Monday
17 Dec 2018

ഞാന്‍, എന്റെ, എനിക്ക്

By: Web Desk | Tuesday 20 February 2018 10:14 PM IST

 ഡോ. ചന്ദന ഡി കറത്തുള്ളി

പൊതുവേ അഹങ്കാരിയും മറ്റുള്ളവരോട് ആധിപത്യത്തോടെയും മേല്‍ക്കോയ്മയോടെയും പെരുമാറുകയും തന്റെ തെറ്റുകള്‍ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവരെ വിശേഷിപ്പിക്കാന്‍ നാം ഉപയോഗിക്കുന്ന വാക്കാണ് ഈഗോയിസ്റ്റ്. നമ്മുടെ ഭാഗത്ത് നിന്നും ചിന്തിക്കാന്‍ ശ്രമിക്കാതെ നമ്മെ എപ്പോഴും പഴിചാരുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരെയാണ് ‘ഈഗോ’ ഉള്ളവരായി നാം കണക്കാക്കുന്നത്. അത് നമ്മുടെ മേലധികാരിയാവാം, ഭര്‍ത്താവാകാം, ഭാര്യയാകാം, അച്ഛനോ, അമ്മയോ, അമ്മാവനോ ആകാം. എന്നാല്‍ എന്താണ് ഈഗോ യഥാര്‍ഥത്തില്‍?
മനഃശാസ്ത്രത്തില്‍ ഈഗോയെ കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്നത് ഫ്രോയിഡിന്റെ രചനകളിലാണ്. നമ്മുടെ ഉള്ളിലെ ‘ഞാന്‍’ എന്ന ഭാവത്തെ തന്നെയാണ് അദ്ദേഹം ഈഗോ എന്ന് വിളിച്ചത്. എന്നാല്‍ നാം കരുതുന്ന ഈഗോ അല്ല അത്. നമ്മുടെ എല്ലാവരുടെ ഉള്ളിലും ഈഗോ ഉണ്ട്. ‘ഞാന്‍’ എന്നു നാം പറയുമ്പോഴെല്ലാം ഈ ഈഗോയെ ആണ് നാം സൂചിപ്പിക്കുന്നത്. ‘ഞാന്‍’, ‘എന്റെ’, ‘എനിക്ക്’ എന്നെല്ലാം പറയുന്നത് ഈഗോയെ തന്നെയാണ്. മനസിനെ മുന്നോട്ടു നയിക്കുന്ന തേരാളിയായി നമുക്ക് ഈഗോയെ കാണാം. നാം തീരുമാനങ്ങള്‍ എടുക്കുന്നതും ചിന്തിക്കുന്നതും സംസാരിക്കുന്നതുമെല്ലാം ഈഗോയുടെ നിര്‍ദേശപ്രകാരമാണ്. നമ്മുടെ മനസിന്റെയും ശരീരത്തിന്റെയും ചുറ്റുപാടുകളുടേയും ആവശ്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് മുന്നോട്ട് പോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ഈഗോയുടെ ജോലിയാണ്.
നാം കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ ഈഗോ വളര്‍ന്നു വരുന്നതേ ഉണ്ടാവൂ. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങളില്‍ ‘ഞാന്‍’ എന്താണ്, ‘എനിക്ക്’ എന്തുവേണം, ‘എന്റെ’ എന്നു പറയാവുന്നത് എന്താണ് എന്ന ബോധം വളര്‍ച്ച പ്രാപിക്കുന്ന കാലഘട്ടമാണ്. തനിക്ക് വിശക്കുമ്പോഴും ഉറക്കം വരുമ്പോഴും അസ്വാസ്ഥ്യം തോന്നുമ്പോഴും കരയുക എന്നതിനപ്പുറം ആ കുഞ്ഞിന് അത്തരമൊരു മനോഭാവം ഉണ്ടാവുകയില്ല. എന്നാല്‍ ഒരു വയസ് കഴിയുന്നതോടെ കുഞ്ഞ് പതുക്കെ ‘എനിക്ക് എന്തെല്ലാം വേണം’ എന്നു പതിയേ തിരിച്ചറിയാന്‍ തുടങ്ങും. പതിയെ പതിയെ ഈഗോ വളരുകയാണ്. വ്യക്തമായി ആശയവിനിമയം നടത്താന്‍ പഠിച്ചുകഴിഞ്ഞാല്‍ കുഞ്ഞ് അത് പ്രകടിപ്പിക്കാന്‍ തുടങ്ങും. തീരുമാനങ്ങള്‍ എടുക്കാനും സാഹചര്യത്തിനനുസരിച്ച് പെരുമാറാനും മനസ് പഠിക്കുന്നതോടെ ഈഗോയും വളരും.
