Thursday
22 Nov 2018

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ്; ജോക്കോവിച്ച് പുറത്ത്

By: Web Desk | Monday 22 January 2018 10:34 PM IST

പെര്‍ത്ത്:

അമ്പരപ്പിക്കുന്ന അട്ടിമറിയുമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് സജീവമാകുന്നു. ആറ് തവണ ഓസ്‌ട്രേലിയന്‍ ഓപ്പന്‍ കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍നിന്നു പുറത്ത്. ദക്ഷിണ കൊറിയയുടെ ഹിയോണ്‍ ചുങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെട്ടാണ് ഗ്രാന്റ്സ്ലാം സിംഗിള്‍സ് കിരീടം നേടിയ ആദ്യ സെര്‍ബിയകാരനായ ജോക്കോവിച്ച് പുറത്തായത്. സ്‌കോര്‍: 7-6, 7-5, 7-6. മത്സരം മൂന്നു മണിക്കൂറും 21 മിനിറ്റും നീണ്ടു.

പരിക്കുകളുമായാണ് ജോക്കോവിച്ച് കളിക്കാനിറങ്ങിയത്.ഏതെങ്കിലും ഒരു ഗ്രാന്‍സ്ലാമിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ദക്ഷിണ കൊറിയന്‍ കളിക്കാരനാണ് ലോക 58ാം നമ്പര്‍ താരമായ ചുങ്. യുഎസ്എയുടെ ടെന്നിസ് സാന്‍ഡ്ഗ്രനാണ് ക്വാര്‍ട്ടറില്‍ ചുങിന്റെ എതിരാളി. ജോക്കോവിച്ച് 4 ഗ്രാന്റ്സ്ലാം സിംഗിള്‍സ് കിരീടങ്ങളും 2008 ബീജിങ് ഒളിമ്പിക്‌സില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്.

അതേസമയം മാര്‍ട്ടന്‍ ഫുക്‌സോവിക്‌സിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍. 6-4, 7-6, 6-2 എന്ന സ്‌കോറിനു നേരിട്ടുള്ള സെറ്റിലാണ് ഫെഡററുടെ ജയം. തന്റെ 52ാം ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന നേട്ടവും ഫെഡറര്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ 14 തവണയാണ് ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചത്.