Monday
23 Jul 2018

കനലും നിലാവും കലര്‍ന്നങ്ങനെ…

By: Web Desk | Saturday 7 October 2017 11:43 PM IST

അനുഭവം : ഏഴാച്ചേരി രാമചന്ദ്രൻ

“ഇന്ന് തിരുനല്ലൂര്‍ കരുണാകരന്റെ 93-ാം ജന്മദിനം”

താമരയുടെ കുരുന്നിലയില്‍ ഇറ്റുവീണ ആകാശനീലിമയുടെ ഒരു തുള്ളിപോലെയുണ്ട് ഞങ്ങളുടെ അഷ്ടമുടിക്കായല്‍.” തിരുനല്ലൂരിന്റെ റാണികാവ്യത്തിനു കുറിച്ച ആമുഖത്തിലെ ആദ്യവാചകമാണിത്. മേഘസന്ദേശ പരിഭാഷ പുസ്തകമാക്കിയപ്പോഴും ഇമ്മട്ടില്‍ കാവ്യാത്മകമായ ഒരു കുറിപ്പ് തുടക്കത്തില്‍ ഉണ്ടായിരുന്നു. പറഞ്ഞതിനര്‍ഥം, തിരുനല്ലൂര്‍ തൊടുന്നേടമെല്ലാം കവിത പൂക്കുന്ന അനുപമ സൗഭഗം വിരിഞ്ഞുവിലസുന്നത് കാണാം.

നേരാണ്; അക്ഷരാര്‍ഥത്തില്‍തന്നെ അദ്ദേഹം ആമൂലാഗ്രം കവിയായിരുന്നു. വാക്കിലും നോക്കിലും ചിന്തയിലും പരപ്പാര്‍ന്ന വായനയിലും തൊട്ടുഴിഞ്ഞു തെഴുപ്പിച്ച ജീവിതപച്ചയുടെ ഓരോ സര്‍ഗതന്മാത്രയിലും ആ കവിയുടെ സുഗന്ധസ്മിതങ്ങള്‍ വിങ്ങിമലരുന്നതു കാണാമായിരുന്നു. ‘അന്തിമയങ്ങുമ്പോള്‍’ എന്ന അത്യപൂര്‍വമോഹനമായ ഗാനസമാഹാരത്തിലെ ഒരു പാട്ടു തുടങ്ങുന്നത് ഇങ്ങനെ.

”നീലപ്പൊയ്കയില്‍ നീരാടാനെത്തിയ

പൂനിലാമങ്കയെക്കണ്ടില്ലേ?

ചെല്ലക്കൈ കൊണ്ടവള്‍ തൊട്ടേടത്തൊക്കെയും

വെള്ളാമ്പല്‍ പൂത്തതും കണ്ടില്ലേ”

ഈ വരികള്‍ വ്രതവിശുദ്ധവും അനുഭവതീക്ഷ്ണവുമായ സ്വജീവിതത്തിനുനേരെ തിരുനല്ലൂര്‍ പിടിച്ച കണ്ണാടിതന്നെയാണ്. അദ്ദേഹം തൊട്ടതെല്ലാം പൊന്നായി മാറി. അതിനാല്‍ത്തന്നെ അലക്‌സാണ്ടറെപ്പോലെ, നെപ്പോളിയന്‍ കണക്കെ, കുതിരപ്പുറത്ത് പാഞ്ഞുപറന്ന് സമസ്തവും വാള്‍ക്കീഴിലാക്കാനുള്ള പ്രപഞ്ചവിഡ്ഢിത്തമോ ഉദ്ദാമ സാഹസമോ അദ്ദേഹം ഒരിക്കലും കാട്ടിയിരുന്നില്ല.

