Monday
17 Dec 2018

നമ്മുടെ പ്രധാനമന്ത്രി നുണയനോ?

By: Web Desk | Wednesday 3 January 2018 10:34 PM IST

മോഡി ഭരണകൂടത്തിന്റെ സ്ത്രീപക്ഷ സമീപനം സുതാര്യമായിരുന്നെങ്കില്‍ ഇത്തരമൊരു സംശയം ഉയരില്ലായിരുന്നു. ഇവിടെ നിലനിന്നിരുന്ന പ്രബലമായ സ്ത്രീപക്ഷ നിയമങ്ങള്‍ പലതും ഈ മൂന്നുവര്‍ഷത്തെ ഭരണകാലത്ത് മോഡി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുകയാണുണ്ടായത്. ഗാര്‍ഹിക പീഡനവിരുദ്ധ നിയമത്തിലെ 498 എ വകുപ്പിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം ഒരു ഉദാഹരണം. ഈ വകുപ്പ് ദുര്‍ബലപ്പെടുത്തിയത് എന്തിനാണ്. സ്ത്രീധന നിരോധന നിയമമനുസരിച്ച് കുറ്റകരവും ജാമ്യം അനുവദിക്കാത്തതുമായ ശിക്ഷ എന്നത് ജാമ്യം ലഭിക്കാവുന്നതും കുറ്റമല്ലാത്തതുമാക്കിയ സര്‍ക്കാര്‍ മുത്തലാഖിന് മുസ്‌ലിം പുരുഷന് മൂന്ന് വര്‍ഷം തടവ് വിചാരണപോലും അനുവദിക്കാതെ നടപ്പിലാക്കുന്നതെന്തുകൊണ്ടാണ്?

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പല കുറവുകളുള്ള പ്രധാനമന്ത്രിമാരുണ്ടായിട്ടുണ്ട്. എന്നാല്‍ നുണയനായൊരു പ്രധാനമന്ത്രി ഇതാദ്യമാണ്. ഒരു പ്രധാനമന്ത്രിയെ ഇങ്ങനെ വിളിക്കേണ്ടിവരുന്നതുതന്നെ രാജ്യത്തിന്റെ ദയനീയമായ ദുര്‍ഗതിയാണ്. നുണ പറയുന്നയാളെ പക്ഷേ നുണയനെന്നല്ലാതെ മറ്റെന്താണ് പറയുക? ഈ രാജ്യം ഹിന്ദുക്കളുടേതാണെന്ന പെരുംനുണ പറഞ്ഞ് എല്ലാ സമാധാനവും കെടുത്തിയാണ് നരേന്ദ്രമോഡി അധികാരത്തിലെത്തിയത്? ആ നുണയെക്കാള്‍ ജനങ്ങള്‍ കണക്കിലെടുത്തത് മറ്റുചില വാഗ്ദാനങ്ങളെയാണ്. ഭരിച്ചുമുടിച്ച കോണ്‍ഗ്രസില്‍ നിന്ന് മോചനം കാത്ത ജനത തൊഴിലും ശൗചാലയവും ബാങ്ക് നിക്ഷേപവും മറ്റും പ്രതീക്ഷിച്ച് ഒരു മാറ്റത്തിനുവേണ്ടി നിലകൊണ്ടു എന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യത്തെ മുപ്പത്തിമൂന്ന് ശതമാനത്തിന്റെ അംഗീകാരം കിട്ടി എന്നതും വസ്തുത. എന്നാല്‍ വാഗ്ദാനങ്ങളൊന്നും മൂന്നുവര്‍ഷത്തിനകം നിറവേറ്റപ്പെട്ടില്ല എന്ന് മാത്രമല്ല, പുതിയ ദുരന്തങ്ങള്‍ ഒന്നൊന്നായി ജനങ്ങള്‍ക്ക് സമ്മാനിക്കുകയും ചെയ്തു.
