Monday
17 Dec 2018

അഭിഭാഷകരുടെ ഫീസും അകലുന്ന നീതിയും

By: Web Desk | Wednesday 20 December 2017 10:49 PM IST

വ്യവഹാരങ്ങളുമായി ഇറങ്ങിത്തിരിക്കുന്ന സാധാരണക്കാരന് കോടതികളില്‍ നിന്ന് നീതി ലഭിക്കുന്നുണ്ടോ എന്നതാണ് ഇന്ന് പ്രസക്തമായ ചോദ്യം. സുപ്രിംകോടതിയില്‍ കേസുമായി എത്തുന്ന സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പൗരന്മാരെക്കുറിച്ചാണ് ജഡ്ജിമാര്‍ ആശങ്ക പ്രകടിപ്പിച്ചത്. കേരള ഹൈക്കോടതി ഉള്‍പ്പെടെ രാജ്യത്തെ എല്ലാ കോടതികളെയും ഏറിയും കുറഞ്ഞും സ്പര്‍ശിക്കുന്ന ഒരു ചിന്തയാണിത്. നാടിന്റെ സകലമേഖലകളിലും അഴിമതി പിടിമുറുക്കുകയും അനീതി കൊടികുത്തിവാഴുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നീതിക്കുവേണ്ടി കേഴുന്ന പാവങ്ങള്‍ അത്താണിയും ആശ്വാസവുമായി കാണുന്നത് കോടതികളെയാണ്. ആ കോടതികളുടെ പരിപാവനത കാത്തുസൂക്ഷിക്കാന്‍ ബദ്ധശ്രദ്ധരാവേണ്ട അഭിഭാഷക സമൂഹം തൊഴില്‍പരമായ ധാര്‍മികത ലംഘിക്കുന്നുണ്ടെന്ന കോടതിയുടെ നിരീക്ഷണം നിസാരമായി കണക്കാക്കാവുന്നതല്ല.

രാജ്യത്തെ കോടിക്കണക്കായ സാധാരണക്കാര്‍ക്ക് കോടതികള്‍ അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചത് സമകാലീന സാഹചര്യത്തില്‍ ഏറെ പ്രസക്തവും ചിന്തോദ്ദീപകവുമാണ്. നീതി നിര്‍വഹണരംഗം അതിവേഗത്തില്‍ വാണിജ്യവല്‍ക്കരണത്തിന്റെ പിടിയിലേക്ക് നീങ്ങുകയാണെന്നാണ് ഒരു വാഹനാപകട നഷ്ടപരിഹാരകേസ് തീര്‍പ്പാക്കിക്കൊണ്ട് ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു യുവതി ഫീസായി നല്‍കിയ 10 ലക്ഷം രൂപ പോരാതെ മൂന്നു ലക്ഷം രൂപയ്ക്ക് കൂടി ആര്‍ത്തിപൂണ്ട ഒരു അഭിഭാഷകനെതിരെ ഉന്നത നീതിപീഠം നടത്തിയ ഈ പരാമര്‍ശങ്ങള്‍ അഭിഭാഷക സമൂഹത്തിന്റെ മാത്രമല്ല, നീതിനിര്‍വഹണ മേഖലയുടെയാകെ കണ്ണു തുറപ്പിക്കേണ്ടതാണ്.
ശത്രുതയുള്ള ഒരുവന്റെ വ്യവസായത്തെ തളര്‍ത്താനോ വസ്തുവില്‍പ്പന തടയാനോ ഭാഗംവയ്ക്കല്‍ മുടക്കാനോ ഉദ്യോഗക്കയറ്റം ഇല്ലാതാക്കാനോ അയാള്‍ക്കെതിരെ ഒരു കേസ് കൊടുത്താല്‍ മതി എന്ന ചിന്ത നാട്ടില്‍ രൂഢമൂലമാണ്. മുന്‍സിഫ് കോടതിയിലോ ജില്ലാ കോടതിയിലോ, എന്തിനേറെ ഹൈക്കോടതിയില്‍ പോലും ഒരു സിവില്‍ കേസ് ഫയല്‍ ചെയ്താല്‍ അപ്പീലും റിവിഷനുമൊക്കെയായി അത് തീര്‍പ്പു കല്‍പ്പിച്ചുവരാന്‍ ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലുമെടുക്കും. കാല്‍നുറ്റാണ്ടു വരെ കാലമെടുത്താലും അത്ഭുതപ്പെടാനില്ല. 1988 ല്‍ അഴിമതി നിരോധന നിയമം നിലവില്‍ വന്ന കാലത്ത് രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകള്‍ ഇന്നും കേരള ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്നറിയുമ്പോഴാണ് ഇതിന്റെ ഗൗരവം ബോധ്യമാവുക.
