Thursday
20 Sep 2018

മീശയ്ക്ക് പിന്നാലെ രാമനുനേരെ തിരിഞ്ഞ് സംഘപരിവാര്‍ ആക്രമണം

By: Web Desk | Friday 14 September 2018 11:30 AM IST

കെ കെ ജയേഷ്
കോഴിക്കോട്: മീശ എന്ന നോവലിനെയും എസ് ഹരീഷ് എന്ന എഴുത്തുകാരനെയും ആക്രമിച്ചതിന് പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി  മോഹന്‍കുമാറിനെതിരെയും ആക്രോശവുമായി സംഘപരിവാര്‍ രംഗത്ത്.  അധ്യാപക ലോകം മാസികയില്‍ എഴുതിയ കെ വി മോഹന്‍ കുമാറിന്റെ രാമന്‍ ആരാധ്യപുരുഷനോ എന്ന ലേഖനത്തെ മുന്‍നിര്‍ത്തിയാണ് സംഘപരിവാര്‍ ഇദ്ദേഹത്തിനെതിരെ ആക്രമം അഴിച്ചുവിടുന്നത്. മോഹന്‍കുമാര്‍ ശ്രീരാമനെ അപമാനിക്കുകയാണെന്ന് സംഘപരിവാര്‍ വ്യക്തമാക്കുന്നു.
രാഷ്ട്രീയ സംസ്‌കൃതിയുടെ പ്രതീകമായി അംഗീകരിച്ച ഭരണഘടനയിലെ മൗലിക കൃതിയില്‍ ബിംബവത്ക്കരിക്കപ്പെട്ട ശ്രീരാമനെ സ്വാര്‍ത്ഥനും ക്രൂരനും ആഭാസനുമായി ചിത്രീകരിക്കുകയാണ് മോഹന്‍കുമാര്‍ ചെയ്‌തെന്നും രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ദേശീയ മാനബിന്ദുക്കളെ തകര്‍ക്കാന്‍ നടത്തുന്ന ഗൂഡാലോചനയില്‍ ഡിപി ഐ പങ്കാളിയാവുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.
രാമന്റെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങള്‍ പരിശോധിച്ച് അദ്ദേഹത്തെക്കുറിച്ച് വ്യത്യസ്തമായ വായന നടത്തുകയാണ് മോഹന്‍കുമാര്‍ ഈ ലേഖനത്തില്‍ ചെയ്യുന്നത്. ഹേ രാമ എന്ന നോവലിന്റെ രചനയ്ക്കായി ഇന്ത്യയില്‍ ലഭ്യമായ എല്ലാ രാമായണങ്ങളും ശേഖരിച്ച് വായിച്ച് കഴിഞ്ഞപ്പോഴാണ് എഴുത്തുകാരന്റെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉണ്ടാകുന്നത്. അത് അദ്ദേഹം വായനക്കാരുമായി പങ്കുവെയ്ക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്. കുട്ടിക്കാലം മുതല്‍ എഴുത്തച്ഛന്റെ കിളിപ്പാട്ട് രാമായണം കഥ എഴുത്തുകാരന് ഹൃദിസ്ഥമായിരുന്നു. എന്നാല്‍ വാല്‍മീകി എഴുതിയ രാമായണം വായിച്ചതോടെ ചില സംശയങ്ങള്‍ ഉടലെടുത്തു. അത് ചില കഥാസന്ദര്‍ഭങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. രാമരാവണ യുദ്ധം കഴിഞ്ഞ സീതയെ വീണ്ടെടുക്കുന്ന സന്ദര്‍ഭം. നീണ്ട കാലത്തെ വിയോഗത്തിന് ശേഷം ആര്യപുത്രന്റെ അരികിലേക്ക് വന്ന സീതയെ നോക്കി രാമന്‍ പറയുന്നു. പോരില്‍ വൈരിയെ ജയിച്ച് നിന്നെ ഞാന്‍ വീണ്ടെടുത്തു. പൗരുഷം കൊണ്ട് ചെയ്യേണ്ടത് ഞാന്‍ നേടിക്കഴിഞ്ഞു. അപമാനവും ശത്രുവും ഒരുപോലെയില്ലാതായി. നിനക്ക് വേണ്ടി ചെയ്തതല്ല ഇതൊന്നും എന്ന് നീ അറഞ്ഞു കൊള്‍ക. പുകള്‍പെറ്റ എന്റെ വംശത്തിനേറ്റ അപവാദം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഞാനത് ചെയ്തത്. പ്രാപ്ത ചാരിത്ര സന്ദേഹിയായി എന്റെ മുന്നില്‍ നില്‍ക്കുന്ന നീ നേത്ര രോഗിയ്ക്ക് ദീപം പോലെ അപ്രിയമത്രെ. അതിനാല്‍ ഹേ, ജാനകി നിനക്കിനി യഥേഷ്ടം എവിടേക്കും പോകാം. കുലത്തിന്റെ മഹിമയില്‍ അഭിമാനിക്കുന്ന രാമന് ഇനി നിന്നില്‍ തെല്ലും അഭിനിവേശം അവശേഷിക്കുന്നില്ല. ഈ നില്‍ക്കുന്ന ലക്ഷ്മണനിലോ വിഭീഷണനിലോ അല്ലെങ്കില്‍ നിനക്ക് സുഖം അനുഭവിക്കാന്‍ പ്രാപ്തരായ ആരില്‍ വേണമെങ്കിലും മനസ്സ് ഉറപ്പിച്ചുകൊള്‍ക. നിന്റെ ആനന്ദത്തിനായി ആരുമായും നിനക്ക് സംഗമം ചെയ്യാം. രാമന് നിന്നെക്കൊണ്ടിനി കാര്യമില്ല.
