Monday
17 Dec 2018

ആരോഗ്യരംഗത്തെ നൈതികതയും പുതിയ മെഡിക്കല്‍ ബില്ലും

By: Web Desk | Tuesday 2 January 2018 10:16 PM IST

പ്രത്യേക ലേഖകന്‍

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പകരം ദേശീയ മെഡിക്കല്‍ കമ്മിഷന്‍ രൂപീകരിക്കുകയും നിലവിലുള്ള ആരോഗ്യ വിദ്യാഭ്യാസ രീതി അട്ടിമറിക്കുകയും ചെയ്യുന്നതിന് ഇടയാക്കുന്ന നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ – 2016 വന്‍പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഇന്നലെ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തി. ഡിസംബര്‍ 15 ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ ബില്ലിനെതിരെ ആരോഗ്യമേഖലയില്‍ നിന്നുമാത്രമല്ല എല്ലാ കോണുകളില്‍ നിന്നും എതിര്‍പ്പുയരുകയുണ്ടായി. അതുകൊണ്ടുതന്നെ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ല് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുന്നതിന് കേന്ദ്രം നിര്‍ബന്ധിതമായിരിക്കുകയാണ്.
രാജ്യത്ത് ജനാധിപത്യ സംവിധാനത്തെയും പൊതുമേഖലയെയും ഇല്ലാതാക്കുന്നതിന്റെ ഉപദേശക ജോലി നിര്‍വഹിക്കുന്ന നീതി ആയോഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒന്നര വര്‍ഷം മുമ്പ് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് പരിഷ്‌കരണത്തിനെന്ന പേരിലുള്ള അന്വേഷണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ആയോഗ് വൈസ് ചെയര്‍മാനായിരുന്ന അരവിന്ദ് പനഗാരിയയുടെ നിര്‍ദ്ദേശാനുസരണം ഇതുസംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച മൂന്നംഗ സമിതി മെഡിക്കല്‍ കൗണ്‍സിലിന് പകരം ഘടനാപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംവിധാനം ഉണ്ടാകണമെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തൊഴില്‍, നൈതികത, സംരംഭം എന്നിവയെ ആസ്പദമാക്കിയാകണം പുതിയ സംവിധാനമെന്നും നിര്‍ദ്ദേശമുണ്ടായി.
ഇതിന് ശേഷം മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ ഉടലെടുത്തു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പുനഃപരിശോധന വേണമെന്ന് പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിക്കുകയുണ്ടായി. ഇതിന്റെ ചുവട് പിടിച്ചാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിന് രൂപം നല്‍കുകയും മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തത്.
ഘടനാപരമായും നയപരമായും ആരോഗ്യ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ ഈ രംഗത്ത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇട വരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു പരിധിവരെ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കരുതപ്പെടുന്ന മെഡിക്കല്‍ കൗണ്‍സില്‍, മെഡിക്കല്‍ കമ്മിഷന്‍ എന്ന സംവിധാനത്തിലേയ്ക്ക് മാറുന്നുവെന്നതാണ് ബില്ലിന്റെ പ്രധാന പ്രത്യേകത. വിദഗ്ധരും സംസ്ഥാനങ്ങളുടെ പ്രതിനിധികളുമടക്കം ഉള്‍ക്കൊള്ളുന്ന മെഡിക്കല്‍ കൗണ്‍സിലിന് പകരമായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ രൂപംകൊള്ളും. നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളതായിരിക്കും മെഡിക്കല്‍ കമ്മിഷന്‍.
നിലവിലുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെന്ന സംവിധാനത്തില്‍ വിദഗ്ധരുടെയും സംസ്ഥാനങ്ങളുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളാനുള്ള സംവിധാനമുണ്ടായിരുന്നുവെങ്കില്‍ പുതിയ ബില്ലനുസരിച്ചുണ്ടാകൂന്ന മെഡിക്കല്‍ കമ്മിഷനില്‍ 12 പേര്‍ കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അനൗദ്യോഗിക അംഗങ്ങളായിരിക്കും. അഞ്ചുപേരാണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. ചെയര്‍മാനെയും അംഗങ്ങളേയും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിയോഗിക്കുകയാണ് ചെയ്യുക. അംഗങ്ങളെ നിര്‍ദ്ദേശിക്കുന്നതാകട്ടെ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയും. എന്നുവച്ചാല്‍ തികച്ചും ഉദ്യോഗസ്ഥപരവും ഭരണപരവുമായ ഘടകങ്ങളായിരിക്കും മെഡിക്കല്‍ കമ്മിഷന്റെ നിയമനത്തിന്റെ അടിസ്ഥാനമാവുകയെന്നര്‍ഥം. കേന്ദ്ര സര്‍ക്കാരിന് ഏകപക്ഷീയമായി കാര്യങ്ങളില്‍ ഇടപെടുന്നതിനും ജനാധിപത്യപരമായ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനും ഇടയാക്കുമെന്ന നിലയിലാണ് മെഡിക്കല്‍ കൗണ്‍സില്‍ എന്ന സംവിധാനം കടുത്ത എതിര്‍പ്പിനിടയാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ ഡോക്ടര്‍ പരീക്ഷ പാസായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ ഡോക്ടര്‍ക്കും വോട്ടവകാശമുള്ള തെരഞ്ഞെടുപ്പ് രീതിയിലൂടെയായിരുന്നു നിലവിലുള്ള മെഡിക്കല്‍ കൊണ്‍സില്‍ രൂപം കൊണ്ടിരുന്നത്. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഏത് ഡോക്ടര്‍ക്കും മത്സരിക്കാന്‍ അവകാശമുണ്ടായിരുന്നു. അതിന് പകരമാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സമിതി നിര്‍ദേശിക്കുന്ന വ്യക്തികള്‍ അടങ്ങുന്ന മെഡിക്കല്‍ കമ്മിഷന്‍ രൂപീകരണത്തിന് വഴിയൊരുങ്ങുന്നത്.
ഇതോടൊപ്പംതന്നെ ബില്ലില്‍ പിന്തിരിപ്പനായ നിരവധി നിര്‍ദ്ദേശങ്ങളും അടങ്ങിയിരിക്കുന്നുണ്ട്. ബിരുദം, ബിരുദാനന്തര മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ അവലോകനം, ധാര്‍മ്മിക, രജിസ്‌ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട നാല് ബോര്‍ഡുകളാവും മേഖലയെ നിയന്ത്രിക്കുക. ഇപ്പോള്‍ ഒരു തട്ടില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസമേഖലയെ പല തട്ടുകളായി തിരിക്കുന്ന നിര്‍ദ്ദേശമാണുള്ളത്. ആരോഗ്യ വിദ്യാഭ്യാസ പഠനം പൂര്‍ത്തിയാക്കി ഒരു ഡോക്ടര്‍ക്ക് ചികിത്സ തുടങ്ങണമെങ്കില്‍ വിലയിരുത്തലിനും അംഗീകാരം നല്‍കലിനുമുള്ള പ്രത്യേക സംവിധാനത്തിന്റെ കടമ്പ കൂടി കടക്കണം. അതിനായി പ്രത്യേക പരീക്ഷയും അഭിമുഖീകരിക്കേണ്ടതുണ്ട്. ഇതിനായി ദേശീയ തലത്തില്‍ പരീക്ഷ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
ഒരു നിര്‍ദ്ദിഷ്ട പരിശീലന പരിപാടി പൂര്‍ത്തിയാക്കിയാല്‍ ആയുര്‍വേദം, യോഗ, നാച്യുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ മേഖലകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അലോപ്പതി ചികിത്സ നടത്താമെന്ന വിവാദ വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിരന്തരമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അലോപ്പതി ഡോക്ടര്‍മാര്‍ പിറവിയെടുക്കുന്നത്. ആ ഒരു ചികിത്സാരീതിക്ക് മറ്റു വിഭാഗത്തില്‍പ്പെടുന്നവര്‍ യോഗ്രാകുന്നതിന് നിശ്ചയിച്ച മാനദണ്ഡം കേവലം ബ്രിഡ്ജ് കോഴ്‌സെന്ന പേരിലുള്ള പരിശീലന പരിപാടി മാത്രമാക്കുന്നത് എത്രത്തോളം അപകടമായിരിക്കുമെന്നത് സംശയരഹിതമായ കാര്യമാണ്.