എറണാകുളം ജില്ലാ കോടതിയില്‍ നെട്ടൂര്‍ സ്വദേശികളായ ഒരു കുടുംബം നല്‍കിയ സിവില്‍ കേസ് 50 വര്‍ഷത്തിനുശേഷം കഴിഞ്ഞ മാസമാണ് തീര്‍പ്പായത്. കേസ് കൊടുത്തവര്‍ക്കോ അവരുടെ മക്കള്‍ക്കോ മരുമക്കള്‍ക്കോ ഒന്നും കേസ് തീര്‍പ്പായതിന്റെ സൗഭാഗ്യം അനുഭവിക്കാന്‍ യോഗമില്ലാതെ പോയി. കണക്കെടുക്കാന്‍ ഒരുമ്പെട്ടാല്‍ നാല്‍പതും അമ്പതും വര്‍ഷം പഴക്കമുള്ള കേസ് ഫയലുകള്‍ നമ്മുടെ കോടതികളുടെ മാറാല പിടിച്ച അലമാരികളില്‍ നിരവധിയെണ്ണം കണ്ടെത്താന്‍ കഴിയും. കാലവിളംബം കൂടാതെ നീതി ലഭ്യമാവുക എന്നത് പൗരന്മാരുെട ഭരണഘടനാപരമായ അവകാശമാണെന്നിരിക്കെ ഇത് പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ കാര്യമായ പരിശ്രമങ്ങളൊന്നും നടക്കുന്നില്ല എന്നതാണ് വസ്തുത.
ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കിലും വേണ്ടില്ല, കേസുമായി കോടതിയിലേക്കില്ലെന്ന ചിന്തയിലേക്ക് പൊതുസമൂഹം തിരിയുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. കോടതികളില്‍ വ്യവഹാരങ്ങളുമായെത്തുന്ന പൗരന്മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ട അഭിഭാഷകരില്‍ ഒരു ചെറിയ ശതമാനമെങ്കിലും നിര്‍ഭാഗ്യവശാല്‍ തൊഴില്‍പരമായ ധാര്‍മ്മികത ലംഘിക്കാന്‍ ഒരുമ്പെടുകയും ചെയ്യുന്നു. അഭിഭാഷക വൃത്തിയെന്നത് നീതിനിര്‍വഹണത്തില്‍ സുപ്രധാന ഘടകമാണ്. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്കും അതിപ്രധാനമാണ്. ആ ധാര്‍മികത നിറവേറ്റുന്നതില്‍ അഭിഭാഷകര്‍ പരാജയപ്പെട്ടാല്‍ ഈ രാജ്യത്തെ ദശലക്ഷക്കണക്കായ സാധാരണ പൗരന്മാര്‍ക്ക് എങ്ങനെ നീതി ഉറപ്പാക്കാനാവും എന്നാണ് കോടതിയുടെ ചോദ്യം.
പ്രാകൃതവും പ്രാചീനവുമായ ഭരണസംവിധാനങ്ങളുടെ ചട്ടക്കൂടിനകത്തു തിങ്ങിവിങ്ങിക്കഴിയുന്ന നീതിന്യായ രംഗം കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെയാണ് സാധാരണക്കാരില്‍ നിന്ന് ഏറെ അകന്നുപോയതെന്നു കാണാം. ആഗോളവല്‍ക്കരണ നയങ്ങളുടെ പിടിമുറുകിയതും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ജനജീവിതത്തില്‍ വേരുറപ്പിച്ചതുമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്ന കവിവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന പല ദുഷ്പ്രവണതകളും രാജ്യത്ത് നീതിന്യായ മേഖലയില്‍ നടമാടുന്നുണ്ടെങ്കിലും ഉന്നത നീതിപീഠത്തില്‍ നിന്നോ ഭരണാധികാരികളില്‍ നിന്നോ ഫലസിദ്ധി പ്രതീക്ഷിക്കാവുന്ന പ്രതികരണങ്ങളൊന്നും ഉണ്ടാവാറില്ല.
