Monday
17 Dec 2018

വന്‍തകര്‍ച്ചയെ നേരിടുന്ന ഇന്ത്യന്‍ സമ്പദ്ഘടന

By: Web Desk | Monday 1 January 2018 11:04 PM IST

നോട്ട് നിരോധനം അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്തന്‍ നടപടിയാണ്. അതിന്റെ കെടുതികളില്‍ നിന്നും രാജ്യത്തിന് ഇപ്പോഴും മോചനം ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ഇതുമൂലമുള്ള കെടുതികള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയുമാണ്. രാജ്യത്തെ സാമ്പത്തിക കമ്മി ക്രമാതീതമായി വര്‍ധിച്ചെന്നും സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഗണ്യമായി കുറഞ്ഞെന്നും നമ്മുടെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് തന്നെ പാര്‍ലമെന്റില്‍ തുറന്ന് സമ്മതിക്കേണ്ടതായും വന്നിരിക്കുകയാണ്.

ഒരു രാജ്യത്തിന്റെ വളര്‍ച്ച നിശ്ചയിക്കുന്നത് അതിന്റെ സാമ്പത്തിക നയങ്ങളെ അടിസ്ഥാനമാക്കിയാണ്. രാജ്യത്തിന്റെ വളര്‍ച്ച ആ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ സാമ്പത്തിക ഉയര്‍ച്ച തന്നെയാണ്. എന്നാല്‍ ഇന്ത്യാ മഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ക്ഷേമമല്ല സാമ്പത്തിക നയത്തിന്റെ ലക്ഷ്യം. മറിച്ച്, വിരലിലെണ്ണാവുന്ന നാട്ടിലെ വന്‍കിട കുത്തകകളുടെ താല്‍പര്യം മാത്രമാണ് ഈ സാമ്പത്തികനയത്തിന്റെ പരമമായ ലക്ഷ്യം. സ്വാതന്ത്യാനന്തര ഭാരതത്തില്‍ അധികാരത്തില്‍ വന്നിട്ടുള്ള സര്‍ക്കാരുകള്‍ പിന്‍ തുടര്‍ന്ന സാമ്പത്തിക നയങ്ങള്‍ ഇതു തന്നെയായിരുന്നു. നിലവിലുള്ള മോഡി സര്‍ക്കാരിന്റെയും അടിത്തറ ഇത് തന്നെയാണ്. എന്നാല്‍ നയങ്ങള്‍ കുറച്ച് കൂടി പ്രതിലോമപരമായി മാറിയിട്ടുണ്ടന്ന് മാത്രം. മുന്‍ സര്‍ക്കാരുകളൊന്നും ചെയ്യാന്‍ അറച്ച നോട്ട് നിരോധനം, ജിഎസ്ടി പോലുള്ള രാജ്യത്തെ കുത്തകകളുടെ സംരക്ഷണത്തിന് വേണ്ടി മാത്രമുള്ള തലതിരിഞ്ഞ നടപടികളുടെ ഫലമായി സാമ്പത്തിക രംഗം കൂടുതല്‍ സങ്കീര്‍ണമായി മാറുകയാണ് ചെയ്തിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞെന്ന് പരസ്യമായി തുറന്ന് സമ്മതിച്ചിരിക്കുകയാണ്. കേന്ദ്ര ധനമന്ത്രി. അരുണ്‍ ജെയ്റ്റ്ിലി ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാനിരക്കില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. 2015 -16 ല്‍ എട്ട് ശതമാനമായിരുന്ന ആഭ്യന്തര വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.1 ശതമാനമായി കുറഞ്ഞു. ആഭ്യന്തര ഉല്‍പാദനം 0.9 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര സര്‍ക്കാരിന് തന്നെ തുറന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മി ലക്ഷ്യങ്ങളെയെല്ലാം തകിടം മറിച്ചുകൊണ്ട് നടപ്പ് സാമ്പത്തിക വര്‍ഷം ചെലവും വരുമാനവുമായുള്ള അന്തരം കുതിച്ചുയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ടു മാസ കാലയളവുകൊണ്ട് തന്നെ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നതിന്റെ 112 ശതമാനത്തിലേക്ക് ധനകമ്മി എത്തി. സാമ്പത്തികമാന്ദ്യം ആഗോളതലത്തില്‍ രൂക്ഷമായ 2008 ന് ശേഷം ആദ്യമായാണ് എട്ട് മാസ കാലയളവിനുള്ളില്‍ തന്നെ ധനകമ്മി ലക്ഷ്യമിട്ടതിനും അപ്പുറം പോകുന്നത്.