ഈഗോയുടേത് യഥാര്‍ഥത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനശൈലിയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി ജോലിക്ക് പോകും വഴി മനസു പറഞ്ഞു ‘ഹാ, ഒരു ബിയര്‍ കഴിക്കാമായിരുന്നു’ എന്ന്. ഉടനെതന്നെ മനസിന്റെ മറ്റൊരു അറ്റത്ത് നിന്നും ഒരു മറുശബ്ദം ‘ജോലിക്ക് പോകും വഴിയാണോ ബിയര്‍ കഴിക്കുന്നത്, അതും ഇത്ര രാവിലെ. വൈകിട്ട് വരും വഴി ആവാം അതും മിതമായി.’ ഈ രണ്ടു ശബ്ദവും നമ്മുടെ മനസിന്റെ തന്നെയല്ലേ. എന്നാല്‍ എന്തു തീരുമാനം നാമെടുക്കും എന്നത് നാമീ രണ്ടു അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും. വളരെ ലോജിക്കലായി നാമൊരു തീരുമാനം എടുക്കുന്നു. അതാണ് ഈഗോ. നമ്മുടെ ആവശ്യങ്ങളേയും സാഹചര്യത്തേയും പരിഗണിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഈഗോയുടെ ദൗത്യം.
ജീവിതത്തിലെ ആവശ്യങ്ങളും കടമകളും സാഹചര്യങ്ങളും നമ്മുടെ ബന്ധങ്ങളും എല്ലാം ചേര്‍ത്ത് സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് ശക്തമായ ഒരു ഈഗോ ഉണ്ടായേതീരൂ. പ്രതിസന്ധികളെ തരണം ചെയ്യാനും ഔചിത്യപൂര്‍വം ചിന്തിക്കാനും നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാനും അതിനോടൊപ്പം നമ്മുടെ കൂടെയുള്ളവരുടെ ആവശ്യങ്ങള്‍ കൂടെ ചിന്തിക്കാനും ആരോഗ്യകരമായ ഈഗോ നമുക്ക് അത്യാവശ്യമാണ്. നമ്മെ തന്നെ തിരിച്ചറിഞ്ഞിട്ടാണ് ആരോഗ്യകരമായ ഈഗോ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചിലപ്പോഴെല്ലാം ഈഗോ അനാരോഗ്യകരമായി പ്രവര്‍ത്തിക്കും. അപ്പോഴാണ് മറ്റുള്ളവര്‍ക്കും നമുക്കുതന്നെയും ബുദ്ധിമുട്ടുണ്ടാകുന്നതരത്തില്‍ നാം പെരുമാറുന്നത്.
നമ്മുടെ സ്വഭാവശൈലിയും ചെറുപ്പത്തിലെ നമുക്കുണ്ടാവുന്ന അനുഭവങ്ങളുമാണ് നമ്മുടെ ഈഗോയുടെ ആരോഗ്യം നിര്‍ണയിക്കുന്നത്. കുഞ്ഞുങ്ങള്‍ തെറ്റ് ചെയ്യുമ്പോള്‍ അനാവശ്യമായ കുറ്റപ്പെടുത്തലുകളും ഇല്ലാതെതന്നെ അവരെ തിരുത്താന്‍ സാധിക്കുന്നവരാണ് വിജയികളായ മാതാപിതാക്കള്‍. അത്തരം ഇടപെടലിലൂടെ ‘എനിക്ക് തെറ്റ് പറ്റുന്നത് സ്വാഭാവികമാണെന്നും, അത് തിരുത്തുന്നതിലാണ് എന്റെ വിജയമെന്നും’ കുഞ്ഞുങ്ങള്‍ പഠിക്കുന്നു. അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍ കുഞ്ഞുങ്ങളുടെ ഈഗോയില്‍ മുറിപ്പാടുകള്‍ വീഴ്ത്തുന്നു. താന്‍ ഒന്നിനും കൊള്ളാത്തവനാണെന്നും താന്‍ മറ്റുള്ളവരെക്കാളും മോശമാണെന്നുമുള്ള സന്ദേശം കുഞ്ഞിന്റെ ഈഗോയ്ക്ക് ലഭിക്കുന്നു.