തങ്ങള്‍ കീഴടക്കിയതത്രയും നോക്കിനില്‍ക്കെത്തന്നെ, ചിതറിത്തെറിച്ച് അന്യാധീനപ്പെട്ടുപോകുന്ന നൊമ്പര പരിണതിക്ക് മേല്‍പ്പറഞ്ഞ ഭുവനാധിപത്യ ചക്രവര്‍ത്തിമാര്‍ക്ക് സാക്ഷിയാകേണ്ടിവന്നു. തിരുനല്ലൂര്‍ നേരേ മറിച്ചാണ്. ഓരോ ചുവടുവയ്പ്പും ആലോചിച്ചുറച്ചുതന്നെയായിരുന്നു. ഒരൊറ്റ ജന്മംകൊണ്ട് ഒത്തിരി പിറവികളുടെ സര്‍ഗനിയോഗങ്ങള്‍ ഒരുമിച്ചു പൂര്‍ത്തിയാക്കിയ പ്രാണനിര്‍വൃതിയുമായാണ്, വാല്മീകിയുടെ അകവിതാനങ്ങളിലൂടെ സഞ്ചരിച്ച് സഞ്ചരിച്ച് മൈഥിലിയിലൂടെ ഭാരതത്തിന്റെ അന്തരാത്മാവിനെ തൊടാന്‍ അദ്ദേഹം തുനിഞ്ഞത്. സ്വജീവിതത്തിന്റെ ഒടുവിലത്തെ റീല്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് സീത എന്ന അവനീബാലയുടെ മരിക്കാത്ത വേനല്‍ക്കൊടുമകളെ കവിതയാക്കാന്‍ ഈ സര്‍ഗതാപസന്‍ ഒരുമ്പെട്ടത്.

ഇതുകൊണ്ടൊക്കെ തന്നെ ‘അലസന്‍’ എന്ന വിളിപ്പേരു കേള്‍ക്കാന്‍ അദ്ദേഹം ഇടയാക്കി. അദ്ദേഹത്തെ നിഴല്‍കണക്കെ അങ്ങോളം പിന്തുടര്‍ന്നവര്‍ക്കുപോലും നേരുതിരിയാന്‍ ഒത്തിരിക്കാലം വേണ്ടിവന്നു. ജടാമകുടങ്ങളില്ലാത്ത, കമണ്ഡലവും അതിന്നകമേ ശാപതീര്‍ഥവും പേറാത്ത ഒത്തിരി മുനി ജന്മങ്ങളുടെ സമീകൃത സാഫല ദര്‍ശനമായിരുന്നല്ലോ തിരുനല്ലൂര്‍.

വസിഷ്ഠന്റെയും ശുക്രാചാര്യരുടെയും കേസരിയുടെയും കാളിദാസന്റെയും ആശാന്റെയും അയ്യങ്കാളിയുടെയും അക്കണക്കിനുള്ള നിരവധി കര്‍മ്മയോഗികളുടെ അഴല്‍ച്ചൂരും വെയില്‍ച്ചേലും ഗ്രീഷ്മ സന്ത്രാസങ്ങളും ചേര്‍ത്തുവിളക്കിയ ഒരു പഞ്ചലോഹ സ്‌നേഹമായി അദ്ദേഹം നമുക്കുമുന്നില്‍ നിലകൊണ്ടു.

”കാലമതിന്റെയനശ്വരമാംരഥ-

യാനം തുടരുന്നു

ഇരുളിന്‍ പൊയ്കയിലെന്നുമുഷസില്‍

താമര വിരിയുന്നു”

പ്രപഞ്ചത്തിന്റെ അനാദിമുഗ്ധമായ ഈ ചക്രനേമിക്രമത്തെ ഒട്ടൊരു നിര്‍വികാരതയോടെ, എന്നാല്‍ കരടില്ലാത്ത ദര്‍ശന ഗരിമയോടെ കാഴ്ചവെച്ച തിരുനല്ലൂര്‍ കാതല്‍ മുറ്റിയ താഴ്‌വര മരം തന്നെയായിരുന്നല്ലോ.

കാളിദാസന്റെ ഓരോ രോമകൂപത്തെയും ഗന്ധവാഹിയായ നേര്‍ത്ത നെടുവീര്‍പ്പിനെപ്പോലും ഇത്രമേല്‍ തൊട്ടറിഞ്ഞ വേറൊരു മലയാളി ഉണ്ടാകുമോ? ഈ അനുഭവത്തികവില്‍ നിന്നാണല്ലോ, അനുഭൂതിത്തൊഴുപ്പില്‍ നിന്നാണല്ലോ അഭിജ്ഞാന ശാകുന്തള പരിഭാഷയും മേഘസന്ദേശ വിവര്‍ത്തനവും ഉയിരാര്‍ന്നത്.

