Saturday
16 Dec 2017

ജനിതകവിത്തുകളുടെ ഉപയോഗവും അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങളും

By: Web Desk | Wednesday 6 December 2017 10:11 PM IST

യഥാര്‍ഥത്തില്‍ ജിഎം വിത്തുകളുടെ ഏറ്റവും വലിയ മേന്മയായി ചൂണ്ടിക്കാണിക്കപ്പെട്ടത് അത് കീടാക്രമണങ്ങളെ പ്രതിരോധിക്കുമെന്നായിരുന്നു. അതുകൊണ്ട് വളപ്രയോഗത്തിനുള്ള തുക ലാഭിക്കാമെന്നും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കീടങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് വിദര്‍ഭ, മറാത്ത്‌വാഡ മേഖലകളിലെ പരുത്തി കര്‍ഷകര്‍ക്ക് ഈ സീസണില്‍ 10,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി കഴിഞ്ഞയാഴ്ച ദേശീയമാധ്യമം പുറത്തുവിട്ട വാര്‍ത്തകളില്‍ പറയുന്നുണ്ട്. ഇതിന് സമാനമായ നിരവധി കണക്കുകളും പഠനങ്ങളും ജിഎം വിത്തുപയോഗിച്ച് കൃഷി നടത്തുന്ന ലോകത്തെ പല രാജ്യങ്ങളില്‍ നിന്നും പുറത്തുവരുന്നുണ്ട്. ഫലത്തില്‍ കര്‍ഷകന്‍ ആത്യന്തികമായി വിത്തുകുത്തകകളുടെ ആശ്രിതരായി മാറിയിരിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

ലോകത്ത് ഏറ്റവും പുതിയപരീക്ഷണങ്ങളില്‍ പലതും നടന്ന മേഖലയായിരുന്നു കാര്‍ഷികരംഗം. പ്രാകൃതകാലം മുതല്‍ മനുഷ്യന്റെ പ്രധാന ഉപജീവന മാര്‍ഗങ്ങളില്‍ ഒന്നായ കൃഷി എല്ലാ പരീക്ഷണങ്ങളെയും സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പരമ്പരാഗത രീതികളെ തിരസ്‌കരിക്കാനും ഇടയാക്കി. ആഗോളവല്‍ക്കരണത്തിന്റെ ആവിര്‍ഭാവത്തോടെ എല്ലാം ലാഭാധിഷ്ഠിത മനോഭാവത്തോടെയായപ്പോള്‍ കാര്‍ഷികമേഖലയ്ക്കും അതില്‍ നിന്ന് മാറിനില്‍ക്കാനായില്ല.
ആ കാലഘട്ടത്തിന്റെ തുടക്കത്തില്‍ കാര്‍ഷിക വിപ്ലവത്തിന് സമാനമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച നടപടികളില്‍ ഒന്നായിരുന്നു ജനിതകമാറ്റം (ജിഎം) വരുത്തിയ വിത്തിനങ്ങളുടെ ഉപയോഗമെന്ന മോഹവലയം. കൂടുതല്‍വിളവ്, കുറഞ്ഞ മുതല്‍മുടക്ക്, കീടാക്രമണങ്ങള്‍ നേരിടാത്തതിനാല്‍ വളത്തിന്റെയും മറ്റും ചെലവിനത്തില്‍ കുറവുണ്ടാകുന്നതു വഴിയുള്ള ലാഭക്കൂടുതല്‍ എന്നിങ്ങനെ ജിഎം വിത്തുകളുടെയും വിളകളുടെയും ഉപജ്ഞാതാക്കള്‍ അഴിച്ചുവിട്ട പ്രചരണങ്ങള്‍ പലതായിരുന്നു. അതുകൊണ്ടുതന്നെ ആധുനികവല്‍ക്കരണത്തെയും ആഗോളവല്‍ക്കരണത്തെയും പുകഴ്ത്തിയവരെല്ലാം അതിന്റെ ഉപോല്‍പ്പന്നമെന്ന നിലയില്‍ രംഗപ്രവേശം ചെയ്ത ജിഎം വിളകളുടെയും പ്രചാരകരായി. എന്നാല്‍ അക്കാലത്തുതന്നെ കാര്‍ഷിക ശാസ്ത്രജ്ഞരും കര്‍ഷക നേതാക്കളും പരിസ്ഥിതിപ്രവര്‍ത്തകരും ജിഎം വിളകള്‍ ഉണ്ടാക്കാനിടയുള്ള വെല്ലുവിളികള്‍ മുന്‍കൂട്ടി പറഞ്ഞവരായിരുന്നു.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവയെ പോലുള്ളവര്‍ ആദ്യഘട്ടം മുതല്‍ ജിഎം വിത്തുകളെയും വിളകളെയും എതിര്‍ത്ത് രംഗത്തുവന്നവരില്‍ പ്രമുഖരായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ജിഎം വിത്തിനങ്ങള്‍ക്കെതിരായ പ്രചരണത്തില്‍ അവര്‍ സജീവമായി ഉണ്ടായിരുന്നു. നിരവധി പേര്‍ ജിഎം വിളകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നുവെങ്കിലും കമ്പോളവല്‍ക്കരണത്തിന്റെ വക്താക്കള്‍ അതുമായി മുന്നോട്ടുപോകുകയായിരുന്നു.
