Monday
16 Jul 2018

മുഴുവന്‍ ഭവനരഹിതര്‍ക്കും  2021 ഓടെ സ്വന്തമായി വീട്

By: Web Desk | Friday 11 August 2017 7:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും ഭൂരഹിതരായ ഭവനരഹിതര്‍ക്കും 2021 ഓടെ സ്വന്തമായി വീട് നിര്‍മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് തദ്ദേശഭരണമന്ത്രി കെടി ജലീലിനുവേണ്ടി നിയമസഭയില്‍ അറിയിച്ചു. ഈ വര്‍ഷം തന്നെ ഏഴായിരം വീട് പൂര്‍ത്തിയാക്കും. ലൈഫ് പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി. ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച് അന്തിമ പട്ടിക സെപ്തംബര്‍ 25ന് പ്രസിദ്ധീകരിക്കും.
ഇത് ഗ്രാമസഭകളുടെ അംഗീകാരത്തോടെയായിരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഭവനപദ്ധതികളുടെ ഫണ്ടുകള്‍ ക്രോഡീകരിച്ച് പണംകണ്ടെത്തി വീടു നിര്‍മിച്ച നല്‍കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്ക് പണം ഒരു തടസമാവില്ല. ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ പാര്‍പ്പിടസമുച്ചയങ്ങള്‍ നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്തിയതായും മന്ത്രി അറിയിച്ചു.
ലൈഫ് പാര്‍പ്പിട പധതിയില്‍ ഗുണഭോക്തക്കളുടെ അന്തിമ ലിസ്റ്റ് സെപ്റ്റം 25 ന് പ്രസിദ്ധീകരിക്കും.
ലിസ്റ്റ് ഗ്രാമസഭ അംഗീകരിച്ച ശേഷമാകും അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അര്‍ഹരായ ആരെയും ഒഴിവാക്കില്ല. പരാതികള്‍ മുഴുവന്‍ പരിഹരിക്കും. പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ എല്ലാ ജില്ലകളിലും സ്ഥലം കണ്ടെത്തി കഴിഞ്ഞു.
തോട്ടം തൊഴിലാളികളുടെ പാര്‍പ്പിട പ്രശനം .പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയി്ച്ചു . ഈ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട . പാര്‍പ്പിടം നിര്‍മിക്കാന്‍ അതാത് തോട്ടം ഉടമകള്‍ സ്ഥലം നല്‍കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തും .
കിഫ്ബിയില്‍ നിന്നുള്ള ആദ്യഫണ്ട് വിതരണം 14ന് നടക്കും. വിദ്യാഭ്യാസവകുപ്പിനാണ് ആദ്യഫണ്ട് കൈമാറുന്നതെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 90,000 ഹെക്ടര്‍ തരിശ് ഭൂമി കൃഷി ചെയ്യുന്നതിന് അനുയോജ്യമായുണ്ടെന്ന് കാര്‍ഷിക സര്‍വകലാശാല കണ്ടെത്തിയതായി മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. ഇവ ഏറ്റെടുത്ത് കൃഷി ചെയ്യുന്നതിന് ജില്ലാ കലക്ടര്‍്ക്ക് അധികാരമുണ്ട്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നിയമത്തില്‍ ചില പരിമിതികളുമണ്ട്. ഇത്തരം ഭൂമി പിടിച്ചെടുത്ത് കൃഷി ചെയ്യുുന്നതിന് നല്‍കാം. എന്നാല്‍ അതിന് പകരം ഉടമസ്ഥാവകാശം നിലനിര്‍ത്തി ഉടമയുടെ അനുമതിയോടെ കൃഷിചെയ്യുന്നതിന് ആവശ്യമായ നിയമഭേദഗതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 63 വിത്തുല്‍പ്പാദനകേന്ദ്രങ്ങള്‍ നവീകരിക്കുന്നതിന് ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 5 ഫാമുകള്‍ നവീകരിക്കും. മികച്ച നിലവാരമുള്ള വിത്തും നടീല്‍ വസ്തുക്കളും ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ഫാമുകളില്‍ ഒരിടത്തും ഒരിഞ്ച് ഭൂമി പോലും തരിശ് ഇടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഉപ്പുവെള്ളം കയറിയാലും നശിക്കാത്ത തരത്തിലുള്ള നാലിനം പുതിയ നെല്‍വിത്തുകള്‍ കൂടി കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ വിത്തുകള്‍ വ്യാപിപ്പിക്കുവാനും പദ്ധതിയുണ്ട്.
ഓരുവെള്ളം കയറി വ്യാപകമായ കൃഷിനാശം ഉണ്ടാകുന്നത് തടയാനുള്ള പദ്ധതികള്‍ തയാറാക്കുന്നതിന് കൃഷി റവന്യു വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലാകലക്ടര്‍മാര്‍ അധ്യക്ഷനായ ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്.
പൊതുമരാമത്ത് കരാറുകാര്‍ക്ക് കുടിശികയിനത്തില്‍ നല്‍കാനുള്ള 1678.84 കോടി രൂപ കൊടുത്തു തീര്‍ത്തതായി പി അയിഷാപോറ്റിയെ മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ വരുമ്പോള്‍ കുടിശിക 1701.72 കോടിയായിരുന്നു കുടിശിക.
ഈ വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 96913 വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയതായി മഞ്ഞളാംകുഴി അലിയെ മന്ത്രി സിരവീന്ദ്രനാഥ് അറിയിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ 5703 കുട്ടികളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സ്‌കൂളുകളിലെ ആറാം പ്രവര്‍ത്തിദിന കണക്കു പ്രകാരമാണിത്.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി 12.06 ഹെക്ടര്‍ ഭൂമികൂടി ഇനി ഏറ്റെടുത്ത് കൈമാറാനുണ്ടെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. ഇതിനുള്ള നടപികള്‍ പുരോഗമിച്ചു വരികയാണ്.
ഭൂമി ഏറ്റെടുക്കുന്നതിനായി 609 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള കാലയളവില്‍ തന്നെ തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചിരിക്കുകയാണ്.
ആറ് മാസമാണ് കമ്മിഷന്റെ കാലാവധി. കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ തുടര്‍നടപടികള്‍ കൈക്കൊള്ളും. കമ്മിഷന്റെ പ്രവര്‍ത്തനം തുറമുഖ നിര്‍മാണപ്രവര്‍ത്തനത്തെ തടസപ്പെടുത്താതെ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും.
2016 ഏപ്രില്‍ ഒന്നുമുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ ഗതാഗതനിയമം തെറ്റിച്ചവരില്‍ നിന്ന് കോമ്പൗണ്ടിങ് ഫീ ഇനത്തില്‍ 847999087 രൂപ പിരിച്ചെടുത്തിട്ടുണ്ടെന്ന് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. ജനുവരി ഒന്നിനു ശേഷം ചെക്ക്‌പോസ്റ്റുകളില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിന്‍മേല്‍ 8 മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.
തിരുവനന്തപുരം സ്മാര്‍ട്‌സിറ്റി മിഷന്‍ പദ്ധതിക്കുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി ട്രിവാന്‍ഡ്രം സ്മാര്‍ട്‌സിറ്റി മിഷന്‍ എന്ന പേരില്‍ കമ്പനി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ആറ് ഉപദേഷ്ടാക്കളില്‍ രണ്ട്‌പേരൊഴികെ എല്ലാവരും പ്രതിഫലം കൂടാതെയാണ് സേവനംഅനുഷ്ടിക്കുന്നത്. നിയമോപദേഷ്ടാവായ ഡോ.എന്‍ കെ ജയകുമാര്‍ 14,17,643 രൂപയും പ്രസ് ഉപദേഷ്ടാവായ എന്‍ പ്രഭാവര്‍മയ്ക്ക് 14,91,430 രൂപയും ശമ്പള ഇനത്തില്‍ നല്‍കിയിട്ടുണ്ട്.

ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ഉപദേഷ്ടാവായ രമണ്‍ശ്രീവാസ്തവയ്ക്ക് അനുവദിച്ച രണ്ട് പോലീസ് ഡ്രൈവര്‍മാര്‍ക്കായി പ്രതിമാസം 93032 രൂപ ശമ്പളയിനത്തില്‍ നല്‍കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. മറ്റ് ഉപദേഷ്ടാക്കള്‍ക്ക് സ്റ്റാഫ് ഇനത്തില്‍ ജീവനക്കാരെ നിയോഗിച്ചിട്ടില്ല.
റബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്രസഹായം ലഭ്യമാക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു. നിലവില്‍ റബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 396.55 കോടി രൂപയുടെ ആനുകൂല്യം റബര്‍ കര്‍ഷകര്‍ക്കു നല്‍കിയിട്ടുണ്ടെന്നും. അടൂര്‍ പ്രകാശ്, കെസി ജോസഫ്, വിടി ബല്‍റാം, സണ്ണി ജോസഫ് എന്നിവരെ മന്ത്രി അറിയിച്ചു.
കേന്ദ്രാവിഷ്‌കരണ പദ്ധതികളിളുടെ മാനദണ്ഡങ്ങളില്‍ ഇളവു അഭ്യര്‍ദ്ധിച്ച് സര്‍ക്കാര്‍ പലതവണ കേന്ദ്രത്തിനു നിവേദനം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. സംസ്ഥാനത്ത് കേന്ദ്രാവിഷ്‌ക്രിത പദ്ധതികള്‍ക്ക് അനുവദിക്കുന്ന തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി ചിലവഴിക്കാത്തത് കൊണ്ട് ക്രമാനുഗതമായി കുറഞ്ഞിട്ടുണ്ട്. പ്രധാന മന്ത്രി ആവസ് യോജന പദ്ധതിക്ക് ഇതു മൂലം കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായിട്ടുണ്ട്.
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശ്ശിപ്പിക്കുന്നതിനും വില്‍ക്കുവാനുമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കുടുംബശ്രീ ബസാറുകള്‍ ഈ വര്‍ഷം ആരംഭിക്കുന്നതാണെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. ഈ വര്‍ഷം മികച്ച ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ക്കെറ്റിംഗിലും മറ്റ് ഇ കൊമേഴ്‌സ് പോര്‍ട്ടലുകളിലും വില്‍പ്പനക്കായി ലഭിക്കത്തക്കവണ്ണം ഉല്‍പ്പന്നങ്ങളുടെ വിശദ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതാണ്.
ഭക്ഷ്യ സുരക്ഷക്ക് എന്റെ കൃഷി എന്ന ആശയം കുടുംബശ്രീ കൂട്ടായ്മയിലൂടെ എല്ലാ അയല്‍ക്കൂട്ടങ്ങളിലേക്കും എത്തിക്കുന്നതിനും അതുവഴി എല്ലാവരെയും തങ്ങള്‍ക്ക് ആവ്ശ്യമുള്ള പച്ചക്കറികള്‍ സ്വയം ഉല്‍പ്പാദിപ്പിക്കുന്നതിനു പ്രാപ്ത്രാക്കുന്നതിനുമായി ഭക്ഷ്യ സുരക്ഷ ഭവനം ക്യാമ്പെയിന്‍ കുടുംബശ്രീ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. 25 സെന്റ് വരെ കൃഷി ചെയ്യുന്ന ഗ്രൂപ്പുകളായിട്ടായിരിക്കും പ്രവര്‍ത്തനം. ചിങ്ങം ഒന്നിനു എല്ലാ സിഡി എസ്സിലും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും
പുതിയ റേഷന്‍ കാര്‍ഡുകളില്‍ സംഭവിച്ച പിഴവുകള്‍ പൂര്‍ണമായും പരിഹരിക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. അനൂപ് ജേക്കബിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റേഷന്‍ കാര്‍ഡിനെ സംബന്ധിച്ച് അഞ്ചര ലക്ഷം ആക്ഷേപങ്ങള്‍ ലഭിച്ചത് പരിശോധിച്ച് വരികയാണ്. സര്‍ക്കാര്‍ ജീവനക്കാരും ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങുന്നവരും പട്ടികയില്‍ കടന്നുകൂടിയതിനാല്‍ അവര്‍ സ്വമേധയാ ഒഴിയണം. ഇതിനകം 43,396 പേര്‍ സ്വയം പട്ടികയില്‍ നിന്നും ഒഴിവായിട്ടുണ്ട്. ഇതിനുപുറമെ ഒരു ലക്ഷം പേര്‍ അനര്‍ഹരാണെന്നും കണ്ടെത്തി.
