Wednesday
21 Nov 2018

യുപി തെരഞ്ഞെടുപ്പ് ഫലം ആഹ്ളാദിക്കേണ്ടത് ബിജെപിയല്ല

By: Web Desk | Wednesday 6 December 2017 10:22 PM IST

ത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ പൊതുവായ മനസിന്റെ പ്രതിഫലനമായിരിക്കുമെന്നും അളവുകോലായിരിക്കുമെന്നുമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നത്. അത് ശരിയാണെങ്കില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രാജ്യത്തിന്റെ മനസ് എന്താണെന്ന് വ്യക്തമായിരിക്കുന്നുവെന്ന് അമിത്ഷാ സമ്മതിക്കണം. ഭാവി തെരഞ്ഞെടുപ്പുകളില്‍ കുറച്ചുവോട്ടുകള്‍ മാത്രമേ ജനങ്ങള്‍ നല്‍കാനിടയുള്ളൂ എന്ന് തന്നെയാണ് ആ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലക. നഗരഭരണത്തിന്റെ ത്രിതല സംവിധാനത്തിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ട് കണക്കുകള്‍ പരിശോധിച്ചാല്‍ യുപിയില്‍ ബിജെപിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടില്‍ 10 മുതല്‍ 12 വരെ ശതമാനം വോട്ട് കുറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാകും. ഈ വര്‍ഷമാദ്യം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അവിടെ ലഭിച്ചത് 42 ശതമാനം വോട്ടായിരുന്നു.
യുപിയിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിന്റെ മുന്നോടിയായിരിക്കുമെന്നും അമിത് ഷാ പ്രതികരിക്കുകയുണ്ടായി. അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനം, ചരക്കുസേവന നികുതി എന്നിവയ്ക്കുള്ള അംഗീകാരം കൂടിയായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയുടെ പൊതുജനസമ്പര്‍ക്കവുമായി ബന്ധമുള്ള ഏത് ഏജന്‍സിയാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്താനുള്ള വിവരങ്ങള്‍ അമിത്ഷായ്ക്ക് നല്‍കിയതെന്നറിയില്ല. ഇപ്പോള്‍ നഗര കോര്‍പ്പറേഷന്‍ ചെയര്‍മാന്മാരില്‍ പതിനാറില്‍ പതിനാലും ജയിച്ചുവെന്ന കണക്കുപറഞ്ഞാണ് വന്‍ വിജയമെന്ന മേനി നടിക്കല്‍ ബിജെപി നടത്തുന്നത്. ഈ കണക്കുവച്ചാണ് ഗുജറാത്തില്‍ വന്‍വിജയമുണ്ടാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നതെങ്കില്‍ അത് തെറ്റായ നിഗമനമാണെന്നതില്‍ തര്‍ക്കമില്ല.
തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ തന്നെ ടിവി ചാനലുകളും ദേശീയ മാധ്യമങ്ങളില്‍ പലതും ബിജെപിയുടെ വിജയത്തെ കുറിച്ച് തികച്ചും വര്‍ണാഭമായ വാര്‍ത്തകളാണ് പുറത്തുവിട്ടത്. ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടായി എന്നായിരുന്നു ആ വാര്‍ത്തകളുടെയെല്ലാം കാതല്‍. രണ്ട് ഫലങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഇത് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നു കാണാം. കോര്‍പ്പറേഷന്‍ മേയര്‍മാരില്‍ പതിനാറില്‍ പതിനാലും നേടിയെങ്കിലും ടൗണ്‍ നഗരസഭയെന്ന രണ്ടാം തട്ടില്‍ 198 ടൗണ്‍ മുനിസിപ്പാലിറ്റികളില്‍ അധ്യക്ഷസ്ഥാനങ്ങളില്‍ 70 മാത്രമാണ് ബിജെപിക്ക് നേടാനായത്. 32 ശതമാനം മാത്രമെന്നര്‍ഥം. 438 നഗര പഞ്ചായത്തുകളില്‍ 23 ശതമാനം അധ്യക്ഷപദവികള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. അതായത് 100 എണ്ണം. ബാക്കിയുള്ള അധ്യക്ഷപദവികള്‍ ലഭിച്ചത് സമാജ്‌വാദി പാര്‍ട്ടി – 83, ബിഎസ്പി – 45, കോണ്‍ഗ്രസ് – 17 എന്നിങ്ങനെയായിരുന്നു. 13,000 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ 665 പേര്‍ മാത്രമാണ് ബിജെപിക്കുള്ളത്.
