Monday
17 Dec 2018

നേപ്പാളില്‍ വീണ്ടും ഇടതുപക്ഷ വിജയം

By: Web Desk | Saturday 16 December 2017 10:30 PM IST

പൃഥ്വിനാരായണന്‍ ഷായാണ് ആധുനിക നേപ്പാളിന് രൂപം കൊടുത്തത് . 1951 ല്‍ ത്രിഭുവന്‍രാജാവ് അധികാരം ഏറ്റെടുത്തു. 1991 ല്‍ നേപ്പാളില്‍ ആദ്യമായി ജനാധിപത്യ തെരഞ്ഞെടുപ്പു നടന്നു. 2001ല്‍ ബീരേന്ദ്രരാജാവ് കൊലചെയ്യപ്പെട്ടതോടുകൂടി സഹോദരന്‍ ഗ്യാനേന്ദ്ര രാജാവായി. 2005 ല്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2008 ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പോടുകൂടി 239 വര്‍ഷം പഴക്കമുള്ള രാജവാഴ്ചയ്ക്ക് വിരാമമായി. മധേശി വിഭാഗത്തില്‍പ്പെട്ട രാംസരണ്‍ യാദവ് നേപ്പാളിലെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കെപ്പട്ടു. പ്രചണ്ഡയാണ് (പുഷ്പകമല്‍ ദഹാല്‍) നേപ്പാളിലെ ആദ്യത്തെ പ്രധാനമന്ത്രി.
ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിന് ഇപ്പോള്‍ ആ സ്ഥാനമില്ല. മതേതര രാഷ്ട്രമായാണ് ഇപ്പോള്‍ നേപ്പാള്‍ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും അവികസിത രാജ്യങ്ങളില്‍ ഒന്നാണ് നേപ്പാള്‍. കൃഷിയാണ് പ്രധാന ഉപജീവനമാര്‍ഗം. ഭാഗമതീ തീരത്താണ് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ടു സ്ഥിതി ചെയ്യുന്നത്.
2001 ല്‍ നേപ്പാളിലെ കിരീടാവകാശിയായ ദീപേന്ദ്ര തന്റെ പിതാവ് ഉള്‍പ്പെടെ 9 പേരെ വെടിവച്ചു കൊന്നിരുന്നു. കൂട്ടക്കൊലയ്ക്കുശേഷം സ്വയം വെടിവച്ച ദീപേന്ദ്ര ആശുപത്രിയില്‍ വെച്ച് മരിച്ചു. ഇന്ത്യയിലെ ഗ്വാളിയര്‍ രാജകുടുംബാംഗമായ ദേവയാനി റാണിയെ വിവാഹം കഴിക്കാനുള്ള ദീപേന്ദ്രയുടെ ആഗ്രഹത്തെ കുടുംബം എതിര്‍ത്താണ് കൂട്ടകൊലയ്ക്കു കാരണമെന്ന് പറയപ്പെടുന്നു.
രണ്ടു പതിറ്റാണ്ടുകാലം നേപ്പാളില്‍ ചോരച്ചാലുകള്‍ തീര്‍ത്ത സായുധവിപ്‌ളവത്തിന് നേതൃത്വം നല്‍കിയത് പ്രചണ്ഡ (പുഷ്പ കമല്‍ ദഹാല്‍) ആണ്. നേപ്പാളിലെ രാജഭരണം അവസാനിപ്പിച്ച് ജനാധിപത്യ രാഷ്ട്രമാക്കുന്നതില്‍ അദ്ദേഹം ഏറ്റവും പ്രധാന പങ്കാണ് വഹിച്ചത്.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 8848 മീറ്റര്‍ ഉയരമുള്ള ഈ കൊടുമുടി നേപ്പാളില്‍ സാഗര്‍മാത എന്ന പേരിലും അറിയപ്പെടുന്നു.
ലോകമൊട്ടാകെ ശ്രദ്ധിച്ച ഒരു തെരഞ്ഞെടുപ്പാണ് നേപ്പാളില്‍ നടന്നത്. ഹിന്ദുക്കളും, ശക്തമായ ഹിന്ദുവികാരവും നിലവിലുള്ള ഈ രാജ്യത്ത് നേരത്തെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ കൂടി അധികാരത്തില്‍ വന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുന്‍ മാവോ വാദികളും ചേര്‍ന്നുള്ള സഖ്യം ഈ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം കരസ്ഥമാക്കിയിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടുകൂടി വീണ്ടും അധികാരത്തില്‍ വരുന്നത്.