ഈ സന്ദര്‍ഭം എടുത്തുകാട്ടി ഇതാണോ മര്യാദ പുരുഷോത്തമന്‍ എന്ന ചോദ്യം ഉന്നയിക്കുകയാണ് എഴുത്തുകാരന്‍. പതിനാല് വര്‍ഷം എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം അയാളുടെ വിധിയെ പിന്തുടരാന്‍ തീരുമാനിച്ചുറപ്പിച്ച് മരവുരിയുട്ത്ത് കാട്ടിലെ കായ്കനികള്‍ തിന്ന് കാന്തന്റെ പാദസേവ ചെയ്ത് കൂടെ നിന്ന പതിവ്രതയായ ഭാര്യയോട് അല്‍പ്പമെങ്കിലും മനസ്സാക്ഷിയുള്ള ഏത് പുരുഷനാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിയുകയെന്ന് എഴുത്തുകാരന്‍ ചോദിക്കുന്നു.
ഭാര്യയെ വീണ്ടെടുത്ത് സ്വന്തമാക്കുകയായിരുന്നില്ല രാമ-രാവണ യുദ്ധത്തിന്റെ ലക്ഷ്യം. മറിച്ച് രാക്ഷസരാജാവിനെ കീഴ്‌പ്പെടുത്തി കുല മഹിമ വീണ്ടെടുക്കലായിരുന്നുവെന്ന് വാത്മീകി രാമായണത്തെ വ്യാഖ്യാനിച്ച് എഴുത്തുകാരന്‍ വ്യക്തമാക്കുന്നു. സീത ആര്യപുത്രി അല്ലായിരുന്നു എന്നതും ഒരു കാരണമാകുന്നു. അഗ്നിശുദ്ധി വരുത്തി തന്റെ നിഷ്‌ക്കളങ്കത്വം സീത തെളിയിച്ചിട്ടും രാമന്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ഇത് വാത്മീകി തന്നെ തുറന്നുകാട്ടുന്നുണ്ട്.
ഒരു പൂച്ചക്കുഞ്ഞിനെ ഉപേക്ഷിക്കുന്ന ലാഘവത്തോടെ രാമന്‍ ധര്‍മ്മ പത്‌നിയെ വന്യമൃഗങ്ങള്‍ വാഴുന്ന കാട്ടില് ഉപേക്ഷിക്കുകയാണ് പിന്നീട്. ഭദ്രനെക്കൊണ്ട് നിര്‍ബന്ധിച്ച് അപവാദ വാര്‍ത്ത പറയിച്ചതും ആ കാരണത്താല്‍ സീതയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതും രാമന്റെ ആസൂത്രിതമായ കുതന്ത്രമായിരുന്നുവെന്ന് വാത്മീകി തന്നെ സൂചിപ്പിക്കുന്നുണ്ട്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന സീതയെ ആണ് കാട്ടില്‍ ഉപേക്ഷിക്കുന്നത്. വൃദ്ധനായ പിതാവിന്റെ കാമചാപല്യത്തിന്റെ പേരില്‍ രാജ്യം ഉപേക്ഷിച്ച ആദര്‍ശ പുരുഷന് ആരോ പറഞ്ഞറിഞ്ഞ അപവാദത്തിന്റെ പേരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ധര്‍മ്മ പത്‌നിയെ വിജനമായ കാട്ടില്‍ ഉപേക്ഷിക്കുന്നതിന് പകരം രാജ്യഭാരം ഉപേക്ഷിക്കാമായിരുന്നില്ലേ എന്നും എഴുത്തുകാരന്‍ ചോദിക്കുന്നു.
വാത്മീകി തന്നെ തുറന്നിട്ട വഴികളിലൂടെ യാത്ര ചെയ്യുകയായിരുന്നു കെ വി മോഹന്‍കുമാര്‍ ഈ ലേഖനത്തില്‍. വാത്മീകി വരച്ചിട്ട ചിത്രങ്ങള്‍ എടുത്തു പരിശോധിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഇങ്ങനെ വരുമ്പോള്‍ വാത്മീകി തന്നെയല്ലേ രാമനെ അപമാനിച്ചതെന്നാണ് ചോദ്യം ഉയരുന്നത്. അദ്ദേഹം തുറന്നിട്ട വഴികളിലൂടെ സഞ്ചരിച്ച് പുതിയ സംവാദ സാധ്യത തുറക്കുന്നതിന് പകരം  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടുള്ള അന്ധമായ മാനസിക അടിമത്തം പ്രകടിപ്പിച്ച മോഹന്‍കുമാര്‍  തല്‍സ്ഥാനം രാജിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് സംഘപരിവാര്‍ രംഗത്ത് വന്നിട്ടുള്ളത്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മോഹന്‍കുമാറിനെതിരെ അക്രമം അഴിച്ചുവിടുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍.