Monday
17 Dec 2018

പെന്‍ഷന്‍ പ്രായം യുക്തിസഹമായി ഉയര്‍ത്തണം

By: Web Desk | Friday 15 December 2017 10:08 PM IST

പെന്‍ഷന്‍ ഒരു ബാധ്യതയാണെന്ന കാരണം പറഞ്ഞാണല്ലോ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത്. അതിന്റെ പരിധിയില്‍ വരുന്ന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സായി തീരുമാനിക്കുക വഴി ഇന്ന് കേരളത്തില്‍ സര്‍വ്വീസിലിരിക്കുന്ന ഏതാണ്ട് ഒരു ലക്ഷം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സാണ്. അതിനു പുറമെ ഇപ്പോള്‍ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്നും 60 ആയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 60 ല്‍ നിന്നും 62 ആയും ഉയര്‍ത്തിയിരിക്കുന്നു. അപ്പോള്‍ ഇനി ബാക്കി വരുന്ന ഏതാണ്ട് മൂന്നര ലക്ഷം പേരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ എങ്ങനെയാണ് തൊഴില്‍ സാധ്യത ഇല്ലാതാകുക! ഇപ്പോള്‍ ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരും പരാമെഡിക്കല്‍ ജീവനക്കാരും ആശുപത്രികളില്‍ ജോലി ചെയ്യുന്ന വിവിധ വിഭാഗം ജീവനക്കാരും 56 വയസ്സില്‍ സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ അവര്‍ക്ക് യാത്രയയപ്പ് നല്‍കി പറഞ്ഞുവിടുന്ന ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം അറുപതോ അറുപത്തിരണ്ടോ ആണെന്നത് ഒരു വിരോധാഭാസമാണ്.

തു ജോലി ചെയ്യുന്നവരായാലും, ജോലിയില്‍ നിന്നും വിരമിക്കുന്നത് വ്യക്തിയുടെ ആയുര്‍ദൈര്‍ഘ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പെന്‍ഷന്‍ ലഭിക്കുന്ന സര്‍വീസായാലും അല്ലാത്തതായാലും അങ്ങനെ തന്നെയാണ്. ആയുര്‍ദൈര്‍ഘ്യം ഉയരുന്നതിനനുസരിച്ച് ജോലി ചെയ്യാന്‍ കഴിയുന്ന കാലയളവ് സ്വാഭാവികമായും വര്‍ദ്ധിക്കും. അതിനനുസൃതമായി ജോലി ചെയ്യാനുള്ള പ്രായം വര്‍ദ്ധിപ്പിക്കുന്നത് അനുഭവജ്ഞാനം പ്രയോജനപ്പെടുത്താനും, പെന്‍ഷന്‍ സര്‍വീസാണെങ്കില്‍ വിരമിക്കലിനു ശേഷം ദീര്‍ഘകാലം പെന്‍ഷന്‍ നല്‍കുന്നത് ഒഴിവാക്കാനുമാണ്. ഇന്ത്യയുള്‍പ്പെടെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഈ രീതി തന്നെയാണ് പിന്തുടരുന്നത്. ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സായി നിശ്ചയിച്ചത് ശരാശരി ആയുര്‍ദൈര്‍ഘ്യം 67.9 ആയിരിക്കുമ്പോഴാണ്. സുപ്രീം കോടതി ജഡ്ജിമാരുടേതു പോലെ 65 വയസായി മുഴുവന്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ വിരമിച്ചതിനു ശേഷം പെന്‍ഷന്‍ നല്‍കുകയെന്ന വലിയ ബാധ്യതയില്‍ നിന്നും സര്‍ക്കാരിനു രക്ഷപ്പെടാനുമാകും.
ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74.9 ആണ്. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം കേവലം 56 വയസാണ്. ഇന്ന് 60 വയസ് എന്നത് വളരെ ചുറുചുറുക്കുള്ള പ്രായമാണെന്നിരിക്കെ, പെന്‍ഷന്‍ പ്രായം അറുപതൊ അറുപത്തിയഞ്ചൊ ആയി ഉയര്‍ത്താതെ, 56-ല്‍ നിലനിര്‍ത്തുമ്പോള്‍ ഏറ്റവും കുറഞ്ഞത് ശരാശരി 20 വര്‍ഷം പെന്‍ഷന്‍ കൊടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുക്കേണ്ടി വരുന്നത്.
കേരളത്തില്‍ എല്ലാ സര്‍വ്വീസ് സംഘടനകളും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത് കേവലം മൂന്നോ നാലോ വര്‍ഷം കൂടി സര്‍വ്വീസില്‍ തുടരാമെന്ന താല്‍പര്യത്താലല്ല, മറിച്ച് സാമൂഹ്യയാഥാര്‍ഥ്യങ്ങള്‍ മനസിലാക്കുന്നതു കൊണ്ടാണ്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടതില്ലെന്ന് സ്വമേധയാ രാഷ്ട്രീയ പാര്‍ട്ടികളോ മുന്നണികളോ നിലപാടെടുത്തിട്ടുമില്ല. യുവജന സംഘടനകളുടെ അഭിപ്രായം മാനിച്ച് അത്തരമൊരു നിലപാടിലേയ്‌ക്കെത്തുന്നതാണ്.
