Monday
17 Dec 2018

സൂക്ഷിക്കുക മാര്‍ക്കറ്റ് നമ്മെ കീഴടക്കുകയാണ്

By: Web Desk | Thursday 4 January 2018 10:29 PM IST

കെ ജി സുധാകരന്‍

ഗ്രാമങ്ങളില്‍ പോലും ഷോപ്പിങ് മാളുകള്‍ നിറയുകയാണ്. നവലിബറല്‍ നയങ്ങള്‍ തുടരുമ്പോള്‍ നമുക്ക് ചുറ്റും കെണികളാണ്. ഏറ്റവും പ്രധാനം ചന്ത തന്നെ. പുതിയ കാലത്തെ ചന്ത നമ്മുടെ നിത്യജീവിതത്തിന് വലിയ ഭീഷണിയാണെന്ന് നാം തിരിച്ചറിയണം. മുമ്പ് നമ്മുടെ നാട്ടില്‍ ആഴ്ച ചന്തകള്‍ ഉണ്ടായിരുന്നു. നമ്മുടെ നിത്യജീവിതത്തിന് അത്യാവശ്യമായ സാധനങ്ങള്‍ മാത്രമാണ് അന്ന് ചന്തയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നയങ്ങള്‍ മാറുമ്പോള്‍ ആദ്യം മാറിയത് ചന്തയാണ്. സ്വതന്ത്ര കമ്പോളത്തില്‍ എല്ലാം നിശ്ചയിക്കുന്നത് കമ്പോളമാണ്. ഇന്ന് മാര്‍ക്കറ്റില്‍ നിറയുന്ന സാധനങ്ങള്‍ നമ്മുടെ നിത്യജീവിതത്തിന് അത്യാവശ്യമുള്ള സാധനങ്ങളല്ല. മറിച്ച് കുത്തക കമ്പനികള്‍ക്ക് വന്‍ലാഭം കൊയ്യാന്‍ പ്രാപ്തമായ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ നിറച്ച് പരസ്യത്തിലൂടെ നമ്മെ മയക്കി അവരുടെ കച്ചവടം പൊടിപൊടിക്കുകയാണ്. ഒന്ന് പരിശോധിച്ചാല്‍ നമ്മുടെയൊക്കെ വീടുകളില്‍ നിറയുന്നത് അനാവശ്യസാധനങ്ങളാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. മാര്‍ക്കറ്റ് നമ്മെ കീഴ്‌പ്പെടുത്തുകയാണ്. ഒരു സാധനം വാങ്ങുമ്പോള്‍ ഓര്‍ക്കുക അത്യാവശ്യമാണോ എന്ന്. അത്യാവശ്യമാണെങ്കില്‍ മാത്രം വാങ്ങുക. ഈ രീതിയില്‍ നമ്മുടെ ഷോപ്പിങ് ശീലങ്ങള്‍ മാറിയേ തീരൂ. എങ്കില്‍ മാത്രമേ മാര്‍ക്കറ്റിനെ കീഴടക്കാന്‍ നമുക്ക് സാധിക്കൂ. ചില്ലറ വില്‍പനരംഗത്ത് 100 ശതമാനം വിദേശനിക്ഷേപത്തിന് കളമൊരുക്കുകയാണ് മോഡിസര്‍ക്കാര്‍. ചില്ലറ വില്‍പ്പനരംഗത്തെ വിദേശ ഭീമന്‍മാര്‍ക്ക് പരവതാനി വിരിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ കാര്‍ഷികമേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ഉപജീവനമാര്‍ഗമാണ് ചില്ലറ വില്‍പ്പനരംഗം. നാടന്‍ കടകള്‍ അടച്ചുപൂട്ടേണ്ടി വരും. വിദേശ ഭീമന്മാര്‍ അരങ്ങ് തകര്‍ക്കും. ഇന്ത്യന്‍ ജീവിതത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ തുടരും എന്നാണ് മോഡിസര്‍ക്കാരിന്റെ നയങ്ങള്‍ സൂചിപ്പിക്കുന്നത്. പരിധിയില്ലാത്ത വിദേശനിക്ഷേപം ആപത്താണെന്ന് നാം തിരിച്ചറിയണം. പുതിയ വ്യവസായ നയം രൂപപ്പെടുന്നതോടെ  ഇന്ത്യയിലെ ആഭ്യന്തര ഉല്‍പ്പാദന സംഭരണ വിപണന മേഖലകള്‍ കുത്തക കമ്പനികളുടെ പിടിയിലാകും. ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയത്തിലും ബഹുരാഷ്ട്ര കമ്പനികളെ കയറൂരി വിടുന്ന മോഡി സര്‍ക്കാരിന്റെ നയം കോടിക്കണക്കിന് ചെറുകിട കച്ചവടക്കാരുടെ ജീവിതം താറുമാറാക്കുംധനമൂലധനത്തിന്റെ സ്വതന്ത്രമായ പ്രയാണമാണ് നവലിബറല്‍ നയങ്ങളുടെ പ്രധാന കടമ. എല്ലാ മേഖലകളിലും പരിധിയില്ലാതെ വിദേശനിക്ഷേപം അനുവദിക്കുന്നത് രാജ്യത്തിനും ജനതക്കും സമ്പദ്ഘടനക്കും തികച്ചും ദോഷകരമാണ്. പ്രതിരോധം ഉള്‍പ്പെടെ എല്ലാ മേഖലകളിലും മോഡി സര്‍ക്കാര്‍ വിദേശനിക്ഷേപത്തിന് അനുമതി നല്‍കി. വിദേശനിക്ഷേപം ഇപ്പോള്‍ സാധാരണ ജനങ്ങളുടെ കഴുത്ത് ഞെരിക്കുകയാണ്. കൃഷി, മൃഗപരിപാലനം, തോട്ടംമേഖല, പ്രതിരോധം, വ്യോമയാനം, ബാങ്കിംഗ്, നിര്‍മ്മാണ മേഖല, ഏകബ്രാന്റ് ചില്ലറവില്‍പ്പന മേഖല തുടങ്ങി 15 മേഖലകളില്‍ വിദേശനിക്ഷേപപരിധി അനുവദിച്ചുകൊണ്ടും വര്‍ധിപ്പിച്ചുകൊണ്ടും ഉത്തരവിറക്കിക്കഴിഞ്ഞു. കോര്‍പറേറ്റ് പാദസേവ ശക്തിയായി തുടരും എന്ന് അധികാരികള്‍ തെളിയിക്കുകയാണ്. എന്നാല്‍ മോഡിസര്‍ക്കാര്‍ ഭരണം തുടരുമ്പോള്‍ വിദേശനിക്ഷേപത്തിന്റെ യഥാര്‍ത്ഥ ചിത്രം എന്താണെന്ന് പരിശോധിക്കാം. നമുക്ക് ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങളെ പാടെ അവഗണിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. വിദേശ കമ്പനികള്‍ എന്തിനാണ് ഇന്ത്യയില്‍ നിക്ഷേപം കൊണ്ടുവരുന്നത്. അവര്‍ കൊണ്ടുവരുന്ന അല്ലെങ്കില്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളും സേവനങ്ങളും വിറ്റ് കൂടുതല്‍ ലാഭം നേടാനാണ് അവര്‍ നിക്ഷേപിക്കുന്നത്. നാളെ മറ്റൊരു രാജ്യത്ത് നിക്ഷേപിച്ചാല്‍ ഇതില്‍ കൂടുതല്‍ ലാഭം കിട്ടുമെങ്കില്‍ അവര്‍ അങ്ങോട്ടുപോകും. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഭരണകൂടം നല്‍കുന്ന സൗകര്യങ്ങള്‍ വളരെ ഭീകരമാണ്. നികുതി സൗജന്യങ്ങള്‍ സര്‍ക്കാരിന്റെ വരുമാനം കുറക്കുകയും ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു.1991ല്‍ മന്‍മോഹന്‍സിങ് ധനമന്ത്രിയായ കാലത്താണ് ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ മേഖലകളില്‍ 26 ശതമാനം മുതല്‍ 49 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കാന്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തുടങ്ങി. നവലിബറല്‍ നയങ്ങള്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ പ്രതിരോധം, ബാങ്ക്, ഇന്‍ഷൂറന്‍സ്, റയില്‍വേ തുടങ്ങി മര്‍മപ്രധാന മേഖലകളില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് ഭരണാധികാരികള്‍ തയാറായിരിക്കുകയാണ്. റയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും വിദേശനിക്ഷേപത്തിന് അനുമതി നല്‍കി കഴിഞ്ഞു. വിദേശനിക്ഷേപവും സ്വകാര്യവല്‍ക്കരണവും തുടരുമ്പോള്‍ ഇന്ത്യന്‍ റയില്‍വേ ഒരു  സ്വകാര്യ സ്ഥാപനമായി മാറും. സ്വകാര്യ ചരക്കു വണ്ടി ഓടാന്‍ തുടങ്ങി. റെയില്‍വെ പാളങ്ങള്‍, സിഗ്നലിംഗ് സംവിധാനം, പാസഞ്ചര്‍ ചരക്കു വണ്ടികള്‍ റയില്‍വേ ജീവനക്കാരുടെ പരിശീലന കേന്ദ്രങ്ങള്‍ പോലും വിദേശ സ്വകാര്യ മേഖലയിലേക്കാണ് നീങ്ങുന്നത്.