ഇന്നിപ്പോള്‍ തന്റെ ജാള്യം മറയ്ക്കാന്‍ സ്ത്രീകളുടെ പേരില്‍ രണ്ട് പ്രമാദമായ കള്ളം പ്രധാനമന്ത്രി നടത്തിയിരിക്കുന്നു. അവ രണ്ടും പുതുവര്‍ഷങ്ങളിലാണെന്നതാണ് ഏറെ വിചിത്രം. മന്‍ കി ബാത്തിലൂടെ 2016 ല്‍ നടത്തിയ ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപ എന്ന പ്രഖ്യാപനത്തിന്റെ നിജസ്ഥിതി മാധ്യമങ്ങള്‍ അന്നുതന്നെ പുറത്തുവിട്ടിരുന്നു. സ്ത്രീകള്‍ക്കായി പുതുവര്‍ഷത്തില്‍ ഒരു പുതിയ പദ്ധതി എന്ന രീതിയിലാണ് ഈ പ്രഖ്യാപനം പ്രധാനമന്ത്രി അന്ന് നടത്തിയത്. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ദേശീയ ഭക്ഷ്യസുരക്ഷാപദ്ധതിയില്‍ ഉള്‍പ്പെട്ട ഒരു ആനുകൂല്യം ആ പദ്ധതിയെ പാടേ അട്ടിമറിച്ച് അതില്‍ നിന്ന് ഈ ആനുകൂല്യം അടര്‍ത്തിമാറ്റി പേരുമാറ്റി പ്രഖ്യാപിക്കുകയായിരുന്നു അന്ന് പ്രധാനമന്ത്രി. ഭക്ഷ്യസുരക്ഷാ പദ്ധതിയനുസരിച്ച് രാജ്യത്തെ എല്ലാ ഗര്‍ഭിണികള്‍ക്കും സാര്‍വത്രികമായി ഈ ആനുകൂല്യം നല്‍കണമെന്ന് വിവക്ഷ ചെയ്തിട്ടുണ്ട്. രാജ്യത്തെ 56 ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി മുന്നേറുന്നുമുണ്ടായിരുന്നു. ഇതിനിടെ ഈ സാര്‍വത്രിക നിയമത്തെ 19 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തില്‍ ആദ്യത്തെ കുഞ്ഞിന് മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്തി പുതുവര്‍ഷ സമ്മാനമായി ജനനീസുരക്ഷയോജന എന്ന പേരില്‍ പ്രഖ്യാപിച്ചു. ഇതില്‍ രണ്ട് വഞ്ചന നടന്നിട്ടുണ്ട്. ഒന്ന് അത് തുടര്‍ന്നുവരുന്ന പദ്ധതിയാണെന്ന വസ്തുത മോഡിയും കൂട്ടരും മറച്ചുവച്ചു. രണ്ട് സാര്‍വത്രികമായ പദ്ധതിയെ പരിമിതപ്പെടുത്തി സ്ത്രീകളോട് അനീതികാട്ടി.
