Wednesday
22 Aug 2018

ആസ്റ്റര്‍ ഡി എം ഓഹരി വില്പന 12 മുതല്‍

By: Web Desk | Wednesday 7 February 2018 8:47 PM IST

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ പ്രാഥമിക ഓഹരി വിലപനയുടെ പ്രസ്താവന പത്ര സമ്മേളനത്തില്‍ ഡോ.കാര്‍ത്തിക് തക്കാര്‍, ഡോ.ഹാരിഷ് പിള്ള, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍, ഡോ.ശ്രീനാഥ് റെഡ്ഡി എന്നിവര്‍

കൊച്ചി: ഇന്ത്യയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും വന്‍ കിട ആശുപത്രി ശൃംഖലകളുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഓഹരി വിപണിയിലൂടെ മൂലധനം സ്വരൂപിക്കുന്നു. പ്രാഥമിക ഓഹരി വില്പന ഈ മാസം 12ന് ആരംഭിച്ച് 15ന് അവസാനിക്കും. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 180190 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത് എന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 7250 ദശലക്ഷം രൂപ സ്വരൂപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കമ്പനി പ്രൊമോട്ടര്‍ യൂണിയന്‍ ഇന്‍വെസ്‌മെന്റിന്റെ 1,34,28,251 ഓഹരി ഐ.പി.ഒ വഴി വില്പന നടത്തും. പ്രാഥമിക ഓഹരൊ വില്പന വഴി സ്വരൂപിക്കുന്ന നിക്ഷേപം വായ്പ് തിരിച്ചടക്കുന്നതിനും, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായിരിക്കും കമ്പനി വിനിയോഗിക്കുക.
1987ല്‍ വെറുമൊരു ഒറ്റമുറി ക്ലീനിക്കില്‍ തുടങ്ങിയ ആസറ്റര്‍ ഇന്ന് 9 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 30 വര്‍ഷമായി ആസ്റ്റര്‍ വളരെ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ 80 ശതമാനം വരുമാനവും വിദേശ രാജ്യങ്ങളില്‍ നിന്നാണ്. പ്രാഥമിക ഓഹരി വില്പനയിലൂടെ സാധാരണകാരുള്‍പ്പെടെ എല്ലാവര്‍ക്കും ആസ്റ്ററില്‍ നിക്ഷേപിക്കുവാനുള്ള അവസരം ലഭിക്കുകയാണ് എന്ന് ആസ്റ്റര്‍ ഡി.എം ഹെല്ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.
കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, ആക്‌സിസ് ക്യാപ്പിറ്റല്‍ ലിമിറ്റഡ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഇഷ്യൂവിന്റെ ഗ്ലോബല്‍ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍ (ജി.ബി.ആര്‍എല്‍.എം.എസ്). കൂടാതെ, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, യെസ് സെക്യൂരിറ്റീസ് (ഇന്ത്യ) ലിമിറ്റഡ് എന്നിവര്‍ ഇഷ്യൂവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍ (‘ബിആര്‍എല്‍എം എസ്’) ആണ്. ഇഷ്യൂവിന്റെ രജിസ്ട്രാര്‍ ലിങ്ക് ഇന്‍ടൈം ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡാണ്. ബി.എസ്.ഇ യിലും എന്‍.എസ്.ഇ യിലും കമ്പനിയുടെ ഇക്വിറ്റി ഓഹരികള്‍ ലിസ്റ്റ് ചെയ്യാനാണ് തീരുമാനം.
കൊച്ചി, കോലാപൂര്‍, കോഴിക്കോട്, കോട്ടക്കല്‍, ബെംഗളൂരു, വിജയവാഡ, ഗുണ്ടൂര്‍, വയനാട്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഇന്ത്യയിലെ ആസ്റ്റര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. ‘ആസ്റ്റര്‍’, ‘മിംസ്’, ‘രമേഷ്’, ‘പ്രൈം’ എന്നീ ബ്രാന്‍ഡുകളിലാണ് കമ്പനി പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ കമ്പനിയുടെ ക്ലിനിക്കുകള്‍ കോഴിക്കോട്, ഏലൂരു, ബംഗലുരു എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. 2017 സെപ്തംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 1,417 ഫുള്‍ ടൈം ഡോക്ടര്‍മാര്‍, 5,797 നഴ്‌സുമാര്‍, 1,752 പാരാമെഡിക്കല്‍സ്, 8,442 മറ്റ് ജീവനക്കാര്‍ ( ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെ) 17,408 ജീവനക്കാരാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്. കൂടാതെ, 2017 സെപ്തംബര്‍ 30 പ്രകാരം ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ 891 ‘ഫീസ് ഫോര്‍ സര്‍വീസ്’ ഡോകര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്.
പത്ര സമ്മേളനത്തില്‍ ഡോ.കാര്‍ത്തിക് തക്കാര്‍, ഡോ.ഹാരിഷ് പിള്ള, ആസ്റ്റര്‍ ഡി.എം ഹെല്ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍, ഡോ.ശ്രീനാഥ് റെഡ്ഡി എന്നിവര്‍ സംസാരിച്ചു.

Related News