Monday
10 Dec 2018

അരുവിപ്പുറം പ്രതിഷ്ഠ: പിന്നിട്ട് 130 വര്‍ഷങ്ങള്‍

By: Web Desk | Sunday 11 February 2018 9:51 PM IST

എ വി ഫിര്‍ദൗസ്

കേരളീയ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ അനന്യസൂര്യനായ ശ്രീനാരായണഗുരുവിന്റെ പരിശ്രമങ്ങളില്‍ ആദ്യത്തേതായിരുന്നു 130 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അരുവിപ്പുറം ശിവ പ്രതിഷ്ഠ. അന്ന് അദ്ദേഹം ഗുരുവായോ സന്യാസിയായോ അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല. മരുത്വാമലയിലെ തപസിലധിഷ്ഠിതമായ ധ്യാനകാലത്തു നിന്ന് സമൂഹത്തിലേക്കിറങ്ങിവന്ന ഘട്ടമായിരുന്നു അത്. തനിക്കീ സമൂഹത്തില്‍ ചിലത് ചെയ്തുതീര്‍ക്കാനുണ്ട് എന്ന തിരിച്ചറിവിലൂന്നിയുളള അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൃംഖലയുടെ ആദ്യ കണ്ണിയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ.
അതൊരു ശിവപ്രതിഷ്ഠയായിരുന്നു- മതപരവും ആത്മീയവുമായ വീക്ഷണത്തില്‍. ഗുരുവിന്റെ അന്നത്തെ മാനസികാവസ്ഥ പരിഗണിക്കുമ്പോള്‍ ആ പ്രതിഷ്ഠയുടെ അര്‍ഥതലങ്ങള്‍ ഗഹനങ്ങളും അതീവ വിപ്ലവകരങ്ങളുമായിരുന്നു. ദ്രാവിഡ സാംസ്‌കാരിക പശ്ചാത്തലമുള്ള ഒരു കീഴാളപക്ഷ ദൈവശാസ്ത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന ക്ഷേത്രപ്രതിഷ്ഠാ സമീപനങ്ങളാണ് എക്കാലവും നാരായണഗുരു സ്വീകരിച്ചുവന്നത്. ‘ശിവന്‍’ എന്നത് ദ്രാവിഡ-അവര്‍ണ സാംസ്‌കാരിക പശ്ചാത്തലത്തില്‍ കൂടുതല്‍ ജനകീയവും ചിരപരിചിതവുമായ ഒരു ദൈവസങ്കല്‍പമായിരുന്നു. ആദി ഭാരതീയതയില്‍ ആര്‍ക്കും ഏതുവിധേനയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാവുന്ന വിധത്തില്‍ ചില ‘സ്വന്ത്രതകള്‍’ ആ സങ്കല്‍പത്തിനുണ്ടായിരുന്നു. അത്തരമൊരു സാംസ്‌കാരിക ആഭിമുഖ്യത്തിന്റെ അടിസ്ഥാനത്തിലാണ് നാരായണഗുരു തന്റെ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശിവ സങ്കല്‍പത്തെ തിരഞ്ഞെടുത്തത്. പരിനെട്ടാം നൂറ്റാണ്ടിനു മുന്‍പുതന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചുരപ്രചാരം സിദ്ധിച്ചുകഴിഞ്ഞിരുന്ന ഐതിഹ്യാധിഷ്ഠിതവും സവര്‍ണാഭിമുഖവുമായ 108 ശിവാലയ സങ്കല്‍പവുമായി ഗുരുവിന്റെ ഭാവന ബന്ധപ്പെട്ടിരുന്നില്ല.
