Friday
14 Dec 2018

ചരിത്രത്തില്‍ നിന്നും പഠിക്കപ്പെടാതെ പോകുന്നത്

By: Web Desk | Monday 1 January 2018 11:08 PM IST

 

വര്‍ ആദ്യം സോഷ്യലിസ്റ്റുകളെ തേടിവന്നു. ഞാന്‍ അവര്‍ക്കായി സംസാരിച്ചില്ല. കാരണം ഞാന്‍ ഒരു സോഷ്യലിസ്റ്റായിരുന്നില്ല. അവര്‍ വീണ്ടും തൊഴിലാളി യൂണിയന്‍കാരെ തേടിവന്നു. ഞാന്‍ അവര്‍ക്കുവേണ്ടിയും സംസാരിച്ചില്ല. കാരണം ഞാന്‍ ഒരു തൊഴിലാളി യൂണിയനിലും അംഗമായിരുന്നില്ല. പിന്നീടവര്‍ ജൂതന്മാരെ തേടിവന്നു. ഞാന്‍ അവര്‍ക്കുവേണ്ടിയും ശബ്ദമുയര്‍ത്തിയില്ല. കാരണം ഞാനൊരു ജൂതനല്ലായിരുന്നു. അതിനുശേഷം അവര്‍ എന്നെ തന്നെ തേടിവന്നു. അപ്പോള്‍ എനിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും അവശേഷിച്ചിരുന്നില്ല.”
ആയുസിന്റെ ദൈര്‍ഘ്യം ഒന്നുകൊണ്ടുമാത്രം നാസിഭരണത്തെ അതിജീവിച്ച ‘മാര്‍ട്ടിന്‍ നെയ്മര്‍’ (1892-1984) എന്ന പ്രമുഖ ജര്‍മന്‍ ലുഥേറിയന്‍ പുരോഹിതന്റെ വാക്കുകളാണ്. ഇന്ന് ഒരു പ്രവചനസ്വഭാത്തോടെ ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഉദ്ധരിക്കപ്പെടുന്നത്. 1946 ല്‍ ”തെറ്റുകളും കുമ്പസാരവും” എന്ന തന്റെ പുസ്തകത്തില്‍ നെയ്മര്‍ ഇങ്ങനെ എഴുതി ”നാസി കാലഘട്ടത്തിനുശേഷം പിന്നീട് എപ്പോഴും ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു ജൂതനെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍, ഒരു ക്രസ്ത്യാനി എന്ന നിലയില്‍ എനിക്കിതേ പറയുവാന്‍ ആവുമായിരുന്നുള്ളൂ. പ്രിയ സുഹൃത്തേ എനിക്ക് നിങ്ങളോട് ഒരുമിക്കാന്‍ ആവില്ല. കാരണം ഞാനും എന്റെ ജനങ്ങളും നിങ്ങള്‍ക്കും നിങ്ങളുടെ ജനതയ്ക്കും എതിരായി കൊടിയ പാപം ചെയ്തിരിക്കുന്നു.”
ഇന്നും ലോകം ചര്‍ച്ച ചെയ്യുന്ന ലോകമനസാക്ഷിയെ മരവിപ്പിച്ച നാസികളുടെ കൊടിയ ഉന്മൂലനവുമായി ബന്ധപ്പെട്ട ഏറ്റവും ഹൃദയസ്പൃക്കായ വരികളാണ് മാര്‍ട്ടിന്‍ നെയ്മര്‍ എന്ന ലുഥേറിയന്‍ പുരോഹിതന്റേത്. നെയ്മറിനെ പോലെ മനസു തകര്‍ന്നവര്‍, ഓസ്‌കര്‍ ഷിന്‍ഡ്‌ലര്‍ (1908-1947) എന്ന ജര്‍മന്‍ വ്യവസായിയെപ്പോലെ നാസിയായി അഭിനയിച്ച്, സ്വജീവന്‍ പണയംവച്ച് 1200 ലധികം ജൂതരെ അതിസാഹസികായി രക്ഷപ്പെടുത്തി മനുഷ്യനന്‍മയിലുളള വിശ്വാസം ഉറപ്പിച്ചവര്‍ (ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ പ്രശസ്ത ചലച്ചിത്രത്തിനാധാരം ഓസ്‌കര്‍ ഷിന്‍ഡ്‌ലറുടെ ജീവിതമാണ്). നാസി ഭരണകാലത്തിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇന്നും മനസുമരവിക്കുന്ന ക്രൂരതകളുടെയും മാപ്പര്‍ഹിക്കാത്ത ജനവഞ്ചനയുടെയും കഥകള്‍ മാത്രമാണ് കാണുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ നാസികളെ അനുസ്മരിപ്പിക്കുന്ന അക്രമങ്ങളാണ് താലിബാനും ഐഎസും മറ്റും മദ്ധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിസഹായരായ ജനങ്ങള്‍ക്കുമേല്‍ അഴിച്ചുവിടുന്നത്.
അഡോള്‍ഫ് ഹിറ്റ്‌ലര്‍ നേതൃത്വം നല്‍കിയ നാസിപാര്‍ട്ടി ജര്‍മനിയില്‍ 1930 കളില്‍ അധികാരത്തില്‍ വരാനായി ഉപയോഗിച്ച ഹീനമായ തന്ത്രങ്ങള്‍ ഇന്ന് ഏത് ചരിത്രപുസ്തകങ്ങളിലും ലഭ്യമാണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം ജര്‍മനിക്കെതിരെ ബ്രിട്ടന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ വിവിധ ഉപരോധങ്ങള്‍ കാരണം അതിദയനീയമായ സാഹചര്യങ്ങളിലകപ്പെട്ട ജര്‍മന്‍ ജനതയുടെ അമര്‍ഷം മുഴുവന്‍ വളരെ ദരിദ്രമായ സാഹചര്യങ്ങളില്‍ ‘ഗട്ടോകര്‍’ എന്നറിയപ്പെട്ടിരുന്ന വൃത്തിഹീനമായ തെരുവുകളില്‍ കഷ്ടപ്പെട്ട് ജീവിച്ചിരുന്ന ജൂതരുടെ നേരെ തിരിച്ചുവിട്ടാണ് ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടി ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ ജര്‍മനിയില്‍ രൂപീകരിച്ചത്. അവിഭക്ത ജര്‍മനിയിലെ ഭൂരിപക്ഷമായിരുന്ന കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും തമ്മില്‍ ചെറിയ കാര്യങ്ങളെക്കുറിച്ച് അതിരൂക്ഷമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന സാഹചര്യം മുതലാക്കിയാണ് നാഷണല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന കപടനാമമടക്കം സ്വീകരിച്ച് കാപട്യത്തിന്റെ ആള്‍രൂപമായി നാസികള്‍ അധികാരത്തിലെത്തുന്നത്. നാസികള്‍ ജര്‍മനിയില്‍ നെയ്മര്‍ എഴുതിയതുപോലെ കമ്യൂണിസ്റ്റുകളേയും ട്രേഡ് യൂണിയനിസ്റ്റുകളെയും വേട്ടയാടുകയും ജൂതന്മാര്‍ക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജപ്രചരണങ്ങള്‍, പ്ലേഗ് പടരുന്നത് ജൂതത്തെരുവുകളില്‍ നിന്നാണ് എന്നുവരെ- നടത്തുകയും ചെയ്യുമ്പോള്‍ ജര്‍മന്‍ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും തമ്മില്‍ പ്രത്യയശാസ്ത്രപരമായ ചെറിയ ഭിന്നതകള്‍ സംബന്ധിച്ച് വലിയ തര്‍ക്കങ്ങള്‍ നടക്കുകയായിരുന്നു. അതിനാല്‍ തന്നെ നാസികള്‍ക്കെതിരെ ഒരു ജനകീയ മുന്നണി രൂപീകരിക്കാന്‍ സാധിച്ചില്ല. അതേസമയം തന്നെ ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള നാസികള്‍ ന്യൂനപക്ഷ ഭരണകൂടം രൂപീകരിച്ച് ഭൂരിപക്ഷം വരുന്ന കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വലതുപക്ഷ ഭിന്നിപ്പിനെ മുതലെടുത്ത് അധികാരത്തില്‍ വരികയും ജര്‍മന്‍ ഭരണഘടനയിലെ ചില വകുപ്പുകള്‍ മരവിപ്പിച്ച് സ്വന്തം നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഭരണം നടത്തുകയും ചെയ്തു. ജര്‍മന്‍ ക്യാപിറ്റലിസ്റ്റുകളുടെ പ്രിയങ്കരനായിരുന്നു ഹിറ്റ്‌ലര്‍. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് എത്തിച്ച ജര്‍മന്‍ ജൂതന്മാരെ അടിമവേലയ്ക്കായി മുതലാളിമാര്‍ക്ക് വിട്ടുനല്‍കിയിരുന്നു. (ഇത്തരത്തില്‍ വിട്ടുകിട്ടിയ ജൂതരെയാണ് ഓസ്‌കര്‍ ഷിന്‍ഡ്‌ലര്‍ക്ക് രക്ഷിക്കാനായത്) ജര്‍മന്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ ഹിറ്റ്‌ലറുടെ വാഴ്ചക്കാലത്ത് ലാഭം കൊയ്തു. ആളും അര്‍ഥവും നല്‍കി അവര്‍ ഹിറ്റ്‌ലറെ നിലനിര്‍ത്തുകയും ചെയ്തു. ജര്‍മന്‍ ക്യാപ്പിറ്റലിസ്റ്റുകളുടെ അകമഴിഞ്ഞ സഹായം ഒന്നുകൊണ്ട് മാത്രമാണ് ഹിറ്റ്‌ലറും നാസികളും വളര്‍ന്നതും, മാപ്പര്‍ഹിക്കാത്ത കൊടും ക്രൂരതകള്‍ ചെയ്യാന്‍ പ്രാപ്തരായതും. പകരമായി ജര്‍മന്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ക്ക് അടിമവേലയടക്കം, ഏത് ഹീനമാര്‍ഗമുപയോഗിച്ചും പണമുണ്ടാക്കാന്‍ ഹിറ്റ്‌ലര്‍ വഴിയൊരുക്കുകയും ചെയ്തു.
നാസി ജര്‍മനിയുടെ ചരിത്രം മാനവരാശിക്കു നല്‍കുന്ന പാഠങ്ങള്‍ അവയര്‍ഹിക്കുന്ന പ്രാധാന്യത്തോടെ മനസിലാക്കപ്പെട്ടിട്ടില്ല എന്നതാണ് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പലപ്പോഴും ജൂതര്‍ തന്നെ മുന്‍കൈയെടുത്ത് നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യധ്വംസനങ്ങള്‍ വെളിവാക്കുന്നത്. കൂടാതെ ഈ 21-ാം നൂറ്റാണ്ടിലും ഫാസിസത്തിന്റെ വളര്‍ച്ചയെ നിസാരമായി കാണുന്ന പ്രവണതയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കാണുന്നു.