Wednesday
17 Oct 2018

രമ്യാ നമ്പീശനെ സിനിമയില്‍ നിന്നും ഔട്ടാക്കാന്‍ ശ്രമം

By: Web Desk | Friday 12 October 2018 12:45 PM IST

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയോടൊപ്പം നിന്ന്, ഇരയ്ക്ക് വേണ്ടി വാദിച്ചതിന്റെ പേരില്‍ മലയാളസിനിമയില്‍ നിന്നും ചില തമ്പുരാക്കന്‍മാര്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ബഹുഭാഷാ നടിയും നര്‍ത്തകിയും ഗായികയുമായ രമ്യാനമ്പീശനെ ഔട്ടാക്കാന്‍ ശ്രമം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഒരു നടിയെന്ന പരിഗണന നോക്കാതെ, അമ്മയുടെ എക്‌സിക്യൂട്ടിവ് മെമ്പറായിട്ടുകൂടി വേട്ടക്കാരന്റെ ഒപ്പം നില്‍ക്കാത്തതിന്റെ പേരിലാണ് സംഘടിതമായ ആക്രമണം അഴിച്ചുവിട്ടത്.
കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരിയായ രമ്യാനമ്പീശന്‍ അത്രപെട്ടെന്ന് തളരുന്ന നടിയല്ല. മലയാളമില്ലെങ്കില്‍ തമിഴ്, തെലുങ്ക് ഭാഷകളില്‍ അഭിനയിക്കുകയും പിന്നണി പാടുകയും ചെയ്യും. സത്യത്തിനും നീതിക്കും വേണ്ടി നില്‍ക്കുന്നതൊഴിച്ചാല്‍ ആരോടും ഏറ്റുമുട്ടാന്‍ രമ്യക്കു താല്‍പര്യമില്ല.

ഇപ്പോള്‍ കോയമ്പത്തൂരില്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന രമ്യാനമ്പീശന്‍ അഭിനയത്തോടൊപ്പം തന്നെ ആലപിച്ച ഗാനങ്ങള്‍ ധാരാളം ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ടിരിക്കുന്നു.
പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് കൈരളി ടിവിയിലെ ‘ഹലോ ഗുഡ് ഈവനിങ്’ എന്ന പരിപാടിയിലെ അവതാരികയായി തെരഞ്ഞെടുക്കപ്പെട്ടത്.’
ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവും അഭ്യസിച്ച രമ്യ ആര്‍ ശരത്തിന്റെ ‘സായാഹ്നം’ സിനിമയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഈ സിനിമയില്‍ ഒ മാധവന്റെ കൊച്ചുമകളുടെ റോളില്‍ തിളങ്ങിയ രമ്യാനമ്പീശന്‍ പെരുമഴക്കാലത്തില്‍ കാവ്യാമാധവന്റെ അനുജത്തിയായും അഭിനയിച്ചു.

പ്രശസ്ത സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത ‘ആനച്ചന്തം’ ചിത്രത്തിലൂടെ നായികയായി. ഈ ചിത്രത്തില്‍ ജയറാം ആയിരുന്നു നായകന്‍.ആനച്ചന്തത്തിനുശേഷം തിരക്കിന്റെ ദിനങ്ങളായിരുന്നു. മലയാളത്തില്‍ നിന്നും തമിഴിലേക്ക്. അവിടെ നിന്ന് തെലുങ്കിലേക്കും രമ്യ അഭിനയ യാത്ര തുടര്‍ന്നു.ഇന്ന് ബഹുഭാഷയിലെ അറിയപ്പെടുന്ന നടിയും ഗായികയുമാണ് രമ്യ. നല്ല സിനിമകളില്‍ അഭിനയിക്കാനും പിന്നണി പാടാനുമാണ് രമ്യ കൂടുതലും ആഗ്രഹിച്ചത്. എന്നാല്‍ തിരക്കു വര്‍ധിച്ചപ്പോള്‍ സെലക്ടീവാകാന്‍ കഴിഞ്ഞില്ല.
ഇതിനിടയിലാണ് ഒന്നര വര്‍ഷം മുമ്പ് തന്റെ കൂട്ടുകാരിയായ നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. രമ്യ ഇക്കാര്യത്തില്‍ കണ്ണടച്ചിരുന്നെങ്കില്‍ സ്വന്തം പേരില്‍ മലയാള സിനിമയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമായിരുന്നു. എന്നാല്‍, പീഡിപ്പിക്കപ്പെട്ട കൂട്ടുകാരിയോടൊപ്പമാണ് രമ്യാനമ്പീശന്‍ നിലയുറപ്പിച്ചത്. ആ സമയത്ത് താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായിരുന്നു. ദിലീപിനെ സംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനു തീരുമാനമെടുക്കാനും വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രൂപീകരിക്കാനും മുന്നില്‍ നിന്നതിന്റെ പേരില്‍ രമ്യ ഒറ്റപ്പെട്ടു.

തമിഴില്‍ രമ്യാനമ്പീശനു നല്ല സ്ഥാനം നല്‍കിയ സിനിമ ‘പിസ’യാണ്. ‘പിസ’യിലെ അനു എന്ന കഥാപത്രം തമിഴ് പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. തുടര്‍ന്നുവന്ന ‘കുറുനരിക്കൂട്ടവും അടക്കം നിരവധി സിനിമകള്‍ ഹിറ്റായി മാറി. മലയാള സിനിമയിലാണ് പിന്നണി പാടിത്തുടങ്ങിയതെങ്കിലും അതിന്റെ ഗുണം ലഭിച്ചത് തമിഴ് സിനിമയിലും. തമിഴില്‍ രമ്യാനമ്പീശന്‍ പാടിയ ലൈഫ് ഫൈവ് ഫൈവ്’ എന്ന ഗാനം വന്‍ ഹിറ്റായി മാറി. സ്ത്രീകളോട് ക്രൂരത കാണിക്കുന്നവരെ എതിര്‍ക്കാന്‍ തന്നെയാണ് രമ്യ അടക്കമുളള വനിതാ കൂട്ടായ്മയുടെ തീരുമാനം. സത്യം തെളിയുന്നതുവരെ പീഡനത്തിനിരയായ നടിയോടൊപ്പം ഉണ്ടാകും. എന്തൊക്കെ സംഭവിച്ചാലും.

Related News