മരുത്വാമലയിറങ്ങി മലയാളാതിര്‍ത്തിയില്‍ പ്രവേശിച്ച നാരാണഗുരുവിന് മുന്നിലേക്ക് കണ്ണീരും കദനങ്ങളുമായി കടന്നുചെന്നവര്‍ കേരളത്തിലെ അധഃസ്ഥിത വിഭാഗങ്ങളായിരുന്നു. സ്വന്തം ദൈവസങ്കല്‍പങ്ങളും വിശ്വാസങ്ങളും വച്ചുപുലര്‍ത്തിയിരുന്ന അവര്‍ക്ക് നേരിടേണ്ടി വന്നിരുന്ന പ്രധാന പ്രശ്‌നങ്ങള്‍ സവര്‍ണരുടെ അക്രമങ്ങളും നീതിനിഷേധങ്ങളുമാണ്. സ്വന്തം ക്ഷേത്രങ്ങളിലും കോവിലുകളിലും ദൈവപ്പുരകളിലും നടത്തുന്ന ആരാധനകള്‍ക്ക് സവര്‍ണര്‍ തടസം നില്‍ക്കുന്നതോടൊപ്പം അറിയപ്പെടുന്ന ക്ഷേത്രങ്ങളുടെ പരിസരങ്ങളിലേക്ക് പോലും തങ്ങളെ അവര്‍ അടുപ്പിക്കുന്നില്ല എന്നായിരുന്നു അവര്‍ണ ജനതയുടെ പരാതി. ദ്രാവിഡ ബോധത്തില്‍ സര്‍വതന്ത്ര സ്വതന്ത്ര ദൈവമായ ശിവന്‍പോലും സവര്‍ണക്ഷേത്ര മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ജാതിബോധദുര്‍മൂര്‍ത്തിയായാണ് പൂജിക്കപ്പെട്ടത്.
അവര്‍ണരുടെ ആരാധനാവകാശം അവര്‍ക്ക് വകവച്ചു കൊടുക്കപ്പെടുന്നതിനും, ശിവ സങ്കല്‍പത്തെ അതിനുമേല്‍ ആരോപിതമായ സവര്‍ണ ഭാഷ്യങ്ങളില്‍ നിന്ന് വിമുക്തീകരിക്കുന്നതിനും, സര്‍വോപരി മാനവികമായ ഒരു ശിവാത്മീയ സങ്കല്‍പത്തിന് അടിവരയിടുന്നതിനുമാണ് അരുവിപ്പുറത്ത് നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത്. ഒരു ശിവരാത്രിനാള്‍ത്തലേന്നാണ് ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് എന്നാണ് ചരിത്ര ഭാഷ്യങ്ങളില്‍ ഒന്ന്. പാരമ്പര്യ പ്രതിഷ്ഠാ രീതികളെ തീര്‍ത്തും തള്ളിക്കളഞ്ഞ് മനുഷ്യമനോധര്‍മത്തിന്റെ അടിസ്ഥാനപീഠത്തിലാണ് ഗുരു പ്രതിഷ്ഠ നടത്തിയത്. താന്ത്രിക സമ്പ്രദായമനുസരിച്ച് ദേവപ്രതിഷ്ഠ നടത്തുന്ന പീഠത്തിന് ചില സവിശേഷ ഗുണങ്ങളുണ്ടായിരിക്കേണ്ടതുണ്ട്. വിഗ്രഹത്തിനും അത്തരം നിബന്ധനകള്‍ തന്ത്രശാസ്ത്ര പ്രതിപാദിതങ്ങളാണ്. പ്രതിഷ്ഠകന്‍ ശുദ്ധ ആര്യത്വത്തിന്റെ പരകോടിയില്‍ ജ്വലിക്കുന്നവന്‍ ആയിരിക്കേണ്ടതുണ്ട്. എന്നാല്‍ പ്രതിഷ്ഠയുടെയും പ്രതിഷ്ഠാനത്തിന്റെയും പ്രതിഷ്ഠകന്റെയും കാര്യത്തില്‍ അത്തരം സവര്‍ണ താന്ത്രികതയുടെ മാമൂലുകളെ നാരായണഗുരു തീര്‍ത്തും അവഗണിക്കയാണ് ചെയ്തത്.