സ്വകാര്യ ബാങ്കുകളിലെ ഓഹരി വിദേശികള്‍ കയ്യടക്കുകയാണ്. ബാങ്കിംഗ് മേഖല അപ്പാടെ ദേശ വിദേശ കുത്തകകളുടെ കീശയിലേക്കാണ് എത്തുന്നത്. ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഗുണങ്ങള്‍ അനുഭവിച്ച ഇന്ത്യന്‍ ജനതയെ ബാങ്കിങ് രംഗത്തെ ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ ദുരിതങ്ങളിലേക്ക് നയിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കുകള്‍ സ്വന്തമാക്കാന്‍ പാകത്തിന് ഭരണാധികാരികള്‍ നിയമഭേദഗതികള്‍ വരുത്തിക്കഴിഞ്ഞു. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം 49 ശതമാനമായി ഉയര്‍ത്തി ബില്‍ പാസാക്കിക്കഴിഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍ പക്ഷികള്‍ തന്നെ.എല്ലാം ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കണം എന്നാണ് മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യത്തിലൂടെ മോഡി പറയുന്നത്. മാനുഫാക്ചറിങ് രംഗത്ത് തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു എന്നാല്‍ ഇന്ത്യയിലേക്ക് വന്ന വിദേശ നിക്ഷേപത്തിന്റെ സ്ഥിതി നമുക്ക് പരിശോധിക്കാം. മാനുഫാക്ച്ചറിങ് വ്യവസായ രംഗത്ത് 2000-2012 കാലഘട്ടത്തില്‍ വന്ന പ്രത്യക്ഷ  വിദേശ നിക്ഷേപം (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്) 57 ബില്യന്‍ ഡോളര്‍. വിദേശ നിക്ഷേപം രണ്ട് രീതിയിലാണ്. ഒന്ന് ഷെയറുകളിലൂടെ സ്ഥാപനം സ്വന്തമാക്കുക. ഇതിനെ ബ്രൗണ്‍ഫീല്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എന്നു പറയുന്നു. വിദേശ നിക്ഷേപത്തിലൂടെ പുതിയൊരു സ്ഥാപനം തുടങ്ങുന്നതിനെ ഗ്രീന്‍ഫീല്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എന്നു പറയുന്നു. കൂടുതല്‍ തൊഴിലവസരങ്ങളും ഉയര്‍ന്ന കയറ്റുമതിയുമാണ് കൊട്ടിഘോഷിക്കുന്ന നേട്ടങ്ങള്‍.2009ന് ശേഷമാണ് ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ഉയര്‍ന്ന നിരക്കില്‍ എത്താന്‍ തുടങ്ങിയത്. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് (ഐഎസ്‌ഐഡി)  വിദേശനിക്ഷേപം സംബന്ധിച്ച് വിശദമായ പഠനം നടത്തി. ഓഷധ നിര്‍മാണം, കെമിക്കല്‍സ് (വളം  ഒഴികെ), ഓട്ടോമൊബൈല്‍ എന്നീ മൂന്ന് മേഖലകളിലാണ് പ്രധാനമായും വിദേശ നിക്ഷേപം ഒഴുകി എത്തിയത്. ഔഷധരംഗത്തെ 92 ശതമാനം വിദേശ നിക്ഷേപം ഇന്ത്യന്‍ കമ്പനികളെ സ്വന്തമാക്കാന്‍ ഉദ്ദേശിച്ചായിരുന്നു. അങ്ങനെ റാന്‍ബാക്‌സി ലാബ്‌സ്, റിവാനിയല്‍ ഹെല്‍ത്ത്‌കെയര്‍, മാട്രിക്‌സ് ലാബ്, പാരാ ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ വിദേശ ഉടമയിലായി.