Saturday
15 Dec 2018

ക്യാരറ്റ് ചമ്മന്തിയും അഞ്ചില തോരനും

By: Web Desk | Thursday 2 November 2017 1:00 AM IST

കുറേക്കാലം മുമ്പ് തിരുവനന്തപുരം നഗരത്തില്‍ ഒരു പാനീയ മേള നടന്നു. കാപ്പിയും ചായയും കള്ളുമൊക്കെ ഒഴിവാക്കി കുടിക്കാന്‍ പറ്റുന്ന മറ്റു പാനീയങ്ങളാണ് മേളയിലുണ്ടായിരുന്നത്. കരിക്കിന്‍വെള്ളം, തേങ്ങാവെള്ളം, മോര്, പച്ചമാങ്ങ കൊത്തിയരിഞ്ഞിട്ട വെള്ളം, ജീരകവെള്ളം, മല്ലിവെള്ളം, ഉലുവാവെള്ളം, പേരയ്ക്കായിലയിട്ട് തിളപ്പിച്ച വെള്ളം, ഞവരയില വെള്ളം, തുളസിയിലവെള്ളം, ഗ്രാമ്പൂവെള്ളം തുടങ്ങി കൗതുകകരമായ നിരവധി പാനീയങ്ങള്‍ ഈ മേളയില്‍ ലഭ്യമായിരുന്നു. അറുപതിലധികം വ്യത്യസ്ത രുചിയും ഗന്ധവുമുള്ള ദാഹശമനികള്‍, ഈ പാനീയമേള രോഗരഹിതമായ ഒരു ജീവിതത്തിലേക്കുള്ള വഴികാട്ടിയായിരുന്നു.
ഫാസ്റ്റ് ഫുഡ് എന്ന പേരില്‍ കിട്ടുന്ന പഴകിയതും ചൂടാക്കിയതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ മലയാളിയുടെ ആരോഗ്യത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചിട്ടുള്ള, ഷവര്‍മ മരണംപോലും നടന്ന നാടാണല്ലോ നമ്മുടേത്. വാങ്ങാന്‍ കിട്ടുന്ന അരിയില്‍ പോലും റെഡ് ഓക്‌സൈഡും മറ്റും കലര്‍ത്തിയതുമൂലം അരിയാഹാരം കഴിച്ച് ആശുപത്രിയിലായവരുടെ എണ്ണവും കുറവല്ല.
മനുഷ്യന്റെ ഭക്ഷണ സംസ്‌കാരത്തിന് ഉത്ഭവകാലത്തോളം തന്നെ ചരിത്രമുണ്ട്. ഉല്‍പ്പത്തി പുസ്‌കത്തിലെ സര്‍പ്പം നീട്ടിയ പഴത്തിന്റെ കെട്ടുകഥയെ നിരാകരിക്കുന്നതാണ് ആഹാര നിര്‍മിതിയുടെ ചരിത്രം. വേട്ടയാടിക്കിട്ടിയ മൃഗത്തിന്റെ പച്ചമാംസം ഭക്ഷിച്ച മനുഷ്യന്‍ തീന്മേശയിലെ വിവിധ രുചിക്കൂട്ടുകള്‍ കലര്‍ന്ന വിഭവങ്ങളിലേക്ക് പരിണമിച്ചതിന് പിന്നില്‍ കാലങ്ങളുടെ പരീക്ഷണോത്സാഹമുണ്ട്. വിശപ്പാറ്റാന്‍വേണ്ടി പൊട്ടിച്ചുകഴിച്ച പഴം വിഷപ്പഴമാകയാല്‍ മരിച്ചുവീണ പാവം മനുഷ്യന്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ കാണിച്ചുകൊടുത്തത് ഭക്ഷണസംസ്‌കാരത്തിന് വലിയൊരു പാഠമാണ്. തിന്നാന്‍ കൊള്ളാവുന്നതും തിന്നരുതാത്തതുമായ ഫലങ്ങളും കിഴങ്ങുകളും ഇലകളും ജീവികളും ഏതൊക്കെയെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞു.
ഭക്ഷണ പ്രിയനായ ഗണപതിയുടെ കഥകളില്‍ മനുഷ്യനുണ്ടാക്കിയ ഭക്ഷണങ്ങളേയുള്ളു. ദൈവത്തെ സൃഷ്ടിച്ച മനുഷ്യന്‍ സ്വയം നിര്‍മിച്ച ഭക്ഷണമാണ് ദൈവത്തിന് നല്‍കിയത്. കള്ളും കോഴിയും അടയും വടയും പായസവും നിവേദ്യങ്ങളായത് അങ്ങനെയാണ്.
