Thursday
15 Nov 2018

കോടതിയലക്ഷ്യ കേസില്‍ നിന്നും അറ്റോര്‍ണി ജനറല്‍ പിന്മാറി

By: Web Desk | Saturday 3 November 2018 11:14 PM IST

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പിന്മാറി. അറ്റോര്‍ണി ജനറല്‍ പദവിയിലെത്തുന്നതിന് മുമ്പ് കെ കെ വേണുഗോപാല്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തും ദേവസ്വം ബോര്‍ഡിനെ അനുകൂലിച്ചും ശബരിമല കേസില്‍ ഹാജരായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുന്നത്.
ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവര്‍ക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് വേണുഗോപാലിന്റെ പിന്മാറ്റം. രണ്ടു കോടതിയലക്ഷ്യ ഹര്‍ജികളാണ് അനുമതി തേടി അറ്റോര്‍ണി ജനറലിന്റെ മുന്നിലെത്തിയത്. എന്നാല്‍ അറ്റോര്‍ണി ജനറല്‍ അപേക്ഷകള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറുകയായിരുന്നു. ഇതില്‍ രണ്ടു ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പുന:പരിശോധനാ ഹര്‍ജിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയോ ഏതെങ്കിലും വിധത്തിലുള്ള നടപടി എടുക്കുകയോ ചെയ്യാനും സാധ്യതയുണ്ട്. അങ്ങനെയെന്തെങ്കിലും വേണ്ടിവന്നാല്‍ അതില്‍ അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കേണ്ടതായി വരും.
അത്തരമൊരു സാഹചര്യംകൂടി മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതില്‍നിന്ന് പിന്മാറിയതെന്നാണ് സൂചന.