Wednesday
23 Jan 2019

മതപരമായ വൈചിത്ര്യം

By: Web Desk | Tuesday 16 January 2018 10:44 PM IST

ഭാരതം മതത്തിലൂടെ ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ചിന്തയില്‍ സ്വാതന്ത്ര്യം;- ആചാരത്തില്‍ അടിമത്തം. ഇതാണ് ഭാരതീയരുടെ മതജീവിതം. ഇതുകൊണ്ട് അഭിവൃദ്ധിയും അധഃപതനവും ഉണ്ടായിട്ടുണ്ട്. മതത്തിന്റെ രസം കലര്‍ന്നെങ്കിലേ ഏതിനും ഈ നാട്ടില്‍ വളര്‍ച്ച ലഭിക്കൂ. ഈശ്വരനില്ലെന്ന വാദവും ഒരു മതാകൃതി പൂണ്ടാല്‍ ഇവിടെ ആദരണീയമാകും! മതപരമായ ചിന്തയിലും ആചാരങ്ങളിലും മറ്റെങ്ങും കാണാത്ത വൈവിധ്യവും വൈചിത്ര്യവുമാണ് ഇന്ത്യയില്‍ നിലനിന്നുപോരുന്നത്.
ഹിന്ദുമതം എന്ന പേരുതന്നെ നോക്കുക: ഹിന്ദുക്കളുടെ മതം എന്നൊരു സാമാന്യാര്‍ഥമേ ഈ വാക്കിനുള്ളു. എന്താണ് ഹിന്ദുക്കളുടെ മതം എന്ന് ചോദിച്ചാലോ, ഉത്തരം പറയാന്‍ വിഷമിക്കും. എത്രയെത്ര ഭിന്നമതങ്ങള്‍ ഹിന്ദുക്കളുടെ ഇടയില്‍ പ്രചരിച്ചിരിക്കുന്നു? ഹിന്ദുമതമെന്ന ആ മഹാസമുദ്രത്തിനകത്ത് എന്തെല്ലാം ഉള്‍പ്പെടുന്നുണ്ടെന്ന് ആരും ഇതുവരെ തിട്ടപ്പെടുത്തിപ്പറഞ്ഞിട്ടില്ല. പരമബ്രഹ്മതത്വം മുതല്‍ പാഷണ്ഡമതം വരെയുള്ള നാനാവിധ സിദ്ധാന്തങ്ങളും ജപധ്യാനയാഗ ഹോമാദിയായി നരബലിപര്യന്തമുള്ള കര്‍മ്മകാണ്ഡ പരിപാടികളും ഓങ്കാരം തൊട്ട് ‘ഭരണിപ്പാട്ട്’ വരെയുള്ള സങ്കീര്‍ത്തനാവലികളും ആ വിശാലവലയത്തില്‍ സ്ഥലം പിടിച്ചിരിക്കുന്നു. പരസ്പര വൈപരീത്യങ്ങളുടെ ഒരു സമാഹാരമാണ് മനുഷ്യന്‍ എന്നൊരു പണ്ഡിതന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹിന്ദുമതവും ഏതാണ്ടിതുപോലെയത്രെ. അന്യോന്യാദിഘട്ടനം നടത്തുന്ന സിദ്ധാന്തങ്ങളുടെ സമ്മേളനം ഇതുപോലെ വിചിത്രമായി മറ്റൊരു മതത്തിലുമില്ല.