കൂടുതല്‍ ഉല്‍പാദനം, ഉല്‍പന്നത്തിനാണെങ്കില്‍ മെച്ചപ്പെട്ട ഗുണനിലവാരം എന്നിങ്ങനെയുള്ള വിശദീകരണങ്ങളാണ് ജിഎം വിളകളെ അനുകൂലിക്കുന്നവര്‍ നിരത്തിയ പ്രധാന മേന്മകള്‍. വിളവിറക്കാനുള്ള ഭൂപ്രദേശത്തിന്റെ അളവ് കുറയുകയും ജനസംഖ്യ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉല്‍പാദനം, അവയ്ക്ക് മെച്ചപ്പെട്ട ഗുണനിലവാരം എന്നിവ ആകര്‍ഷണീയം തന്നെ. പക്ഷേ അളവില്‍ കൂടുതലുണ്ടാകില്ലെന്ന് മാത്രമല്ല ഗുണനിലവാരം തെളിയിക്കപ്പെടേണ്ടതാണെന്നും ജിഎം വിത്തുകളുടെ ഉപയോഗം മണ്ണിന്റെ പാരിസ്ഥിതിക നിലവാരത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നും എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ വാദിച്ചു. അതേസമയംതന്നെ കീടബാധയെ പ്രതിരോധിക്കാനുള്ള ശേഷിയാണ് ജിഎം വിളകളുടെ ഏറ്റവും പ്രധാന മെച്ചമായി അനുകൂലികള്‍ പ്രചരിപ്പിച്ചിരുന്നത്.
അനുകൂലിക്കപ്പെട്ടതുപോലെ എതിര്‍പ്പുകളും ശക്തമായിരുന്നുവെങ്കിലും കമ്പോള പ്രത്യയശാസ്ത്രത്തിനാണ് മേല്‍ക്കൈ ലഭിച്ചത്. അതുകൊണ്ടുതന്നെ പരുത്തി, വഴുതിന തുടങ്ങിയ വിളകള്‍ ജിഎം വിത്തുപയോഗിച്ച് കൃഷി ചെയ്യുന്ന രീതി പരീക്ഷിക്കപ്പെട്ടു. ഈ വിത്തുകളില്‍ ആക്രമണകാരികളായ കീടങ്ങളെ നശിപ്പിക്കാന്‍ കഴിയുന്നതായിരുന്നുവെന്നായിരുന്നു വിശദീകരിക്കപ്പെട്ടത്. ഇന്ത്യയില്‍ ആദ്യമായി കൃഷിചെയ്ത ജനിതകമാറ്റംവരുത്തിയ വിള ബിടി പരുത്തി ആയിരുന്നു. പ്രത്യേകയിനം കീടങ്ങളെ നശിപ്പിക്കാന്‍കഴിയുന്നവയാണിതെന്നതായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. ഇതുവഴി കര്‍ഷകര്‍ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ കൃഷി ചെയ്യാമെന്നും വിശദീകരണമുണ്ടായി. പരുത്തിക്കും വഴുതിനയ്ക്കും പിറകേ ചോളം, സോയാബീന്‍, തക്കാളി, പപ്പായ തുടങ്ങിയവയുടെ ജനിതകമാറ്റംവരുത്തിയ വിളകളും ലോകത്തിന്റെ പല ഭാഗങ്ങളിലും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വിത്തുകളില്‍ ജനിതകമാറ്റം വരുത്തുന്നത് ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നതാണ് പരുത്തിയുടെയും വഴുതിനയുടെയും കാര്യത്തില്‍ ഇന്ത്യയിലും ലോകത്തുമുണ്ടായിരിക്കുന്ന അനുഭവം.
