Monday
21 Aug 2017

പച്ചവേഷത്തിന്റെ ‘ആശാൻ’

By: Web Desk | Friday 2 June 2017 4:45 AM IST

എം സി അഞ്ജലി
തൃശൂർ: വേഷങ്ങൾ പോലെ പച്ചയാണ്‌ ഈ മഹാനടൻ. കലാമണ്ഡലം കൃഷ്ണൻ നായരുടെയും കലാമണ്ഡലം രാമൻകുട്ടി നായരുടെയും നടനത്തിന്‌ തിരശീല വീണതിൽ പിന്നെ കഥകളിയരങ്ങിൽ കുലപതി. കലയുടെ നളനായി കലാനാടിന്റെ യശ്ശസ്‌ വാനോളം ഉയർത്തി. മൂന്ന്‌ പതിറ്റാണ്ടിലധികം നീണ്ട കലാസപര്യയിൽ കലാമണ്ഡലം ഗോപിയുടെ വേഷപകർച്ച കണ്ടത്‌ ലക്ഷോപലക്ഷം പേരാണ്‌. കലകളുടെ കളിത്തൊട്ടിലായ മലയാള നാടിനപ്പുറം ലോകത്തിന്റെ പലകോണുകളിലായി ഒരുക്കിയ കളിത്തൊട്ടിലിലെല്ലാം ഗോപിയാശാന്റെ പകർന്നാട്ടം ആസ്വാദകപ്രശംസ പിടിച്ചുപറ്റി. ഗോപിയാശാന്റെ എൺപതാം പിറന്നാൾ ആഘോഷത്തിലാണ്‌ മലയാള മണ്ണ്‌.
ഗുരുക്കന്മാർ പകർന്ന്‌ നൽകിയ കഥകളിയിലെ സാങ്കേതികതയും ഭാവപ്പകർച്ചയും തനതായ രീതിയിൽ ആസ്വാദകർക്ക്‌ ഹൃദ്യമാക്കിയ കാലാകാരൻ. ആശാന്റെ പച്ചവേഷങ്ങളാണ്‌ കാണികൾക്ക്‌ പ്രിയം. കഥാപാത്രങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ ആശാൻ രംഗാവതരണം നടത്തുമ്പോൾ ആദ്യമായി കഥകളി കാണുന്ന വ്യക്തിവരെ അതിൽ ലയിച്ചിരിക്കുന്നു.
പച്ചവേഷത്തിനൊത്ത പൊക്കവും മുഖവും ഭാവാർദ്രമായ കണ്ണുകളും വിടർന്ന കവിൾത്തടവും ചുണ്ടുമെല്ലാം കാണികളിൽ ലഹരിയുണർത്തുന്നു. വേദിയിൽ അർജുനനായും കർണനായും നളനായും ഗോപിയാശാൻ നിറഞ്ഞാടുമ്പോൾ ആസ്വാദകരും ഒപ്പം താളം പിടിക്കുന്നു. പുരാണ കഥാപാത്രങ്ങൾ കൺമുൻപിൽ നിറഞ്ഞാടുന്ന പ്രതീതി ഉണർത്തലാണ്‌ ആശാന്റെ ഓരോ രംഗാവിഷാകാരങ്ങളും. മുഖത്ത്‌ പ്രതിഫലിക്കുന്ന കരുണയും, വീരവും, ശൃംഗാരവുമെല്ലാം കഥാപാത്രങ്ങൾക്കിണങ്ങും വിധം ലയിച്ച്‌ ചെയ്യുന്നു. ഇതുതന്നെയാണ്‌ ആശാന്റെ പച്ചവേഷങ്ങൾ കാണികൾക്ക്‌ കൂടുതൽ സ്വീകാര്യമായതും. ആശാന്റെ പച്ചവേഷങ്ങളിൽ കൂടുതൽ പ്രിയം നളനാണ്‌. സാങ്കൽപ്പിക കഥാപാത്രമായ നളനെ കൂടുതൽ ഭാവപ്പകർച്ചയിൽ അവതരിപ്പിക്കുമ്പോൾ ആസ്വാദകർക്ക്‌ പ്രിയമേറുന്നു. സംസ്കൃതത്തിന്റെ പ്രയോഗവും മുദ്രകളും കൊണ്ട്‌ കഥകളി ഗ്രഹിക്കാൻ പ്രയാസം എന്ന്‌ പറഞ്ഞവർക്കു മുൻപിൽ ഗോപി ആശാന്റെ അഭിനയ മികവ്‌ പ്രിയങ്കരം തന്നെ. കഥകളി പദങ്ങളെ അതിന്റെ അർത്ഥത്തിൽ ഉൾക്കൊണ്ടാണ്‌ ഗോപി ആശാന്റെ ഓരോ പ്രകടനങ്ങളും.
1937 മെയ്‌ 21ന്‌ പാലക്കാട്‌ ജില്ലയിലെ കോതച്ചിറയിലാണ്‌ വടക്കേ മണലത്ത്‌ ഗോവിന്ദൻ നായരെന്ന കലാമണ്ഡലം ഗോപിയുടെ ജനനം. രണ്ടു വർഷത്തെ ഓട്ടൻതുള്ള ൽ പഠനത്തിനുശേഷം തേക്കിൻകാട്ടിൽ രാവുണ്ണി ആശാന്റെ ശിക്ഷണത്തിൽ കൂടല്ലൂർ മന കളരിയിൽ ആദ്യമായി കച്ചകെട്ടി കഥകളി അഭ്യാസം ആരംഭിച്ചു. തുടർന്ന്‌ കലാമണ്ഡലത്തിൽ രാമൻകുട്ടി നായരുടേയും പത്മനാഭൻ നായരുടേയും കൃഷ്ണൻകുട്ടി വാര്യരുടേയും ശിക്ഷണത്തിൽ അഭ്യാസം പൂർത്തിയാക്കി. കോഴിക്കോട്‌ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ കഥകളിയിൽ ആദ്യ പ്രകടനം. തുടർന്നങ്ങോട്ട്‌ ചുവട്‌ പിഴയ്ക്കാതെ മുന്നോട്ടായിരുന്നു പ്രയാണം.
സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ ആശാൻ നിറഞ്ഞാടിക്കഴിഞ്ഞു. വർഷങ്ങൾ പിന്നിട്ടിട്ടും ആശാനെതേടി ഇന്നും ആരാധകർ എത്തുന്നു. ഇതിൽ പഴമക്കാരും പുതിയ തലമുറയുമെല്ലാം പെടും. കൃഷ്ണനാട്ടത്തിന്റെയും കൂടിയാട്ടത്തിന്റെയും ഭാവപ്പകർച്ചയിലൂടെ അവതരിച്ച കഥകളിക്ക്‌ ആസ്വാദകരെ ഉണ്ടാക്കിയതിൽ ഗോപിയാശാന്റെ അഭിനയത്തിനും ഏറെ പങ്കുണ്ടെന്നുതന്നെ പറയാം.
കലാമണ്ഡലത്തിലെ എമറേറ്റസ്‌ പ്രഫസറായി അധ്യാപനം തുടരുന്ന അദ്ദേഹത്തിന്‌ കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, പത്മശ്രീ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. അംഗീകാരങ്ങൾക്കിടയിലും എളിമയോടെ അദ്ദേഹം തന്റെ കലാ ജീവിതത്തിൽ മുന്നോട്ട്‌ നീങ്ങുകയാണ്‌. എൺപതിന്റെ പടിവാത്തിക്കൽ എത്തി നിൽക്കുമ്പോഴും ആ മുഖത്ത്‌ പുഞ്ചിരിയാണ്‌.