നിരവധി സാമ്പത്തിക വിദഗ്ദ്ധരും ശമ്പളക്കമ്മീഷനുകളും എക്‌സ്‌പെന്റിച്ചര്‍ റിവ്യു കമ്മിറ്റികളും കേരളത്തിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള മന്ത്രിമാര്‍ പലവേദികളില്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളതുമാണ്.
എന്നാല്‍ കേരളത്തില്‍ പെന്‍ഷന്‍ പ്രായ വര്‍ദ്ധനവ് എന്ന വിഷയം ഉയര്‍ന്നു വരുമ്പോഴെല്ലാം യുവജനസംഘടനകള്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്താറുണ്ട്. അത്തരം പ്രതിഷേധം സ്വാഭാവികവുമാണ്. അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ താല്‍പര്യ സംരക്ഷകരാകേണ്ട യുവജന സംഘടനകള്‍ അവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലുള്‍പ്പെടെ എത്രയും വേഗം തൊഴില്‍ ലഭിക്കണമെന്ന ആവശ്യമുന്നയിക്കുന്നത് തെറ്റല്ല. എന്നാല്‍ രണ്ടര ലക്ഷത്തോളം വരുന്ന അദ്ധ്യാപക തസ്തികയുള്‍പ്പെടെ ആകെ അഞ്ചുലക്ഷം മാത്രം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മേഖലയില്‍, അഭ്യസ്തവിദ്യരായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 40 ലക്ഷത്തിലധികം വരുന്ന യുവജനങ്ങളെ എങ്ങനെയാണുള്‍ക്കൊള്ളിക്കുക എന്നത് ആരും ചിന്തിക്കുന്നില്ല. നമ്മുടെ ജനസംഖ്യയില്‍ ഏകദേശം 2 കോടി യുവജനങ്ങളാണ്. അതില്‍ 50ലക്ഷം പേര്‍ സര്‍ക്കാര്‍ ജോലിയില്ലാത്തവരാണ്. പെന്‍ഷന്‍ പ്രായം എത്രകുറച്ചാലും അഞ്ചുലക്ഷം പേരെയല്ലേ ഘട്ടം ഘട്ടമായിട്ടെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസിന് ഉള്‍ക്കൊള്ളാന്‍ കഴിയൂ. സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലുമൊക്കെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയല്ലേ വേണ്ടത്. മാത്രമല്ല കേരളത്തില്‍ മാത്രമല്ലല്ലോ അഭ്യസ്തവിദ്യരായ യുവാക്കളുള്ളത്. കേരളത്തെക്കാള്‍ ആയുര്‍ദൈര്‍ഘ്യം വളരെക്കുറവുള്ളതും അഭ്യസ്തവിദ്യരുമുള്ള ഇതര സംസ്ഥാനങ്ങളിലെല്ലാം പെന്‍ഷന്‍ പ്രായം അറുപതോ അമ്പത്തെട്ടോ ആണ്. അവിടെ സര്‍ക്കാര്‍ സര്‍വീസിനെ മാത്രം ഉറ്റുനോക്കിയിരിക്കുന്നില്ലെന്നുമാത്രം.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 1998 ല്‍ 60 വയസ്സായി ഉയര്‍ത്തിയപ്പോള്‍ തന്നെ ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമബംഗാള്‍ ഉള്‍പ്പെടെ പതിനൊന്നു സംസ്ഥാനങ്ങള്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസായി ഉയര്‍ത്തുകയുണ്ടായി. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തി. കേരളത്തില്‍ തന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന മെഡിക്കല്‍ കോളേജധ്യാപകര്‍, ജഡ്ജിമാര്‍ തുടങ്ങിയവരുടെ പെന്‍ഷന്‍ പ്രായം വര്‍ഷങ്ങള്‍ക്ക് മുമ്പ് 60 വയസ്സായി ഉയര്‍ത്തി. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 വയസാണ്. ഒരു വീട്ടില്‍ താമസിക്കുന്ന സര്‍ക്കാരുദ്യോഗസ്ഥരായ സഹോദരങ്ങള്‍ അല്ലെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാരില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ 60 വയസിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ 56 വയസ്സിലും വിരമിക്കേണ്ട അവസ്ഥ വിവേചനപരവുമാണ്. ഐ.എ.എസ്., ഐപിഎസ് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം 60 വയസാണ്. എന്നാല്‍ അവരുടെ വാഹനമോടിക്കുന്ന ഡ്രൈവറും അവര്‍ക്കെല്ലാ സഹായവും ചെയ്യുന്ന സി എ മുതല്‍ പ്യൂണ്‍വരെയുള്ളവരും 56 വയസില്‍ പിരിയേണ്ടിവരുന്നു.
