Thursday
24 Jan 2019

ചിലതൊക്കെ സംഭവിക്കുമ്പോള്‍

By: Web Desk | Friday 30 March 2018 4:28 PM IST

ഗീതാ നസീര്‍

ഊഞ്ഞാലിലാടി ആകാശക്കുതിപ്പ്
നടത്തുന്ന സ്ത്രീയെ നോട്ടം,
വാക്ക്, പ്രവൃത്തി ഒക്കെകൊണ്ട്
തീവ്രമായി നോവിക്കുന്ന പൊതു
സമൂഹബോധത്തോട് അവള്‍
കലഹിച്ചുകൊണ്ടേയിരിക്കും.
അവളുടെ പ്രതിഷേധം, പ്രതിരോധം,
പ്രത്യാക്രമണം അതിന്റെ രാഷ്ട്രീയം
പ്രവചനാതീതം, ഇടയ്ക്ക് മിന്നായം
പോലെ വീണുകിട്ടുന്ന ചില നേട്ടങ്ങള്‍
ഒക്കെ സമീപകാല സംഭവങ്ങളിലൂടെ
അടയാളപ്പെടുത്തുകയാണിവിടെ

ഇഷ്ടപ്പെട്ട വിവാഹത്തിന്റെ
പേരില്‍ ജാതിക്കൊല

പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം പിതാവ് മകളെ കുത്തിക്കൊന്ന അതീവ ദാരുണമായ സംഭവത്തിന് കേരളം സാക്ഷിയായി. ഖാപ്പ് പഞ്ചായത്തും ദുരഭിമാനക്കൊലകളും നടക്കുന്ന തീരെ സാമൂഹ്യപുരോഗതി കൈവരിച്ചിട്ടില്ലാത്ത പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും അവസ്ഥ നവോത്ഥാന കേരളത്തിനുണ്ടായി എന്നത് ഞെട്ടലോടെയാണ് പൊതുസമൂഹം കേട്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തില്‍ ഇത് സംഭവിക്കുന്നു എന്നത് വിരല്‍ചൂണ്ടുന്നത് നമ്മുടെ സമൂഹത്തില്‍ വേരൂന്നി നില്‍ക്കുന്ന സദാചാര സാമൂഹ്യബോധങ്ങളുടെ പൊള്ളത്തരങ്ങളിലേയ്ക്കാണ്.

