Friday
20 Jul 2018

അതിരപ്പള്ളി പദ്ധതി നടപ്പാക്കാനാവില്ല:  എം എം മണി

By: Web Desk | Saturday 10 March 2018 10:55 PM IST

പാലക്കാട്: അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞതായി മന്ത്രി എം എം മണി. ഷൊര്‍ണൂരിലെ വൈദ്യുതി ഭവനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിരപ്പള്ളി പദ്ധതി നടപ്പാക്കുന്നതില്‍ മുന്നണിയിലും കോണ്‍ഗ്രസിലും എതിര്‍പ്പുണ്ട്. അതിനാല്‍ സമവായസാധ്യതകള്‍ കുറവാണ്. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കു സംസ്ഥാനത്ത് ഇനി സാധ്യതയില്ല. അതുകൊണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കും. 70 ശതമാനം പണി പൂര്‍ത്തീകരിച്ച പള്ളിവാസല്‍ പദ്ധതി മുന്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചത് ദേശദ്രോഹമാണ്. കല്‍ക്കരി നിലയങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എതിര്‍പ്പ് കാരണം കഴിയുന്നില്ലെന്നും ഈ സാഹചര്യത്തില്‍ സോളാര്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് മാര്‍ഗ്ഗമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കും. പുതിയ നിര്‍മ്മിതികള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ഇതിലൂടെ 500 മുതല്‍ 600 വരെ മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ഇത്തരം വസ്തുതകള്‍ കൂടി കണക്കിലെടുത്ത് സോളാര്‍ ഉത്പാദനം കൂട്ടി സംസ്ഥാനത്ത് പുതിയ ഊര്‍ജ്ജ നയം ഉടന്‍ പ്രഖ്യാപിക്കും. വൈദ്യുതി ഉത്പാദനത്തില്‍ കൈ നനയാതെ മീന്‍ പിടിക്കണം എന്ന നയം ചില പാര്‍ട്ടികളും സംഘടനകളും ഉപേക്ഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളില്‍ നിന്നും മൂന്നര മീറ്റര്‍ വ്യാസമുള്ള തുരങ്കത്തിലൂടെ വെള്ളം 4.6 കിലോമീറ്റര്‍ ദൂരെയുള്ള കണ്ണങ്കുഴിയില്‍ എത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനായിരുന്നു പദ്ധതി. ഇവിടെ 23 മീറ്റര്‍ ഉയരത്തില്‍ ഡാം നിര്‍മ്മിക്കണം. 84.4 ലക്ഷം ഘനമീറ്റര്‍ വെള്ളം ശേഖരിക്കാനാവുമെങ്കിലും അതുവഴി പ്രതിദിനം ആറു മണിക്കൂര്‍ വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കാന്‍ കഴിയുക. ഇതിന് കുറഞ്ഞത് 936 കോടി രൂപ ചെലവും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 138.6 ഹെക്ടര്‍ വനഭൂമിയെ ബാധിക്കുമെന്നതും 42 ഹെക്ടറിലെ മരങ്ങള്‍ നീക്കം ചെയ്യുന്നതും ആവാസ വ്യവസ്ഥയെത്തന്നെ ബാധിക്കുമെന്നുമുള്ള തിരിച്ചറിവിനൊപ്പം 104.4 ഹെക്ടര്‍ പ്രദേശം വെള്ളത്തിനടിയിലാകുമെന്ന വസ്തുതയാണ് യഥാര്‍ഥത്തില്‍ പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related News