അതുസംബന്ധിച്ച് നിരവധി കണക്കുകളും വാര്‍ത്തകളും അടുത്ത കാലത്ത് പുറത്തുവന്നിട്ടുണ്ട്. അതോടൊപ്പം തന്നെ അതിന് പിന്നില്‍ പതിയിരിക്കുന്നതും അപകടകരവുമായ ചില വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ജനിതക മാറ്റം വരുത്തിയ വിത്തുപയോഗം ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ ഇത് കര്‍ഷകരെയും കൃഷിയിടങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് അതിനെ എതിര്‍ക്കുന്നവര്‍ ആശങ്ക ഉയര്‍ത്തിയിരുന്നതോര്‍ക്കുക. അത് ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.
ലോകത്ത് പല രാജ്യങ്ങളിലും നിയമവിരുദ്ധമായി ജനിതകമാറ്റം വരുത്തിയ (ജിഎം) ഭക്ഷ്യവിളകളുടെ ഉല്‍പാദനം നടക്കുന്നുവെന്നും ജനിതക കേന്ദ്രീകൃതമായ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ അപകടപ്പെടുത്തുന്നതാണ് ഇതെന്നുമാണ് ഇതുസംബന്ധിച്ച് നടത്തിയ പുതിയ ഒരു പഠനത്തിന്റെ വിവരങ്ങള്‍ അടുത്തകാലത്ത് പുറത്തുവന്നതില്‍ പറയുന്നത്. ജനിതക മാറ്റം വരുത്തിയ വിത്തുകളുപയോഗിച്ച് വിളവെടുക്കുന്ന ഭക്ഷ്യോല്‍പന്നങ്ങളുടെ നാശ നിരക്ക് വളരെയധികമാണെന്നാണ്. റിപ്പോര്‍ട്ടിലുള്ളത്. നാനൂറോളം രാജ്യങ്ങളും ഭക്ഷ്യവിളകളും അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ ജനിതക മാറ്റം വരുത്തിയ നെല്‍ വിത്തുകളിലാണ് നാശനിരക്ക് കൂടുതലായി കണ്ടെത്തിയത്. എന്നാല്‍ ഔദ്യോഗികമായി ലോകത്ത് ഒരു രാജ്യത്തും ജിഎം നെല്ല് വിളയായി ഉപയോഗിക്കുന്നില്ല. പരിശോധനയ്ക്ക് വിധേയമാക്കിയ ഒമ്പത് കേസുകളില്‍ എല്ലാം തന്നെ അനധികൃതമായി ഉപയോഗിക്കപ്പെട്ടതാണെന്നും കണ്ടെത്തുകയുണ്ടായി. പാരിസ്ഥിതികമോ ഭക്ഷ്യ സുരക്ഷാപരമോ ആയ ഒരു പരിശോധനയുമില്ലാതെയാണ് ജിഎം വിത്തുകള്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൊണ്‍സാണ്ടോയെന്ന ആഗോള ഭക്ഷ്യ ഭീമന്‍ 1998 മുതല്‍ നിയമവിരുദ്ധമായും പിന്നീട് 2013 മുതല്‍ നിയമപരമായും അമേരിക്കയില്‍ ജിഎം വിത്തുപയോഗിച്ച് നടത്തിയ ഗോതമ്പ് കൃഷിയുടെ ഫലമായി ജൈവഗോതമ്പ് വിത്തുകൃഷി നശോന്മുഖമായെന്ന റിപ്പോര്‍ട്ട് അമേരിക്കയില്‍ നിന്ന് സമീപകാലത്ത് പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് വിത്തിനങ്ങള്‍ക്ക് എല്ലാവരും മൊണ്‍സാണ്ടോയെന്ന കമ്പനിയെ തന്നെ ആശ്രയിക്കേണ്ട സ്ഥിതിയുമുണ്ടായിരിക്കുകയാണ്.
ഇതൊരു ഗൂഢാലോചനയായിരുന്നുവെന്ന് നേരത്തേ തന്നെയുണ്ടായിരുന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് അമേരിക്കയില്‍ നിന്നുള്ള ഈ അനുഭവം. നിയമപരമല്ലാതെ ജിഎം വിളകള്‍ ഉപയോഗിച്ച് തുടങ്ങുകയും അതുവഴി കൂടുതല്‍ പേരെ ആകര്‍ഷിച്ച് കൂടുതല്‍ വിളയും ഗുണമേന്മയുള്ള ഉല്‍പന്നങ്ങളും ലഭിക്കുന്നുവെന്ന ബോധ്യമുണ്ടാക്കുക, പിന്നീട് അതിന് നിയമപ്രാബല്യമുണ്ടാക്കുക. അതിന് ശേഷം ജൈവ വിത്തിനങ്ങളുടെ നാശത്തിന് വഴിയൊരുക്കി ആഗോള വിത്ത് ഭീമന്മാരെമാത്രം ആശ്രിയക്കേണ്ട ഗതികേടിലേയ്ക്ക് കര്‍ഷകരെ എത്തിക്കുക. ഗോതമ്പിന്റെ കാര്യത്തിലും അമേരിക്കയില്‍ അത് സംഭവിച്ചിരിക്കുന്നുവെന്നാണ് പ്രസ്തുത റിപ്പോര്‍ട്ട് ബോധ്യപ്പെടുത്തുന്നത്.
