനിക്കുകയായിരുന്നു.

സോവിയറ്റ് നിര്‍മിത എകെ 47 തോക്കുകളും ഇന്ത്യന്‍ നിര്‍മ്മിത ഇന്‍സാസ് തോക്കുകളുമാണ് 1988 മുതല്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ച് വരുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് രൂപകല്പന ചെയ്തവയാണ്.  56 മില്ലിമീറ്റര്‍ കാലിബറുള്ള ഇന്‍സാസ് തോക്കുകള്‍. എന്നാല്‍ ഇന്നത്തെ തീരുമാനത്തോടെ അത്യാധുനികവും മാരക പ്രഹര ശേഷിയുള്ളതുമായ തോക്കുകളും ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലെത്തും. അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുണ്ടാകുന്ന ഭീഷണി നേരിടാന്‍ ഫലപ്രദമാണ് പുതിയ തോക്കുകള്‍. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) അടക്കമുള്ള ആയുധ നിര്‍മാതാക്കളെ ഇത് സംബന്ധിച്ച ടെണ്ടര്‍ സമര്‍പ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിരുന്നു.

Related News