Monday
16 Jul 2018

നീരവ് മോഡിക്കെതിരെ അറസ്റ്റ് വാറന്റ്

By: Web Desk | Sunday 24 June 2018 10:49 PM IST

സൂറത്ത്: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) രജിസ്റ്റര്‍ ചെയ്തിട്ടുള്ള നികുതി വെട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നീരവ് മോഡിക്കെതിരെ സൂറത്ത് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
നീരവിന്റെ സ്ഥാപനങ്ങളായ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍, ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍, രാധാശിര്‍ ജ്വല്ലറി എന്നിവയുടെ പേരില്‍ ഇറക്കുമതി ചെയ്ത കട്ട് ആന്‍ഡ് പോളിഷ് ഡയമണ്ട്‌സ് , മുത്തുകള്‍ മുതലായവ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ക്ക് നികുതി വെട്ടിച്ചു എന്ന് കാട്ടിയാണ് ഡിആര്‍ഐ നീരവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആകെ 1,205 കോടി രൂപയുടെ നികുതി വെട്ടിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പലിശയും പിഴയും ഉള്‍പ്പെടെ 48.21 കോടി രൂപ തിരിച്ചടക്കേണ്ടതായുണ്ട്.
2014 ഡിസംബറില്‍ നികുതിവെട്ടിച്ചു കടത്തിയ ചരക്കുകള്‍ മുംബൈ എയര്‍പ്പോര്‍ട്ടില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് കഴിഞ്ഞ മാര്‍ച്ചില്‍ നീരവിനെതിരെ ഡിആര്‍ഐ കേസെടുത്തത്. ഹോങ്കോങ്, ദുബായ് എന്നിവിടങ്ങളില്‍ നിര്‍മിച്ച ഗുണനിലവാരവും മൂല്യവും കുറഞ്ഞ ചരക്കുകളായിരുന്നു വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പിടിക്കപ്പെട്ടത്. 43.10 കോടിയുടെ മൂല്യമുള്ളതെന്ന് കാട്ടി കടത്തിയ വജ്രങ്ങള്‍ അന്വേഷണ സംഘം ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ അംഗീകൃത മൂല്യനിര്‍ണ്ണയ കമ്മീഷന്റെ പരിശോധനയില്‍ 4.93 കോടി രൂപ മാത്രം വിലമതിക്കുന്നതാണെന്നും കണ്ടെത്തിയിരുന്നു. സൂറത്ത് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇവ മുന്നും.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിന്‍ അന്വേഷണ ഏജന്‍സി നീരവ് മോഡിക്കെതിരെ പ്രോസിക്യൂഷനെ നിയമിക്കുകയായിരുന്നു. നീരവിനെതിരെ സൂറത് കോടതി സമന്‍സ് പുറപ്പെടുവിച്ചിരുന്നെങ്കിലും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
52 കോടി നികുതി നിശ്ചയിച്ചിട്ടുള്ള 890 കോടിയുടെ രൂപയുടെ ചരക്കില്‍ നികുതി വെട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലും മോഡിക്കെതിരെ ഡിആര്‍ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങളടങ്ങുന്ന രേഖകളും, തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും ഡിആര്‍ഐ അറിയിച്ചിട്ടുണ്ട്.
അതേ സമയം വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലണ്ടനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാലഘട്ടത്തില്‍ നീരവ് താമസിച്ചിരുന്നത് നഗരമധ്യത്തില്‍ തന്നെയുള്ള ഓള്‍ഡ് ബൗണ്ട് സ്ട്രീറ്റില്‍ ഒരാഴ്ച മുന്‍പ് അടച്ചുപൂട്ടിയ ഒരു ജ്വല്ലറി കെട്ടിടത്തിന് മുകളിലുള്ള ഫ്‌ളാറ്റിലായിരുന്നു എന്ന് ദി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരിയില്‍ നീരവിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയതിനു ശേഷം മാത്രം ബ്രിട്ടണ് അകത്തും പുറത്തുമായി നാലു തവണ ഇയാള്‍ യാത്ര ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ കേസ് നടക്കുന്ന കാലയളവില്‍ ബ്രിട്ടന്‍ ഒരു സുരക്ഷിത താവളമായി നീരവ് തെരഞ്ഞെടുത്തതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍തന്നെ വിള്ളലുകള്‍ ഉണ്ടായേക്കാമെന്നും വിലയിരുത്തുന്നു.