രണ്ടും മൂന്നും തട്ടുകളില്‍ ബിജെപി ഏറ്റവും ദയനീയമായ പ്രകടനം കാഴ്ച വച്ചത് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലായിരുന്നു. നിര്‍ണായകമായ തോല്‍വിയുണ്ടായത് ഷാമില്‍, ബാഗ്പത്, മുസഫര്‍ നഗര്‍, മീറത്ത് തുടങ്ങിയ സങ്കീര്‍ണമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലായിരുന്നു. ഇവിടങ്ങളിലാണ് സാമുദായിക ധ്രുവീകരണം ലക്ഷ്യം വച്ചുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം നടത്തിയിരുന്നത്. അതിനുവേണ്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് പ്രചരണരംഗത്തിറങ്ങിയത്. അയോധ്യ വിഷയമുള്‍പ്പെടെ ഉയര്‍ത്തി ആദിത്യനാഥ് നടത്തിയ പ്രചരണങ്ങള്‍ ഫലം കണ്ടില്ലെന്നര്‍ഥം. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 44 ശതമാനം വോട്ടുനേടിയ മേഖലയാണ് യുപിയിലെ പടിഞ്ഞാറന്‍ മേഖലയെന്നോര്‍ക്കണം. മീറത്തിലും അലിഗറിലും അധ്യക്ഷ പദവി ലഭിച്ചത് ബിഎസ്പിക്കായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തുശതമാനത്തിലധികം വോട്ടിന്റെ കുറവാണ് ഈ മേഖലയില്‍ ബിജെപിക്കുണ്ടായത്. ഇതിലൂടെ ഇടത്തരം കര്‍ഷകരടങ്ങിയ ജാട്ട് വിഭാഗത്തിന്റെ കേന്ദ്രമായ ഇവിടങ്ങളില്‍ സമീപകാലത്തുണ്ടായ കര്‍ഷകരോഷം ബിജെപിക്കെതിരായ വോട്ടായി മാറിയെന്ന് വ്യക്തമാകുന്നു. മൂന്നാം തട്ടില്‍ ബിജെപിക്കു ലഭിച്ച വോട്ട് വിഹിതത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ 25 ശതമാനത്തിന്റെയെങ്കിലും കുറവുണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള വന്‍ തിരിച്ചടികളാണ് യുപിയിലെ പ്രാദേശിക ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായത്.
ഈ കണക്കുകള്‍ കൃത്യമായി പരിശോധിച്ചാല്‍ യുപിയിലെ തെരഞ്ഞെടുപ്പ് വിധിയെഴുത്ത് ജിഎസ്ടിക്കും നോട്ടുനിരോധനത്തിനുമുള്ള അംഗീകാരമായാണോ അമിത്ഷാ വിലയിരുത്തുക. അതല്ലെങ്കില്‍ അവയുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടിയാണെന്നാണോ.
അമിത് ഷാ അവകാശപ്പെടുന്നതുപോലെ യുപിയിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെയാകെ മനസിന്റെ പ്രതിഫലനമാണെങ്കില്‍ യഥാര്‍ഥത്തില്‍ ആഹ്ലാദിക്കാവുന്നത് പ്രതിപക്ഷത്തിനാണ്. എന്നാല്‍ ഒരുവിഭാഗം മാധ്യമങ്ങളുടെയും ബിജെപിയുടെ തന്നെ മാധ്യമ മാനേജ്‌മെന്റ് വിഭാഗത്തിന്റെയും പ്രചണ്ഡമായ പ്രചരണത്തില്‍ മതിമറന്ന് നില്‍ക്കുകയാണ് ബിജെപി ഇപ്പോഴും. അതുകൊണ്ടാണ് തന്റെ വിജയത്തെ കുറിച്ച് വിശദീകരിക്കാന്‍ അടുത്ത ദിവസം തന്നെ ആദിത്യനാഥ് ഡല്‍ഹിയിലെത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടതും. ക്യാമറയ്ക്കു മുന്നില്‍ നരേന്ദ്രമോഡി തന്റെ ഭാഗം ഭംഗിയായി അഭിനയിച്ചുതീര്‍ത്തു. മേല്‍ത്തട്ടിലെ വിജയത്തിന്റെ പേരിലായിരുന്നു ആ അഭിനയം. എന്നാല്‍ താഴെയുള്ള രണ്ട് തട്ടുകളിലും നേടിയ വോട്ടിന്റെ കണക്കാണ് മാനദണ്ഡമായെടുക്കേണ്ടതും അവയാണ് ആരാണ് യജമാനന്മാരെന്ന് തെളിയിക്കുന്നതും. അതുവച്ചാണെങ്കില്‍ ബിജെപിയുടെ തോല്‍വി അതിദയനീയം തന്നെയായിരുന്നു.