അരുവിപ്പുറത്ത് നെയ്യാറ്റിലെ ‘ശങ്കരന്‍കുഴി’ എന്നറിയപ്പെട്ടിരുന്ന ഒരു ചെറിയ കയത്തില്‍ മുങ്ങിയാണ് ഗുരു പ്രതിഷ്ഠക്കാവശ്യമായ ശിലാരൂപം കണ്ടെടുത്തത്. ‘ശങ്കരന്‍ കുഴി’ എന്ന് ആ കയത്തിനു പേരുണ്ടായത് അതില്‍ ഒരു ശിവലിംഗം കിടപ്പുണ്ട് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നു പറയപ്പെടുന്നുണ്ട്. ശങ്കരന്‍കുഴിയില്‍ മുങ്ങിയ നാരായണഗുരു മണിക്കൂറുകള്‍ കഴിഞ്ഞാണത്രെ ജലോപരിതലത്തില്‍ ഉയര്‍ന്നുവന്നത്. അപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ ശിവലിംഗ രൂപത്തോട് സാമ്യമുള്ള ഒരു ശിലാഖണ്ഡം ഉണ്ടായിരുന്നു. ഗുരുവിന്റെ ചില ജീവചരിത്രകാരന്മാര്‍ നല്‍കുന്ന വിവരണമനുസരിച്ച് പ്രതിഷ്ഠ നടത്തുന്ന സമയത്ത് ഗുരുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. ഒരുപക്ഷേ താന്‍ നിര്‍വഹിക്കുന്ന ഈ വിപ്ലവകരമായ ദൗത്യത്തിന്റെ അര്‍ഥതലങ്ങളെ കുറിച്ചോര്‍ത്തുള്ള കണ്ണീരായിരിക്കാം അന്ന് നാരായണഗുരുവിന്റെ കവിളുകളിലൂടെ ചാലിട്ടൊഴുകിയത്.
എന്തായാലും ഗുരു പ്രതിഷ്ഠ നടത്തുകതന്നെ ചെയ്തു. അവര്‍ണവും സ്വതന്ത്രവുമായ രീതിയില്‍ യാതൊരു തന്ത്രശാസ്ത്രത്തിന്റെയും ചങ്ങലക്കെട്ടുകളില്ലാത്ത ഒരു പ്രതിഷ്ഠാ കര്‍തൃത്വം! നാരായണഗുരുവിന്റെ ഈ പ്രവൃത്തിയെക്കുറിച്ച് വളരെ വേഗത്തില്‍ തന്നെ അന്നത്തെ കന്യാകുമാരി മുതല്‍ ഗോകര്‍ണംവരെയുള്ള മലയാള നാട്ടില്‍ വാമൊഴി വാര്‍ത്താ വിതരണം നടക്കുകയുണ്ടായി. ജാതീയതയുടെയും ഉച്ചനീചത്തങ്ങളുടെയും ചപ്പുചവറുകള്‍ തിങ്ങിവിങ്ങിക്കിടന്നിരുന്ന പ്രാക്തന കേരളത്തിന്റെ വേനല്‍പ്പറമ്പിലേക്ക് ഉതിര്‍ന്നുവീണ വിപ്ലവത്തിന്റെ ഒരു തീപ്പൊരിയായിരുന്നു നാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠാ കര്‍മം. കാതങ്ങളും മൈലുകളും അപ്പുറത്തുള്ള തുളുനാട്ടിലെ ബ്രാഹ്മണര്‍ക്കിടയിലേക്ക് പോലും ‘അരുവിപ്പുറത്തെ നാരായണന്റെ ധിക്കാരപ്രതിഷ്ഠ’യെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും ചേര്‍ന്ന വാര്‍ത്ത എത്തിയത് വിവരവിതരണ ഉപാധികള്‍ ഒട്ടുമില്ലാത്ത അക്കാലത്ത് കേവലം രണ്ടാഴ്ച മാത്രം കൊണ്ടായിരുന്നു എന്നതില്‍ നിന്നുതന്നെ അതെത്രമാത്രം തീവ്രവേഗതയില്‍ സഞ്ചരിച്ച ഒരു വാര്‍ത്തയായിരുന്നു എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.