ബില്ലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏറ്റവും അപകടകരമായ നിര്‍ദ്ദേശങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാവുന്നുവെന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിരന്തരനിരീക്ഷണത്തിലാണ് ഓരോ മെഡിക്കല്‍ കോളജുകളും. അതുകൊണ്ടുതന്നെ പഠന നിലവാരവും ചികിത്സാ സൗകര്യങ്ങളുമെല്ലാം ഒരു പരിധിവരെ മെച്ചപ്പെട്ടതാക്കാന്‍ സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിതമാണ്. പുതിയ കോഴ്‌സുകള്‍ അനുവദിക്കുമ്പോഴും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോഴും മതിയായ സൗകര്യങ്ങളുണ്ടോയെന്ന പരിശോധനയ്ക്ക് വിധേയമാണ് ഓരോ മെഡിക്കല്‍ കോളജുകളും.
പുതിയ ബില്ലില്‍ ഇതിനുള്ള എല്ലാ സാധ്യതകളും എടുത്തുകളയുകയും കോളജ് തോന്നിയതുപോലെ നടത്തുന്നതിന് മാനേജ്‌മെന്റുകള്‍ക്ക് സൗകര്യം നല്‍കുകയും ചെയ്യുന്നുണ്ട്. മെഡിക്കല്‍ കോളജുകള്‍ സഥാപിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ വാര്‍ഷിക അംഗീകാരം നേടുക, പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണവും അതിനുള്ള സൗകര്യങ്ങളും പരിശോധനയ്ക്ക് വിധേയമായി മാത്രം അനുവദിക്കുക തുടങ്ങിയ എല്ലാ നിബന്ധനകളും എടുത്തുകളയുന്നതാണ് പുതിയ ബില്‍. സ്ഥാപിക്കുന്നതിനുള്ള അംഗീകാരം നല്‍കുന്നതില്‍ ഒതുങ്ങുന്നു സര്‍ക്കാരിന്റെ അധികാരം. ചുവപ്പുനാടയില്‍ കുരുങ്ങി കോളജുകളുടെ വികസനം തടയപ്പെടുന്നത് ഇല്ലാതാക്കുന്നുവെന്നാണ് ഇതിന് സര്‍ക്കാരിന്റെ ന്യായവാദം. പ്രവേശിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ചുള്ള സൗകര്യങ്ങള്‍, രോഗികളുടെ എണ്ണം, കിടത്തി ചികിത്സിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിങ്ങനെയുള്ള നിബന്ധനകളെല്ലാം പുതിയ ബില്‍ എടുത്തുകളഞ്ഞിരിക്കുന്നു. ഈ നീക്കം മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ തന്നെ ഉണ്ടായിരിക്കുന്ന ആശാസ്യകരമല്ലാത്ത നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സഹായകരമാകുക.
നിലവിലുണ്ടായിരുന്ന ജനാധിപത്യ രീതികളെയും ആരോഗ്യ പരിപാലന രംഗത്തിന്റെ നൈതികതയെയും ഇല്ലാതാക്കുന്നതാണ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ എന്നതുകൊണ്ടാണ് ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.
രാജ്യത്തിന്റെ ആരോഗ്യ പരിപാലന രംഗത്ത് പൊതുമേലയ്ക്കുണ്ടായിരുന്ന പങ്ക് എടുത്തുപറയേണ്ടതാണ്. അത് അട്ടിമറിക്കുകയും സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് മേലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ് ചൂഷണത്തിന് വഴിയൊരുക്കുകയും ചെയ്യുകയാണ് പുതിയ ബില്ലിലൂടെ സംഭവിക്കാന്‍ പോകുന്നത്. എന്നുമാത്രമല്ല ആരോഗ്യ രംഗത്ത് നിലനില്‍ക്കുന്ന ധാര്‍മികത പൂര്‍ണമായും കച്ചവട താല്‍പര്യങ്ങള്‍ക്ക് വഴിമാറുമെന്ന ആശങ്കയും ഈ ബില്‍ ഉയര്‍ത്തുന്നുണ്ട്.