മുന്‍ പ്രധാനമന്ത്രി കെ പി ഒലി നയിക്കുന്ന സിപിഎന്‍ – യുഎംഎല്ലും മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയുടെ നേത്യത്വത്തിലുള്ള സിപിഎന്‍ – മാവോ വാദികളുമാണ്. രാജ്യചരിത്രത്തില്‍ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചത്.
2006 ലെ ആഭ്യന്തര യുദ്ധത്തിന് ശേഷം ജനാധിപത്യത്തിലേയ്ക്കുള്ള രാജ്യത്തിന്റെ പരിവര്‍ത്തനം ഈ തെരഞ്ഞെടുപ്പോടെ പൂര്‍ത്തിയാകുമെന്നാണ് വിശ്വാസം. 2006 മുതല്‍ 10 പ്രധാനമന്ത്രിമാരാണ് ഈ രാജ്യം ഭരിച്ചത്.
275 അംഗ പാര്‍ലമെന്റില്‍ ഇടതുപക്ഷം വ്യക്തമായ ഭൂരിപക്ഷം നേടിയ സാഹചര്യത്തില്‍ കെ പി ഒലിയെയാണ് പ്രധാനമന്ത്രിയായി ഉയര്‍ത്തികാട്ടുന്നത്. ഝാന്‍പ – 5 മണ്ഡലത്തില്‍ മത്സരിച്ച ഒലി നേപ്പാളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഖാഗേന്ദ്ര അധികാരിയെ 28,000 ലേറെ വോട്ടിനാണ് തോല്‍പ്പിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി നേടുന്ന ഏറ്റവും ഉയര്‍ന്ന വോട്ടാണിത്.
ചിതവാന്‍ -3 മണ്ഡലത്തില്‍ നിന്നും പ്രചണ്ഡയും ജയിച്ചു. രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയിലേ വിക്രം പാണ്‌ഡെയെ 10,000ലേറെ വോട്ടിന് തോല്‍പ്പിച്ച പ്രചണ്ഡയ്ക്ക് 41,574 വോട്ട് ലഭിച്ചു.
സര്‍ക്കാരിനെതിരെ ആയുധമെടുത്ത് പോരാടിയിരുന്ന മാവോയിസ്റ്റ് സെന്റര്‍ സമാധാന കരാറില്‍ ഒപ്പുവച്ച് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് ഈ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ്.
യുഎംഎല്ലും മാവോയിസ്റ്റ് സെന്ററും തെരഞ്ഞെടുപ്പു സഖ്യത്തില്‍ എത്തുകയും ചെയ്തു. രാജ്യത്തെ ഇടതുപക്ഷ ജനവിഭാഗത്തെ ആകെ ആവേശം കൊള്ളിച്ച ഈ സഖ്യം തെരഞ്ഞെടുപ്പു ഫലത്തില്‍ കൂടി ഈ കൊച്ചുരാജ്യത്തെ ചരിത്രം സൃഷ്ടിക്കാന്‍ പോവുകയാണ്.
നേപ്പാള്‍ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങളാണ് ഈ തെരഞ്ഞെടുപ്പ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന നേപ്പാളി കോണ്‍ഗ്രസ് (എന്‍സി) 23 സീറ്റുകളിലേക്ക് ചുരുങ്ങി. നേപ്പാളി കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്. ഇന്ത്യയുമായി നല്ല ബന്ധങ്ങള്‍ ഉള്ള ഒരു പാര്‍ട്ടിയാണ് ഇത്.
മധേശി വംശജരുടെ പാര്‍ട്ടികളായ ജനതാപാര്‍ട്ടി നേപ്പാള്‍ (10 സീറ്റ്), ഫെഡറല്‍ സോഷ്യലിസ്റ്റ് ഫോറം നേപ്പാള്‍ (9 സീറ്റ്) എന്നിവ നാലും അഞ്ചും സ്ഥാനത്തെത്തി.
