Sunday
21 Oct 2018

പൗരാവകാശ കടമ്പകടത്തി ചോരപ്പുഴയൊഴുക്കാന്‍ യത്‌നിക്കുന്നവര്‍

By: Web Desk | Thursday 9 August 2018 10:40 PM IST

Ethirvakku

ക്തവിശുദ്ധിയുടെയോ വിശുദ്ധിയില്ലായ്മയുടെയോ വര്‍ണ മഹത്വത്തിന്‍റെയോ മഹത്വമില്ലായ്മയുടെയോ അടിത്തറിയിലൂന്നി പൗരത്വമുള്ളവരുടെ പട്ടിക ലഘൂകരിക്കുകയെന്നതും പൗരത്വമില്ലാത്തവരുടെ പട്ടിക വിപുലീകരിക്കുകയെന്നതും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന വിഷലിപ്ത അജന്‍ഡയുടെ അവിഭാജ്യഭാഗമാണ്. നിഷ്‌കാസിതരുടെ ഭൂപടം ഫാസിസ്റ്റുകള്‍ എപ്പോഴും കൊണ്ടുനടക്കും. അസമിലെ പൗരാവലി രജിസ്റ്ററെയും നിഷ്‌കാസിതരുടെ സ്വത്വ നിര്‍ണയത്തെയും കുറിച്ച് ഉയരുന്ന വാദകോലാഹലങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും സങ്കീര്‍ണവും കലുഷിതവുമായ ആ പരുഷസത്യത്തെ ഒരിക്കല്‍ക്കൂടി മുന്നോട്ടുവയ്ക്കുകയും ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിനുള്ളില്‍ തായ്‌വേരുകളൊന്നുമില്ലാതെ, പൗര, ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ഒരാള്‍ക്കൂട്ടായ്മ ഭരണകൂട പിന്തുണയോടെതന്നെ സൃഷ്ടിക്കപ്പെടുകയോ മുദ്രകുത്തപ്പെടുകയോ ചെയ്യുന്നതിന്‍റെ സങ്കീര്‍ണതകളും ഗുരുതരാവസ്ഥയും സങ്കല്‍പ്പാതീതവും വിവരണാതീതവുമാണ്.

അസമില്‍ കുടിയിറക്കപ്പെട്ടത് അഥവാ പൗരത്വപട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടത് 40,07,707 പേര്‍ എന്നാണ് വെളിവാക്കപ്പെടുന്നത്. ഇത് അസമിലെ ആകെ ജനസംഖ്യയുടെ 12 ശതമാനത്തോളം വരും. 40 ലക്ഷമോ നാല് ലക്ഷമോ നാല്‍പ്പതിനായിരമോ ആകട്ടെ, അതുമല്ലെങ്കില്‍ കേവലം 40 പേരെങ്കിലുമാകട്ടെ. പൗരാവകാശമില്ലാത്തവരെന്ന് അവര്‍ എങ്ങനെ തീര്‍ച്ചപ്പെടുത്തും! സ്വത്വബോധമില്ലാത്ത മനുഷ്യരായി അവര്‍ എങ്ങനെ ഈ രാഷ്ട്രത്തില്‍ കഴിഞ്ഞുകൂടും? രാഷ്ട്രം വിട്ടുപോകണമെങ്കില്‍ അവര്‍ ഏത് രാഷ്ട്രത്തിലേയ്ക്ക് പലായനം ചെയ്യേണ്ടിവരും? ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇപ്പോള്‍തന്നെ പ്രവേശനനിഷേധം പ്രഖ്യാപിച്ചുകഴിഞ്ഞു. അസമിലെ കുടിയേറ്റം 2014-ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റു സര്‍ക്കാര്‍ അധികാരാരോഹണം നടത്തിയതിനുശേഷമുള്ളതല്ല. 1951 മുതല്‍ അസമിലേയ്ക്കുള്ള കുടിയേറ്റത്തിന്‍റെയും അധിനിവേശത്തിന്‍റെയും ചരിത്രം ആരംഭിക്കുന്നുണ്ട്. പാക് – ബംഗ്ലാദേശ് യുദ്ധകാലത്ത് ആ അധിനിവേശ പ്രക്രിയ ത്വരിതപ്പെട്ടു. നിലവില്‍ അസമിന്റെ മണ്ണില്‍ ജനിച്ചവരും വളര്‍ന്നവരും മാത്രമല്ല, വളര്‍ത്തച്ഛന്മാരും വളര്‍ത്തമ്മമാരും ഇന്ത്യന്‍ മണ്ണില്‍ ജീവിക്കുന്നുണ്ട്. അവരുടെ ഭൂമിയും കുടുംബവേരുകളും ഭാഷാടിത്തറയും തൊഴിലിടങ്ങളും അസമിന്‍റെ, ഇന്ത്യയുടെ സ്വന്തം മണ്ണിലാണ്. ഇവര്‍ എങ്ങനെയാണ് പുറത്താക്കപ്പെട്ട മനുഷ്യരാവുക? ആലംബഹീനരും അടിയാളരും ആട്ടിപ്പുറത്താക്കപ്പെട്ടതുമായ ഒരു മനുഷ്യരാശിയെ സൃഷ്ടിക്കുകയാണ് ഫാസിസ്റ്റ് ഭരണകൂട അജന്‍ഡയിലൂടെ നരേന്ദ്രമോഡി നയിക്കുന്ന സംഘപരിവാര ഫാസിസ്റ്റ് ഭരണകൂടം.