ആഹാരപദാര്‍ഥങ്ങളെ സംബന്ധിച്ച ഒരു ചിന്തയ്ക്ക് സന്ദര്‍ഭമുണ്ടാക്കിയത് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആയിരുന്നു. അവര്‍ ആവിയില്‍ വേവിച്ചതും മധുരപദാര്‍ഥങ്ങള്‍ ചേര്‍ത്തതുമായ ആഹാരമുണ്ടാക്കുന്നതില്‍ ഒരു മത്സരം തന്നെ സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ച് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ അമ്മമാര്‍ തയാറാക്കിയ ഒരു പാചകപുസ്തകവും ശിശുവികസന സമിതിയുടെ ആഭിമുഖ്യത്തില്‍ തയാറാക്കി പ്രകാശിപ്പിച്ചു.
നമുക്കുചുറ്റും കിട്ടുന്ന സസ്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ലളിതവും രുചികരവുമായ ഭക്ഷണപദാര്‍ഥങ്ങളാണ് മൈനാഗപ്പള്ളിയിലെ അമ്മമാര്‍ കുറിച്ചുവച്ചത്. തഴുതാമഇല, പയറില, പച്ചച്ചീര, കുടങ്ങല്‍ ഇല, കോവലില എന്നീ അഞ്ചിനം ഇലകള്‍ ശേഖരിച്ച് തേങ്ങയും മുളകും മഞ്ഞളും വെളുത്തുള്ളിയും ജീരകവും മറ്റും ചേര്‍ത്ത് ഉണ്ടാക്കിയെടുക്കാവുന്ന അഞ്ചിലത്തോരന്‍. വടക്കന്‍ കേരളത്തിലെ ഉപ്പേരിയാണ് തെക്കരുടെ തോരന്‍.
അഞ്ചിലകൊണ്ടുമാത്രമല്ല പപ്പായ ഇല, മുരിങ്ങയില, വാഴക്കൂമ്പ്, കോവയില, മുള്ളുമുരുക്കില ഇവകൊണ്ടും തോരനുണ്ടാക്കാം. ക്യാരറ്റും ഉപ്പും പച്ചമുളകും നാരങ്ങാനീരും ചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തി, വാഴക്കൂമ്പ്, ചീനി (കപ്പ) എന്നിവകൊണ്ടുള്ള കട്‌ലറ്റ്, വെണ്ടയ്ക്കാ സൂപ്പ്, ചക്കക്കുരു പായസം, കാരറ്റ്, കരിനൊച്ചിയില ഇവകൊണ്ടുള്ള ഹല്‍വ തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിയും പറഞ്ഞിട്ടുണ്ട്. കഞ്ഞിവെള്ളം, അരിപ്പൊടി, ശര്‍ക്കര, നെയ്യ്, ഏലക്ക ഇവ ചേര്‍ത്തുണ്ടാക്കിയെടുക്കാവുന്ന കഞ്ഞിവെള്ളം ഹല്‍വം പലര്‍ക്കും പരിചയമില്ലാത്ത ഒരു വിഭവമാണ്.
ചാനലുകളില്‍ അഭിനയമികവോടെ കാട്ടിക്കൂട്ടുന്ന, നമുക്ക് അപ്രാപ്യമായ പാചകരീതികളില്‍ നിന്നും അവരുടെ വാചകമേളകളില്‍ നിന്ന് ഏറെ അടുത്തുനില്‍ക്കുന്നതാണ് അമ്മമാര്‍ കുറിച്ചുവച്ച ഈ പാചകവിധികള്‍.
പാചകവിധി പ്രതിഷേധത്തിനും ഉപയോഗിക്കാം. ബീഫ് വിവാദം കേരളത്തിലും അലയടിക്കുകയാണല്ലോ. തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ നടന്ന ആക്രമണങ്ങള്‍ മറക്കാറായിട്ടില്ല. വര്‍ക്കല ശ്രീനാരായണ കോളജ് വിദ്യാര്‍ഥിയൂണിയന്‍ പുറത്തിറക്കിയ മറവിയുടെ മാനിഫെസ്റ്റോ എന്ന മാഗസിനില്‍ കഥയും കവിതയും ലേഖനവും കൂടാതെ ഒരു പാചകക്കുറിപ്പുകൂടിയുണ്ട്. ബീഫ് ഫ്രൈ ഉണ്ടാക്കുന്ന വിധം.