സര്‍ക്കാരിന്റെ ചെലവും വരുമാനവും തമ്മിലുള്ള അന്തരമായ ധനകമ്മി 3.2 ശതമാനത്തിലേക്ക് (5.46 ലക്ഷം കോടി രൂപ) ചുരുക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ 2017 ഏപ്രില്‍-നവംബര്‍ കാലയളവില്‍ തന്നെ ധനകമ്മി 6.12ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന് കംപ്‌ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് പുറത്ത് വിട്ട കണക്കില്‍ പറയുന്നത്. വിപണിയില്‍ നിന്ന് 50000 കോടി രൂപ കൂടി കടമെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനകമ്മി ലക്ഷ്യങ്ങള്‍ ആദ്യ എട്ട് മാസക്കാലയളവില്‍ പാളിയതിന്റെ കണക്ക് പുറത്ത് വരുന്നത്.
2016-17 കാലയളവില്‍ 3.54 ശതമാനമായിരുന്നു ധനകമ്മി. വരുമാനത്തിലെ ഇടിവും കൂടുതല്‍ കടം എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും കൂടിയായതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ധനകമ്മി ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ധനകമ്മി ഗണ്യമായി ഉയര്‍ന്നതിന്റെ കാരണം ജിഎസ്ടി വരുമാനം കുറഞ്ഞതും സര്‍ക്കാര്‍ ചെലവ് കൂടിയതുമാണെന്നുള്ള കേന്ദ്രത്തിന്റെ വിശദീകരണത്തിന് യാതൊരു അടിസ്ഥാനവുമില്ല. 2016-17 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ബജറ്റ് ലക്ഷ്യത്തിന്റെ 85.8 ശതമാനമായിരുന്നു ധനകമ്മി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി ജിഡിപി യുടെ 3.5 ശതമാനമാക്കണമെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയും ചെയ്തിരുന്നു.
റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായി കുറച്ചതിന് പിറകേ ഐഎംഎഫ്, ലോകബാങ്ക് പോലുള്ള സാര്‍വ ദേശീയ സ്ഥാപനങ്ങളും വളര്‍ച്ചാ നിരക്ക് കുറച്ച കാര്യം ജെയ്റ്റ്‌ലി മറച്ച് വെച്ചു. അതേ സമയം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷവും 6.7 ശതമാനത്തില്‍ കൂടില്ലെന്ന് റിസര്‍വ് ബാങ്ക് നിഗമനത്തിനുള്ള കാരണങ്ങള്‍ ഇന്ത്യാ സ്‌പെന്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ടു. 2017 ഓഗസ്റ്റില്‍ 7.3 ശതമാനത്തിലെത്തിയ വളര്‍ച്ചാ നിരക്ക് പെട്ടെന്ന് പിറകോട്ട് പോയതിന് പിന്നിലെ യഥാര്‍ഥ കാരണം പ്രാബല്യത്തില്‍ ഉണ്ടായിരുന്ന 86 ശതമാനം നോട്ടുകളും പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തന്നെയാണെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