മന്‍ കി ബാത്ത് 2017ലും മറ്റൊരു നുണ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അത് മുസ്‌ലിം സ്ത്രീകളുടെ പേരിലാണ്. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന് ബന്ധുക്കളുടെ തുണയില്ലാതെ സ്ത്രീകള്‍ക്ക് പോകാനുള്ള അനുമതി നല്‍കുന്നതാണ് ആ പ്രഖ്യാപനം. ഇത്തരത്തില്‍ 1300 പേര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്രേ! മുത്തലാഖ് നിരോധിച്ച് മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കുന്ന മോഡി അവരെ വ്യക്തിത്വമുള്ളവര്‍ കൂടി ആക്കി എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. ആണ്‍ തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയില്ലെന്നത് വിവേചനമാണെന്നും ഈ വര്‍ഷം മുതല്‍ അതില്‍ മാറ്റം വരുത്തി എന്നുമാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ഇത് പച്ചക്കള്ളമാണെന്ന തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. സത്യത്തില്‍ ഹജ്ജിനും ഉംറക്കും പോകുന്ന സ്ത്രീകള്‍ക്ക് വിസ അനുവദിക്കുന്നത് സൗദി അറേബ്യയാണ്. അവിടത്തെ നിയമം പാലിക്കുന്നവര്‍ക്കാണ് അവര്‍ വിസ നല്‍കുക. അത് അന്താരാഷ്ട്ര മര്യാദയുമാണ്. അത് തിരുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ആവില്ല. ഇവിടത്തെ വിസാനിയമങ്ങള്‍ തിരുത്താന്‍ സൗദി അറേബ്യക്കാകില്ല എന്നതുപോലെ. ലോകത്തെ ഏത് രാജ്യത്തുനിന്നും വരുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് കൂടെ ഭര്‍ത്താവോ സഹോദരനോ മകനോ വേണമെന്നത് സൗദി ഭരണകൂടത്തിന്റെ നിയമമാണ്. അതനുസരിച്ചാണ് വിസ അനുവദിക്കുക. അല്ലാതെ അത് ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് മാത്രമായുള്ള ഒരു വ്യവസ്ഥയായിരുന്നില്ല മോഡിക്ക് തിരുത്താന്‍. എന്നാല്‍ ഈ വ്യവസ്ഥയില്‍ ഒരു മാറ്റം 2014-ല്‍ സൗദി വരുത്തിയിരുന്നു. അതനുസരിച്ച് 45 വയസുവരെയുള്ള സ്ത്രീകള്‍ക്ക് രക്ഷിതാവില്ലാതെ പോകാന്‍ അനുവാദമില്ല. മറ്റുള്ളവര്‍ക്ക് വിശ്വാസ്യതയുള്ള മറ്റൊരു സ്ത്രീകൂടെ ഉണ്ടാകണം എന്നാക്കി മാറ്റിയിരുന്നു. ഇതനുസരിച്ച് ഇപ്പോള്‍ ഹജ്ജിന് പോകുന്ന സ്ത്രീകള്‍ക്ക് വിസ നല്‍കുന്നുമുണ്ട്. 45 വയസിന് മുകളിലുള്ള സ്ത്രീകള്‍ ഗ്രൂപ്പായി പോകുന്ന രീതിയാണ് പൊതുവിലുള്ളത്. അവരുടെ ഹജ്ജ് യാത്രയെ മോഡി തന്റെ നേട്ടമാക്കി ചിത്രീകരിച്ച് ഒരു സങ്കോചവുമില്ലാതെ പുതുവര്‍ഷനേട്ടമായി പ്രഖ്യാപിക്കുമ്പോള്‍ ഈ പ്രധാനമന്ത്രിയെ നുണയനെന്നല്ലാതെ മറ്റെന്താണ് വിളിക്കുക. പ്രധാനമന്ത്രിയുടെ സ്ത്രീ സ്‌നേഹത്തിന്റെ മറ്റൊരുവശം കൂടി പരാമര്‍ശിക്കുമ്പോഴേ ഇതിലെ കൊടിയ വഞ്ചന പൂര്‍ത്തിയാകൂ.
