Monday
17 Dec 2018

കൊടുങ്കാറ്റിന് മുമ്പും ശേഷവും

By: Web Desk | Wednesday 20 December 2017 10:52 PM IST

ടലോളം വിസ്മയം നല്‍കുന്ന ഏക പ്രതിഭാസം ജീവിതം മാത്രമാണ്. രണ്ടിന് മുമ്പിലും മനുഷ്യര്‍ നിസഹായരാണ്. ഇപ്പോഴും ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും വിധേയമാകാത്ത എത്രയോ കാര്യങ്ങള്‍ പ്രപഞ്ചത്തില്‍ അവശേഷിക്കുന്നു. അതുകൊണ്ടാണ് ഉത്തരം കിട്ടാത്ത എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി ദൈവം മാറുന്നത്. അത്തരം പരിമിതികളെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് ദൈവം രക്ഷിക്കട്ടെ എന്ന പ്രയോഗം സാധാരണയായി തീരുന്നതും.
അവിചാരിതമായി വരുന്ന പ്രകൃതിയുടെ ഇടപെടലുകള്‍ പ്രവചനാതീതമായി പോകുന്നത്, ശാസ്ത്രീയ നിഗമനങ്ങള്‍ക്കപ്പുറത്തേക്ക് കാര്യങ്ങള്‍ കൈവിട്ടുപോകുന്നതുകൊണ്ടാണ്. കാലാവസ്ഥ പ്രവചനമെന്ന് മാത്രം പറയുന്നത്, കണക്കുക്കൂട്ടലുകള്‍ ഏത് നിമിഷവും മാറിമറിഞ്ഞേക്കാമെന്നതുകൊണ്ടു കൂടിയാണ്. ചരിത്രാതീത കാലം മുതല്‍ നാളിതുവരെയുള്ള വസ്തുതകള്‍ പരിശോധിച്ചാല്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് മുന്നില്‍ ജീവജാലങ്ങളെല്ലാമെന്നതുപോലെ തന്നെ അതിലൊന്നായ മനുഷ്യനും നിസ്സഹായനാണ് എന്ന് കാണാന്‍ കഴിയും. മനുഷ്യനിര്‍മ്മിതവും അല്ലാത്തതുമായ എത്രയോ ദുരന്തങ്ങള്‍ക്കിടയിലൂടെ മനുഷ്യര്‍ കടന്നുവന്നതും ഇപ്പോഴും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതും. വികസിതരാജ്യങ്ങളിലടക്കം അടിക്കടി ഉണ്ടാവുന്ന ദുരന്തങ്ങള്‍ വരുത്തിവയ്ക്കുന്ന വിന ചെറുതല്ല. ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, കാട്ടുതീ, മണല്‍ക്കാറ്റ്, വന്‍ചുഴലികൊടുങ്കാറ്റ്, സുനാമി, യുദ്ധങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, അഭയാര്‍ത്ഥി പ്രവാഹങ്ങള്‍, ഭീകരാക്രമണങ്ങള്‍ എന്നിങ്ങനെ എത്രയെത്ര രൂപങ്ങളിലാണ് മനുഷ്യനാശകാരിയായ ദുരന്തങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
എല്ലാവിധ ശാസ്ത്രസാങ്കേതിക വിദ്യകളും കരഗതമാണെന്ന് വിശ്വസിക്കുന്ന അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മ്മനി അടക്കമുള്ള വികസിതരാജ്യങ്ങളില്‍ തന്നെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഇത്തരം പ്രതിഭാസങ്ങള്‍ വരുത്തിവയ്ക്കുന്ന വിനാശങ്ങള്‍ പ്രവചനാതീതമാണ്. ഇത്തരം സന്ദര്‍ഭങ്ങളെ കേവലമൊരു സര്‍ക്കാരിന്റെ പിടിപ്പുകേടായി ചിത്രീകരിക്കുമ്പോള്‍ നാളേയ്ക്കുള്ള കരുതലും ജാഗ്രതയും എപ്രകാരമാവണമെന്നത് അപ്രസക്തമായിപ്പോവുകയാണ്. യാഥാര്‍ത്ഥ്യങ്ങളെ അമിതമായി രാഷ്ട്രീയവല്‍ക്കരിക്കുകയും ക്രിയാത്മകമായ സമീപനത്തിനു പകരം ആര്‍ക്കും ഗുണം ചെയ്യാത്ത