1951 – 61 ദശാബ്ദത്തില്‍ 36 ശതമാനവും 61 – 71 ദശാബ്ദത്തില്‍ 35 ശതമാനവും 71 – 81 പതിറ്റാണ്ടില്‍ 50 ശതമാനവും കുടിയേറ്റക്കാരുടെ വര്‍ധനവാണ് ഔദ്യോഗിക കണക്കില്‍ ചൂണ്ടിക്കാട്ടുന്നത്. 1991 – 2001 പതിറ്റാണ്ടിലാകട്ടെ കുടിയേറ്റനിരക്കിന്റെ വര്‍ധനവ് 53 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. പാകിസ്ഥാന്‍ സൈന്യം ബംഗ്ലദേശില്‍ നടത്തിയ കൂട്ട മനുഷ്യക്കുരുതിയും യുദ്ധകുടിലതയും 1971ല്‍ ആരംഭിക്കുന്ന ദശകത്തില്‍ കുടിയേറ്റത്തിന്റെയും അധിനിവേശത്തിന്റെയും പെരുപ്പം വര്‍ധിപ്പിച്ചു.
കുടിയേറ്റക്കാരെയും അധിനിവേശക്കാരെയും നിര്‍ണയിക്കുന്നതില്‍ മതത്തെ അവലംബിക്കുന്നതില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ജാഗ്രത പുലര്‍ത്തും. അസമിലെ പൗരത്വനിര്‍ണ കാര്യത്തില്‍ പുറന്തള്ളപ്പെട്ടവരുടെ പട്ടികയില്‍ മഹാഭൂരിപക്ഷം മുസ്‌ലിം ജനവിഭാഗത്തില്‍പ്പെട്ടവരാണ് എന്നത് ഇതിന്റെ കേവല തെളിവുമാത്രം. സംഘപരിവാരത്തിന്റെ സര്‍വതോന്മുഖ ആചാര്യനായ മാധവ സദാശിവ ഗോള്‍വള്‍ക്കര്‍ ‘വിചാരധാര’ എന്ന ആത്മീയ പ്രത്യയശാസ്ത്ര ഗ്രന്ഥത്തില്‍ പറയുന്നുണ്ട്; ഇന്ത്യ ഹിന്ദുവിന്റെ മാത്രം രാഷ്ട്രം. ഹിന്ദുക്കളല്ലാത്തവര്‍ ഇന്ത്യ വിട്ടുപോകണം. ഇന്ത്യന്‍ ജനതയ്ക്ക് മൂന്ന് മുഖ്യശത്രുക്കള്‍, ഒന്ന്, മുസ്‌ലിങ്ങള്‍, രണ്ട്, ക്രിസ്ത്യാനികള്‍, മൂന്ന് കമ്മ്യൂണിസ്റ്റുകാര്‍ എന്ന്. രക്തവിശുദ്ധി മാഹാത്മ്യമായിരിക്കണം ഭാരതീയ ജനത ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും ഗോള്‍വള്‍ക്കര്‍ വിചാരധാരയില്‍ ആവര്‍ത്തിച്ചു. വിശുദ്ധമായ രക്തം ആര്യന്റെതാണെന്നും അത് ബ്രാഹ്മണ-ക്ഷത്രിയ രക്തമാണെന്നും ഗോള്‍വല്‍ക്കര്‍ നിര്‍വചിച്ചു. ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ – ശൂദ്ര മനുഷ്യവര്‍ണ വിഭജനവും തൊഴില്‍ വിഭജനവും മേധാവിത്ത ഘടനയും നിര്‍ണയിച്ച മനുസ്മൃതിയായിരിക്കണം പ്രാമാണിക ഗ്രന്ഥമെന്നും ഗോള്‍വള്‍ക്കര്‍ വിചാരധാരയിലൂടെ നിഷ്‌കര്‍ഷിക്കുകയുണ്ടായി. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ ശൂദ്രഗണത്തില്‍പ്പെടുത്തുന്ന – വൃത്യവേലയെടുക്കേണ്ടവര്‍ അഥവാ അടിമപ്പണി ചെയ്യേണ്ടവര്‍ – എന്ന് നിര്‍വചിക്കുന്ന മനുസ്മൃതി മനുഷ്യരായി പരിഗണിക്കാത്ത മറ്റൊരു കൂട്ടര്‍കൂടി ഉണ്ട്. അധസ്ഥിതരും അടിയാളരും ആദിവാസികളും പട്ടികജാതി – പട്ടികവര്‍ഗ ഗോത്രവിഭാഗത്തിലും പെട്ട പഞ്ചമന്മാര്‍. ഈ കുത്സിത ഹിന്ദുത്വമാണ് മോഹന്‍ ഭഗത്തുമാരും നരേന്ദ്രമോഡിമാരും മുന്നോട്ടുവയ്ക്കുന്നത്.