അരുവിപ്പുറത്ത് നാരായണഗുരു നടത്തിയ പ്രതിഷ്ഠ ‘ശിവന്റേതല്ല’ എന്നും, അബ്രാഹ്മണനും അവര്‍ണനുമായ അദ്ദേഹത്തിന് ശിവപ്രതിഷ്ഠ നടത്തുവാന്‍ അധികാരവും അവകാശവും ഇല്ലെന്നുമുള്ള വാദഗതികള്‍ ഉന്നയിച്ചുകൊണ്ട് സവര്‍ണര്‍ രംഗത്തുവരികയുണ്ടായി. ഇത്തരം വാദഗതികള്‍ക്ക് മറുപടിയായാണ് നാരായണഗുരു തന്റെ സുപ്രസിദ്ധമായ ‘നമ്മുടെ ശിവന്‍’ എന്ന പ്രയോഗം കൊണ്ടുവന്നത്. ‘അതിനു നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനേയാണല്ലോ’ എന്നായിരുന്നു ഗുരുവിന്റെ പ്രതികരണം. അതില്‍ എല്ലാം ഉള്ളടങ്ങിയിരുന്നു. സവര്‍ണവര്‍ഗത്തിന്റെയോ പരമ്പരാഗത താന്ത്രികതയുടെയോ, ഉച്ചനീചത്തങ്ങളാല്‍ ചുറ്റുമതിലുകള്‍ തീര്‍ത്തുവച്ചിട്ടുള്ള വര്‍ണാശ്രമ ഹിന്ദുത്വത്തിന്റെയോ ശിവനെയല്ല താന്‍ പ്രതിഷ്ഠിച്ചത് എന്നും, എല്ലാ വിഭാഗം മനുഷ്യരുടെയും മനസിലേക്ക് ഒരേപോലെ കടന്നുചെല്ലുവാന്‍ ത്രാണിയുളളതും സ്വതന്ത്രമായ ആശയപീഠത്തിലിരിക്കുന്നതുമായ വിശാലബോധത്തെയാണ് താനിവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നുമായിരുന്നു ഗുരുവിന്റെ ‘നമ്മുടെ ശിവന്‍’ പ്രയോഗത്തിനര്‍ഥം. ഈ അര്‍ഥത്തെ വ്യക്തമാക്കിക്കൊണ്ടാണ് ‘അരുവിപ്പുറം പരിപാലനയോഗ’ത്തിന്റെ പ്രവര്‍ത്തകര്‍ അവിടത്തെ ചുമരില്‍ ഗുരുവിന്റെ തന്നെ നിര്‍ദേശപ്രകാരം ”ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും, സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്നെഴുതിവച്ചത്. ജാതിഭേദവും മതദ്വേഷവും ഇല്ലാതാക്കുക, സോദരത്വം സ്ഥാപിച്ചുകൊണ്ട് മനുഷ്യമാനവികതയെ ഉജ്ജ്വലമാക്കുക, കേരളീയ സമൂഹത്തെ ഒരു മാതൃകാ സമൂഹമാക്കി പരിവര്‍ത്തിപ്പിക്കുക എന്നിങ്ങനെയുള്ള മഹത്തായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഒരു വിപ്ലവപ്രവര്‍ത്തനമാണ് താന്‍ അരുവിപ്പുറത്ത് നിര്‍വഹിച്ചത് എന്ന് ഗുരു അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി ഈ ചുവരെഴുത്തിലൂടെ. കേവലം ഒരു അമ്പലമോ കോവിലോ പണിതുയര്‍ത്തി വിളക്കുവച്ചു പൂജിക്കാന്‍ അവര്‍ണര്‍ക്കവസരം സൃഷ്ടിക്കുക എന്നതിനുമപ്പുറം വിശാലമായ ലക്ഷ്യങ്ങള്‍ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് പിന്നിലുണ്ടായിരുന്നതിന്റെ തെളിവും ആ ചുവരെഴുത്തു തന്നെയാണ്.