സംസ്ഥാന സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. വായ്പ തിരിച്ചടവിന് 800 കോടിയോളം മാറ്റിവയ്‌ക്കേണ്ടി വരുന്നു. പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ 79 കോടി രൂപയും ക്ഷേമ പെന്‍ഷനുകള്‍ക്കായി 1500 കോടി രൂപയും ആവശ്യമായി വരുന്നതോടെ അടുത്തമാസം ഇതിലും വലിയ സാമ്പത്തിക ഞെരുക്കമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കരാറുകാരുടെ കുടിശ്ശിക 1400 കോടിയാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനംമൂലമുണ്ടായ സാമ്പത്തിക വളര്‍ച്ചാമുരടിപ്പും ജിഎസ്റ്റി നടപ്പിലാക്കിയതിലെ പാളിച്ചയുമാണ് ഇത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ട്രഷറികളില്‍ ബില്ലുകള്‍ പാസ്സാക്കി നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. പരമാവധി 20,400 കോടി രൂപയാണ് ഈ വര്‍ഷം കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതിയുള്ളത്. ഇതില്‍ 14,000 കോടി ഇതുവരെ കടമെടുത്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 6000 കോടി അധിക വാഴ്പയെടുത്തിരുന്നു. ഈ തുക കൂടി ഇത്തവണത്തെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇനിയുള്ള മൂന്നര മാസം കടമെടുക്കാവുന്ന പരമാവധി തുക 400 കോടി മാത്രമാണ്. ശമ്പളവും പെന്‍ഷനും പോലും മുടങ്ങുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഇക്കാലയളവില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് വലിയ ബാധ്യതയാണ് ഏറ്റെടുക്കേണ്ടി വന്നത്. ക്ഷേമ പെന്‍ഷന്‍ ചെലവ് ബജറ്റിനേക്കാള്‍ 2300 കോടി അധികമായി. കെഎസ്ആര്‍ടിസിക്ക് 300 കോടി അധികം കൊടുത്തു. റേഷന്‍, ആരോഗ്യ മേഖലകളില്‍ ബജറ്റ് വിഭാവനം ചെയ്തതിനെക്കാള്‍ 500 കോടിയോളം കൂടി. പതിനായിരത്തിലധികം തസ്തികകള്‍ പുതുതായി സൃഷ്ടിച്ചതും ചെലവ് കുത്തനെ കൂട്ടി. വരുമാനം പ്രതീക്ഷിച്ചതു പോലെ വന്നതുമില്ല. ജിഎസ്റ്റിയുടെ നഷ്ടപരിഹാരത്തുക ഡിസംബര്‍ അവസാനമേ ലഭിക്കുകയുള്ളൂ. കേന്ദ്ര നികുതി വിഹിതം കൈമാറുന്നത് മാസാദ്യമെന്നത് പകുതിയിലേക്ക് മാറിയതു കാരണം ശമ്പളവും പെന്‍ഷനും കൊടുത്തു തീര്‍ക്കാന്‍ പെടാപ്പാട് പെടുകയാണ്.
ഒരു വര്‍ഷം ഏകദേശം 20.000 ജീവനക്കാരും അദ്ധ്യാപകരും സര്‍വീസില്‍ നിന്നും വിരമിക്കുന്നുണ്ട്. ഏതാണ്ട് 4,000 കോടി രൂപ ഒരു വര്‍ഷം ഇവര്‍ക്കായി കൊടുത്തു തീര്‍ക്കേണ്ടി വരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ബഹുഭൂരിപക്ഷം പേരും ഗള്‍ഫ് നാടുകളിലും സ്വകാര്യ മേഖലയിലും ജോലി ലഭിച്ച് പോയവരാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടും, സര്‍ക്കാര്‍ സര്‍വീസിലെ ഇനി അവശേഷിക്കുന്ന മൂന്നര ലക്ഷം തസ്തികകള്‍ മാത്രമാണ് അഭ്യസ്തവിദ്യര്‍ക്കുള്ള തൊഴില്‍ സാധ്യതാ മേഖല എന്ന ചിന്ത മാറ്റിവച്ചും സര്‍ക്കാരുമായി ഒരു തുറന്ന ചര്‍ച്ചയ്ക്ക് യുവജന സംഘടനകളും തയ്യാറാകണം. പെന്‍ഷന്‍ പ്രായ വര്‍ദ്ധനവിലൂടെ സമാഹരിക്കാവുന്ന തുകയില്‍ ഒരു ഭാഗം യുവാക്കളുടെ തൊഴില്‍ സാധ്യതയ്ക്കുള്ള പ്രത്യേക പാക്കേജിനായി മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകുകയം വേണം.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് നിലവില്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ലഭിക്കാനര്‍ഹതയുള്ള ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണം.
(ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)