”വേലയില്‍ക്കണ്ട കുറ്റത്തിനോമലിന്‍

വേര്‍പിരിയലാല്‍ ഭാരപ്പെടുംവിധം

ശിക്ഷയോരാണ്ടധീശന്‍ വിധിയ്കയാല്‍

യക്ഷനേകന്‍ മഹിമപൊയ്‌പ്പോയവന്‍

വാണിത്ര വല്ലപാടും വിദേഹജാ

സ്‌നാന ധന്യമാം തണ്ണീരിടങ്ങളും

സാന്ദ്രശീതളച്ഛായാതരുക്കളും

ചേര്‍ന്നൊരാ രാമഗിര്യാശ്രമങ്ങളില്‍”

മേഘസന്ദേശത്തുടക്കം അനുഭവിച്ചാലും! ദശകങ്ങള്‍ക്കപ്പുറം കറുപ്പും വെളുപ്പുമായി ജനയുഗം വാരിക കടപ്പാക്കടയില്‍ നിന്നെത്തിയിരുന്ന തീക്ഷ്ണഹേമന്തകാലം. ഇങ്ങനെയൊരു പരിഭാഷ സാധിക്കുന്നതിനുപിന്നില്‍ പ്രേരണയായി വര്‍ത്തിച്ച മറ്റൊരു ശൂദ്രമുനിയെപ്പറ്റി, കാമ്പിശേരിയെപ്പറ്റി, ഒരിക്കല്‍ തിരുനല്ലൂര്‍ സാര്‍ വികാരാര്‍ദ്രസ്വരത്തില്‍ പറഞ്ഞുപോയത് ഇപ്പോള്‍ ഓര്‍ക്കുന്നു.

കവിത തിരിച്ചറിയാനാകാത്ത പത്രാധിപദൈത്യകുലം അനുനിമിഷം പെരുകിവരുന്ന ദുര്‍ഘട കേരള സങ്കട പരിതസ്ഥിതിയില്‍ സര്‍വശക്തനും എന്നാല്‍ സ്‌നേഹസ്വരൂപനുമായ ഇങ്ങനെയൊരു പത്രാധിപര്‍ ഇവിടെപ്പുലര്‍ന്നിരുന്നു എന്നു പറഞ്ഞാല്‍ പുതുതലമുറയ്ക്ക് വിശ്വസിക്കാനാകുമോ? എന്‍വിയുടെയും എംടിയുടെയും ഒക്കെ കുലത്തില്‍പ്പുലര്‍ന്നൊരു ഗോത്ര പുരുഷന്‍!

തീര്‍ച്ചയായും തിരുനല്ലൂരിന്റെയും ഓരോ ആത്മബലിയുടെയും പിന്നില്‍ അദ്ദേഹം ഉണ്ടായിരുന്നിരിക്കാം. അന്‍പതുകളുടെ അവസാനത്തിലോ, അറുപതുകളുടെ ആദ്യത്തിലോ ജനയുഗം പത്രത്തില്‍ ഒരു പരസ്യം വന്നു. അടുത്തലക്കം വാരികയില്‍ വരുന്ന തിരുനല്ലൂര്‍ക്കവിതയുടെ പരസ്യം.

”പറയുമിപ്പോഴും പ്രായമുള്ളാളുകള്‍

പഴയ കാര്യങ്ങളോര്‍ക്കുമ്പോഴിക്കഥ,

അടിമയാമൊരു പെണ്‍കിടാവിന്റെയും

അവനിപന്റെയും പുത്രന്റെയും കഥ.

ഒരു പുതിയ മദിരോല്‍സവത്തിലേ-

യ്ക്കരുളിടും സ്വാഗതാശംസയെന്നപോല്‍

അരികില്‍ നില്‍ക്കുമവളെവര്‍ണിയ്ക്കുവാന്‍

അവനിനായകനത്രേ പ്രജാപതി.”