എകാനേകദേവത്വം, ദ്വൈതാദ്വൈതം, സഗുണനിര്‍ഗുണ ബ്രഹ്മം ഇങ്ങനെ ജോടിജോടിയായി എത്രയോ ഉദാഹരണങ്ങളുണ്ട്. ഈശ്വരനും ആത്മാവുമില്ലാത്ത ഒരു മതം വേറൊരിടത്തും ഒരു മതമായി ഗണിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. ഈ പ്രസ്ഥാനത്തിന് അവരിട്ട പേരാണ് ചാര്‍വാക മതമെന്നത്. ഇതിനെ അനുകരിച്ച് വേദപ്രാമാണ്യത്തെ നിഷേധിച്ച ജൈനബുദ്ധമതങ്ങളും ഇന്ത്യയില്‍ തന്നെയാണല്ലോ പിറന്നതും വളര്‍ന്നതും. മതപരമായ ഈ വൈചിത്ര്യം ഭാരതീയ ചിന്താഗതിയിലെ ഒരു ദോഷമായിട്ടല്ല സൂചിപ്പിച്ചത്. നേരേമറിച്ച് അത് ഭാരതീയര്‍ക്ക് എന്നെന്നും അഭിമാനിക്കാവുന്ന ബുദ്ധിപരമായ ഒരുത്കൃഷ്ടമാകുന്നു.
എന്തെന്നാല്‍ ഇതര മതസ്ഥര്‍ക്ക് ഒരിക്കലും ലഭിച്ചിട്ടില്ലാത്തതും ഇന്ന് ലോകം കൊണ്ടാടുന്നതുമായ വിചാരസ്വാതന്ത്ര്യത്തെയാണ് അത് പ്രത്യക്ഷമാക്കുന്നത്. സ്വാര്‍ഥലോലുപരായ പുരോഹിതന്മാര്‍ മനുഷ്യസമുദായത്തില്‍ നിന്ന് മനഃപൂര്‍വം മാറ്റിനിര്‍ത്തിയിട്ടുള്ള ഈ വിലയേറിയ ചിന്താസ്വാതന്ത്ര്യത്തെ ഇന്ത്യയില്‍ ആദ്യമായവതരിപ്പിച്ചത് ചാര്‍വാക മതമാകുന്നു.
പ്രസ്തുത മതത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പുള്ള വൈദികകാലഘട്ടം പരിശോധിച്ചെങ്കില്‍ മാത്രമേ, ഇതിന്റെ ചരിത്രപരമായ പ്രാധാന്യം വെളിപ്പെടുകയുള്ളൂ. അപൗരുഷേയത്വം, അപ്രമാദിത്വം മുതലായ വേദങ്ങളെ സംബന്ധിച്ചുള്ള അന്ധവിശ്വാസങ്ങള്‍ അടിയുറച്ച ഒരു കാലമായിരുന്നു അത്. വേദവിരുദ്ധമായ വിചാരംതന്നെ നിഷിദ്ധമായി. ഉപനിഷത് ഗ്രന്ഥങ്ങളില്‍ താത്വികമായ അന്വേഷണബുദ്ധി പ്രതിഫലിച്ചിരുന്നെങ്കിലും അവയും വേദപ്രാമാണ്യത്തിന് അടിപ്പെട്ടുപോയി. പുരോഹിതന്മാര്‍ക്കായിരുന്നു സര്‍വാധിപത്യം. ഈശ്വരന്‍, ആത്മാവ് മുതലായ വിഷയങ്ങളെപ്പറ്റിയുള്ള ഉപനിഷത് സൂക്തങ്ങള്‍ സാമാന്യ ജനങ്ങള്‍ക്ക് ദുര്‍ഗ്രഹങ്ങളും മതിഭ്രാമകങ്ങളുമായി അനുഭവപ്പെട്ടു. പ്രപഞ്ചം, മിഥ്യ, സംസാരം, ദുഃഖമയം, ഇഹലോകം നിസാരം, പരലോകം പ്രധാനം, ശരീരം നികൃഷ്ടം, ആത്മാവ് ഉല്‍കൃഷ്ടം ഇത്യാദി പ്രത്യക്ഷാനുഭവ വിരുദ്ധങ്ങളായ ആശയങ്ങള്‍ സാമാന്യജനതയില്‍ ഒരു വിഷാദാത്മകത്വവും നൈരാശ്യവുമാണ് ഉളവാക്കിയത്.