ഇനിയും അര്‍ഹരുണ്ടെങ്കില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ അവരെ കണ്ടെത്തി ഒഴിവാക്കും. നേരത്തെയുള്ള സര്‍ക്കാരുകള്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരമാണ് എപിഎല്‍, ബിപിഎല്‍ പട്ടിക തയ്യാറാക്കിയത്. മാനദണ്ഡത്തിലെ പിശക് കാരണം അര്‍ഹരായ പട്ടികജാതിക്കാര്‍, പരമ്പരാഗത തൊഴിലാളികള്‍ എന്നിവര്‍ പട്ടികയില്‍ നിന്നും ഒഴിവായിട്ടുണ്ട്- ഇത് പരിഹരിക്കും.
ദ്വിഭാഷ സംസാരിക്കുന്ന ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ കാര്‍ഡ് നല്‍കുന്നതിലുള്ള കാലതാമസം പരിഹരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
വൃദ്ധരായ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ ട്രഷറികളില്‍ റേഷന്‍കാര്‍ഡുമായി കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് അനൂപ് ജേക്കബ് പറഞ്ഞു. മന്ത്രി തിലോത്തമന്റെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

തീരദേശ പരിപാലന വിജ്ഞാപനത്തിലെ നിയന്ത്രണങ്ങള്‍ തീരമേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രഷനങ്ങളിലേക്ക് എ എന്‍ ഷംസീര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു.
കേന്ദ്രത്തിന്റെ സി ആര്‍ ഇസഡ് നിയമത്തില്‍ കേരളം ഇളവ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അനുവദിക്കപ്പെട്ടിട്ടില്ലെന്ന് വീണ്ടും ഇക്കാര്യം കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്നില്‍ കൊണ്ടുവരാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ആര്‍ത്തവ അവധി അനുവദിക്കണമെന്ന് കെ എസ് ശബരീനാഥന്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകളെ ആര്‍ത്തവകാലത്ത് അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയിരുന്ന പഴയകാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ആര്‍ത്തവ സമയത്തെ അവധി അനുവദിക്കല്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ അതൊരു മാറ്റിനിര്‍ത്തലായി മാറാതിരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പറമ്പിക്കുളം ഡാമില്‍ നിന്നും കോണ്ടൂര്‍ കനാല്‍ വഴി തമിഴ്‌നാട്, കരാര്‍ സമയത്തിന് മുമ്പേ വെള്ളം കൊണ്ടുപോകുന്നതിനാല്‍ അനുഭവപ്പെട്ട വരള്‍ച്ച സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതൊരു വൈകാരിക പ്രശ്‌നമായി കാണാതെ രമ്യമായ ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കെ കൃഷ്ണന്‍ കുട്ടിയ അറിയിച്ചു.
പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എല്‍ ഡി ക്ലാര്‍ക്കിനുള്ള പി എസ് സി പരീക്ഷ ചോദ്യങ്ങള്‍ വിദേശരംഗത്തെക്കുറിച്ച് ആയതിനാല്‍ റദ്ദാക്കണമെന്ന അടൂര്‍ പ്രകാശിന്റെ ആവശ്യം മുഖ്യമന്ത്രി നിരസിച്ചു.
അങ്കമാലി-കാലടി റയില്‍പാതയുടെ പണി ഏകദേശം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകുമെന്ന് റയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
ജയിംസ് മാത്യു അവതരിപ്പിച്ച കേരള കണ്ടല്‍ വന സംരക്ഷണ- വികസന ബില്ലും വി ടി ബല്‍റാം അവതരിപ്പിച്ച കേരള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് വാഹന യാത്രക്കാരുടെ അവകാശ സംരക്ഷണ ബില്ലും പ്രൊഫ. ആബിദ് ഹുസൈന്‍ അവതരിപ്പിച്ച 2017 ലെ ചികിത്സാവകാശ ബില്ലും തുടര്‍ ചര്‍ച്ചയ്ക്കായി മാറ്റിവച്ചു.