കേന്ദ്ര കാബിനറ്റില്‍ പ്രധാനമന്ത്രിയുടെ വലംകൈയായ ഒരു മന്ത്രി സുപ്രിംകോടതിയില്‍ അഭിഭാഷകനായിരിക്കെ ഫീസ് നിശ്ചയിച്ചിരുന്നത് കോടികളുടെ കണക്കിലായിരുന്നു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടിയും ഏറ്റവുമൊടുവില്‍ തോമസ് ചാണ്ടിക്കുവേണ്ടിയും ഡല്‍ഹിയില്‍ നിന്ന് പറന്ന് അഭിഭാഷകരെത്തിയതും ലക്ഷങ്ങള്‍ക്കപ്പുറമുള്ള തുക ഫീസായി വാങ്ങിയാണ്. കാശുള്ളവര്‍ ഇഷ്ടംപോലെ കാശുകൊടുത്ത് ആരെയെങ്കിലും വച്ച് വാദിച്ചോട്ടെ, അതില്‍ നാമെന്തിന് മുറുമുറുപ്പു കാണിക്കണം എന്ന് ചോദിക്കുന്നവരും നിരവധിയുണ്ട്. പക്ഷേ അത്തരം മാഫിയകള്‍ക്കെതിരെ പൊതുതാല്പര്യഹര്‍ജികളുമായി കോടതികളിലെത്തുന്ന നാട്ടിന്‍പുറത്തെ സാധാരണക്കാരന്‍ നല്‍കുന്ന തുച്ഛമായ ഫീസ് വാങ്ങി വാദിക്കാന്‍ എത്ര അഭിഭാഷകര്‍ തയാറാവുന്നു എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.
നാട്ടുകാര്‍ പിരിവെടുത്തു സ്വരൂപിക്കുന്ന പതിനായിരങ്ങളോ ലക്ഷങ്ങളോ തികയാതെ വരും കോര്‍പ്പറേറ്റ് മാഫിയകള്‍ക്കെതിരെ സുപ്രിംകോടതിയിലും ഹൈക്കോടതികളിലും ദീര്‍ഘനാള്‍ കേസ് നടത്താന്‍. സാഹചര്യങ്ങളുടെ ഗതിയനുസരിച്ച് കേസ് നടത്തിയില്ലെങ്കില്‍ മാഫിയകളെ തറപറ്റിക്കാന്‍ കഴിയാതെയും വരും. ഒറ്റയാള്‍ പോരാട്ടം നടത്തുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ എത്രകാലം ഇങ്ങനെ മുണ്ട് മുറുക്കിയുടുത്ത് പിടിച്ചുനില്‍ക്കാനാവും? പ്രത്യേകിച്ച് പരിസ്ഥിതി സംബന്ധമായ കേസുകളില്‍. റിലയന്‍സ്, അദാനി എന്നിങ്ങനെയുള്ള കോര്‍പറേറ്റുകള്‍ക്ക് പണത്തിന് പഞ്ഞമില്ല, വിലയുമില്ല. ലക്ഷം ചോദിക്കുന്ന വക്കീലിന് കോടി കൊടുക്കാനും മടി കാണിക്കാത്തവരാണ് അക്കുട്ടര്‍. എന്നാല്‍ അതാണോ സാധാരണ പൗരന്മാരുടെ കാര്യം. അതാണ് സുപ്രിംകോടതിയുടെ ചോദ്യം.