അനുകൂലമായ കാലാവസ്ഥ ലഭിച്ചതിനെ തുടര്‍ന്ന് കാര്‍ഷികോല്‍പ്പാദനം വര്‍ധിച്ചു എങ്കിലും പണ ദൗര്‍ലഭ്യം കാരണം വിള ലഭിക്കാതെ പോയത് കാര്‍ഷിക പ്രതിസന്ധിക്ക് കാരണമായെന്ന് റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ ഒക്‌ടോബറിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ട് നിരോധനം ചെറുകിട മേഖലയില്‍ വന്‍ തോതില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കി. ഗ്രാമീണ -അര്‍ദ്ധ നഗര മേഖലകളിലെ സമ്പദ് രംഗത്തെ അത് തകര്‍ക്കുകയും ചെയ്തു.
ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ തിരിച്ചടി ഉള്‍കൊള്ളാതെ ജിഎസ്ടി നടപ്പിലാക്കിയത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉല്‍പാദന മേഖലയില്‍ ഇത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. 2010 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഉല്‍പാദനമാണ് കഴിഞ്ഞ മണ്‍സൂണ്‍ കാലത്തുണ്ടായത്. എന്നാല്‍ അതിന്റെ മെച്ചം സാമ്പത്തിക മേഖലയില്‍ ഒട്ടും പ്രതിഫലിച്ചതുമില്ല.
മോഡി സര്‍ക്കാര്‍ തുടരുന്ന സാമ്പത്തിക നയത്തില്‍ മൗലികമാറ്റം വരുത്താതെ നമ്മുടെ രാജ്യത്ത് സാമ്പത്തിക മേഖലയെ ഒരിക്കലും രക്ഷിച്ചെടുക്കാന്‍ സാധ്യമല്ല. എന്നാല്‍ രാജ്യത്തെ പഴയ വന്‍കിട കുത്തകകളുടേയും, പുതിയ കുത്തകകളായ റിലയന്‍സ്, അദാനി തുടങ്ങിയവരുടേയും താല്‍പര്യം മാത്രം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരില്‍ നിന്നും സാമ്പത്തിക നയത്തില്‍ ഒരു മാറ്റവും രാജ്യം പ്രതീക്ഷിക്കുന്നില്ല.
കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം എക്കാലവും വന്‍കിട കുത്തക താല്‍പര്യത്തില്‍ അധിഷ്ഠിതമായിരുന്നു. എന്നാല്‍ മോഡിയുടെ സാമ്പത്തിക നയത്തിന്റെ സൃഷ്ടാക്കളില്‍ ഈ വന്‍കിട കുത്തകകളോടൊപ്പം സംഘപരിവാര്‍ സംഘങ്ങള്‍ കൂടിയുണ്ട്. രാജ്യത്തെ പാവപ്പെട്ട ക്യഷിക്കാര്‍ക്കോ, വായ്പ വാങ്ങി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കോ ഈ വായ്പ തുകയില്‍ ഒരിളവും നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നേത്യത്വത്തിലുള്ള ദേശസാല്‍കൃത ബാങ്കുകള്‍ വന്‍കിട കുത്തകകളുടെ ശതകോടികളുടെ വായ്പകള്‍ എഴുതി തള്ളുകയോ, നിഷ്‌ക്രിയ ആസ്തിയില്‍പ്പെടുത്തുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ മോഡി സര്‍ക്കാരിന്റെ ഈ നയങ്ങള്‍ കോണ്‍ഗ്രസ് നയത്തേക്കാള്‍ കുറേ കൂടി പിന്തിരിപ്പനും, പ്രതിലോമ പരവുമായിരിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.
നമ്മുടെ രാജ്യത്തെ ഏറ്റവും ശക്തമായ ജനകീയ ഐക്യനിരക്ക് മാത്രമേ മോഡി സര്‍ക്കാരിന്റെ ഏറ്റവും ജനവിരുദ്ധമായ ഈ നയങ്ങള്‍ക്ക് കടിഞ്ഞാണിടാനും കഴിയുകയുള്ളൂ.

(ലേഖകന്‍ സിഎംപി പോളിറ്റ് ബ്യൂറോ അംഗമാണ്)