Wednesday
17 Oct 2018

യുവതിയെ അക്രമിച്ച് മാലയുമായി കടന്ന സംഭവം, പ്രതികള്‍ പിടിയില്‍

By: Web Desk | Wednesday 18 April 2018 9:13 PM IST

 പ്രതികളായ ആരോമല്‍രാജ്, ശ്രീലാല്‍ തങ്കച്ചന്‍
മാന്നാര്‍: പട്ടാപകല്‍ ബൈക്കിലെത്തിയ സംഘം യുവതിയെ അക്രമിച്ച് 9.5 പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്ന സംഭവത്തില്‍ രണ്ടു പേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചക്കുളത്ത്കാവ് മുക്കാടന്‍ വീട്ടില്‍ ശ്രീലാല്‍ തങ്കച്ചന്‍(28), രാമങ്കേരി പ്ലാന്തറവീട്ടില്‍ ആരോമല്‍രാജ്(24) എന്നിവരാണ് പോണ്ടിച്ചേരിയില്‍ വച്ച് ചെങ്ങന്നൂര്‍ പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ 7ന് ഉച്ചയ്ക്ക് 2.30ന് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. മാന്നാര്‍ തൃക്കുരട്ടി ക്ഷേത്രത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ തേക്കും കാട്ടില്‍ രാജേഷിന്‍റെ ഭാര്യ മീനു രാജ്ഷ്(30)നെ പിറകില്‍ നിന്ന് ബൈക്കിലെത്തിയ ശ്രീലാല്‍ തങ്കച്ചന്‍, ആരോമല്‍രാജ് എന്നിവര്‍ അടിച്ചുവീഴ്ത്തുകയും മാല അപഹരിച്ച് രക്ഷപെടുകയുമായിരുന്നു. 6.5 പവന്‍റെ ലോക്കറ്റ് ഉള്‍പ്പെടുന്ന മാലയും,  താലി ഉള്‍പ്പെടുന്ന മൂന്ന് പവന്‍ വരുന്ന മറ്റൊരു മാലയുമാണ് നഷ്ടപ്പെട്ടത്. അടിയുടെ ആഘാതത്തില്‍ മീനു തെറിച്ച് റോഡില്‍ വീഴുകയും തോളെല്ലിന് പൊട്ടല്‍ എല്‍ക്കുകയും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  ചെങ്ങന്നൂര്‍ മുതല്‍ ചക്കുളത്ത് കാവ് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ്  പോലീസിന് പ്രതികളെ കുറിച്ചും ഇവര്‍ സഞ്ചരിച്ച വാഹനത്തെകുറിച്ചും വിവരം ലഭിച്ചത്.
പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ഉടമയായ ചെങ്ങനാശേരി സ്വദേശി അഫ്‌സലിലേക്ക് അന്വേഷണം എത്തിയപ്പോഴാണ് പ്രതികളെ കുറിച്ച് പൂര്‍ണ്ണമായ വിവരം ലഭിക്കുന്നത്. ഇയാളില്‍ നിന്ന് ഒടിക്കുവാന്‍ വേണ്ടി വാങ്ങിയ ബൈക്കാണ് ഇവര്‍ മോഷണത്തിനായി ഉപയോഗിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രതികള്‍ പോണ്ടിച്ചേരിയിലേക്ക് കടക്കുകയായിരുന്നു. പ്രതികളില്‍ ശ്രീലാല്‍ തങ്കച്ചന്‍  നിലവിലെ കേസ് ഉള്‍പ്പടെ ചങ്ങനാശേരി, രാമങ്കേരി, എടത്വ, ആലപ്പുഴ എന്നിവിടങ്ങളിലായി 15 കേസുകളില്‍ പ്രതിയാണെന്നും ആരോമല്‍രാജ് എഞ്ചിനീയറിംഗ് ബിരുദധാരിയാണെന്നും പോലീസ് പറഞ്ഞു.
Related News