Monday
22 Oct 2018

കോര്‍പ്പറേറ്റ് കടന്നുകയറ്റത്തിനെതിരെ കോ-ഓപ്പറേറ്റീവ്

By: Web Desk | Friday 17 November 2017 11:20 PM IST

മഴവില്‍കൊടി അഴകുവിടര്‍ത്തി സഹകരണ വാരാഘോഷം

ഹകരണത്തിന്‍ കൊടിയടയാളം മഴവില്‍ നിറമാണ്. മാനത്ത് ഏഴു നിറങ്ങള്‍ തെളിമയോടെ വില്ലുപോലെ നിലകൊള്ളുന്നത് എതിര്‍ഭാഗത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടുമ്പോഴാണ്. പ്രതിസന്ധികളിലാണ് സഹകരണ പ്രസ്ഥാനത്തിന് പ്രസക്തിയേറുന്നത്.
മുതലാളിത്ത കെടുതിയില്‍ സമൂഹം കലുഷിതമാകുമ്പോള്‍ 1, സ്വമേധായ അംഗത്വമെടുത്തവര്‍, 2, ജനാധിപത്യ നിയന്ത്രണത്തില്‍ 3, സാമ്പത്തിക പങ്കാളിത്തത്തില്‍ 4, സ്വയംഭരണവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തി 5, വിദ്യാഭ്യാസവും പരിശീലനവും വിജ്ഞാനവും നേടി 6, സംഘങ്ങള്‍ തമ്മില്‍ സഹകരിച്ച, 7 സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് (ഏഴ് സഹകരണ തത്വങ്ങള്‍)മുന്നേറുകയെന്ന കാലഘട്ടത്തിന്റെ വെല്ലുവിളി സഹകരണ പ്രസ്ഥാനം ഏറ്റെടുക്കും. സഹകരണ വാരാഘോഷ വേളയില്‍ ഏഴ് ദിനങ്ങളിലും മെമ്പര്‍മാരെ, ജനങ്ങളെ ഈ തത്വം നാം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
അതിരൂക്ഷമായ മുതലാളിത്ത ചൂഷണത്തിനെതിരായി യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു സഹകരണ പ്രസ്ഥാനത്തിന്റെ ഉദയം. വ്യാവസായിക വിപ്ലവ കാലത്ത് തൊഴിലാളികളും കര്‍ഷകരും ആരോടും എതിരിടാതെ നിശബ്ദമായി ഒത്തുചേര്‍ന്ന് സ്വമേധായ തീര്‍ത്ത പ്രതിരോധമാണ് സഹകരണ പ്രസ്ഥാനം.
ഇംഗ്ലണ്ടിലെ സഹകരണ കണ്‍സ്യൂമര്‍ സംഘങ്ങള്‍, ജര്‍മനിയിലെ വായ്പസംഘങ്ങള്‍, റഷ്യയിലെ കൂട്ടുകൃഷി സംഘങ്ങള്‍, ഡെന്‍മാര്‍ക്കിലെ ക്ഷീരസംഘങ്ങള്‍ എന്നിവ മാതൃകയാക്കി ഇന്ത്യയില്‍ രൂപീകരിച്ച് വിജയിച്ച സംഘങ്ങള്‍ക്ക് പിന്നില്‍ ഗുണഭോക്തൃജനതക്കൊപ്പം ഭരണാധികാരികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ടായിരുന്നു.
കേരള ജനതയുടെ സാമ്പത്തിക ഇടപാടുകളിലെ അവിഭാജ്യഘടമായ പ്രാഥമിക വായ്പാസഹകരണസംഘങ്ങള്‍, നാടിന്റെ നന്‍മ മില്‍മ, മലയാളിയുടെ ഭോജനശാല കോഫിഹൗസ്, മലബാറിന്റെ അഭിമാനം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, സഹകരണത്തിന്റെ മഹിമ വര്‍ദ്ധിപ്പിച്ച കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ നിരകള്‍ നീളുകയാണ്. ചിപ്പിക്കകത്ത് മുത്ത് വളരുന്നത് പോലെ, പങ്കത്തില്‍ നിന്ന് ചെന്താമര ഉയര്‍ന്ന് വിരിയുന്നത് പോലെയാണ് ഈ സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വന്നത്.
ലാഭകരമായത് നിലനിന്നാല്‍ മതി എന്ന മുതലാളിത്ത സിദ്ധാന്തത്തിന് ആകര്‍ഷകത്വവും പ്രാമുഖ്യവും കല്‍പിക്കുന്ന കോര്‍പ്പറേറ്റ് കാലഘട്ടത്തില്‍ ലാഭാധിഷ്ഠിതമല്ലാതെ പ്രവര്‍ത്തിക്കുന്ന സഹകരണമേഖലയെ പ്രതിസന്ധിയിലാക്കുവാന്‍ കോര്‍പ്പറേറ്റ് കെണികള്‍ ധാരാളം വന്നുകൊണ്ടിരിക്കുകയാണ്. ഉണ്ണിക്കണ്ണനെ കൊല്ലാന്‍ അനേകം വഴികള്‍ തേടിയിട്ടും കംസന്‍ പരാജിതനായത് പോലെ സഹകരണ പ്രസ്ഥാനം കോര്‍പ്പറേറ്റ് വെല്ലുവിളികളെ എല്ലാം അതിജീവിക്കും. സഹകരണ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാപനത്തിനടുത്ത് സ്വകാര്യ കഴുത്തറുപ്പന്‍ സ്ഥാപനങ്ങള്‍ക്ക് സ്ഥാനമില്ലാതാകുമ്പോഴാണ് സഹകരണത്തിന് കത്തിവെക്കാന്‍ കോര്‍പ്പറേറ്റുകള്‍ പല വഴികള്‍ തേടുന്നത്.