മുത്തലാഖ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് നിര്‍ത്തലാക്കിയത് മുസ്‌ലിം സ്ത്രീകള്‍ മാത്രമല്ല സ്ത്രീ സമൂഹം മൊത്തത്തില്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നുണ്ട്. ഇത്തരമൊരു ബില്‍ ധൃതിപിടിച്ച് മുസ്‌ലിം സ്ത്രീകളോടുള്ള അദമ്യമായ വാത്സല്യത്തിന്റെ പുറത്താണ് ബിജെപി സര്‍ക്കാര്‍ പാസാക്കിയത് എന്ന് വെറുതെ സമ്മതിച്ചുകൊടുക്കാന്‍ നമ്മളാരും വിഡ്ഢികളുടെ സ്വര്‍ഗത്തിലല്ലല്ലോ ജീവിക്കുന്നത്. വിവാഹമോചന നിയമത്തെക്കുറിച്ച് മുസ്‌ലിം സ്ത്രീകളുമായി യഥാര്‍ത്ഥത്തില്‍ ഒരു ചര്‍ച്ചയും എവിടെയും നടന്നിട്ടില്ല. സുപ്രിംകോടതിയില്‍ മുത്തലാഖിനെതിരെ പരാതിയുമായി പോയത് മുസ്‌ലിം സ്ത്രീകളാണ്. അവര്‍ കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അവരുടെ പരാതിയില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഉരുത്തിരിഞ്ഞുവരുന്ന പരിഹാരമാര്‍ഗങ്ങള്‍ക്ക് മാത്രമാണ് അവരുടെ ജീവിത പരിസരവുമായി താദാത്മ്യമുണ്ടാവുക. ഹിന്ദു സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമം രൂപീകരിക്കുന്നതുമായി നീണ്ട പത്തുവര്‍ഷമാണ് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടന്നത്. ഹിന്ദു അവകാശനിയമത്തില്‍ സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ച് 2004ല്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ ഒടുവില്‍ തീരുമാനമാകാതെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയാണുണ്ടായത്. 2010ലെ ഹിന്ദു വിവാഹനിയമത്തിലെ വിവാഹമോചനം സംബന്ധിച്ച വകുപ്പുകള്‍ തീരുമാനത്തിനായി ഒടുവില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇതൊന്നും മുത്തലാഖ് നിയമത്തിന്റെ കാര്യത്തില്‍ സംഭവിച്ചില്ല. ഒരു മുത്തലാഖ് നിരോധനം കൊണ്ടുമാത്രം തീരുന്നതല്ല സ്ത്രീകളുടെ പ്രശ്‌നമെന്നത് വേറെകാര്യം. ബഹുഭാര്യാത്വം പോലുള്ള നിരവധിയായ പ്രശ്‌നങ്ങള്‍ പൗരോഹിത്വത്തിനെതിരെ മുസ്‌ലിം സ്ത്രീകള്‍ ഉന്നയിക്കുന്നുണ്ട്. ഇവയൊക്കെ ഖുറാന്‍ അനുശാസിക്കുന്നതല്ലെന്നും ശരിയത്ത് നിയമത്തില്‍ തന്നെ അനിസ്‌ലാമികമായ പലതും കടന്നുകൂടിയിട്ടുണ്ടെന്നും ശക്തമായി വാദിക്കുന്നവര്‍ ഇസ്‌ലാം മതവിശ്വാസികളിലുണ്ട്. സെമിറ്റിക് മതനിയമങ്ങളിലെ സ്ത്രീവിരുദ്ധത അടക്കമുള്ളവ ലോകത്താകമാനം മാറ്റത്തിന് വിധേയമാക്കാനുള്ള തീവ്രശ്രമങ്ങള്‍ ആ മതവിശ്വാസികളില്‍ നിന്നുതന്നെ ധാരാളമായി ഉയര്‍ന്നുവരുന്ന കാലമാണിത്. മതേതര രാഷ്ട്രം അത്തരം ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകതന്നെ വേണം. അത് പക്ഷേ അടിച്ചേല്‍പ്പിക്കലിലൂടെയോ നിരോധിക്കലിലൂടെയോ ആകരുതെന്നുമാത്രം.