മൃഗബലി, മന്തോച്ചാരണം, യാഗഹോമങ്ങള്‍ തുടങ്ങിയവയെ സ്വര്‍ഗദ്വാരകവാടങ്ങളാക്കി കാണിച്ച് പുരോഹിതന്മാര്‍ ധനാപഹരണം നടത്തിപ്പോന്നു. ഇങ്ങനെ ദുഷിച്ചുപോയ വൈദികകാലത്തിന്റെ അവസാനഘട്ടത്തില്‍ യുദ്ധങ്ങളും അന്തഃഛിദ്രങ്ങളും കൊണ്ട് ജനങ്ങളുടെ സ്വസ്ഥജീവിതം ധ്വസ്തമായതോടുകൂടി അവരുടെ വൈദിക മതവിശ്വാസം ശിഥിലമായിത്തുടങ്ങി. ഇങ്ങനെയൊരു പരിതഃസ്ഥിതിയിലാണ് ഭൗതികവാദ പ്രധാനമായ ചാര്‍വാക മതത്തിന്റെ ഉല്‍പ്പത്തി.
ഇരുട്ടില്‍കൊളുത്തിയ ദീപംപോലെ അത് ജനതയുടെ ബുദ്ധിക്ക് വെളിച്ചം കൊടുത്തു. വൈദികമതസംബന്ധിയായ സകലതിനെയും ചോദ്യം ചെയ്തുകൊണ്ടും അപഹസിച്ചുകൊണ്ടുമായിരുന്നു അതിന്റെ പുറപ്പാട്. തല്‍ഫലമായി സംശയിക്കുവാനും അന്വേഷിക്കുവാനുമുള്ള സ്വതന്ത്ര മനോഭാവം ജനങ്ങളില്‍ അങ്കുരിച്ചു. ചുരുക്കത്തില്‍ വൈദികത്വത്തെ വെല്ലുവിളിച്ച ഒരു വിചാരവിപ്ലവമാണ് ചാര്‍വാകമതം. അഥവാ മതത്തില്‍ നിന്ന് മോചനം നേടാനുള്ള മതം എന്ന് പറയാം.
വേദങ്ങളുടെ പ്രാമാണ്യവും ഈശ്വരസത്തയും ആത്മാവിന്റെ അനശ്വരത്വവും ഇന്ത്യയിലെ തത്ത്വാന്വേഷണത്തെ ഒരു ക്ലിപ്തവൃത്തത്തില്‍ തടഞ്ഞുനിര്‍ത്തിയ കോട്ടകളാകുന്നു. വിശ്രുതരായ ദാര്‍ശനികന്മാര്‍ക്കുപോലും ഇവയെ ഭേദിക്കാന്‍ ധൈര്യമുണ്ടായിട്ടില്ല. സാംഖ്യദര്‍ശനകാരനായ കപിലന്‍ അതിപ്രശസ്തനായ ഒരു യുക്തിവാദിയായിരുന്നെങ്കിലും അദ്ദേഹവും വേദപ്രാമാണ്യത്തെ അയുക്തമാംവണ്ണം വകവച്ചുകൊടുത്തു. അഭേദ്യങ്ങളെന്നു കരുതപ്പെടുന്ന ഈ മൂന്ന് കോട്ടകളെയും തകര്‍ക്കുവാന്‍ ചാര്‍വാകന്മാര്‍ക്കേ ധൈര്യമുണ്ടായുള്ളു. അവര്‍ വെട്ടിത്തുറന്ന സ്വതന്ത്ര പന്ഥാവിനെത്തുടര്‍ന്നാണ് ജൈന – ബുദ്ധമതങ്ങള്‍ ആവിര്‍ഭവിച്ചത്.