അരങ്ങിൽ ധർമ്മരാജനായി മനം കവർന്ന്‌ കലാമണ്ഡലം ഗോപി
തൃശൂർ: അരങ്ങിൽ ധർമ്മരാജനായി കാണികളുടെ മനം കവർന്ന്‌ കലാമണ്ഡലം ഗോപി. ഗോപി ആശാന്റെ 80-ാ‍ം പിറന്നാളിനോടനുബന്ധിച്ച്‌ ആരംഭിച്ച ആഘോഷ പരിപാടികളുടെ ഭാഗമായാണ്‌ അദ്ദേഹം രംഗാവതരണം നടത്തിയത്‌. കിർമ്മീര വധത്തിലെ ധർമ്മരാജനായി പച്ചവേഷത്തിലാണ്‌ അദ്ദേഹം കാണികൾക്ക്‌ മുൻപിൽ അവതരിച്ചത്‌.
തന്റെ കലാജീവിതത്തിന്റെ ആരംഭഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന കലാകാരന്മാർക്കൊപ്പമാണ്‌ അദ്ദേഹം പച്ചവേഷത്തിൽ എത്തിയത്‌. പഞ്ചാലിയായി കലാമണ്ഡലം കെ ജി വാസുദേവനും ധൗമ്യനായി കലാമണ്ഡലം കുട്ടനും സൂര്യനായി കലാമണ്ഡലം മുരളീധരൻ നായരും ശ്രീകൃഷ്ണനായി വാഴേങ്കട വിജയനും സുദർശനമായി നെല്ലിയോട്‌ വാസുദേവൻ നമ്പൂതിരിയുമാണ്‌ ഗോപിയാശാനൊപ്പം അരങ്ങിൽ എത്തിയത്‌. ആർട്ടിസ്റ്റ്‌ നമ്പൂതിരിയുടെ അനുഗ്രഹത്തോടെയാണ്‌ അദ്ദേഹം വേദിയിൽ രംഗപ്രവേശനം നടത്തിയത്‌. പിറന്നാൾ ആഘോഷത്തിൽ അദ്ദേഹത്തിന്റെ അഭിനയമികവ്‌ കാണാൻ നിരവധി ആളുകളാണ്‌ റീജിയണൽ തിയറ്ററിൽ എത്തിയത്‌.
പിറന്നാൾ ആഘോഷങ്ങൾക്ക്‌ പെരുവനം കുട്ടന്മാരാരുടെയും പെരുവനം ഹരിദാസിന്റെയും മണിയാം പറമ്പിൽ മണിനായരുടേയും കേളി കൊട്ടോടെ ആരംഭം കുറിച്ചു. സമാദരണ സദസ്‌ ആർട്ടിസ്റ്റ്്‌ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ, മേയർ അജിത ജയരാജൻ, സംഗീത നാടക അക്കാദമി ചെയർമാൻ കെപിഎസി ലളിത, കേരള കലാമണ്ഡലം വൈസ്‌ ചാൻസ്ലർ എം സി ദിലീപ്കുമാർ, ഉണ്ണായി വാര്യർ കലാനിലയം പ്രസിഡന്റ്‌ കാളത്ത്‌ രാജഗോപാലൻ എന്നിവർ പങ്കെടുത്തു.

Related News