ഗുരുവിനെ അഭിനവ ഹിന്ദുത്വത്തിന്റെ ഒരാചാര്യനാക്കി മാറ്റുവാനുള്ള ശ്രങ്ങള്‍ അന്നത്തേക്കാള്‍ ഇന്ന് വ്യാപകമാണ്. എന്നാല്‍ അരുവിപ്പുറം മുതല്‍ക്കിങ്ങോട്ട് ആലുവാ അദ്വൈതാശ്രമം വഴി സഞ്ചരിച്ച്, കളവങ്കോടം കണ്ണാടി പ്രതിഷ്ഠപോലുള്ള പ്രതീകാധിഷ്ഠിത ഇടങ്ങളിലൂടെ കടന്നുവന്ന് ചരിത്രയുക്തിയുടെ വെളിച്ചത്തില്‍ നിലയുറപ്പിച്ചുകൊണ്ട് നാം നാരായണഗുരുവിനെ വിലയിരുത്തുമ്പോള്‍ നമുക്ക് കാണുവാന്‍ കഴിയുന്നത് വളരെ വിപ്ലവകരമായ അര്‍ഥത്തില്‍ അദ്ദേഹം ഹിന്ദുത്വത്തെ പുനര്‍നിര്‍വചിക്കുകയും ‘പരമ്പരാഗത’മെന്ന് വ്യാഖ്യാനിക്കപ്പെടുന്ന സനാതന സംസ്‌കാരത്തെ അഴിച്ചുപണിയുകയും ചെയ്തിട്ടുണ്ട് എന്നാണ്.
എല്ലാത്തരം ഉച്ചനീചത്വങ്ങള്‍ക്കുമെതിരായി മാനവികതയുടെ ഒരു ദീപനാളം ജ്വലിപ്പിച്ചെടുക്കാനാണ് ദീപപ്രതിഷ്ഠ നടത്തിയ ഗുരു ഉദ്യമിച്ചത്. കളവങ്കോടത്തെ കണ്ണാടി പ്രതിഷ്ഠ ‘തത്ത്വമസി’ ‘അഹം ബ്രഹ്മാസ്മി’ ‘സര്‍വം ഖലിദം ബ്രഹ്മ’ തുടങ്ങിയ ആര്‍ഷമഹാതത്വങ്ങളുടെ, മനുഷ്യന്‍ ബ്രഹ്മം തന്നെയാണ് എന്ന അനശ്വര വിപ്ലവാശയത്തിന്റെ പ്രതിരൂപമായിരുന്നു. അതുകൊണ്ടാണ് എറണാകുളം അങ്ങാടിയില്‍ ചെന്ന് കണ്ണാടിവാങ്ങിച്ച് അതിന് പിന്നിലെ രസം ‘ഓം’ കാരാകൃതിയില്‍ ചുരണ്ടിമാറ്റി കൊണ്ടുവരാനായി പറഞ്ഞു വിട്ട ആള്‍ ‘ഓ’മിനു പകരം ‘ഒം’ എന്നുമാത്രം എഴുതിപ്പിച്ചു തിരിച്ചുവന്നപ്പോള്‍ നാരായണഗുരു ചെറു പുഞ്ചിരിയോടെ ‘അതുമതി, അതിനും അര്‍ഥമുണ്ട്’ എന്നു പറഞ്ഞത്. ഗുരുവിന്റെ മനോവിലാസത്തിലെ ‘ഓം’ കാരമെന്നത് സാമൂഹ്യാര്‍ഥത്തിലെ ‘നാം’ കാരമായിരുന്നു. ‘നമ്മുടെ ശിവന്‍’ എന്ന് ശിവനെ സര്‍വത്ര മനുഷ്യരുടെയും ശിവനാക്കിമാറ്റിയ അവര്‍ണ വിമോചനദൈവശാസ്ത്രമാണ് അരുവിപ്പുറം പ്രതിഷ്ഠയുടെ എന്നപോലെ ശ്രീനാരായണ ദര്‍ശനത്തിന്റെ തന്നെയും ആകത്തുക.