സ്വയംപര്യാപ്ത ജനാധിപത്യ ഗ്രാമങ്ങളുടെ വളര്‍ച്ചക്കും നിലനില്‍പ്പിനും സഹകരണ സംഘങ്ങള്‍ അനിവാര്യമായിരിക്കെ സഹകരണ ബാങ്കുകളെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തി ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള സ്വകാര്യ ബാങ്കുകള്‍ക്ക് യഥേഷ്ടം ലൈസന്‍സുകള്‍ നല്‍കുകയാണ്.
നോട്ട് അസാധുവാക്കല്‍, ഇന്ത്യന്‍ സമ്പദ്ഘടനക്ക് ആഘാതമേല്‍പ്പിച്ചുവെന്ന യാഥാര്‍ത്ഥ്യം എല്ലാവരും അംഗീകരിച്ചിരിക്കുന്നു. അസാധുവായ നോട്ടുകള്‍ മാറി നല്‍കാന്‍ സഹകരണ ബാങ്കുകളെ ഒഴിച്ചുനിര്‍ത്തിയതിലൂടെ ബാങ്കിങ്ങ് മേഖലയില്‍ സഹകരണ ബാങ്കുകളെയും അസാധുപട്ടികയില്‍ പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ആഗോള വ്യാപാര വ്യാപന ത്വരിതവല്‍ക്കരണത്തിനായി കൊണ്ടുവന്ന നികുതിഘടനയുടെ ആഗോളവല്‍ക്കരണം(ജി എസ് ടി) ഇന്ത്യയിലെ ചെറുകിട വ്യാപാരമേഖലയെ തകര്‍ത്തപ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്കും കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യ വ്യാവസായിക സൗഹൃദ രാജ്യമാകുന്നതിനായി തൊഴില്‍ നിയമങ്ങളില്‍, നികുതിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വലിയ ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോഴാണ് സാധാരണ ജനതയുടെ ആശ്രയമായ സഹകരണ മേഖല ഇതേ നയത്താല്‍ പ്രതിസന്ധി നേരിടുന്നത്.
കടലാക്രമണം തടയാന്‍ കരിങ്കല്‍ഭിത്തികളേക്കാള്‍ ഫലപ്രദം കണ്ടല്‍കാടുകളാണെന്നത് പോലെ കോര്‍പ്പറേറ്റ് കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാന്‍ കോ ഓപ്പറേറ്റീവുകള്‍ സജ്ജമാകേണ്ടതുണ്ട്. കാറ്റില്‍ മുളങ്കൂട്ടങ്ങള്‍ തത്കാലം തലതാഴ്ത്തുമെങ്കിലും പിന്നീട് ഉയര്‍ന്ന് പൊങ്ങി വളരുന്നത് പോലെ സഹകരണ പ്രസ്ഥാനവും പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറും. പ്രതിസന്ധികളെ അതിജീവിക്കാനായി ഉടലെടുത്ത പ്രസ്ഥാനത്തിന് ഇവയെല്ലാം അതിജീവിക്കാനുള്ള കഴിവുണ്ട്. അതിനുള്ള ചര്‍ച്ചകള്‍, തീരുമാനങ്ങള്‍ ഉണ്ടാകുന്നതിനായുള്ള സമയമായാണ് സഹകരണ വാരാഘോഷത്തെ ഉപയോഗിക്കുന്നത്.
നവംബര്‍ 14ന് കോഴിക്കോട് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സഹകരണ വാരാഘോഷത്തിന്റെ തുടര്‍ച്ചയായി സഹകരണ സംഘങ്ങള്‍ വഴി സത്ഭരണവും തൊഴില്‍ പരിജ്ഞാനവും എന്ന വിഷയത്തില്‍ കേരളമാകെ ചര്‍ച്ച നടന്നു. സഹകരണ സംഘങ്ങള്‍ ഉത്പാദകരില്‍ നിന്ന് ഉപഭോക്താവിലേക്ക്, സഹകരണ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക് സാധ്യമായ നിയമനിര്‍മാണം, പൊതുസ്വകാര്യ സഹകരണ പങ്കാളിത്തം, സഹകരണ സംഘങ്ങളിലൂടെ ധനകാര്യം ഉള്‍പ്പെടുത്തലും സാങ്കേതിക വിദ്യയും നാണയവിനിമയത്തിലൂടെയല്ലാതെയുള്ള പണമൊടുക്കല്‍, സഹകരണ സംഘങ്ങള്‍ സാമ്പത്തികമായി പിന്നോക്കവസ്ഥയിലുള്ളവര്‍ക്കും പ്രതികൂല അവസ്ഥയിലുള്ള വിഭാഗക്കാര്‍ക്കും എന്നിങ്ങനെ വിഷയങ്ങളില്‍ ഓരോ ദിവസവും സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിച്ചാണ് ഈ വര്‍ഷത്തെ സഹകരണ വാരാഘോഷത്തിന് 20ന് കോട്ടയത്ത് സമാപനമാകുക. നൈപുണ്യവികസനത്തില്‍ സഹകരണ സംഘങ്ങള്‍ പ്രധാന പങ്കാളി എന്നതാണ് സമാപന സമ്മേളനത്തിന്റെ ചര്‍ച്ചാ വിഷയം.

Related News