നേപ്പാളില്‍ രാഷ്ട്രീയ സ്ഥിരത ഈ തെരഞ്ഞെടുപ്പോടുകൂടി ഉണ്ടാകുമെന്നാണ് ഇടതുസഖ്യത്തിന്റെ വിജയം ചൂണ്ടിക്കാട്ടുന്നതെന്ന് ഹിമാലയ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരിട്ടു തെരഞ്ഞെടുപ്പ് നടന്ന 165 പാര്‍ലമെന്റ് സീറ്റ് 116 ഉം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട് സഖ്യം നേടിയപ്പോള്‍ വളരെ നീണ്ട കാലം ഭരണത്തില്‍ ഇരുന്ന നേപ്പാളി കോണ്‍ഗ്രസും വെറും 23 സീറ്റ് മാത്രം കൊണ്ടു ചുരുങ്ങേണ്ടി വന്നത് ഏവരേയും അത്ഭുതപ്പെടുത്തി. യുഎംഎല്‍ ന് 80 സീറ്റ് ലഭിച്ചപ്പോള്‍ 36 സീറ്റ് നേടി മാവോയിസ്റ്റ് സെന്റര്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇനിയുള്ള 110 സീറ്റിലെ ഫലങ്ങള്‍ പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ യുഎംഎല്ലിനായിരിക്കും കൂടുതല്‍ സീറ്റുകള്‍. രണ്ടാം സ്ഥാനം നേപ്പാളി കോണ്‍ഗ്രസിനായിരിക്കും. മൂന്നാം സ്ഥാനം മാവോയിസ്റ്റ് സെന്ററിനാണ് ലഭിക്കുക. 275 അംഗ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് സഖ്യം അധികാരത്തിലെത്തുകയാണ്.
ഭരണഘടന അനുസരിച്ച് നേപ്പാളിനെ ഏഴു പ്രവിശ്യകളായാണ് വിഭജിച്ചിട്ടുള്ളത്. ഇവിടെ നടന്ന തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് സഖ്യം തന്നെയാണ് വിജയിച്ചിരിക്കുന്നത്. ആകെയുള്ള 7 പ്രവിശ്യകളില്‍ 6 പ്രവിശ്യകളുടേയും ഭരണം കമ്മ്യൂണിസ്റ്റ് സഖ്യത്തിനും ലഭിക്കുന്ന സ്ഥിതിയാണ്. പ്രവിശ്യാ സഭകളില്‍ യുഎംഎല്ലിന് 116 സീറ്റും, മാവോയിസ്റ്റ് സെന്ററിന് 73 സീറ്റും, നേപ്പാളി കോണ്‍ഗ്രസിന് 45 സീറ്റുമാണ് ഇതിനകം കിട്ടിയിട്ടുള്ളത്.
നേപ്പാളില്‍ രാജാധിപത്യം അവസാനിപ്പിച്ച് ജനാധിപത്യം നിലവില്‍ വന്ന അന്നുമുതല്‍ ഏറ്റവും വലിയ കക്ഷിയായി നിലകൊണ്ടിരുന്ന പാര്‍ട്ടിയാണ് നേപ്പാളി കോണ്‍ഗ്രസ്. ആ പാര്‍ട്ടിക്കാണ് ഇപ്പോള്‍ ഏറ്റവും വലിയ പരാജയം ഏല്‍ക്കേണ്ടിവന്നിരിക്കുന്നത്. ഇന്ത്യയിലെ നെഹ്‌റു കുടുംബംപോലെ വലിയ ജനപിന്തുണ ദശാബ്ദങ്ങളായി ആര്‍ജിച്ചിട്ടുള്ള ഒരു കുടുംബമാണ് നേപ്പാളി കോണ്‍ഗ്രസ് നയിച്ച കൊയിരാള കുടുംബം. വി പി കൊയിരാളയും, എം വി കൊയിരാളയും, സുശീല്‍ കൊയിരാളയുമെല്ലാം പാര്‍ട്ടി അധ്യക്ഷന്മാരും പ്രധാനമന്ത്രിമാരുമൊക്കെ ആയിരുന്നു. നേപ്പാളി കോണ്‍ഗ്രസ് രാജവാഴ്ചയ്ക്ക് അനുകൂലമായ സമീപനമായിരുന്നു നേരത്തെ കൈകൊണ്ടിരുന്നത്. രാജപക്ഷപാതികളായ ചില പാര്‍ട്ടികളുമായി ചേര്‍ന്നുകൊണ്ട് തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കാനും നേപ്പാളി കോണ്‍ഗ്രസ് തയാറായിട്ടുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് രാജവാഴ്ചയ്‌ക്കെതിരായി ജനാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടി നേപ്പാളിലെ ജനങ്ങള്‍ ഇടതുപക്ഷത്തിനെ വമ്പിച്ച ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചിരിക്കുന്നത്.