ഇതിന് സമാനമായ വിവരങ്ങള്‍ ഇന്ത്യയില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്. ജനിതക മാറ്റം വരുത്തിയ വിത്തുപയോഗത്തിനെതിരായി പ്രമുഖമായ നാലു റിപ്പോര്‍ട്ടുകളാണ് ഇന്ത്യയിലുണ്ടായത്. ജയറാം രമേശ് കമ്മിറ്റി റിപ്പോര്‍ട്ട് (2010), പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് (2012), സാങ്കേതിക വിദഗ്ധസമിതിയുടെ രണ്ടു റിപ്പോര്‍ട്ടുകള്‍ എന്നിവയാണവ. ഈ റിപ്പോര്‍ട്ടുകളെല്ലാം തന്നെ ജനിതകമാറ്റം വരുത്തിയ വിത്തി നങ്ങളുടെ ഉപയോഗം ജൈവവൈവിധ്യനിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. ഒന്നും പരിഗണിക്കാതെ അംഗീകാരം നല്‍കല്‍, നിരീക്ഷണ സാധ്യതകളുടെ അഭാവം, മലിനീകരണ അപകടങ്ങളെക്കുറിച്ചുള്ള ഉദാസീനത, മേല്‍നോട്ടസംവിധാനങ്ങളുടെ അഭാവം എന്നിവ കാരണം ഇവയുടെ ഉപയോഗം രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടലുണ്ടായിരുന്നു.
ഇത്തരം എതിര്‍പ്പുകളെല്ലാമുണ്ടായിരുന്നപ്പോഴാണ് രാജ്യത്ത് ജനിതകമാറ്റം വരുത്തിയ പരുത്തിവിത്തുകള്‍ ഉപയോഗിക്കാന്‍ തീരുമാനിക്കപ്പെട്ടത്. ലോകത്തെ പല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും പരുത്തി വിത്തിന്റെ കുത്തക കയ്യടക്കിയ ആഗോള കുത്തക കമ്പനികളുടെ ആശ്രിതരായി നില്‍ക്കുന്ന കര്‍ഷക സമൂഹം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്നാണ് വിദര്‍ഭയിലെയും മറാത്ത്‌വാഡയിലെയും ഹരിയാന പോലുള്ള സംസ്ഥാനങ്ങളിലെയും കൃഷിയനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ജനിതകമാറ്റം (ജിഎം) വരുത്തിയ പരുത്തിക്ക് കീടാക്രമണമുണ്ടായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ യുവാത്മല്‍ ജില്ലയില്‍ മാത്രം 13 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചു. ആദ്യ കണക്കുകളനുസരിച്ച് 42 ലക്ഷം ഹെക്ടറിലാണ് ഈ മേഖലയില്‍ പരുത്തി കൃഷി ചെയ്തത്. അതില്‍ 13 ലക്ഷം ഹെക്ടറിലെ വിളവെടുപ്പും നടത്താനായില്ല. വിദര്‍ഭ മേഖലയില്‍ ഏറ്റവുമധികം പരുത്തി കൃഷി ചെയ്യുന്ന ഈ ജില്ലയില്‍ 80 ശതമാനം വരെ കൃഷിനാശമുണ്ടായ നിരവധി കര്‍ഷകരുണ്ട്.
എന്നുമാത്രമല്ല ജനിതക മാറ്റം വരുത്തിയ കൃഷിരീതിയിലൂടെ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യുന്നത് നമ്മുടെ ജൈവവൈവിധ്യത്തെ ബാധിക്കുകയും ഭക്ഷ്യസുരക്ഷയ്ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യയെ പോലുള്ള രാജ്യങ്ങളാണ് ഭക്ഷ്യസുരക്ഷാവെല്ലുവിളിയുടെ ഏറ്റവും വലിയ ഇരകളാകാന്‍ പോകുന്നത്. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന നമ്മുടെ രാജ്യത്തെ ഭക്ഷ്യവിധേയത്വത്തിലേയ്ക്ക് നയിക്കുകയെന്ന ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്ന അഭിപ്രായത്തെയും അവഗണിക്കുക വയ്യ.