വാദപ്രതിവാദങ്ങളിലൊടുങ്ങുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ പ്രത്യേകിച്ചും വളരെ കൂടുതലാണ്. മറ്റൊരു വിഷയം കിട്ടുന്നതുവരെ കിട്ടിയ വിഷയത്തില്‍ തൂങ്ങി കാലം കഴിക്കുന്ന ദൃശ്യമാധ്യമ ചര്‍ച്ചാവിദഗ്ധര്‍ പ്രശ്‌ന പരിഹാരത്തേക്കാള്‍ പ്രശ്‌നവല്‍ക്കരണത്തിന് പ്രാധാന്യം കൊടുക്കുന്നു. വിഷയത്തെ വൈകാരികമായി ഊതിക്കത്തിച്ച് ആരുടെയും കൈയ്യില്‍ ഒതുങ്ങാത്ത ഒന്നായി മാറ്റിയെടുക്കുന്നു. കേരളത്തിലെ ‘ഓഖി’ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങള്‍ അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. അന്നത്തെ അന്നത്തിനു വേണ്ടി കടലില്‍ പോകുന്നവര്‍, തീരദേശവാസികള്‍, മത്സ്യത്തൊഴിലാളികള്‍ ജീവിതത്തെ വെല്ലുവിളിച്ച് മുന്നേറുന്നവരാണ്. ജീവിക്കണമെങ്കില്‍ കടലിലേക്ക് പോവുകയും മത്സ്യബന്ധനം നടത്തുകയുമല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലാത്തവരാണവര്‍. ദിവസങ്ങളോളം കടല്‍ദൂരങ്ങളിലും കടലാഴങ്ങളിലും ജീവിതത്തിനുള്ള വക കണ്ടെത്തുക മാത്രമാണവരുടെ ലക്ഷ്യം. നിഗമനങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും മുന്‍പ് കടലിലേക്ക് പോയവര്‍ ഗതിമാറി വീശിയ അതിശക്തമായ ചുഴലിക്കാറ്റിന്റെയും ഉയര്‍ന്നുപൊങ്ങിയ തിരകളുടെയുമിടയില്‍ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് കടല്‍പരപ്പില്‍ ചിതറിത്തെറിച്ചവര്‍ എത്രപേരെന്ന് ആര്‍ക്കും കണക്കില്ലാതെ പോയതിന് പരിഹാരമുണ്ടാവണം. ആധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ ഗ്രന്ഥശാലകള്‍ ആകാവുന്നത്ര സയമബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജമായിരിക്കണം. അത്യന്താധുനിക സംവിധാനങ്ങളോടെയുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ കെട്ടിടം ഭൂനിരപ്പിന് താഴെയുള്ള സജ്ജീകരണങ്ങളോടുകൂടി കോടിക്കണക്കിന് രൂപ മുതല്‍ മുടക്കില്‍ തിരുവനന്തപുരത്ത് ഉണ്ടാകുന്നത് കൊണ്ട് മാത്രം കാര്യമില്ല. കൊടുങ്കാറ്റ് ഉള്‍പ്പെടെയുള്ള ദുരന്ത സാധ്യതകള്‍ കരകാണാകടലിലേക്ക് പോയിട്ടുള്ളവരെ അറിയിക്കാനുള്ള വിവരവിനിമയോപാധികള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണം. ഇതെല്ലാം സാങ്കേതിക വിദഗ്ധരും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്ന് തയ്യാറാക്കേണ്ടതാണ്. ജനകീയ സര്‍ക്കാരുകളുടെ ഭരണാധിപന്‍മാരായി വരുന്നവര്‍ക്ക് ഭരണപരവും നയപരവുമായ തീരുമാനങ്ങളെടുക്കാന്‍ കഴിയുംവിധം ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയണം. കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ ആശാവഹമല്ല. നിശ്ചയമായും അടിയന്തരമായ മാറ്റങ്ങളും പുനഃസംഘാടനവും ഇക്കാര്യത്തില്‍ അനിവാര്യമാണ്.
മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഫിഷറീസ് വകുപ്പ് മന്ത്രിയും തീരദേശ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന റവന്യൂ വകുപ്പിലെ ജീവനക്കാരും, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട ജീവനക്കാരും അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ചു. മൂന്നു ദിവസത്തേക്ക് ഓഫീസുകള്‍ തന്നെയായിരുന്നു അവരുടെയെല്ലാം താമസസ്ഥലം. നാവികസേനയും, കോസ്റ്റ് ഗാര്‍ഡും മറ്റെല്ലാ സംവിധാനങ്ങളും ചേര്‍ന്ന് പല നിലക്ക് നിരവധിപേരെ കരയ്‌ക്കെത്തിച്ചു. ചിലര്‍ ദുരന്തത്തിന്റെ ഇരകളാവുകയും ചെയ്തു. നിര്‍ഭാഗ്യകരമായ അവസ്ഥയിലും മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരെയും ഇടതുസര്‍ക്കാരിനെ തന്നെയും പ്രതികൂട്ടിലാക്കാന്‍ മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ചാനല്‍ ചര്‍ച്ചക്കാരും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. തീരദേശത്തുള്ള, കടലില്‍ നിന്നും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഉറ്റവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ ചേതോവികാരത്തെ ഏതുവിധേനയും സര്‍ക്കാരിനെതിരാക്കാന്‍ കഴിയും വിധം വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. നിസ്സംശയം പറയാവുന്ന കാര്യം, ഇടതുപക്ഷസര്‍ക്കാര്‍ ഒരിക്കലും ഇത്തരമൊരു സന്ദര്‍ഭത്തില്‍ അലംഭാവം കാണിക്കില്ലെന്നുള്ളതാണ്. ദുരിതമനുഭവിക്കുന്നവരോടൊപ്പം, എല്ലാകാലവും നിന്നിട്ടുള്ള, അവരുടെ ഉന്നമനത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചിട്ടുള്ള ഇടതുപ്രസ്ഥാനങ്ങളുടെ പ്രതിനിധികളായി വന്നിട്ടുള്ളവരാണവര്‍. മുഖത്ത് വച്ചുപിടിപ്പിച്ച ചിരിയും, ആത്മാര്‍ത്ഥതയില്ലാത്ത വാഗ്ദാനങ്ങളും അഭിനയസാമര്‍ത്ഥ്യവും ക്യാമറക്കാരെ കൂടെകൂട്ടി പാവങ്ങളോടൊപ്പം നിന്ന് ഫോട്ടോയെടുത്ത് പത്രത്തില്‍ കൊടുത്തും, കണ്ണീര്‍ തുടച്ചും, കെട്ടിപ്പിടിച്ചും അസംബന്ധ നാടകങ്ങള്‍ നടത്തുന്ന അറയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ശീലമില്ലാത്തവരാണ് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഫിഷറീസ് മന്ത്രിയുമെല്ലാം. മാധ്യമങ്ങളുടെ സൃഷ്ടിയല്ല തങ്ങളുടെ സര്‍ക്കാരെന്ന തിരിച്ചറിവുള്ളവരാണവര്‍. മാധ്യമങ്ങളിലൂടെ ജീവിച്ച് രാഷ്ട്രീയരംഗത്ത് ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടതല്ല