Sunday
22 Oct 2017

ആരുഷി വധം ; സിബിഐയ്ക്ക് നാണക്കേടിന്റെ മറ്റൊരേട്

By: Web Desk | Thursday 12 October 2017 7:58 PM IST

പ്രതി ഒരേസമയം നിരപരാധിയുമായേക്കാം

സ്വന്തം ലേഖകന്‍

ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ ഇതുപോലെ വിചിത്രമായ ഒരു കേസ് മുന്‍പുണ്ടായിട്ടില്ല. ഒരേസമയം പ്രതിയായും നിരപരാധിയായും പരിഗണിക്കാവുന്ന ഒന്നിലേറെപ്പേരുടെ സാന്നിധ്യം, വസ്തുതകളോ സാഹചര്യങ്ങളോ പ്രതികളിലേക്ക് നയിക്കാത്ത ദുരൂഹമായ കൊലപാതകം. എല്ലാത്തിനും പുറമെ മാധ്യമങ്ങള്‍ വളര്‍ത്തിക്കൊണ്ട് വന്ന കേസെന്ന ആരോപണം.. ഇങ്ങനെ പോകുന്നു ആരുഷി തല്‍വാര്‍ വധക്കേസിന് ചാര്‍ത്തിക്കിട്ടിയിട്ടുള്ള വിശേഷങ്ങള്‍.
‘മാധ്യമങ്ങള്‍ കേസില്‍ അന്യായമായി ഇടപെടുന്നു’ എന്നും ‘അവര്‍ സ്വയം ജഡ്ജികളാകുന്നു’ എന്നും രാജ്യത്തെ പരമോന്നത നീതിപീഠം പോലും നിരീക്ഷിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കൊലക്കേസ്സാണ് സിബിഐ പോലും ഒരു ഘട്ടത്തില്‍ അടിയറവ് പറഞ്ഞ് പിന്മാറിയ ഈ കൊലപാതകം.
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നുള്ള മിശ്രവിവാഹിതരായ രാജേഷ്, നൂപുര്‍ തല്‍വാര്‍ എന്നീ ഡോക്ടര്‍ ദമ്പതികളുടെ മകളായ 14 വയസ്സുകാരി ആരുഷി തല്‍വാറിന്റെയും അവരുടെ വീട്ടിലെ ജോലിക്കാരനായിരുന്ന ഹേംരാജ് ബെഞ്ചാഡിന്റെയും മൃതദേഹങ്ങള്‍ 2008 മെയ് മാസം രണ്ടു ദിവസങ്ങളുടെ ഇടവേളയിലാണ് ജലായുവിഹാറിലെ വീട്ടില്‍ കൊല്ലപ്പെട്ട രീതിയില്‍ കണ്ടത്. ആദ്യ മൃതദേഹം കിട്ടുമ്പോള്‍ മുതല്‍ പൊലീസിന്റെ അന്വേഷണം തെറ്റായ ദിശയിലൂടെയായിരുന്നു. കൊലപാതകം നടന്ന വീട് വേണ്ടത്ര പരിശോധിക്കാന്‍ പോലും പൊലീസ് തയാറാവാതെ വന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ ‘കേസന്വേഷണം’ ഏറ്റെടുക്കുന്നത്. ലോക്കല്‍ പൊലീസ് അലംഭാവം കാണിച്ചു എന്ന് തെളിഞ്ഞതോടെ കേസ് സിബിഐയ്ക്ക് കൈമാറി.
സിബിഐ കണ്ടെത്തിയ നിഗമനങ്ങള്‍ അവര്‍ക്ക് സമീപകാലത്തുണ്ടായ ഏറ്റവും വലിയ പരാജയമായാണ് വിശേഷിക്കപ്പെട്ടത്. തല്‍വാര്‍ ദമ്പതികളാണ് കോല നടത്തിയതെന്ന നിഗമനത്തിലെത്തിയെങ്കിലും അതിനു പിന്‍ബലം നല്‍കുന്ന ഒന്നും അവര്‍ക്ക് മുന്നോട്ട് വയ്ക്കാനായില്ല. ആയിടെ സിബിഐയുടെ ചോദ്യം ചെയ്യലില്‍ ഉണ്ടായ ഒരു കൗതുകകരമായ സംഭവം ഇന്ത്യയിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയുടെ ഇമേജിനെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി. അന്വേഷണ ഉദ്യോഗസ്ഥന്‍ രാജേഷ് തല്‍വാറിനോട് അന്യസമുദായത്തില്‍പെട്ട ഒരാളുമായുള്ള മകളുടെ അവിവിഹിത ബന്ധം കണ്ടെത്തിയപ്പോഴല്ലേ കൊലപാതകം നടത്തിയത് എന്ന് ചോദിച്ചതിന്, ഞാനും നൂപുറും മിശ്രവിവാഹിതരാണ് എന്ന് ഒറ്റവാചകത്തിലുള്ള മറുപടിയാണ് ആരുഷിയുടെ പിതാവ് നല്‍കിയത്. അതോടെ മറുവാദങ്ങളില്ലാതെ കുഴഞ്ഞ സിബിഐ പിന്നീട് വേണ്ടത്ര തെളിവുകളുടെ അഭാവത്തില്‍ കേസന്വേഷണം അവസാനിപ്പിക്കുകയും, പകരം അവരുടെ തന്നെ മറ്റൊരു സംഘത്തിന് അന്വേഷണചുമതല നല്‍കുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് തല്‍വാര്‍ ദമ്പതികളെ കുറ്റക്കാരായി പരിഗണിക്കാവുന്ന എന്തെങ്കിലും സിബിഐ കണ്ടെത്തുന്നത്. അതിന്‍മേലാണ് ഗാസിയാബാദ് കോടതി നിര്‍ദ്ദേശപ്രകാരം ആരുഷിയുടെ മാതാപിതാക്കളെ അറസ്റ്റു ചെയ്തതും ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചതും.
എന്നാല്‍ ഇവര്‍ക്കെതിരായ ആരോപണം ‘സംശയാതീതമായി തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ട’ തായി ബി കെ നാരായണ, എ കെ മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഇന്നലെ വ്യക്തമാക്കിയതോടെ സിബിഐയുടെ ക്രെഡിബിലിറ്റി വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.
ഇതിനൊക്കെ പുറമെ തല്‍വാര്‍ ദമ്പതികളുടെ വീട്ടിലെ പരിചാരകനായിരുന്ന നേപ്പാള്‍ സ്വദേശി ഹേംരാജ് ബെഞ്ചാഡെ എങ്ങനെ കൊല്ലപ്പെട്ടു എന്ന കാര്യത്തിലും സിബിഐയ്ക്ക് ഇതുവരെ കൃത്യമായ ഉത്തരം നല്‍കാനായിട്ടില്ല. ആരുഷിയുടെ മരണത്തില്‍ മാതാപിതാക്കള്‍ നിരപരാധികളാണ് എന്ന് കോടതി വിധിക്കുമ്പോള്‍ രണ്ടു കൊലപാതകങ്ങളും പിന്നെങ്ങനെ സംഭവിച്ചു എന്ന ചോദ്യം അവശേഷിക്കുന്നു.

 

Related News