രക്തവിശുദ്ധി മാഹാത്മ്യം ഉയര്‍ത്തിപ്പിടിച്ച് ലക്ഷോപലക്ഷം മനുഷ്യരെ കൊന്നുതള്ളിയ അഡോല്‍ഫ് ഹിറ്റ്‌ലറായിരിക്കണം തങ്ങള്‍ക്ക് മാതൃകയെന്നും ഗോള്‍വള്‍ക്കര്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിശുദ്ധരക്തമില്ലാത്തവര്‍ ഗ്യാസ് ചേമ്പറുകളിലിട്ട് കൊലചെയ്യപ്പെടേണ്ടവരാണെന്നും അല്ലെങ്കില്‍ രാജ്യത്തുനിന്ന് പുറന്തള്ളപ്പെടേണ്ടവരാണെന്നും ഹിറ്റ്‌ലര്‍ നിഷ്‌കര്‍ഷിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഹിറ്റ്‌ലറുടെ തത്വസംഹിതകള്‍ പിന്തുടരുന്ന സംഘപരിവാരത്തിന്റെ ആചാര്യന്‍ ‘വിചാരധാര’യിലും ‘നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു’ എന്ന ഗ്രന്ഥത്തിലും ഈ വിധം പ്രഖ്യാപിക്കുന്നുണ്ട്; ”ഹിന്ദുക്കള്‍ മാത്രം ഇന്ത്യയില്‍ ജീവിക്കുക. ഹിന്ദുക്കളല്ലാത്തവര്‍ ഒന്നുകില്‍ ഇന്ത്യ വിട്ടുപോകണം അല്ലെങ്കില്‍ പൗരാവകാശം ഇല്ലാതെ കേവലം അടിമകളായി ഇന്ത്യന്‍ മണ്ണില്‍ കഴിഞ്ഞുകൂടാം.”
ഗോള്‍വള്‍ക്കറുടെ ഈ തത്വസംഹിതയാണ് അസമിലെ പൗരത്വപട്ടിക നിര്‍ണയത്തിലൂടെ നരേന്ദ്രമോഡി ഭരണകൂടം വ്യക്തമാക്കുന്നത്. ഭൂരിപക്ഷം വരുന്ന മുസ്‌ലിങ്ങള്‍ ഈ പട്ടിക പ്രകാരം പൗരാവകാശം ഇല്ലാത്തവരായി മാറും. അവരുടെ തായ്‌വേരുകള്‍ ഇവിടെ അവശേഷിക്കുമ്പോള്‍ അവര്‍ കേവലം പ്രച്ഛന്നധാരികളായി ഇന്ത്യന്‍ മണ്ണില്‍ കഴിഞ്ഞുകൂടേണ്ടിവരും. അതായത് ഗോള്‍വള്‍ക്കര്‍ നിര്‍വചിച്ചതുപോലെ പൗരാവകാശം ഇല്ലാത്ത കേവലം അടിമകള്‍. അവര്‍ക്ക് റേഷന്‍ കാര്‍ഡോ, വോട്ടര്‍പട്ടികയില്‍ ഇടമോ അസാധ്യമാണ്. മാതാ-പിതാ-പുത്രീ-പുത്ര ബന്ധരേഖകളൊന്നും അസാധ്യവുമാണ്. പിറന്ന മണ്ണും വളര്‍ന്ന വീടും രാഷ്ട്ര രേഖകളില്‍ നിന്ന് അപ്രത്യക്ഷമാകും.