ലോകത്തൊട്ടാകെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും നേപ്പാള്‍ തെരഞ്ഞെടുപ്പു വിലപ്പെട്ട ഒരു പാഠമാണ്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുഖ്യശത്രുവിനെതിരായി യോജിക്കണമെന്നതാണ് ആ പാഠം. നേപ്പാളിലെ ഈ യോജിപ്പാണ് അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ വന്‍ വിജയത്തിലേക്ക് ആനയിച്ചതും.
നേപ്പാളിലെ തെരഞ്ഞെടുപ്പു ഫലം ബിജെപി നേത്യത്വത്തിലുള്ള മോഡി സര്‍ക്കാരിനെ നിരാശപ്പെടുത്തിയിരിക്കുകയാണ്. നേപ്പാളി കോണ്‍ഗ്രസിന്റെയും അതിന്റെ സര്‍ക്കാരുകളെയും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെപോലെ മോഡി സര്‍ക്കാരും ശക്തമായി പിന്തുണച്ചിരുന്നു. മധേശി പ്രശ്‌നം ഉയര്‍ത്തി അന്നത്തെ കെ പി ഓലി സര്‍ക്കാരിനെതിരായി ഉപരോധം പോലും മോഡി സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. അവിടെ ഹിന്ദുമത ശക്തികള്‍ക്കെതിരായി ഇടതുപക്ഷം അധികാരത്തില്‍ എത്തുന്നത് ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. ജാതി മത ശക്തികളുടെ വിജയമാണ് മോഡി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ നേപ്പാളില്‍ സംഭവിച്ചിരിക്കുന്നത് ഇതിനു കടകവിരുദ്ധമായ ഒന്നാണല്ലോ.
ലോകത്തൊട്ടാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇടതുപക്ഷങ്ങള്‍ക്കുമെതിരായി കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും ബൂര്‍ഷ്വാ ഭരണകൂടങ്ങളും ശക്തമായ നിലപാടാണ് ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ദൈവം മരിച്ചെന്ന് ഇവര്‍ ഇപ്പോഴും പ്രചരണം നടത്തുന്നുണ്ട്. ലോകത്ത് നിലവിലുള്ള കമ്മ്യൂണിസ്റ്റ്- ഇടതുസര്‍ക്കാരുകള്‍ക്ക് എതിരായി എല്ലാവിധ കുതന്ത്രങ്ങളും കുത്തിത്തിരുപ്പുകളും വ്യാജപ്രചരണങ്ങളും ഇവര്‍ നടത്തുന്നുമുണ്ട്. അമേരിക്കയും അതുപോലുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധ- സാമ്രാജ്യത്വ ശക്തികളും വ്യാപകമായ പ്രചരണമാണ് ഇടതുപക്ഷത്തിനെതിരായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഏഷ്യന്‍ ഭൂഖണ്ഡത്തിലെ നേപ്പാള്‍ വീണ്ടും ചുമന്നിരിക്കുന്നത്. ലോകത്തൊട്ടാകെയുള്ള കമ്മ്യൂണിസ്റ്റ് – ഇടതുപക്ഷ – ജനാധിപത്യ ശക്തികള്‍ക്ക് ഈ തെരഞ്ഞെടുപ്പു വിജയം ആവേശം പകരുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.
(ലേഖകന്‍ സിഎംപി പോളിറ്റ് ബ്യൂറോ അംഗമാണ്.)