അടുത്തലക്കത്തില്‍ ‘രാത്രി’ എന്ന അത്യപൂര്‍വസുന്ദരമായ നീണ്ട കവിത വാരികയില്‍ വന്നു. തിരുനല്ലൂരിന് ഏറെ പ്രിയപ്പെട്ട വൃത്തത്തില്‍ വിരിഞ്ഞ സഹസ്ര ദലശോഭിയായ കാവ്യം. സല്‍ക്കവിതയുടെ കാലമായിരുന്നു അത്. ഇന്ന് ഏതെങ്കിലും ഒരു പത്രാധിപര്‍ ഇങ്ങനെ ഒരു പരസ്യം കവിതയ്ക്കു കൊടുക്കുമോ? ദൃശ്യമാധ്യമങ്ങളുടെ മാന്ത്രികച്ചതുരക്കാഴ്ചകള്‍ക്കു മുന്നില്‍ മഞ്ഞളിച്ചു നിറം കെട്ട് പൂതലിച്ച വികാരങ്ങള്‍ക്ക് നേരുതിരിയാന്‍ നേരമെവിടെ?

കലാലയ ക്ലാസുകളില്‍ കുട്ടികള്‍ക്കു വിളമ്പാന്‍ സഞ്ചയിച്ച ചെറുകുറിപ്പുകളില്‍ നിന്നാണ് മലയാള ഭാഷാ പരിണാമം; സിദ്ധാന്തങ്ങളും വസ്തുതകളും എന്ന വിശിഷ്ടകൃതി ഉരുവപ്പെട്ടത്. മലയാളം ഐച്ഛിക വിഷയമായെടുത്ത വിദ്യാര്‍ഥികള്‍, നല്ല വായനക്കാരും ഇതിനെ സത്യവേദ പുസ്തകം കണക്കെ നെഞ്ചോടു ചേര്‍ക്കുന്നത് കണ്ടിട്ടുണ്ട്. ഇങ്ങിനി വരാത്തവണ്ണം മറഞ്ഞുപോയ അഴല്‍ പുതച്ച ഒരു കലാലയക്കാഴ്ച. തിരുനല്ലൂരിന്റെ മനീഷിവാഴ്‌വ് പ്രതിഫലിച്ച മറ്റൊരു വായനപ്പൊയ്കയായിരുന്നു ഈ കൃതി.

മഞ്ഞയും ചാരവും നിറങ്ങള്‍ ഇടകലര്‍ന്ന നൊമ്പര ദര്‍ശനങ്ങളുടെ പ്രാണമണം അനുഭവിക്കുന്ന ഗ്രീഷ്മസന്ധ്യകള്‍ അടക്കമുള്ള സമസ്ത തിരുനല്ലൂര്‍ കൃതികളും ഭാസകൃതികളെപ്പറ്റിയുള്ള ചൊല്ലില്‍ പറഞ്ഞതിന്‍ വണ്ണം, തീയിലെരിഞ്ഞാലും ഒരിതള്‍പോലും വാടാതെ, കരിയാതെ മേഘസന്ദേശ പരിഭാഷ അവശേഷിക്കും. തിരുനല്ലൂര്‍ വാഴ്‌വിന്റെ മാസ്റ്റര്‍ പീസ് ഇതുതന്നെയല്ലേ? റാണി, രാത്രി, പ്രേമം മധുരമാണ് ധീരവുമാണ്, അന്തിമയങ്ങുമ്പോള്‍ തുടങ്ങിയ രചനകളെയൊക്കെ മറക്കുകയോ മറയ്ക്കുകയോ ചെയ്തുകൊണ്ടല്ല ഇങ്ങനെ പറയുന്നത്.

മണിപ്രവാള കാലഘട്ടത്തിലെ തമ്പുരാക്കന്മാരുടെയും ജീയുടെയും കൊടുപ്പുന്നയുടെയും (ഗദ്യമേഘദൂതം) ഒക്കെ മേഘസന്ദേശ പരിഭാഷകള്‍ വായിച്ച ഒരു ശരാശരി മലയാളിക്ക് ഇങ്ങനയേ പറയാനാകൂ.

അഷ്ടമുടിക്കായലിന് നടുവില്‍ പൂനിലവാത്ത് റാണിയും നാണുവും തനിയെ, വള്ളപ്പടിയില്‍. തുടര്‍ന്നുള്ള വരികള്‍ ശ്രദ്ധിച്ചാലും.

