Wednesday
19 Sep 2018

ആടിയുലയുന്ന നാലാം തൂണ്

By: Web Desk | Thursday 12 October 2017 1:00 AM IST

പുതിയ ആശയങ്ങളെയും ആശയപ്രകാശനത്തെയും സ്വേച്ഛാധിപത്യത്തിന് എന്നും ഭയമാണ്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും പത്രങ്ങള്‍ക്കും പത്രാധിപന്മാര്‍ക്കും പുസ്തകങ്ങള്‍ക്കും എതിരെ പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരു നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലും അക്ഷരങ്ങള്‍ക്കെതിരായ നിയന്ത്രണങ്ങളും നിരോധനങ്ങളും വിവിധ ഘട്ടങ്ങളായി നിരവധി അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് പൊന്നുതമ്പുരാനും ദിവാനും അഹിതമായി ചിലത് എഴുതിയതിന്റെ പേരിലാണ്. പത്രമുടമയായിരുന്ന വക്കം മൗലവിയുടെ സ്വദേശാഭിമാനി പ്രസും മറ്റു വകകളും സര്‍ക്കാര്‍ കണ്ടുകെട്ടി. രാജവാഴ്ചയിന്‍ കീഴിലെ അനീതികളെക്കുറിച്ചെഴുതിയ കേസരി ബാലകൃഷ്ണപിള്ള പത്രരംഗം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതനായി. പത്രത്തിന്റെ പേരില്‍ പിഴ ചുമത്തിയും ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചും അകാലചരമം വിധിക്കപ്പെട്ട പത്രങ്ങള്‍ക്ക് കണക്കില്ല.
പത്രമാരണ നിയമങ്ങള്‍ ചമച്ച് അവയുടെ വായ്മൂടിക്കെട്ടുമ്പോള്‍ത്തന്നെ, അതേ അസഹിഷ്ണുത പുസ്തകങ്ങളോടും പ്രഭാഷണങ്ങളോടും ഏകാധിപത്യം പുലര്‍ത്തിയിരുന്നു. നമ്മുടെ പഴയ പല ദേശീയ നേതാക്കളും പ്രസംഗത്തിന്റെ പേരില്‍ ജയില്‍വാസമനുഭവിച്ചിട്ടുള്ളവരാണ്. കേരളത്തിന്റെ നവോത്ഥാന നായകന്മാരില്‍ പെടുന്ന ഇ മാധവന്റെ ‘സ്വതന്ത്രസമുദായം’ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍ സുപ്രധാനമായ ഒന്നാണ്. ജാതിവ്യവസ്ഥയിലെ ഉച്ചനീചത്വവും ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ നിഷ്ഠുരതയും മനുഷ്യത്വപരമായ നിലപാടില്‍ നിന്നുകൊണ്ട് വിശകലനം ചെയ്യുന്ന കൃതിയാണ് സ്വതന്ത്രസമുദായം. ജാത്യാഭിമാനത്തിന്റെ മിഥ്യാബോധങ്ങളെ നിശിതമായ ഭാഷയില്‍ അത് പരിഹസിച്ചു. വരേണ്യവര്‍ഗങ്ങള്‍ ചിരകാലമായി കൈവശം വച്ചനുഭവിക്കുന്ന അനര്‍ഹങ്ങളായ അവകാശങ്ങളെ അത് ചോദ്യം ചെയ്തു. മനുവാദത്തില്‍ ഭ്രമിച്ച് സമചിത്തത നഷ്ടപ്പെട്ട അധികാര കേന്ദ്രങ്ങള്‍ക്ക് ഇന്നും നിരോധിച്ചാലെന്തെന്ന് ആഗ്രഹം തോന്നാവുന്ന ഒരു ഗ്രന്ഥമാണ് സ്വതന്ത്രസമുദായം.
ഇതെല്ലാം സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള ചരിത്രമാണ്. അമ്മാതിരി സംഭവങ്ങള്‍ക്ക് പില്‍ക്കാല ചരിത്രത്തില്‍ എന്തു പ്രസക്തി എന്ന് ന്യായമായും നാം ചിന്തിക്കുന്നു. കാരണം നാമിന്നു ജീവിക്കുന്നത് താരതമ്യേന മികവാര്‍ന്ന ജനാധിപത്യ വ്യവസ്ഥയിലാണ്. ഭരണഘടന നിര്‍ദേശിക്കുന്ന ചില നെടുംതൂണുകളാണ് ജനാധിപത്യ ഭരണക്രമത്തെ താങ്ങിനിര്‍ത്തുന്നത്. ലെജിസ്ലേച്ചര്‍ (നിയമനിര്‍മാണ സഭ) എക്‌സിക്യൂട്ടീവ് (ഭരണനിര്‍വഹണ സംവിധാനം) ജുഡീഷ്യറി (കോടതി) എന്നീ നെടുംതൂണുകള്‍ പരസ്പരബന്ധിതവും ഭരണകൂടത്തിനുള്ളില്‍തന്നെ നിലകൊള്ളുന്നവയുമാണ്.