തങ്ങളുടെ പൊതുപ്രവര്‍ത്തനമെന്ന് ധാരണയുള്ളവരാണവര്‍. പത്രസമ്മേളനങ്ങള്‍ നടത്തിയും, നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ വാരിചൊരിഞ്ഞും, ജനങ്ങള്‍ക്കിടയിലൂടെ തങ്ങളുടെ വ്യക്തിപ്രഭാവം പ്രകടമാക്കുന്ന വിധത്തില്‍ ചിരിച്ചുല്ലസിച്ചും തത്തിക്കളിച്ചു നടന്നും ശീലമില്ലാത്തവരായതുകൊണ്ട് തങ്ങളാലാവുംവിധം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ എല്ലാവരും പരമാവധി ശ്രദ്ധിച്ചു. അനുകമ്പാപൂര്‍ണ്ണമായ തീരുമാനങ്ങളെടുത്തു. എന്നിട്ടും സ്ഥലത്തെത്തിയില്ലെന്ന പരാതി വന്നപ്പോള്‍ അവിടെയും ചെന്നെത്തി. വോട്ടുരാഷ്ട്രീയത്തിനു വേണ്ടിയുള്ള കപടനാടകങ്ങളറിയാത്തതുകൊണ്ട് അവര്‍ അപഹസിക്കപ്പെട്ടു. കേരളത്തിന് ഈ രാഷ്ട്രീയ ശീലം നന്നല്ല. ഇത് ഉപേക്ഷിക്കപ്പെടേണ്ടതാണ്. എല്ലാവരും ചേര്‍ന്ന് തീരദേശത്തുള്ള സാധാരണക്കാരായ ആള്‍ക്കൂട്ടത്തെ ആശ്വസിപ്പിക്കേണ്ടതിനു പകരം, പ്രധാനമന്ത്രി കൂടി ഇവിടെ വരണമെന്ന വര്‍ത്തമാനത്തിന് പ്രാമുഖ്യം കൊടുത്തു. എല്ലാവരും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ, ഏകോപനശ്രമങ്ങളെ ദുരന്തമുഖത്തുനിന്നുകൊണ്ട് തന്നെ മാധ്യമങ്ങള്‍ അവമതിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുഴുവന്‍ സമയവും ഇത്തരം വാര്‍ത്തകള്‍ മാത്രം കേള്‍ക്കുന്ന പൊതുസമൂഹത്തില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ അതൃപ്തി വളര്‍ത്തിയെടുത്തു. അതിരാഷ്ട്രീയതയുടെ അനാവശ്യവിലപേശല്‍ തന്ത്രത്തിലേക്ക് മുന്‍കാല അനുഭവമില്ലാത്ത ഒരു വന്‍ ദുരന്തത്തിന്റെ ഹൃദയഭേദകമായ കാഴ്ചകളെയും യാഥാര്‍ത്ഥ്യങ്ങളെയും കൊണ്ടുപോയി കണ്ണിചേര്‍ത്തുകൊണ്ട് അറിഞ്ഞോ അറിയാതെയോ അപ്രസക്തമാകും വിധം ചാനല്‍ ജഡ്ജിമാര്‍ വിധി പ്രസ്താവം നടത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രവണത ബഹിഷ്‌ക്കരിക്കപ്പെടേണ്ടതും പ്രതിരോധിക്കപ്പെടേണ്ടതുമാണ്.
മാധ്യമങ്ങളുടെ ധര്‍മവും പൊതുപ്രവര്‍ത്തകരുടെ ധര്‍മവും സമൂഹത്തെ ശുഭാപ്തി വിശ്വാസത്തിലൂടെ മുന്നോട്ട് നയിക്കുക കൂടിയാണ്. അല്ലാതെ വീണുകിട്ടിയ അവസരം മുതലെടുത്തുകൊണ്ട് അസ്വസ്ഥപ്രദമായ അന്തരീക്ഷത്തെ കൂടുതല്‍ അശാന്തിയിലേക്കും സമാധാനമില്ലായ്മയിലേക്കും അതിതീവ്രവികാരങ്ങള്‍ ജ്വലിപ്പിച്ച് പരസ്പരം തല്ലിക്കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിക്കുകയുമല്ല.

(ജോയിന്റ് കൗണ്‍സില്‍
ചെയര്‍മാനാണ് ലേഖകന്‍)