ഇത്രയും പ്രാധാന്യമുള്ള ഒരു മതം നാസ്തികവാദം പുറപ്പെടുവിച്ചു എന്ന കാരണത്താല്‍ അനന്തരകാലത്ത് അഗണ്യകോടിയില്‍ തള്ളപ്പെട്ടു. തന്മൂലം പ്രസ്തുത മതത്തിന്റെ ചരിത്രം മിക്കവാറും അവ്യക്തമായിരിക്കുന്നു. ബി സി 600 മുതല്‍ എ ഡി 200 വരെയുള്ള ഇതിഹാസകാലഘട്ടത്തിലാണ് ചാര്‍വാക – ജൈന – ബുദ്ധമതങ്ങള്‍ ഉണ്ടായതെന്ന് പ്രൊഫ. രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു. ഏറ്റവും പഴക്കമുള്ള ബുദ്ധമതഗ്രന്ഥങ്ങളില്‍ ചാര്‍വാക മതത്തെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. പ്രസിദ്ധങ്ങളായ സാംഖ്യയോഗാദി ഷഡ്ദര്‍ശനങ്ങളെക്കാള്‍ ഇതിന് പഴക്കമുണ്ടെന്നു ചിലര്‍ പറയുന്നു.
ബ്രഹ്മസൂത്രം തൃതീയാധ്യായത്തില്‍ ഐകാത്മാധീകരണമെന്ന പേരിലുള്ള രണ്ട് സൂത്രങ്ങള്‍ ചാര്‍വാക മതസിദ്ധാന്തത്തെ പരാമര്‍ശിക്കുന്നവയാണ്. അവയുടെ ഭാഷ്യത്തില്‍ ശങ്കരാചാര്യര്‍ ഇതിനെ ഖണ്ഡിച്ചിട്ടുമുണ്ട്. ‘ലളിതവിസ്തരം’ എന്ന കൃതിയില്‍ ബുദ്ധമുനി പഠിച്ച ഗ്രന്ഥങ്ങളെപ്പറ്റി പറയുന്നിടത്ത് ‘ബാര്‍ഹസ്പത്യം’ എന്നൊരു പേരുള്ളതായി പറയപ്പെടുന്നു. ബാര്‍ഹസ്പത്യം എന്ന പേര്‍ ചാര്‍വാകമതത്തിന്റെ പര്യായമാണ്. ഇതില്‍ നിന്ന് ബുദ്ധമുനിയുടെ കാലത്തിന് വളരെ മുമ്പുതന്നെ ഈ മതം പ്രചരിച്ചിരുന്നു എന്ന് ഊഹിക്കാം. ആസ്തികന്മാരായ മതപണ്ഡിതന്മാരുടെ അധിക്ഷേപത്തിനും ഖണ്ഡനത്തിനും അടിക്കടി പാത്രമായിക്കാണുന്നതുകൊണ്ടുതന്നെ ഇതിന് ഒരുകാലത്ത് തുലോം പ്രചാരമുണ്ടെന്ന് തെളിയുന്നു. മനു ഏതത്മതാനുയായികളെ നാസ്തികന്മാരെന്നും പാഷണ്ഡന്മാരെന്നും വിളിച്ചാക്ഷേപിച്ചിട്ടുണ്ട്. ഗ്രന്ഥങ്ങളിലും ഇക്കൂട്ടര്‍ പരാമൃഷ്ടരായിരിക്കുന്നു.
ക്രിസ്തുമതത്തെയോ ഇസ്‌ലാം മതത്തെയോ ബുദ്ധമതത്തെയോ പോലെ ഹിന്ദുമതം ഒരു പ്രവാചകനെ ചൂണ്ടിക്കാണിക്കുന്നില്ല. നിരവധി ദാര്‍ശനികരുടെയും ആചാര്യന്മാരുടെയും ഋഷികളുടെയും ഉപദേശങ്ങളും ദര്‍ശനങ്ങളും ഒന്നുചേര്‍ന്നതാണ് ഹിന്ദുമതം. ആരെയും അന്ധമായി വിശ്വസിക്കുവാന്‍ ഹിന്ദുമതം ഉപദേശിക്കുന്നില്ല. യുക്തിവാദത്തിനും ഹിന്ദുമതത്തില്‍ സ്ഥാനമുണ്ട്. ഹിന്ദു മൗലികവാദികള്‍ ഇപ്പോള്‍ പറയുന്നതുപോലെ ഹിന്ദുമതം അന്ധമായി വിശ്വസിക്കുന്നവരുടെ സംഘമല്ല. വൈരുധ്യമുള്ള തത്ത്വചിന്തകളുടെയും ആചാരനുഷ്ഠാനങ്ങളുടെയും സമുച്ചയമായി പ്രത്യക്ഷത്തില്‍ തോന്നാവുന്ന ഹിന്ദുമതം യഥാര്‍ത്ഥത്തില്‍ സത്യാന്വേഷണത്തിന്റെ മതമാണ്. മറ്റ് മതങ്ങള്‍ ആത്യന്തിക സത്യം എന്നുറപ്പിച്ച് പറയുന്നതുപോലെ ഹിന്ദുമതം പറയുന്നില്ല. ആത്യന്തിക സത്യത്തിലേയ്ക്കുള്ള മാര്‍ഗങ്ങളാണ് ഹിന്ദുമതം നിര്‍ദേശിക്കുന്നത്.