ന്യായവും നീതിയും നൂറുശതമാനം ഒപ്പമുണ്ടെങ്കിലും അവ കോടതിയെ ബോധ്യപ്പെടുത്തി സ്ഥാപിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആരെയും പഴിച്ചിട്ടു കാര്യമില്ല. അഭിഭാഷകരുടെ പ്രാഗത്ഭ്യത്തിന്റെ ‘വില’ കണക്കാക്കുന്നത് അവിടെയാണ്. നൂറുശതമാനം ജയം ഉറപ്പിച്ച് യൂണിയന്‍ കാര്‍ബൈഡിനെതിരെ ഇന്ത്യാ ഗവണ്‍മെന്റ് അമേരിക്കന്‍ കോടതിയില്‍ കൊടുത്ത കേസ് തള്ളിയത് ഇതിനുദാഹരണം. ഭോപ്പാല്‍ വാതക ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ നാലായിരത്തോളം പേര്‍ക്കും ആരോഗ്യം ക്ഷയിച്ച രണ്ടു ലക്ഷത്തോളം പേര്‍ക്കും നഷ്ടപരിഹാരമായി 3900 കോടി ഡോളര്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ദക്ഷിണ ന്യൂയോര്‍ക്കിലെ കോടതി തള്ളിയത്. പിന്നീട് അപ്പീലുകളും തള്ളി. കേസ് ന്യായവും കഴമ്പുള്ളതുമാണെന്ന് വ്യക്തമാക്കിയ ജഡ്ജി കേസ് തള്ളാന്‍ മറ്റ് കാരണങ്ങളാണ് നിരത്തിയത്. പിന്നീട് 1986 ല്‍ ഭോപ്പാല്‍ ജില്ലാ കോടതിയാണ് കേസിനു തീര്‍പ്പുണ്ടാക്കിയത്.
ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കാനാവാത്ത ചില കേസുകളിലെങ്കിലും കക്ഷികള്‍ക്ക് സുപ്രിംകോടതിയെ സമീപിക്കാന്‍ നിയമോപദേശം ലഭിക്കാറുണ്ട്. എന്നാല്‍ ഭാരിച്ച സാമ്പത്തിക ബാധ്യത ഓര്‍ത്തുമാത്രം പലരും സുപ്രിംകോടതിയിലേക്ക് പോകേണ്ടെന്നു വച്ച് കേസില്‍ നിന്ന് പിന്‍മാറുന്ന സാഹചര്യവുമുണ്ട്. കേസുകളില്‍ ഒരു ഹിയറിങില്‍ ഹാജരാവുന്നതിന് ആറേഴു വര്‍ഷം മുമ്പ് രണ്ടും മൂന്നും ലക്ഷം രൂപ മാത്രം ഡേ ഫീസായി വാങ്ങിയിരുന്ന പല പ്രമുഖ അഭിഭാഷകരും കോര്‍പറേറ്റ്‌വല്‍ക്കരണത്തിനുശേഷം ഇന്ന് കക്ഷികളില്‍ നിന്നീടാക്കുന്നത് പത്ത് ലക്ഷവും അതിനു മേലെയുമാണ്. അടുത്ത ഹിയറിംഗിനും കക്ഷി ഇതേ തുക തന്നെ നല്‍കണം. ഉള്ളതെല്ലാം വിറ്റുപെറുക്കി ഹര്‍ജിയുമായി ചെല്ലുന്ന സാധാരണക്കാരന്‍ എങ്ങനെ പിടിച്ചുനില്‍ക്കും?
കോര്‍പറേറ്റ് മുതലാളി കൃഷിഭൂമിയെല്ലാം പിടിച്ചെടുത്താലും ബഹുരാഷ്ട്ര കീടനാശിനി കമ്പനികള്‍ നാടിനെ ഒന്നാകെ രോഗപീഡകള്‍ക്കിരയാക്കിയാലും പരിസ്ഥിതി ലോല മേഖലകള്‍ ഭീമന്‍യന്ത്രങ്ങള്‍കൊണ്ട് റിസോര്‍ട്ട് മാഫിയ തുരന്നാലും സഹിക്കുകതന്നെ. അത്തരം ജനവിരുദ്ധ, ദേശവിരുദ്ധ ശക്തികളെ ചെറുക്കാന്‍ ശേഷിയില്ലാത്ത വിധം പരിസ്ഥിതി പ്രവര്‍ത്തകരെയും പൊതുസമൂഹത്തെ ആകെയും തളര്‍ത്തുകയാണ് നീതിനിര്‍വഹണ രംഗത്തെ പുത്തന്‍പ്രവണതകള്‍. ഇത് ജനാധിപത്യ വ്യവസ്ഥിതിയെ ദുര്‍ബലപ്പെടുത്തുമെന്നതില്‍ തെല്ലുമില്ല സംശയം. സാമൂഹിക പ്രതിബദ്ധതയുള്ള രാഷ്ട്രീയ കക്ഷികള്‍ ഇത്തരം വിഷയങ്ങള്‍ ഏറ്റെടുത്ത് കോടതികളെ സമീപിക്കുന്നത് ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.
