Wednesday
21 Nov 2018

കൊണ്ടല്‍വേണിയിലെ പെണ്‍കെണി

By: Web Desk | Thursday 30 November 2017 10:44 PM IST

മുപ്പത് സെന്റിമീറ്റര്‍ വളരുമ്പോള്‍ മുറിച്ച് റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ കുഞ്ഞുങ്ങള്‍ക്ക് മുടിത്തൊപ്പിയുണ്ടാക്കാന്‍ കൊടുക്കാമെന്ന് കരുതി മുടി നീട്ടിയപ്പോഴാണ് ഈ ചിന്തകള്‍ ഉണ്ടായത്. സ്ത്രീകള്‍ മുടി പരിപാലിക്കാന്‍ വേണ്ടി എത്ര സമയമാണ് ചെലവഴിക്കുന്നത്. ഈ സൗന്ദര്യധാരണ അവരിലുണ്ടാക്കിയത് പുരുഷന്മാര്‍ ആണല്ലോ.
മുന്‍കാലത്ത്, നീട്ടിവളര്‍ത്തിയ കാതുകള്‍ സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് സ്ത്രീകളെ പുരുഷന്മാര്‍ പഠിപ്പിച്ചിരുന്നു. കാത് തോളൊപ്പം നീട്ടാന്‍ വേണ്ടി സ്ത്രീകള്‍ പല കഷ്ടപ്പാടും സഹിച്ചിരുന്നു. ഒരു പുരുഷനും കാത് നീട്ടിയതുമില്ല. ഈ അസംബന്ധം ബോധ്യപ്പെട്ട സ്ത്രീകള്‍ കാത് മുറിച്ചുമാറ്റാനായി ഡോക്ടര്‍മാരുടെ വാതിലില്‍ പിന്നീട് ക്യൂ നില്‍ക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈ ബോധ്യപ്പെടല്‍ ഉണ്ടായത്.
നോക്കൂ, മുടി ഫാനില്‍ കുരുങ്ങിയുള്ള മരണം സ്ത്രീകള്‍ക്കു മാത്രം സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. മുടിക്കുകുത്തിപ്പിടിച്ച് മുഖം ഭിത്തിയില്‍ അടിക്കപ്പെട്ടതും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കപ്പെട്ടതും സ്ത്രീകള്‍ മാത്രമാണ്.