തത്ത്വചിന്താപരമായ വാദപ്രതിവാദങ്ങളില്‍ സ്വതന്ത്രമായി ഏര്‍പ്പെടാനും ചോദ്യം ചെയ്യാനും ഷഡ്ദര്‍ശനങ്ങളായാലും ബുദ്ധജൈന ദര്‍ശനങ്ങളായാലും ചാര്‍വാക ദര്‍ശനമായാലും ഓരോ ചിന്താശക്തിയേയും വിമര്‍ശനാബുദ്ധ്യാ പരിശോധിക്കാനുമുള്ള ബൗദ്ധികമായ സ്വാതന്ത്ര്യം ഭാരതത്തില്‍ ഉണ്ടായിരുന്നു. സ്വതന്ത്രചിന്തയെ അടിച്ചമര്‍ത്തി, പൗരോഹിത്യ മതം സ്ഥാപിച്ച ഹിന്ദുമതം ബലപ്പെടുത്തുവാനുള്ള ശ്രമമാണ് ഇപ്പോള്‍ കേള്‍ക്കുന്ന ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം.
അന്യരെ ചൂഷണം ചെയ്യുന്നവരും അന്യരെ ദുഃഖിപ്പിക്കുന്നവരും അന്യരെ അടിമയാക്കുന്നവരും യഥാര്‍ത്ഥ ഹിന്ദുവല്ല. മാനവരാശിയെ സംസ്‌കാരത്തിന്റെ അത്യുന്നതങ്ങളിലേയ്ക്ക് എത്തിക്കുന്നവാനാണ് ആര്‍ഷമതം, യഥാര്‍ത്ഥ ഹിന്ദുമതം ആഹ്വാനം ചെയ്യുന്നത്. ശ്രുതികളും സ്മൃതികളും അപൗരുഷേയങ്ങളാണെന്നും അതുകൊണ്ട് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതുമാണെന്ന് പ്രചരിപ്പിക്കുന്ന പൗരോഹിത്യമതം യഥാര്‍ത്ഥ ഹിന്ദുമതമല്ല. ദേവനാരാധനയില്‍ മാത്രം മനുഷ്യരെ ബന്ധിപ്പിക്കാന്‍ പരിശ്രമിക്കുന്നവരുടെ ഹിന്ദുത്വത്തിന് ഹിന്ദുമതവുമായി പുലബന്ധംപോലുമില്ല. ജാതിവ്യവസ്ഥകളും അതിന്റെ ഉച്ചനീചത്വങ്ങളും ദേവതാരാധനകളുമെല്ലാമാണ് ഹിന്ദുത്വം എന്ന് പറയുന്നവര്‍ക്ക് യഥാര്‍ത്ഥ ഹിന്ദുമതം, യഥാര്‍ത്ഥ ആര്‍ഷമതം എന്തെന്നറിയുകയില്ല. അവര്‍ക്ക് ആര്‍ഷ സംസ്‌കാരവുമായി ഒരു ബന്ധവുമില്ലെന്നു മാത്രമല്ല, അതിന്റെ ശത്രുക്കളുമാണ്.