”കോരിത്തരിയ്ക്കുമാപ്പെണ്ണിനു തോഴനെ

വാരിപ്പുണരുവാന്‍ തോന്നി

മൂടല്‍മഞ്ഞിത്തിരി പൊങ്ങീ, പൊടുന്നനെ

പൂനിലാവിത്തിരി മങ്ങീ.”

ഔചിത്യത്തിന്റെ ഉത്തമോദാഹരണം ഈ വരികളാണ്. ലക്ഷണയുക്തമായ മാരകാകളിക്കുള്ള ഉദാഹരണവും ഇതുതന്നെ. വര്‍ഷങ്ങള്‍ക്കപ്പുറം ഈ വരികള്‍ചൊല്ലി ഈ ഉദാഹരണം പരീക്ഷയ്‌ക്കെഴുതാന്‍ നിര്‍ബന്ധിച്ച ഒരധ്യാപകനെ (പ്രൊഫ. ആര്‍ എസ് വര്‍മ്മജിയെ) ഈയവസരത്തില്‍ ഓര്‍ത്തുപോകുന്നു. തീര്‍ച്ചയായും തിരുനല്ലൂരിനെ ഏറ്റവും ജനപ്രിയ കവിയാക്കിയ, ജനകീയനാക്കിയ കാവ്യം റാണിതന്നെ. ഒപ്പം അനുഗ്രഹീതനായ വി സാംബശിവനെക്കൂടി ഓര്‍മ്മിക്കാതിരുന്നാല്‍ തിരുനല്ലൂര്‍ പിണങ്ങുമല്ലോ?

റാണിയുടെ ഒരു നാളും ഇതള്‍മങ്ങാത്ത ആസ്വാദനപ്പെരുമയ്ക്കിടയില്‍ തിരുനല്ലൂരിന്റെ ഇതരസര്‍ഗ സഞ്ചാരങ്ങളെ മറന്നുപോകുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ? ഒട്ടുമിക്ക കവികള്‍ക്കും ഇത്തരത്തില്‍ ഒരു ദുരവസ്ഥ ഉണ്ടായിട്ടുണ്ടാകാം. മധുരമുള്ള ദുരവസ്ഥ എന്നതിനെ വിളിക്കുന്നതാകും ശരി.

ഇല സകലതും മറഞ്ഞ് നിറയെ പൂവിട്ടു നില്‍ക്കുന്ന താഴ്‌വരയിലെ രുദ്രചെമ്പകം കണക്കെ തിരുനല്ലൂര്‍; ഒറ്റനോട്ടത്തില്‍ ഒറ്റപ്പെട്ടാണെന്ന് തെറ്റിദ്ധരിച്ചേയ്ക്കാം. സൂക്ഷ്മ വിശകലനത്തില്‍ നേരുതിരിയും. പി ഭാസ്‌കരനും വയലാറും പുതുശേരിയും പുനലൂര്‍ ബാലനും ഒഎന്‍വിയും ഒക്കെച്ചേര്‍ന്ന സമ്പന്നമായ അരുണ ദശകത്തിലെ ആരോഗ്യദായകമായ നേര്‍ക്കാഴ്ചതന്നെയാണ്. അവയെ ഒന്നായിത്തന്നെ കാണുകവേണം; അതുവഴി നഷ്ടവീര്യത്തെ തിരിയെപ്പിടിക്കാം.

“മഞ്ഞയും ചാരവും നിറങ്ങള്‍ ഇടകലര്‍ന്ന നൊമ്പര ദര്‍ശനങ്ങളുടെ പ്രാണമണം അനുഭവിക്കുന്ന ഗ്രീഷ്മസന്ധ്യകള്‍ അടക്കമുള്ള സമസ്ത തിരുനല്ലൂര്‍ കൃതികളും ഭാസകൃതികളെപ്പറ്റിയുള്ള ചൊല്ലില്‍ പറഞ്ഞതിന്‍ വണ്ണം, തീയിലെരിഞ്ഞാലും ഒരിതള്‍പോലും വാടാതെ, കരിയാതെ മേഘസന്ദേശ പരിഭാഷ അവശേഷിക്കും.”