ലക്ഷത്തില്‍പരം കുട്ടികള്‍ക്ക് സ്‌കൂള്‍ രജിസ്റ്ററില്‍ ജാതിമത കോളം പൂരിപ്പിക്കാതെ ഇട്ടിരിക്കുന്നു എന്ന വാര്‍ത്ത ആശ്വാസം പകരുമ്പോഴും ജാതീയതയ്ക്ക് സ്ത്രീ ജീവിതങ്ങള്‍ക്ക് മേല്‍ മേല്‍ക്കൈ ഒരു ഭാഗത്തുകൂടി ശക്തി പ്രാപിക്കുന്നുണ്ടെന്നതും കരുതലോടെ കാണണം. വിവാഹം, കുടുംബഅന്തസ്, ആഭിജാത്യബോധം, സദാചാരം ഇവയൊക്കെത്തന്നെ ഏറ്റവും പിന്തിരിപ്പന്‍ ആശയങ്ങളാല്‍ ബന്ധിതമാണ്. നാം എങ്ങനെയെന്നല്ല, മറ്റുള്ളവര്‍ എന്ത് കരുതും എന്നതാണ് നമ്മുടെ ഉല്‍ക്കണ്ഠ മുഴുവന്‍. ബോധ്യപ്പെടുത്താനും, സാമൂഹ്യതിന്മകള്‍ക്ക് വളക്കൂറുള്ള മണ്ണാകുന്ന അന്തരീക്ഷത്തിന് കീഴ്‌പ്പെട്ട് ജീവിക്കാനുമാണ് മലയാളികള്‍ ഇന്ന് ഏറെ പരിശ്രമിക്കുന്നത്. അതുകൊണ്ടാണ് മകളുടെ ഇഷ്ടത്തെക്കാള്‍ അച്ഛന് ജാതിസംരക്ഷണത്തോട് ആഭിമുഖ്യം തോന്നിയത്. ജാതിയും മതവും ജാതകവും മുഹൂര്‍ത്തവും നോക്കി സ്ത്രീധനം പറഞ്ഞുറപ്പിച്ച് നാട്ടുനടപ്പനുസരിച്ച് മറ്റുള്ളവരുടെ മുമ്പില്‍ അന്തസ് പ്രകടിപ്പിക്കാന്‍ വിവാഹത്തെ കരുവാക്കുന്ന മലയാളിയുടെ പൊതുബോധം സംസ്‌കാരശൂന്യവും പരിഷ്‌കൃതസമൂഹത്തിന് അനുയോജ്യമല്ലാത്തതുമാണ്. മകള്‍ നഷ്ടമായാലും തന്റെ ഈഗോ ജയിക്കണമെന്ന തലത്തിലേയ്ക്ക് ജാതിമത ആചാര അനുഷ്ഠാനവിശ്വാസങ്ങള്‍ മാറുന്ന അപകടകരമായ കാലത്തിന്റെ ദുഃസൂചനയായി വേണം മലപ്പുറത്ത് ജാതി നോക്കാതെ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ തയാറായ ആതിര എന്ന പെണ്‍കുട്ടിയെ പിതാവ് കുത്തിക്കൊന്ന സംഭവത്തെ കാണാന്‍.

മാറ് തുറക്കല്‍ സമരവും
വത്തക്കാ പ്രയോഗവും

സ്ത്രീയെ വെറും ലൈംഗികവസ്തുവായി മാത്രം കാണുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ഒരു ജല്‍പനം കൂടി വന്‍പ്രതിഷേധത്തിന് കാരണമായി. ഒരധ്യാപകനില്‍ നിന്നും ആ പദവിക്ക് യോജിക്കാത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുണ്ടായതില്‍ അമര്‍ഷം പൂണ്ടവര്‍ മാറ് തുറക്കല്‍ സമരത്തിന് മുതിര്‍ന്ന സംഭവം വലിയ ഒച്ചപ്പാട് സൃഷ്ടിക്കുകയുണ്ടായി. സ്ത്രീകളുടെ മാറ് മുറിച്ച വത്തക്കാ പോലെ പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കാന്‍ പാടില്ല എന്നാണ് ഫറൂഖ് കോളജിലെ സോഷ്യല്‍സയന്‍സിലെ അസിസ്റ്റന്റ് പ്രൊഫസറായ ജവഹര്‍ മുനവര്‍ പ്രസംഗിച്ചത്. സ്ത്രീശരീരം മൂടി വയ്ക്കണമെന്ന മതങ്ങളുടെ ഉദ്‌ഘോഷത്തെ അനുസരിക്കാത്ത പെണ്‍കുട്ടികളെ അദ്ദേഹം താക്കീത് ചെയ്യുകയുമുണ്ടായി.

