Friday
25 May 2018

അയാള്‍ ഒരുപ്പുകടല്‍ ഉണ്ടാക്കുന്നത്

By: Web Desk | Sunday 13 May 2018 1:22 AM IST

മധുശങ്കര്‍
വെട്ടിപ്പിടിച്ച സാമ്രാജ്യങ്ങളൊക്കെയും
അയാളുടെ കുഴിമാടത്തിനരികില്‍
അക്ഷമരായ് ഊഴം പാര്‍ത്തു!
അയാള്‍ക്കൊപ്പമല്ലാതെ ജീവിക്കാന്‍
കഴിയാതവണ്ണം ആവതില്ലായ്മയുടെ
പരവശതയില്‍ ഞാന്‍ മുമ്പെ, ഞാന്‍
മുമ്പെയെന്ന് തിക്കിത്തിരക്കി,
പട്ടുനൂല്‍പ്പുഴുപോലെ സ്വന്തം വിസര്‍ജ്യം
വാണിജ്യവല്‍ക്കരിച്ച്, അടയാളങ്ങള്‍
മൊഴിമാറ്റി, ചത്തുംകൊന്നും മുന്നേറാന്‍
മാമാങ്കത്തറ സ്ഥാപിച്ച്, ഒരൂണിലോ
ഉറക്കത്തിലോ വീണുപോവാതെ
സ്വയം താങ്ങിപ്പിടിച്ച്, ആറടിമണ്ണിന്റെ
ഗുണനിലവാരം പലവട്ടം പരിശോധിച്ച്…!
ഇറക്കുമതിക്കുഴിമാടത്തില്‍ പക്ഷെ
ലവണാംശം തീരെ കുറവായിരുന്നു!
ഉടലില്ലാത്ത ഭൂഖണ്ഡങ്ങള്‍ കണ്ണീരിന്റെ
യുദ്ധം പാടേ മറന്നുപോയിരുന്നു!
കണ്ണീരുവീഴ്ത്താതയാള്‍ ഇനിയുള്ളകാലം
ഇതിലെങ്ങനെ സ്വസ്ഥനായിക്കഴിയും?
അയാളുടെ തൊങ്ങലുകള്‍ ആശങ്കപ്പെട്ടു!
സ്വന്തം ഉടലരിക്കാനെത്തുന്ന പുഴുക്കളെ
പിന്‍ബെഞ്ചില്‍ നീക്കിനിര്‍ത്തിപ്പൊരിച്ച്
അയാള്‍ ഒരുപ്പുകടല്‍ ഉണ്ടാക്കുന്നത്,
പായ്ക്കപ്പലോടിച്ച് തീരം വെട്ടിപ്പിടിക്കുന്നത്,
മൃഗവേട്ടയുടെ ചൂരുള്ള രസമുകുളം
തുറന്നു വയ്ക്കുന്നത്… അങ്ങനെ !
അയാളുടെ കുടെപ്പോകാന്‍ പുതിയ
തിരക്കഥ കൂടിയേതീരൂ!