നാലാംതൂണിന്റെ സ്ഥാനം കുറച്ചു വ്യത്യസ്തമാണ്. ആദ്യകാലത്ത് പത്രസ്വാതന്ത്ര്യമെന്നും ഇന്ന് മാധ്യമ സ്വാതന്ത്ര്യമെന്നും പറയുന്ന നാലാം തൂണിന്റെ അടിത്തറ ജനമനസുകളാണ്. ശബ്ദിക്കാത്തവരുടെ ശബ്ദമെന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത് അതുകൊണ്ടാണ്. അപാരമായ നിഗ്രഹാനുഗ്രഹശക്തി അതിനുണ്ട്. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ മീഡിയയും സോഷ്യല്‍ മീഡിയയും ഒത്തുപിടിച്ചാല്‍ ഏത് കൊലക്കൊമ്പനേയും കൊമ്പുകുത്തിക്കാനാവുമെന്ന് നന്നായറിയാവുന്നവരാണ് സ്വേച്ഛാപ്രമത്തന്മാരായ ഭരണാധികാരികള്‍. നക്കാപ്പിച്ചയ്ക്ക് വേണ്ടി മാധ്യമധാര്‍മികതയെ അടിയറവയ്ക്കാന്‍ മടിയില്ലാത്ത അല്‍പപ്രാണികളാണ് പല നിര്‍ണായക സന്ദര്‍ഭങ്ങളിലും സ്വേച്ഛാധികാരികള്‍ക്ക് സമാശ്വാസം അരുളിയിട്ടുള്ളത്.
ആദ്യത്തെ മൂന്ന് നെടുംതൂണുകളുടെ പ്രവര്‍ത്തനം നോക്കിക്കണ്ടും പരിശോധിച്ചും വിമര്‍ശിച്ചും നേര്‍വഴിക്ക് നടത്തുന്നത് അഥവാ നടത്തേണ്ടത് മാധ്യമങ്ങളാണ്. തെരഞ്ഞെടുപ്പില്‍ സ്വഹിതം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ജനാധിപത്യ വ്യവസ്ഥയിലെ സ്വധര്‍മം അവസാനിച്ചു എന്നാണ് ജനങ്ങള്‍ പൊതുവെ വിശ്വസിക്കുന്നത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ ജനങ്ങളുടെ പ്രാതിനിധ്യം സ്വമേധയാ ഏറ്റെടുത്ത് നടത്തുന്നത് മാധ്യമങ്ങളാണ്. ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധത മാധ്യമങ്ങളെ ഭരണകേന്ദ്രങ്ങളുടെ നീരസത്തിനു പലപ്പോഴും പാത്രീഭവിപ്പിക്കുന്നു. ജനാധിപത്യ സംസ്‌കാരം മുഖമുദ്രയായിട്ടുള്ള ഭരണാധികാരികളുടെ സമീപനം മറ്റൊന്നാണ്. പൊതുജനങ്ങളുടെ കണ്ണും കാതുമാണ് മാധ്യമങ്ങള്‍ എന്ന് വിശ്വസിക്കുന്നവര്‍ക്ക് മാധ്യമങ്ങളോട് സംവദിക്കുവാന്‍ സ്വാഭാവികമായും കഴിയുന്നു. അറിഞ്ഞും അറിയിച്ചും ഭരണക്രമത്തെ കാര്യക്ഷമമാക്കാന്‍ അത്തരം സംവാദങ്ങള്‍ വഴിതെളിക്കും.
മോഡി പ്രധാനമന്ത്രി ആയതിനുശേഷം ജനജീവിതത്തെ നേരിട്ടുബാധിക്കുന്ന ഒരുപാട് വിഡ്ഢിത്തങ്ങള്‍ ചെയ്തുകൂട്ടുകയുണ്ടായി. സ്വന്തം പരിമിതികളെക്കുറിച്ച് ബോധമില്ലാത്തവര്‍ക്ക് ചെയ്യുന്നത് വിഡ്ഢിത്തമാണെന്ന് മനസിലാക്കാന്‍ കാലതാമസം നേരിടുക സ്വാഭാവികമാണ്. നോട്ട് നിരോധനത്തിലെ അപാകത കാലതാമസം കൂടാതെ ബോധ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കുവാന്‍ പ്രധാനമന്ത്രിയുടെ ദുരഭിമാനം സമ്മതിക്കുന്നില്ല. സഹപ്രവര്‍ത്തകരെ പോലും ഭൃത്യന്മാരായി കാണുന്ന അധികാര ധാര്‍ഷ്ട്യത്തിന് അത് കഴിയുകയില്ല. ഇടയ്ക്കിടെ സര്‍വജ്ഞ ഭാവത്തോടെ അടിച്ചുവിടുന്ന ബഡായികൊണ്ട് പാളിച്ചകളുടെ ഓട്ട അടയ്ക്കാമെന്ന് പ്രധാനമന്ത്രി കരുതുന്നുണ്ടാവാം. താന്‍ പറയുന്നത് മറ്റുള്ളവര്‍ കേട്ടുകൊള്ളണമെന്നും ജനങ്ങള്‍ക്ക് പറയാനുള്ളത് പറയേണ്ടതില്ലേ എന്നും ഉള്ള നിലപാട് ഒരു ജനാധിപത്യ ഭരണക്രമത്തിന് തെല്ലും യോജിച്ചതല്ല.
സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പത്രസമ്മേളനം ഒഴിവാക്കുക എന്ന ഭീരുത്വം അലങ്കാരമായി കാണുന്നത്. പൊതുസമൂഹത്തിന്റെ ഉള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരുപാട് അപ്രിയസത്യങ്ങള്‍ പത്രസമ്മേളനത്തില്‍ ചോദ്യരൂപത്തില്‍ ഉയര്‍ന്നുവരുമെന്ന് വ്യക്തമാണ്. എന്തും വിളിച്ചുപറയാനുള്ള സുരക്ഷിതത്വത്തില്‍ നടത്തുന്ന വാചാപ്രസംഗത്തില്‍ നിന്ന് തുലോം ഭിന്നമാണ് പത്രസമ്മേളനങ്ങളിലെ ആശയസംവാദങ്ങള്‍. പുറത്തുമാത്രമല്ല, ഭരണമുന്നണിക്കകത്തും ഊതിപ്പെരുപ്പിച്ചു വച്ചിരിക്കുന്ന ഭീകരാന്തരീക്ഷം സ്വതന്ത്രമായ ആശയ സംവാദത്തില്‍ പൊട്ടിച്ചിതറാതിരിക്കില്ല. അതിന് പ്രധാനമന്ത്രി കണ്ടുപിടിച്ച രക്ഷാമാര്‍ഗമാണ് പത്രസമ്മേളനം ഒഴിവാക്കുക എന്നത്.
ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യക്രമത്തിന് കടകവിരുദ്ധമായ മതാധിപത്യം ആത്യന്തിക ലക്ഷ്യമായി കണ്ടുകൊണ്ട് ജനാധിപത്യത്തില്‍ പങ്കാളിയാവുന്ന കാപട്യം ഇന്നു തിരിച്ചറിയപ്പെടുന്നുണ്ട്. അമ്മാതിരി നിഗൂഢ സത്യങ്ങള്‍ വിളിച്ചുപറയുന്നവര്‍ ഏകാധിപത്യ പ്രവണന്മാരെ സംബന്ധിച്ചിടത്തോളം ഒന്നാം നമ്പര്‍ ശത്രുക്കളാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയല്ല ചോദ്യകര്‍ത്താക്കളെ നിഗ്രഹിക്കുകയാണ് ഏകാധിപത്യം കണ്ടുപിടിച്ചിരിക്കുന്ന എളുപ്പവഴി. നരേന്ദ്ര ധബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയേയും എം എം കല്‍ബുര്‍ഗിയേയും വധിച്ചതിലൂടെ ഹൈന്ദവ ഫാസിസം സ്വതന്ത്രചിന്ത അനുവദിക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു. കെ എസ് ഭഗവാന്‍, ഗിരീഷ് കര്‍ണാട് പോലുള്ള വ്യക്തിത്വങ്ങളാണ് ഇനിയുള്ള ലക്ഷ്യങ്ങളെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതോടുകൂടിയാണ് ഹൈന്ദവ ഫാസിസത്തിന്റെ നിറതോക്കുകള്‍ മാധ്യമപ്രതിഭകള്‍ക്ക് നേരെയും തിരിച്ചുവച്ചിട്ടുണ്ടെന്ന് പരക്കെ അറിയുന്നത്. താന്‍ പക്ഷേ, വധിക്കപ്പെട്ടേക്കാം എന്നു ഗൗരി ലങ്കേഷ് സംശയിച്ചിരുന്നു. തങ്ങളുടെ പ്രത്യയശാസ്ത്രത്തേയോ മോഡിയെയോ എതിര്‍ക്കുന്നവരെ വധിച്ച ശേഷം മോഡി ഭക്തരും ഹിന്ദുത്വബ്രിഗേഡും ചേര്‍ന്ന് ആഘോഷിക്കുമെന്ന് ഒരു പത്രസമ്മേളനത്തില്‍ ഗൗരി ആശങ്കപ്പെട്ടിരുന്നു. ആ ആശങ്കയെ മോഡി ഭക്തന്മാര്‍ ശരിവച്ചിരിക്കുന്നു.
കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളിലായി പ്രമുഖരായ ഇരുപത്തിയേഴ് മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. വര്‍ഷംതോറും ചുരുങ്ങിയത് ഒരാളെങ്കിലും വധിക്കപ്പെടുന്നു എന്ന് സാമാന്യമായി കണക്കാക്കാം. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് 2016-ല്‍ വധിക്കപ്പെട്ട പ്രമുഖരായ അഞ്ച് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടുണ്ട്. രാജീവ് രഞ്ജന്‍ (ഹിന്ദുസ്ഥാന്‍-ബിഹാര്‍) കരുണ്‍മിശ്ര (ജന്‍സന്ദേശ് ടൈംസ്-ഉത്തര്‍പ്രദേശ്) ഇന്ദ്രദേവ് യാദവ് (താസ ടിവി-ത്സാര്‍ഖണ്ഡ്) കിഷോര്‍ദേവ് (ജയ്ഹിന്ദ് സഞ്ജ് സമാചാര്‍-ഗുജറാത്ത്) ധര്‍മേന്ദ്രസിങ് (ദൈനിക് ഭാസ്‌കര്‍-ബിഹാര്‍). മാധ്യമരംഗത്തെ നിരവധി പേര്‍ കഠിനമായ മര്‍ദനങ്ങള്‍ക്കും പരിക്കുകള്‍ക്കും ഇരയായവര്‍ വേറെയുമുണ്ട്. അവരുടെ എണ്ണം ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ഗൗരി ലങ്കേഷിന്റെ വധത്തെ തുടര്‍ന്ന് രണ്ട് വ്യത്യസ്ത മേഖലകളിലായി ഓരോ മാധ്യമപ്രവര്‍ത്തകര്‍ കൂടി വധിക്കപ്പെട്ടുകയുണ്ടായി. ത്രിപുരയിലെ ഒരു ടെലിവിഷന്‍ ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുപത്തഞ്ചുകാരനായ ശന്തനുഭൗമിക് ആണ് ഒരാള്‍. ചണ്ഡിഗറിലെ ഒരു സീനിയര്‍ പത്രപ്രവര്‍ത്തകനായിരുന്ന കെ ജെ സിങ് ആണ് മറ്റൊരാള്‍. ഇന്ത്യന്‍ എക്‌സ്പ്രസിലും ദി ട്രിബ്യൂണിലും ടൈംസ് ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ചിട്ടുള്ള സിങ്ങിനോടൊപ്പം 92 വയസുള്ള വൃദ്ധമാതാവിനേയും വകവരുത്താന്‍ മതാന്ധത തലയ്ക്ക് പിടിച്ച ഘാതകര്‍ക്കു ഒരു അറപ്പും അനുഭവപ്പെട്ടില്ല.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ വധഭീഷണി സമൃദ്ധമായി പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന ഒരു ദശാസന്ധിയിലൂടെയാണ് രാജ്യം ഇന്ന് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നോട്ടപ്പുള്ളികള്‍ക്ക് വധഭീഷണി എത്തിച്ചുകൊടുക്കുന്ന കാര്യത്തില്‍ പല പേരുകളില്‍ അറിയപ്പെടുന്ന മതതീവ്രവാദ സംഘടനകള്‍ തമ്മില്‍ ഇന്ന് മത്സരമാണ്. ഇന്ത്യന്‍ ജനാധിപത്യത്തെയും രാജ്യത്തെ മതനിരപേക്ഷ സംസ്‌കാരത്തെയും മുച്ചൂടും മുടിച്ച് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ നോറ്റിറങ്ങിയവര്‍ക്ക് മുന്നിലെ തടസങ്ങളില്‍ പ്രധാനമായ ഒന്ന് നിലവിലുള്ള മാധ്യമ സ്വാതന്ത്ര്യമാണ്. സംവാദങ്ങളിലൂടെ അതിനെ നേരിടുവാനുള്ള ബൗദ്ധിക തേജസിന്റെ അഭാവത്തില്‍ അവര്‍ ആയുധമെടുക്കുന്നു, ജനപക്ഷ ആശയങ്ങളുടെ വക്താക്കള്‍ക്കെതിരെ നിറയൊഴിക്കുന്നു. കൊല്ലപ്പെടുന്ന ഒരു പ്രതിഭയുടെ സ്ഥാനത്ത് ഒരുപാട് പ്രതിഭകള്‍ ഉയിര്‍ത്തുവരും എന്ന് കൊലയാളികളെ ബോധ്യപ്പെടുത്തേണ്ട കാലമാണിത്.

 

Related News