മാറുമറയ്ക്കല്‍ സമരം സ്ത്രീയുടെ വസ്ത്രധാരണ അവകാശത്തിന് വേണ്ടിയായിരുന്നെങ്കില്‍ ഇന്ന് മാറുതുറക്കല്‍ സമരത്തിന്റെ ആവശ്യകതയിലേയ്ക്കാണ് ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ പ്രേരിപ്പിക്കുന്നതെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന സ്ത്രീകള്‍ പറയുന്നത്. സൈനികര്‍ കൂട്ടബലാത്സംഗം ചെയ്തതില്‍ പ്രതിഷേധിച്ച് മണിപ്പൂരില്‍ മനോരമയെന്ന വീട്ടമ്മയുടെ നേതൃത്വത്തില്‍ നടന്ന നഗ്ന പ്രതിഷേധം ഓര്‍മിപ്പിച്ചുകൊണ്ടാണ് ഇവര്‍ ഇതിനെതിരെ മാറുതുറക്കല്‍ സമരവുമായി രംഗത്തുവന്നത്. സ്ത്രീകളെ വെറും അവയവങ്ങളാക്കി ലൈംഗികവസ്തുവാക്കി മാറ്റുന്നത് അനുവദിക്കില്ലെന്ന് ഇവര്‍ പ്രഖ്യാപിക്കുന്നു.

വയല്‍ക്കിളിയുടെ  പോരാട്ടം

കതിരിലെ മധുരമുള്ള പാല്‍ നുകര്‍ന്ന് നെല്ലിനെ പതിരാക്കാന്‍ വരുന്ന കുഞ്ഞുപ്രാണികളെ തേടി വയല്‍ക്കിളികള്‍ പാടത്തിന് മുകളില്‍ വട്ടമിട്ട് പറക്കും. ഇവര്‍ നെല്ലിന്റെ കാവലാള്‍മാരാണ്.

കീഴാറ്റൂരിലും ഒരു വയല്‍ക്കിളിയുണ്ട്, ജാനകിയമ്മ. വിത്തെറിഞ്ഞ് വിളവെടുക്കാന്‍ കൈയും മെയ്യും മറന്ന് അധ്വാനിക്കുന്ന ജാനകിയമ്മ കൈകൂപ്പി പൊതുസമൂഹത്തോട് പറഞ്ഞു വയല്‍ നികത്തരുത്. മണ്ണിലെ ജലസ്രോതസ് നശിക്കും, കിണറുകള്‍ വറ്റും, ദാഹജലം കിട്ടാക്കനിയാകും- നാടിനെ ബെടക്കാക്കാന്‍ ബിടല്ല മക്കളേ… എന്ന്. വയല്‍ക്കിളി സമരം ശരിയോ തെറ്റോ- നാളെ കാലം തെളിയിക്കും. പക്ഷേ ഒന്നുണ്ട് എവിടെ പ്രകൃതി ആക്രമിക്കപ്പെടുന്നോ, എവിടെ മണ്ണിന്റെ ഉടയോര്‍ ഭീഷണി നേരിടുന്നോ അവിടെയെല്ലാം ഒരു സ്ത്രീ ഉണര്‍ന്നെണീറ്റ് പ്രതിരോധിക്കും. അത് നര്‍മദയിലെ മേധാപട്ക്കറായാലും, മധ്യപ്രദേശിലെ ദയാബായിയായാലും, ഛത്തിസ്ഗഢിലെ സോണി സോഡിയായാലും, കൂടംകുളത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളായാലും, പ്ലാച്ചിമടയിലെ മയിലമ്മയായാലും, എന്‍ഡോസള്‍ഫാന്‍ നായിക ലീലാകുമാരിയായാലും, കുമരകത്തെ കണ്ടലമ്മച്ചി മറിയാമ്മ കുര്യനായാലും, കര്‍ണാടകയിലെ വൃക്ഷമുത്തശ്ശി സാലുമാരദതിമ്മക്കയായാലും, മഹാനിലെ പ്രിയാപിള്ളയായാലും വനം തന്നെ സൃഷ്ടിച്ച കെനിയയിലെ വംഗാരി മാതയായാലും സൈലന്റ് വാലിയും ആറന്മുളയും സംരക്ഷിച്ച സുഗതകുമാരിയായാലും അതങ്ങനെ തന്നെയാണ്. പേരറിയാത്ത ഒരുപാട് കര്‍ഷക ആദിവാസി സ്ത്രീകള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പോരാട്ടത്തില്‍ ജീവിതം അര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോഴും അര്‍പ്പിക്കുന്നുണ്ട്. സ്ത്രീക്കും പ്രകൃതിക്കും തമ്മിലുള്ള ജൈവതലം ഭൂമിയെ ഉര്‍വരമാക്കുമെന്നുള്ളതുകൊണ്ടാണ് വയല്‍ക്കിളികള്‍ ഇപ്പോഴും കാവലാളായി നിന്ന് പ്രതിരോധിക്കാന്‍ പ്രയത്‌നിക്കുന്നത്.

