Wednesday
22 Aug 2018

കാര്‍ഷിക മേഖലയ്ക്ക് കൈതാങ്ങായ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികൂട്ടവും

By: Web Desk | Thursday 30 November 2017 8:46 PM IST

പൂച്ചാക്കല്‍: കാര്‍ഷിക മേഖലയ്ക്ക് കൈതാങ്ങായ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെയും പ്രാപ്തരാക്കുക വഴി ശ്രദ്ധേയമാകുകയാണ് പാണാവള്ളി അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍ അധികൃതര്‍.

ശാരീരികവും മാനസികവുമായ വെല്ലുവിളികളാല്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുകയെന്ന പരിശ്രമം കൂടിയായ് ഇതിനു പിന്നില്‍. സ്‌കൂള്‍ അധികൃതരുടെ ഈ ലക്ഷ്യം വിജയകരമാണെന്ന് തെളിയിക്കുകയാണ് സ്‌കൂള്‍ അങ്കണത്തില്‍ നിറയെ കായ്ച്ച് നില്‍ക്കുന്ന വെണ്ടയും, മത്തനും, പയറും, വഴുതനയും. എഴുപതോളം വരുന്ന വിദ്യാര്‍ത്ഥി കൂട്ടം സ്‌കൂള്‍ വക ഒരേക്കര്‍ സ്ഥലത്ത് പകുതി നെല്‍കൃഷിയും ബാക്കി സ്ഥലത്ത് പച്ചക്കറിയുമാണ് കൃഷി ചെയ്യുന്നത്. പാണാവള്ളി കൃഷിഭവന്റെ എല്ലാ വിധ സഹായവും ഇതിനു നല്‍കുന്നുണ്ട്.
പഠനത്തിനും വിനോദത്തിനും ശേഷമാണ് ഇവര്‍ കൃഷിക്ക് സമയം കണ്ടെത്തുന്നത്. വിളകളെല്ലാം സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി എടുക്കുകയാണ് പതിവ്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ പ്രോത്സാഹനവുമായ് പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ ഡോളിയും രക്ഷകര്‍ത്താക്കളും ഇവര്‍ക്കൊപ്പമുണ്ട്. പുതിയ കൃഷിയിടത്തില്‍ മറ്റ് കൃഷിയോടൊപ്പം ചീര കൃഷി കൂടി ചെയ്തു തുടങ്ങി. വിത്തുപാകല്‍ ഉദ്ഘാടനം സിസ്റ്റര്‍ ഡോളി നിര്‍വ്വഹിച്ചു. സിസ്റ്റര്‍ ആഗ്‌നസ്, ലീബിയ, സേതു, സുജ, രഞ്ജിത, അല്‍ഫോന്‍സ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.