സ്ത്രീകളുടെ കേശ സൗന്ദര്യത്തെക്കുറിച്ച് എഴുതിയതെല്ലാം പുരുഷന്മാര്‍. അവരുടെ കല്‍പനകളില്‍ അഴകുള്ള സ്ത്രീ, ചുരുണ്ടിരുണ്ടുനീണ്ട മുടിയുള്ളവളാണ്. സൗന്ദര്യം മനസിലോ സ്വഭാവത്തിലോ അല്ല, ശരീരത്തിലാണ്.
ദുഷ്യന്തനെ കണ്ടിട്ട് നടന്നുതിരിയുന്ന ശകുന്തളയെ കവി കൊണ്ടല്‍വേണി എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. കാര്‍മേഘം പോലെയുള്ള മുടിയുള്ളവള്‍. ആകസ്മികമായുണ്ടായ ആദ്യസമാഗമത്തില്‍ത്തന്നെ ഗാന്ധര്‍വ വിവാഹത്തിലേയ്ക്ക് വഴുതിപ്പോയ ആ ബന്ധത്തില്‍ കൊണ്ടവേണിയൊന്നും പ്രസക്തമായിരുന്നില്ലെങ്കില്‍പ്പോലും.
വടക്കന്‍പാട്ടിലെ പുരുഷ കഥാപാത്രത്തെ ആങ്ങളമാര്‍ക്കുമുന്നിലൂടെ കാമുകി കടത്തുന്നത് മുടിക്കുള്ളില്‍ ഒളിച്ചുനടത്തിയാണ്. അളിവേണി, കാര്‍കുഴലി, പനങ്കുല പോലത്തെ മുടിയുള്ളവള്‍ തുടങ്ങിയ വിശേഷണങ്ങളിലൂടെയും സ്ത്രീ സൗന്ദര്യം വാഴ്ത്തപ്പെട്ടിട്ടുണ്ട്.
വടക്കന്‍പാട്ടിലെ ആലത്തുരമ്മിണി ചുരത്തില്‍ വച്ച് മുടിയൊന്നഴിച്ചുകെട്ടി. കരിമ്പാറപോലെയുള്ള കൊമ്പനാന മുടിക്കെട്ടില്‍ പെട്ടുപോയി. മുടിയില്‍ കുടുങ്ങിയ ഗജവീരന്‍ ചിന്നംവിളിച്ചു. ആളുകള്‍ ഓടിക്കൂടി തേങ്ങാപ്പൂളും നീലക്കരിമ്പും പഴക്കുലയും കാട്ടിയിട്ടും കൊമ്പന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആയിരമാളുന്തിയിട്ടും ആനയുന്തിയിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത കൊമ്പനെ അമ്മിണിയുടെ തലയിലെ പേനെല്ലാം കൂടി സംഘംചേര്‍ന്ന് ഉന്തി താഴെയിട്ടു. അപ്പോള്‍ സമൃദ്ധമായ മുടിയില്‍ സമൃദ്ധമായിത്തന്നെ പേനുമുണ്ടായിരുന്നു.
വെമ്പലനാട്ടിലെ തമ്പുരാട്ടിയെ ചന്ദനക്കട്ടിലില്‍ മഹാകവി ജി ശങ്കരക്കുറുപ്പ് വര്‍ണിക്കുന്നത് കാരകിലിന്റെ മണാപുരണ്ടും കണ്ണകാലോളം ചുരുണ്ടിരുണ്ടും മുല്ലപ്പൂമാലയിതിര്‍ന്നുമിന്നും നല്ല മുടിയാന്ന് തമ്പുരാട്ടിയെന്നാണ്.
പുരുഷന്മാരുടെ ഈ സാന്ദര്യദര്‍ശനം പണ്ടേയ്ക്കുപണ്ടേ സ്ത്രീകളും അംഗീകരിച്ചു. ഉപ്പുറ്റിയോളമില്ലെങ്കിലും ഒരു കുടുമ്മയ്ക്കും വേണ്ടി മുടി പുരുഷന്മാര്‍ക്കും ഉണ്ടായിരുന്നു. വെള്ളക്കാര്‍ ഇന്ത്യയിലെത്തിയശേഷമാണ്, അവരെ അനുകരിച്ച് പുരുഷന്മാര്‍ മുടിമുറിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വളരെ പ്രിയപ്പെട്ട മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന സിസ്റ്റര്‍ നിവേദിതയുടെയോ ആനിബസന്റിന്റെയോ കേശശൈലി അനുകരിക്കാന്‍ ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകളെ പുരുഷ കേസരികള്‍ അനുവദിച്ചതുമില്ല. മുടിയാട്ടത്തിന് പച്ചക്കൊടിയും കാട്ടി.
വാസ്തവത്തില്‍ നീണ്ടമുടി സൗന്ദര്യത്തിന്റെ അടയാളമാണോ? അത് പുരുഷന്മാര്‍ അടിച്ചേല്‍പ്പിച്ച ഒരു കീഴ്‌വഴക്കമല്ലേ?
മുടി പരിപാലിക്കുക എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും മുടി വൃത്തിയാക്കണം. എവിടെയെങ്കിലും പോകണമെങ്കില്‍ മുടി ഉണങ്ങാന്‍വേണ്ടി ഒരു മണിക്കൂര്‍ മുന്‍പേ കുളിക്കണം. പല്ലകലമുള്ള ചീപ്പ് കരുതണം. പേന്‍, ഈര് തുടങ്ങിയവയെ നശിപ്പിക്കാനായി വിഷദ്രാവകങ്ങളും പേന്‍ചീപ്പ്, ഈരോലി തുടങ്ങിയ ഉപകരണങ്ങളും സംഘടിപ്പിക്കണം. സ്ത്രീകള്‍ വാലവാലയായി ഇരുന്ന് മുടികോതി വൃത്തിയാക്കുകയും പേന്‍ കൊല്ലുകയും ചെയ്യുന്ന കാഴ്ച ഇല്ലാതായിട്ട് അധികകാലമായിട്ടില്ല. കേശപരിചരണത്തിനുവേണ്ടിയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തിലുണ്ട്. കഷണ്ടിക്ക് മരുന്നുപോലുമുണ്ട്. ഇതെല്ലാം വാങ്ങിക്കൂട്ടണം.
അടുക്കളപ്പണി കഴിഞ്ഞാല്‍ അല്‍പസമയമെങ്കിലും വിശ്രമിക്കാനോ എഴുത്ത് പഠിക്കാനോ പുസ്തകം വായിക്കാനോ സ്ത്രീകളെ അനുവദിക്കാതിരിക്കാന്‍ വേണ്ടി പുരുഷന്മാര്‍ ഉണ്ടാക്കിയ ഒരു കണിയാണ് കേശാലങ്കാരം. ഇന്ദിരാഗാന്ധി, തസ്‌ലിമ നസ്‌റിന്‍, വന്ദനശിവ, സാറാ ജോസഫ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ നോക്കൂ. അവരുടെ കഴിവിനോ അഴകിനോ ഒരു കുറവും ഇല്ലല്ലൊ. അല്ലെങ്കില്‍, കാര്‍ കുഴലല്ല, കഴിവാണ് അഴക് എന്ന ദര്‍ശനത്തില്‍ നമ്മള്‍ എത്തേണ്ടിയിരിക്കുന്നു.