ആഗോളീകരണത്തിന്റെ കാലഘട്ടത്തിലേക്ക് ജുഡിഷ്യറിയും നീങ്ങിയതോടെ ആര്‍ബിട്രേഷന്‍ കേസുകള്‍ക്ക് പുതിയ മാനം കൈവന്നിട്ടുണ്ട്. എണ്ണിത്തിട്ടപ്പെടുത്താന്‍ പ്രയാസമുള്ളത്ര പൂജ്യങ്ങളടങ്ങിയ വന്‍ തുകയുടെ തര്‍ക്കങ്ങളാണ് ആര്‍ബിട്രേറ്ററായി നിയോഗിക്കപ്പെടുന്ന റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്കു മുന്നിലെത്തുന്നത്. ഒരു മൂലധനാധിഷ്ഠിത സമൂഹത്തില്‍ വാണിജ്യതാല്‍പര്യങ്ങള്‍ മാത്രം മുന്നില്‍ കണ്ടുള്ള ഊഹക്കച്ചവടത്തെ പോലും പിന്തള്ളുന്ന പലതുമാണ് ആര്‍ബിട്രേഷന്‍ കോടതികളില്‍ നടക്കുന്നത്. ജനാധിപത്യം ധനാധിപത്യത്തിനു വഴിമാറുന്ന സാഹചര്യങ്ങളില്‍ ഒന്നു മാത്രമാണിത്.
ധനശേഷിയില്ലാത്ത, ദരിദ്രനാരായണന്മാര്‍ക്ക് കോടതി അപ്രാപ്യമാണെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള പരാതിക്ക് പരിഹാരമായാണ് നിയമസഹായകേന്ദ്രങ്ങളും ലീഗല്‍ എയ്ഡ് ക്ലിനിക്കുകളും ആരംഭിച്ചത്. സുപ്രിം കോടതി മുതല്‍ താഴെത്തട്ടില്‍ മുന്‍സിഫ് കോടതികളിലും ഗ്രാമന്യായാലയങ്ങളിലും വരെ ഇത്തരം സൗജന്യ നിയമസേവനകേന്ദ്രങ്ങളുണ്ട്. എന്നാല്‍ അത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഒട്ടും കാര്യക്ഷമമല്ലെന്ന് അനുഭവസ്ഥര്‍ പറയും. പത്ത് ലക്ഷത്തിലേറെ രൂപ ഫീസ് വാങ്ങി വാദിക്കുന്ന വക്കീലിനെയാണ് സര്‍ക്കാരോ കോടതിയോ കനിഞ്ഞു നല്‍കുന്ന 2000 രൂപ ഫീസ് വാങ്ങി നിയമസഹായ കേന്ദ്രത്തിലെ വക്കീല്‍ കോടതി മുറിയില്‍ നേരിടേണ്ടത്.
ലീഗല്‍ എയ്ഡിന്റെ പാനലില്‍ പ്രഗത്ഭരടക്കം നൂറുകണക്കിന് അഭിഭാഷകര്‍ ഉണ്ടാവുമെങ്കിലും ദരിദ്രകക്ഷികള്‍ക്ക് പലപ്പോഴും ലഭിക്കുക വളരെ ജൂനിയറായ അഭിഭാഷകരെയാവും. ഈ പാനലിലെ അഭിഭാഷകര്‍ക്കു ലഭ്യമാവുന്ന ഫീസ് മാന്യമായ നിലയിലേക്ക് ഉയര്‍ത്തിയാല്‍ അതവരുടെ ആത്മാര്‍ത്ഥതയില്‍ പ്രതിഫലിച്ചേക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളാണ് അതിനു മനസുവെക്കേണ്ടത്.