2016ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതിരിപ്പിച്ച പൗരത്വഭേദഗതി ബില്‍ മുസ്‌ലിങ്ങളെയും പാഴ്‌സികളെയും ക്രിസ്ത്യാനികളെയും ജൈനരെയും ബുദ്ധരേയും ഇന്ത്യന്‍ ദേശീയതയില്‍ നിന്നും ഇന്ത്യന്‍ ഭൂപടത്തില്‍ നിന്നും ആട്ടിപ്പുറത്താക്കാനുള്ള ആദ്യ ചുവടുവയ്പ്പായിരുന്നുവെന്ന് ഇതോടുകൂടി വ്യക്തമായിരിക്കുന്നു. പൗരപ്പട്ടികയില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും പാര്‍ലമെന്റിനുള്ളിലും പുറത്തുമുള്ള വാദം. എത്രമേല്‍ പരിഹാസ്യമാണിത്? നാല്‍പത് ലക്ഷത്തോളം മനുഷ്യര്‍ സ്വന്തം പൗരത്വം സ്ഥാപിച്ചെടുക്കാന്‍ കോടതി മുറികള്‍ കയറിയിറങ്ങണമോ? അവര്‍ ഏതേതെല്ലാം രേഖകള്‍ സമര്‍പ്പിക്കേണ്ടിവരും? ആ രേഖകള്‍ കൈവശപ്പെടുത്താന്‍ ഏതേതെല്ലാം സര്‍ക്കാര്‍ ഓഫീസ് വരാന്തകള്‍ കയറിയിറങ്ങേണ്ടിവരും. സംഘകുടുംബ നേതാക്കളുടെയും ഭരണ കേസരികളുടെയും മറുന്യായം ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന തമാശയാണെന്ന് വ്യക്തമാണ്. നിലവില്‍തന്നെ പൗരത്വാവകാശ സംബന്ധമായ ആയിരക്കണക്കിന് കേസുകള്‍ നീതിപീഠങ്ങളുടെ മുന്നിലുണ്ടെന്നത് ഇത്തരുണത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്.
ബഗൂണ്‍ ചായകള്‍ എടുത്തണിയുന്ന അമേരിക്കന്‍ ഏകാധിപതി ടോണാള്‍ഡ് ട്രംപിന്റെ ഇന്ത്യയിലെ ആധുനിക അനുചരന്മാര്‍ മെക്‌സിക്കന്‍ കുടിയേറ്റക്കാരെ കുറിച്ചും മെക്‌സിക്കന്‍ മതില്‍ നിര്‍മ്മാണത്തെ കുറിച്ചും അസം പൗരത്വപുനര്‍നിര്‍ണയ പട്ടികയ്ക്കു പിന്നാലെ വാചാലരായാല്‍ അത്ഭുതപ്പെടേണ്ടതില്ല. രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ആട്ടിപ്പുറത്താക്കപ്പെടേണ്ടവരാണെന്ന് ഇത്തരുണത്തില്‍ തന്നെ സംഘകുടുംബ മേധാവികളും ഭരണാധികാര ശക്തികളും പ്രഖ്യാപിച്ചുകഴിഞ്ഞു. അവരുടെ ജന്മദേശം ബംഗ്ലാദേശാണെന്നും അവര്‍ നിയമവിരുദ്ധ കുടിയേറ്റക്കാരോ അധിനിവേശക്കാരോ ആണെന്ന് തീര്‍ച്ചപ്പെടുത്തണമെന്നും അവര്‍ കണ്ണിലെ കരടുകളാണെന്നും സംഘകുടുംബം ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്.
വിഭജന – വിദ്വേഷ – ഉന്മൂലന – നിഷ്‌കാസിത രാഷ്ട്ര പൗരതത്വസംഹിത വര്‍ഗീയ ഫാസിസ്റ്റുകളുടെ രാഷ്ട്ര ഭൂപടത്തെ മാറ്റിവരയ്ക്കുന്നതിന്റെയും സ്വന്തം ജനതയുടെ സ്വപ്‌ന നിര്‍വചനത്തിന്റെയും ഭാഗമാണ്.
ഈ അപായകരമായ മതമൗലിക ഭരണകൂട ഫാസിസ്റ്റ് അജന്‍ഡ ഇന്ത്യയെ വര്‍ഗീയ ലഹളകളുടെ കുരുതിക്കളമാക്കുമോ എന്ന് നാം സ്വാഭാവികമായും ആശങ്കപ്പെടണം. 1979ല്‍ ആരംഭിച്ച അസം വിമോചന പ്രക്ഷോഭം നമ്മെ ഈ ദാരുണസത്യം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പിറന്ന മണ്ണില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടവരുടെ ദീനരോദനം ചോരപ്പുഴകള്‍ സൃഷ്ടിക്കുകയായിരുന്നു. ഈ ഹൃദയഭേദകമായ പാഠം ബന്ധപ്പെട്ടവരെല്ലാം ഓര്‍മ്മിച്ചിരിക്കണം.