Wednesday
19 Sep 2018

അധ്യാപകനിലെ നാടക പ്രഭാവം

By: ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ | Wednesday 20 September 2017 1:59 AM IST

പ്രൊഫ. എന്‍ കൃഷ്ണപിള്ളയുടെ നൂറ്റൊന്നാം ജന്മവാര്‍ഷികവും അദ്ദേഹത്തിന്റെ പ്രമുഖ നാടകം ‘ഭഗ്നഭവന’ത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികവും പ്രൊഫ. എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്.
പ്രൊഫ. എന്‍ കൃഷ്ണപിള്ള പ്രഗത്ഭനായ അധ്യാപകനായിരുന്നു, മലയാള നാടകത്തിന് ദിശാബോധം നല്‍കിയ നാടകകൃത്തായിരുന്നു, സൂക്ഷ്മഗ്രാഹിയായ ഗവേഷകനായിരുന്നു, കുശാഗ്രബുദ്ധിയായ വിമര്‍ശകനായിരുന്നു. സമഗ്രദര്‍ശിയായ സാഹിത്യചരിത്രകാരനായിരുന്നു, ബാലസാഹിത്യകാരനായിരുന്നു, പ്രഭാഷകനായിരുന്നു, സരസസംഭാഷണ പ്രിയനായിരുന്നു, ആദര്‍ശധീരനായിരുന്നു, മനുഷ്യസ്‌നേഹിയായിരുന്നു. ഈ ഗുണവിശേഷങ്ങളുടെ അസാധാരണമായ അനുരണനംകൊണ്ട് നമ്മുടെ സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന പ്രകാശം ചൊരിഞ്ഞ ആചാര്യനായിരുന്നു. കൃതികളെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന വ്യക്തിത്വം കൊണ്ട് എന്‍ കൃഷ്ണപിള്ള സ്വജീവിതം അര്‍ഥപൂര്‍ണവും ധന്യവുമാക്കിത്തീര്‍ത്തു.
ചിറയിന്‍കീഴ് താലൂക്കിലെ ചെമ്മരുതി വില്ലേജില്‍ മുത്താന ദേശത്തുള്ള ചെക്കാല വിളാകത്തു തറവാട്ടില്‍ പാര്‍വതിയമ്മയുടെയും കക്കാട്ടുമഠത്തില്‍ കേശവരു കേശവരുടെയും മകനായി 1916 സെപ്റ്റംബര്‍ 22ന് ജനിച്ച കൃഷ്ണപിള്ള സാംസ്‌കാരികാചാര്യനായ പ്രൊഫ. എന്‍ കൃഷ്ണപിള്ളയാകാന്‍ നടന്നുതീര്‍ത്തത് ‘മൃദുമഞ്ജുളവും സുഖശീതളവുമായ’ പാതയല്ല.
ശ്രീനാരായണഗുരു സ്ഥാപിച്ച ശിവഗിരി മിഡില്‍ സ്‌കൂളില്‍ നടരാജഗുരുവിന്റെയും ആര്‍ ശങ്കറിന്റെയും ശിക്ഷണവും വാത്സല്യവും. ശ്രീനാരായണഗുരുവിനെ കാണാനും ഗാന്ധിജിയെ സ്പര്‍ശിക്കാനും കഴിഞ്ഞതിന്റെ മധുരസ്മരണകള്‍ വീണ്ടും ആ മനസില്‍ നിറഞ്ഞുനിന്നു.
ശിവഗിരി സ്‌കൂളിലും യൂണിവേഴ്‌സിറ്റി കോളജിലും എന്‍ കൃഷ്ണപിള്ള അധ്യാപകനായി. എന്‍ കൃഷ്ണപിള്ള അടി മുതല്‍ മുടിയോളം അധ്യാപകനായിരുന്നു. പഠിപ്പിക്കുന്ന വിഷയത്തില്‍ വേണ്ടത്ര പ്രാഗത്ഭ്യം നേടിയശേഷം വിദ്യാര്‍ഥികളെ അഭിമുഖീകരിക്കുകയും ശിഷ്യഹൃദയങ്ങളില്‍ വിഷയസ്വീകരണത്തിനനുഗുണമായി കളമൊരുക്കിയശേഷം വിത്തുകള്‍ വിതയ്ക്കുകയും അതു തളിര്‍ത്തു പുഷ്പിച്ചു ഫലമണിയുമ്പോള്‍ മനം കുളിര്‍ത്തു ആത്മനിര്‍വൃതിയില്‍ ലയിക്കുകയും ചെയ്യുന്ന ഗുരുനാഥനായിരുന്നു കൃഷ്ണപിള്ള. സാഹിത്യത്തിന്റെ പാഠങ്ങള്‍ മാത്രമല്ല, ജീവിതത്തിന്റെ പാഠങ്ങളും വാക്കര്‍മങ്ങള്‍കൊണ്ടും മൗനം കൊണ്ടും ശിഷ്യര്‍ക്കു പകര്‍ന്നു നല്‍കുന്ന അസാധാരണനായ അധ്യാപകനായിരുന്നു അദ്ദേഹം. ഭാരതീയ സങ്കല്‍പമനുസരിച്ചുള്ള ആചാര്യഭാവം ആ വ്യക്തിത്വത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു.
മലയാള നാടകത്തിന്റെ ജാതകം തിരുത്തിയ നാടകകൃത്താണ് എന്‍ കൃഷ്ണപിള്ള. 1942 ല്‍ പുറത്തുവന്ന ‘ഭഗ്നഭവനം’ ആണ് ആ നാടകം. തന്റെ സങ്കല്‍പത്തിനനുസരിച്ചുള്ള നാടകത്തിന്റെ സാക്ഷാല്‍കാരത്തിനു കൂട്ടുചേരാന്‍ പി കെ വിക്രമന്‍ നായര്‍ എന്ന സംവിധായക പ്രതിഭയെയും കിട്ടി. കോമാളി വേഷങ്ങള്‍ കണ്ടും വിലകുറഞ്ഞ ഹാസ്യങ്ങള്‍ കേട്ടും പൊട്ടിച്ചിരിച്ച് ഉള്ളുപൊള്ളയായി മങ്ങുന്ന പ്രേക്ഷകരെ ഒന്നു ഞെട്ടിക്കാന്‍ കൃഷ്ണപിള്ള തീരുമാനിച്ചു. പാതി മുറിഞ്ഞുനില്‍ക്കുന്ന പാളത്തിലേക്ക് ചീറിപ്പായുന്ന തീവണ്ടി കാണുന്ന അനുഭവമാണ് ‘ഭഗ്നഭവനം’ പ്രേക്ഷകര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് കൃഷ്ണപിള്ള എഴുതിയ ഓരോ നാടകവും പുതിയ ജീവിതസമസ്യയും ഗൗരവമുള്ള സാമൂഹിക പ്രശ്‌നവും അവതരിപ്പിച്ചു. കന്യക, ബലാബലം, അനുരഞ്ജനം, മുടക്കുമുതല്‍, അഴിമുഖത്തേക്ക്, കുടത്തിലെ വിളക്ക്, മരുപ്പച്ച-ഇവയെല്ലാം പ്രേഷകഹൃദയങ്ങളില്‍ ആഘാതം വിതച്ച് ആദരം കൊയ്തു.
ഇബ്‌സന്റെയും ഓഗസ്റ്റ് സ്ട്രാന്‍ബര്‍ഗിന്റെയും നാടകലോകത്തേക്ക് പ്രത്യേകം അടുപ്പം തോന്നിയ കൃഷ്ണപിള്ള അവരുടെ സുഘടിത നാടകസങ്കല്‍പം സ്വാംശീകരിച്ച് നമ്മുടെ സംസ്‌കാരത്തിന്റെയും കുടുംബാന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തില്‍ ജീവിതം പ്രശ്‌നങ്ങളെയും വ്യക്തിചിന്തകളെയും മാനുഷിക ബന്ധങ്ങളെയും ഹൃദയവികാരങ്ങളെയും സൂക്ഷ്മാപഗ്രഥനത്തിനു വിധേയമാക്കുകയായിരുന്നു.
എന്‍ കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ ഗൗരവപ്രകൃതിയുള്ള യഥാതഥ നാടകങ്ങള്‍ ആണ്. കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും സംഭാഷണങ്ങളുടെയും കാര്യത്തില്‍ അവ മിതത്വം പാലിക്കുന്നു. 1988 ജൂലൈ 10. കൃഷ്ണപിള്ള സാര്‍ നിത്യയശസ്വിയായി. നാള്‍തോറും വളരുന്ന ജ്ഞാനതേജസായി മലയാളസാഹിത്യ നഭസില്‍ എന്‍ കൃഷ്ണപിള്ള ഉയര്‍ന്നുനില്‍ക്കുന്നു.