Saturday
22 Sep 2018

മേഘാലയ,നാഗാലാന്‍ഡ് തിരഞ്ഞെടുപ്പ് നാളെ

By: Web Desk | Monday 26 February 2018 9:50 PM IST

മേഘാലയ,നാഗാലാന്‍ഡ് തിരഞ്ഞെടുപ്പ് നാളെ. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.രണ്ടിടത്തും  പ്രചരണം ഞായറാഴ്ച അവസാനിച്ചിരുന്നു . ഫെബ്രുവരി 18ന് തിരഞ്ഞെടുപ്പു നടന്ന ത്രിപുരയുടേത് അടക്കം തിരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് മൂന്നിന് പ്രഖ്യാപിക്കും.
മേഘാലയ,നാഗാലാന്‍ഡ് അസംബ്‌ളികളില്‍ 60 വീതം സീറ്റുകളാണ് ഉള്ളത്. 59വീതം സീറ്റുകളിലേക്ക് ആണ് തിരഞ്ഞെടുപ്പ്. മേഘാലയയില്‍ 370 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. 3083 പോളിംങ് സ്‌റ്റേഷനുകളിലൂടെ 18.4ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം  വിനിയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 32 സ്ത്രീകള്‍ മല്‍സരരംഗത്തുണ്ട്. 67സമ്പൂര്‍ണ വനിതാ പോളിംങ് സ്‌റ്റേഷനുകളും 62മാതൃകാപോളിംങ് സ്‌റ്റേഷനുകളുമുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ എഫ് ആര്‍ ഖര്‍കോങ്‌ഗോര്‍ പറഞ്ഞു.
നാഗാലാന്‍ഡ് തിരഞ്ഞെടുപ്പ് പ്രക്രിയ ബുദ്ധിമുട്ടോടെയാണ് തുടങ്ങിയത്. നാഗാലാന്‍ഡ് ആദിവാസി സംഘടനകള്‍ അടക്കം നാഗാപ്രശ്‌നത്തില്‍ തൃപ്തികരമല്ലാത്ത നിലപാടുകളുമായാണ് രംഗത്തുള്ളത്. അര്‍ദ്ധമനസോടെയാണ് ഏറെപ്പേരും നാമനിര്‍ദ്ദേശം സമര്‍പ്പിച്ചതുതന്നെ. ജനുവരി 31ന് ആരംഭിച്ച നാമനിർദേശപ്രക്രിയയില്‍ അവസാനദിനമായ ഫെബ്രുവരി ആറിനാണ് ആദ്യ സംഘത്തിലെ 22പേരും നാമനിര്‍ദ്ദേശം നല്‍കിയത്. അവസാനദിവസങ്ങളിലാണ് തിരക്കേറിയ നാമനിര്‍ദ്ദേശ പരിപാടികള്‍ നടന്നത്. ആകെ 227പേരാണ് മല്‍സര രംഗത്തുള്ളത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാന്‍ ബിജെപി നടത്തുന്ന പ്രത്യേകശ്രമങ്ങളാല്‍ ശ്രദ്ധേയമാണ് ഈ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ പ്രചാരണത്തിന് നേരിട്ട് നേതൃത്വം നല്‍കിവരികയാണ്. പത്തുവര്‍ഷമായി ഭരിക്കുന്ന മേഘാലയ കോണ്‍ഗ്രസിന് പ്രധാനമാണ്. രാഹുല്‍ഗാന്ധി  ഇവിടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയാണ്.
മേഘാലയ വില്ല്യംനഗറില്‍ എന്‍സിപി സ്ഥാനാര്‍ഥി ജൊനാഥന്‍ സാംഗ്മയുടെ കൊലപാതകംമൂലം തിരഞ്ഞെടുപ്പില്ല. നാഗാലാന്‍ഡില്‍ എന്‍ഡിപിപി പ്രമുഖന്‍നെഫ്യൂ റിയോ വടക്കന്‍ അംഗാമി സെക്കന്‍ഡ് മണ്ഡലത്തില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.