ആസൂത്രണ കമ്മീഷന്‍ അംഗമായി രാജ്യത്തെ
പ്രഥമ ആദിവാസി വനിത

സംസ്ഥാന ആസൂത്രണ കമ്മീഷനില്‍ ഇതാദ്യമായി ഒരു ആദിവാസി യുവതി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യസംഭവം. ആസൂത്രണവും നടപ്പിലാക്കലുമൊക്കെ വരേണ്യവര്‍ഗത്തിന്റെ രാഷ്ട്രീയ വ്യവഹാരമായാണല്ലോ നടന്നുവരുന്നത്. എന്നാല്‍ ഒഡിഷയില്‍ സംസ്ഥാനത്തെ ആസൂത്രണ കമ്മീഷനില്‍ കൊരാപുട്ട് ജില്ലയിലെ പത്രപുട്ട് ഗ്രാമവാസിയായ ആദിവാസി വനിത കമല പൂജാരി അംഗമായിരിക്കുന്നു. വിത്ത് വനിത എന്ന പേരില്‍ ഗ്രാമത്തിലും സംസ്ഥാനത്തും ഏറെ സുപരിചിതയായ കമല നല്ല കര്‍ഷക കൂടിയാണ്. ജൈവകൃഷിക്കനുയോജ്യമായ നൂറുകണക്കിന് നാടന്‍വിത്തുകള്‍ കമലയുടെ ശേഖരത്തിലുണ്ട്. അവയെ സംഭരിക്കാനും പരിപോഷിപ്പിക്കാനും വിതരണം ചെയ്യാനും കമല തന്റെ 56-ാം വയസിലും കാര്‍ഷികജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നു.

രാസകീടനാശിനിയെ ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ കമല വലിയ പോരാട്ടമാണ് നടത്തുന്നത്. ജൈവവിത്തുകളുടെ സംരക്ഷണത്തെക്കുറിച്ച് കമല കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താറുണ്ട്. കൃഷിയില്‍ നിന്നും സ്വയം ആര്‍ജിച്ച നാട്ടറിവുകളും പരിശീലനവും കൃഷി സംരക്ഷണത്തിനുള്ള മാര്‍ഗമായിട്ടാണ് കമല ഉപയോഗപ്പെടുത്തുന്നത്. 2014-ല്‍ കമലയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു. ഇന്നിപ്പോള്‍ സംസ്ഥാന ആസൂത്രണ കമ്മീഷന്‍ അംഗമായിത്തന്നെ കമലയെ ഒഡിഷ സര്‍ക്കാര്‍ നിയമിച്ചുകൊണ്ട് രാജ്യത്തിന് മാതൃകയായി. ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുക എന്നതായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് കമല പറയുമ്പോള്‍ അതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. നെല്‍വയല്‍ സംരക്ഷണം, കുടിവെള്ള സ്രോതസ് സംരക്ഷണം അടക്കം- മുഖ്യമന്ത്രി നവീന്‍പട്‌നായിക് അധ്യക്ഷനായ കമ്മീഷനില്‍ നാട്ടിന്‍പുറത്തിന്റെ നന്മ അറിവുകളുമായി കമല എന്ന ആദിവാസി സ്ത്രീ നടത്താന്‍ പോകുന്ന ആസൂത്രണ ഇടപെടലിന് മണ്ണിന്റെ ഗന്ധമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.