ഹൈക്കോടതിയുടെ ഒരു സ്ഥിരം ബെഞ്ച് തിരുവനന്തപുരത്ത് വേണമെന്ന ആവശ്യത്തിന് കാല്‍നൂറ്റാണ്ടെങ്കിലും പഴക്കമുണ്ട്. കോടതികളും നീതിയും തങ്ങള്‍ക്കും പ്രാപ്യമാണ് എന്ന തോന്നലുളവാക്കാന്‍ ഈ സാമീപ്യം വഴിയൊരുക്കും. എന്നാല്‍ നടപടിയൊന്നുമില്ല. അലഹബാദ്, ബോംബെ, കല്‍ക്കട്ട, ഗോഹട്ടി, കര്‍ണാടക, മധ്യപ്രദേശ്, മദ്രാസ്, രാജസ്ഥാന്‍ ഹൈക്കോടതികള്‍ക്ക് അതതു സംസ്ഥാനങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥിരം ബെഞ്ചുള്ളതുപോലെ കേരള ഹൈക്കോടതിക്കും ചുരുങ്ങിയ പക്ഷം തിരുവനന്തപുരത്തെങ്കിലും സ്ഥിരം ബെഞ്ച് ഉണ്ടാവേണ്ടതുണ്ട്.
നമ്മുടെ നീതിനിര്‍വഹണ സംവിധാനത്തില്‍ അഭിഭാഷകനെ നിയോഗിക്കാതെ കക്ഷികള്‍ക്ക് നേരിട്ട് വാദം നടത്താനും വ്യവസ്ഥയുണ്ട്. എന്നാല്‍ കക്ഷികള്‍ നേരില്‍ ഹാജരായി വാദം നടത്തുന്നത് കോടതികള്‍ പലപ്പോഴും നിരുത്സാഹപ്പെടുത്തുകയാണ്. അത് പരസ്യമാക്കാറില്ലെന്നു മാത്രം. പാര്‍ട്ടി ഇന്‍ പേഴ്‌സണ്‍ എന്ന ഈ വ്യവസ്ഥയോട് കോടതികളിലെ ഫയലിങ് സ്‌ക്രൂട്ട്‌നി ഓഫീസര്‍മാരും മുഖം തിരിക്കുകയാണ്. അഭിഭാഷകന്റെ സഹായം കൂടാതെ തയ്യാറാക്കുന്ന ഹര്‍ജികള്‍ പരിശോധിക്കാന്‍ കുടുതല്‍ സമയമെടുക്കുമെന്ന ചിന്താഗതിയാണ് അതിനു പിന്നില്‍. നേരിട്ട് കേസ് വാദിക്കാന്‍ വരുന്നവരെ ശല്യക്കാരായല്ല, അതിഥികളായി കാണാനുള്ള മാനസികാവസ്ഥ കോടതി മുറികളിലുണ്ടാവണം.
നീതി നിര്‍വഹണരംഗം സാധാരണക്കാരന് അപ്രാപ്യമായാല്‍ നിയമവാഴ്ച മാത്രമല്ല, ജനാധിപത്യ സംവിധാനമാകെയാണ് താളം തെറ്റുന്നത്. യുദ്ധത്തിനു പുറപ്പെടും മുമ്പ് അനുഗ്രഹം തേടിയെത്തിയ ദുര്യോധനനോട് മാതാവായ ഗാന്ധാരി പറയുന്നുണ്ട്. ധര്‍മം ജയിക്കുക തന്നെ ചെയ്യുമെന്ന്. ”യതോ ധര്‍മ സ്തതോ ജയ” എന്ന ഈ വാക്യമാണ് നമ്മുടെ സുപ്രിംകോടതിയുടെ പൂമുഖത്ത് അശോകസ്തംഭത്തിനു കീഴെ ആലേഖനം ചെയ്തിരിക്കുന്നത്. ഈ മഹാഭാരത വാക്യം അന്വര്‍ത്ഥമാവാന്‍ ഉന്നത നീതിപീഠം തന്നെ ഒരു ചര്‍ച്ചയ്ക്ക് വഴിതുറന്നത് എന്തുകൊണ്ടും സ്വാഗതാര്‍ഹം തന്നെ.