മറ്റ് വ്യവസായങ്ങളെ സംബന്ധിച്ച് വിദേശ വല്‍ക്കരണം തുടരുകയാണ്. എസിസി, അംബുജ സിമന്റ് കമ്പനികള്‍ വിദേശ ഉടമയിലായിക്കഴിഞ്ഞു. ഭക്ഷ്യരംഗത്തെ കോഹിന്നൂര്‍ ഫുഡ്‌സ്, എംടിആര്‍ ഫുഡ്‌സ് വിദേശികളുടെ പിടിയിലാണ്. ഇക്കാലയളവില്‍ തന്നെയാണ് നവലിബറല്‍ നയങ്ങളുടെ ഫലമായി പ്രത്യേക സാമ്പത്തിക മേഖലകള്‍ (സ്‌പെഷ്യല്‍ ഇക്കണോമിക്‌സ് സോണ്‍-സെസ്) വ്യാപകമായത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുകയായിരുന്നു പ്രധാന ഉദ്ദേശം. സെസിനെതിരെ വളരുന്ന പ്രതിഷേധത്തെ വകവെക്കാതെ സെസ് രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയ 560 സെസുകളില്‍ 185 എണ്ണം മാത്രമാണ് ഇതുവരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതില്‍ 100എണ്ണം ഐ ടി മേഖലയുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി കയറ്റുമതിയെ ദോഷകരമായി ബാധിച്ചു. സെസ് കൊണ്ട് നടന്നത് ക്രൂരമായ തൊഴില്‍ ചൂഷണം മാത്രം.ഒരുഭാഗത്ത് മേക്ക് ഇന്‍ ഇന്ത്യ പാടിത്തുടങ്ങുമ്പോള്‍ മറുഭാഗത്ത് വന്‍കിട കമ്പനികള്‍ രാജ്യം വിടുകയാണ്. ചെന്നൈനഗരത്തിനടുത്ത് ശ്രീപെരുപതൂരിലെ നോക്കിയ മൊബൈല്‍ഫോണ്‍ ഫാക്ടറി 2014 നവംബര്‍ ഒന്നിന് അടച്ചു പൂട്ടി. കമ്പനിയില്‍ നേരിട്ട് 8000 തൊഴിലാളികളും അനുബന്ധമായി 25,000 തൊഴിലാളികളും ഉണ്ടായിരുന്നു. അങ്ങനെ 33,000 തൊഴിലാളി കുടുംബങ്ങള്‍ ഈ കമ്പനി പൂട്ടിയതിലൂടെ വഴിയാധാരമായി. എട്ടു വര്‍ഷം മുമ്പാണ് ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചത്. നിസാര വില നിശ്ചയിച്ച് പാട്ടത്തിനാണ് സര്‍ക്കാരിന്റെ 210 ഏക്കര്‍ സ്ഥലം കമ്പനിക്ക് നല്‍കിയത്. വെള്ളവും വൈദ്യുതിയും സൗജന്യം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ സൗജന്യങ്ങളും തുടര്‍ന്നു. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ്, വാറ്റ്, കേന്ദ്രവില്‍പ്പന നികുതി, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങി എല്ലാ നികുതികളും ഇളവ്. എല്ലാ ഇളവുകളും കൂട്ടിയാല്‍ 45,000 കോടി രൂപയോളം വരും. തൊഴില്‍ നിയമങ്ങള്‍ അനുസരിക്കാതിരിക്കാന്‍ ഉടമകള്‍ക്ക് ഭരണകൂടം എല്ലാ ഒത്താശയും ചെയ്തു. മിനിമം കൂലി പോലും നല്‍കാതെ തൊഴിലാളികളെ കൊടിയ ചൂഷണത്തിന് വിധേയമാക്കി. എട്ട് വര്‍ഷം കൊണ്ട് ഈ ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ചത് 800 മില്യന്‍ ഹാന്‍ഡ്‌സെറ്റ്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദന ക്ഷമത ഇന്ത്യയിലെ ഫാക്ടറിയിലായിരുന്നു. ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്ന ഫോണിന്റെ വില 30,000 കോടി. ഒരു വര്‍ഷം രണ്ടു ബില്യന്‍ ഡോളര്‍ വിലവരുന്ന ഫോണുകള്‍ കയറ്റുമതി ചെയ്തു. 2005-06നും 2011-12നും ഇടയില്‍ നോക്കിയ ഇന്ത്യയുടെ വിറ്റുവരവ് 1,51,000 കോടി രൂപ. തൊഴിലാളികളെ ചൂഷണം ചെയ്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് വന്‍ സൗജന്യങ്ങള്‍പറ്റിയും ലാഭം കടത്തിക്കൊണ്ടുപോയി.കമ്പനി ലാഭം കടത്തുകയും അടച്ചു പൂട്ടുകയും ചെയ്തപ്പോള്‍ തൊഴിലാളികള്‍ എന്തുനേടി? കുറഞ്ഞ കൂലിക്ക് കുറച്ചു വര്‍ഷം പണി എടുത്തതു മാത്രം. ഇന്ന് തൊഴിലാളികള്‍ അനാഥരായി. ഇതാണ് മോഡി ഉയര്‍ത്തുന്ന പുതിയ മുദ്രാവാക്യം. മെയ്ക് ഇന്‍ ഇന്ത്യയുടെ യഥാര്‍ഥ മുഖം. നോക്കിയയിലെ തൊഴിലാളികള്‍ക്ക് ഓവര്‍ടൈം ഉള്‍പ്പെടെ ലഭിച്ച കൂലി മാസം 5000-8000 രൂപ മാത്രം. കമ്പനി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പരിമിതമായി ജീവിക്കാന്‍ പോലും ഈ തുക അപര്യാപ്തമാണ്. മറ്റ് രാജ്യങ്ങളിലെ നോക്കിയ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ലഭിച്ച കൂലിയുടെ നാല്‍പ്പത്തിയഞ്ചില്‍ ഒരു ഭാഗം മാത്രമാണ് ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ലഭിച്ചത് എന്നത് ചൂഷണത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തും.സെസ് ആയതുകൊണ്ട് തൊഴിലാളി സമരങ്ങള്‍ പാടില്ല എന്നാണ് ഭരണകൂടഭാഷ്യം. പ്രത്യേക സാമ്പത്തിക മേഖലകളിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണം ഭീകരമാണ്. മൂത്രമൊഴിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതുകൊണ്ട് ഒരു തൊഴിലാളി എത്ര വെള്ളം കുടിക്കണം എന്ന് തൊഴിലുടമ തീരുമാനിക്കുന്ന ഘട്ടത്തിലാണ് നാം എത്തി നില്‍ക്കുന്നത്. ഫാക്ടറി അടച്ച് പൂട്ടിയതിനെതിരെ തൊഴിലാളികള്‍ പ്രക്ഷോഭം ആരംഭിച്ചു. നിരാഹാരം ഉള്‍പ്പെടെ സമരപരിപാടികള്‍ ആരംഭിച്ചു. ജനപ്രതിനിധികളുടെ സഹായം അഭ്യര്‍ഥിച്ചു. എംഎല്‍എമാര്‍, എംപിമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി, കേന്ദ്ര തൊഴില്‍, ധന മന്ത്രിമാര്‍, പ്രധാനമന്ത്രി- ആരും ഈ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെട്ടില്ല. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ 45,000 കോടിയിലേറെ രൂപ കബളിപ്പിച്ചാണ് കമ്പനി സ്ഥലം വിടുന്നത്. എന്നിട്ടും ഭരണകൂടം ഈ വിഷയത്തില്‍ തികഞ്ഞ നിസംഗത പാലിച്ചു. അതെ, ഇതാണ് മോഡിയുടെ മെയ്ക് ഇന്‍ ഇന്ത്യ. ഇത് സുഗമമായി നടപ്പിലാക്കാനാണ് തൊഴില്‍ നിയമങ്ങളില്‍ ഉള്‍പ്പെടെ ഉടമ വര്‍ഗത്തിന് അനുകൂലമായി ഭേദഗതികള്‍ വരുത്തിയത്. കോര്‍പറേറ്റുകള്‍ക്കുവേണ്ടി നടക്കുന്ന ഭരണമാണ് മെയ്ക് ഇന്‍ ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നത്.