വിവാഹമോചനാവകാശം എല്ലാ സമുദായത്തിലും മതങ്ങളിലും അനുവദനീയമായ വ്യക്തിനിയമമാണെന്നിരിക്കെ മുസ്‌ലിം സ്ത്രീകളോട് മാത്രമായി കേന്ദ്രസര്‍ക്കാരിന് ഒരു സംരക്ഷണമോഹം ഉദിച്ചതാണ് ഇവിടെ പ്രശ്‌നം. ഒരു പുരുഷാധിപത്യസമൂഹത്തില്‍ വിവാഹമോചനമെന്നത് എപ്പോഴും പുരുഷന്മാര്‍ക്ക് കൂടുതല്‍ മേല്‍ക്കൈ നല്‍കുന്ന ഒരു നടപടിയാകുന്നതില്‍ ഒരതിശയവുമില്ല. അവിടെ സ്ത്രീകള്‍ നേരിടുന്ന അനീതിയും അവഹേളനവും അരക്ഷിതാവസ്ഥയും കേവലം നിയമങ്ങള്‍കൊണ്ടുമാത്രം പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല. സ്ത്രീധന നിരോധനനിയമമുണ്ടായിട്ടും സ്ത്രീധന മരണങ്ങള്‍ക്ക് ഒരു കുറവും സംഭവിക്കാത്തത് അതുകൊണ്ടാണ്. 2017 ഓഗസ്റ്റ് മാസത്തില്‍ മുത്തലാഖ് സംബന്ധിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച 395 പേജുള്ള വിധിയുടെ ചുരുക്കമിതായിരുന്നു. പല കോണുകളില്‍ നിന്നുള്ള അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ മുത്തലാഖിലെ തലാക്ക് – ഇ – ബിദാത്ത് നിര്‍ത്തലാക്കണമെന്ന് മൂന്നില്‍ രണ്ടുഭാഗവും ആവശ്യപ്പെടുന്നു. (തലാക്ക് – ഇ ബിദാത് എന്നത് തലാക്ക് എന്ന് മൂന്നു പ്രാവശ്യം ഒറ്റയടിക്ക് പറഞ്ഞ് മൊഴി ചൊല്ലുന്ന രീതി) അതനുസരിച്ച് തലാക്ക് – ഇ – ബിദാത് നിര്‍ത്തിലാക്കാന്‍ വിധി പ്രസ്താവിച്ചു. ആ വിധിന്യായത്തില്‍ ഒപ്പുവച്ച അഞ്ച് ജഡ്ജിമാര്‍ വിധിന്യായത്തിലോ അതുസംബന്ധിച്ച് നടന്ന പ്രത്യേക ചര്‍ച്ചകളിലോ ഇത് ക്രിമിനല്‍ കുറ്റമാക്കണമെന്ന് ഒരിക്കല്‍പ്പോലും ആവശ്യപ്പെട്ടിരുന്നില്ല. തലാക്ക് – ഇ – ബിദാത് സംബന്ധിച്ചുണ്ടായ പരാതികളാണ് സുപ്രിംകോടതി പരിശോധിച്ചതും അവ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടതും അതിന് നേതൃത്വം നല്‍കിയത് മുസ്‌ലിം സ്ത്രീകളും. എന്നാല്‍ ഇവിടെയും മുസ്‌ലിം സ്ത്രീകളെ മറയാക്കി മോഡി സര്‍ക്കാര്‍ അവരുടെ വര്‍ഗീയരാഷ്ട്രീയം നന്നായി കളിച്ചു.
ചുരുക്കത്തില്‍ സ്ത്രീകളോടുള്ള സഹതാപതരംഗത്തില്‍ നുണകളുടെ കെട്ടഴിച്ച് പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ നരേന്ദ്രമോഡിയും ബിജെപിയും നടത്തുന്ന അപഹാസ്യനാടകമാണ് പുതുവര്‍ഷ പ്രഖ്യാപനങ്ങളായി പിറവിയെടുക്കുന്നത്. ജനങ്ങളോട് നുണ പറയുന്ന ഭരണാധികാരിക്ക് എന്ത് ശിക്ഷയാണാവോ നല്‍കുക?