Friday
20 Jul 2018

അയോദ്ധ്യ: ഭൂമി പൊതു ഇടമാക്കണം; പ്രമുഖ വ്യക്തികളുടെ ഹര്‍ജി

By: Web Desk | Tuesday 5 December 2017 10:46 PM IST

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലം പൊതു ഇടമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ – സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഘം സുപ്രിംകോടതിയെ സമീപിച്ചു.
രാമജന്മഭൂമി ബാബ്‌റി മസ്ജിദ് വിഷയത്തില്‍, 2010 ലെ അലഹാബാദ് ഹൈക്കോടതി വിധിയെ അടിസ്ഥാനമാക്കിയാണ് പുതിയ ഹര്‍ജി. തകര്‍ക്കപ്പെട്ട മന്ദിരത്തിന്റെ മധ്യഭാഗത്തെ കുംഭഗോപുരം അടക്കമുള്ള പ്രദേശം രാമജന്മഭൂമി ആണെന്ന നിഗമനത്തില്‍ അലഹബാദ് ഹൈക്കോടതി എത്തിയിരുന്നു. പക്ഷേ യാതൊരുവിധ പുരാവസ്തു തെളിവുകളും കൂടാതെ ഇത്തരമൊരു നിഗമനത്തില്‍ കോടതി എത്തുന്നത് ചരിത്രത്തെ തന്നെ നിരാകരിക്കുന്നതാണ് എന്നാണ് ഹര്‍ജിക്കാരുടെ വാദം. രാജ്യത്ത് ശാന്തിയും സമാധാനവും സഹിഷ്ണുതയും നിലനിര്‍ത്താനായി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സിജെപി) എന്ന സംഘടനയുടെ പേരിലാണ് പ്രമുഖ വ്യക്തികള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സിജെപി സ്ഥാപകയും, സാമൂഹിക പ്രവര്‍ത്തകയുമായ ടീസ്റ്റ സെതല്‍വാദ്, സിനിമാ സംവിധായകരായ ശ്യാം ബെനഗല്‍, അപര്‍ണ സെന്‍, ആനന്ദ് പട്‌വര്‍ദ്ധന്‍, സാമൂഹ്യ പ്രവര്‍ത്തകരായ മേധാ പട്കര്‍, അരുണ റോയ്, സര്‍വ്വകലാശാല അധ്യാപകരായ ഗണേഷ് ദേവി, ജയതി ഘോഷ്, കല്പന കബിര, മുനിസ ഖാന്‍, ജി ഹരഗോപാല്‍, പത്രാധിപന്മാരായ ഓം തന്‍വി, കുമാര്‍ കേട്കര്‍, വ്യവസായി സൈറസ് ഗുസ്ദാര്‍, എഴുത്തുകാരായ കിര നഗര്‍ക്കര്‍, രൂപ മോഡി തുടങ്ങി നിരവധി പ്രമുഖരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 2002 ലെ കലാപത്തില്‍ രൂപ മോഡിയുടെ പത്തു വയസ്സുകാരനായ മകന്‍ അസ്ഹര്‍ മോഡിയെ കാണാതായിരുന്നു. ഈ വിഷയത്തെ ആസ്പദമാക്കി പിന്നീട് പര്‍സാനിയ എന്നൊരു ചലച്ചിത്രവും നിര്‍മ്മിക്കപ്പെട്ടു.
44 പേജുകളുള്ള അപ്പീലിന്മേല്‍ കോടതിയുടെ അതിവേഗ ഇടപെടല്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2.77 ഏക്കര്‍ വരുന്ന അയോദ്ധ്യയിലെ തര്‍ക്കഭൂമി മൂന്നാക്കി ഭാഗിക്കുവാനും യഥാക്രമം ക്ഷേത്രം, പള്ളി എന്നിവ നിര്‍മ്മിക്കുവാനും കേസിലെ മറ്റൊരു ഹര്‍ജ്ജിക്കാരായ നിര്‍മോഹി വിഭാഗക്കാര്‍ക്കായി നല്‍കുവാനും അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. വിധി പ്രസ്താവിച്ച മൂന്നംഗസമിതിയാണ് മൂന്നു വിഭാഗങ്ങള്‍ക്കും തുല്യമായി ഭൂമി നല്‍കുവാന്‍ വിധിച്ചത്. പക്ഷേ സമിതിയിലെ ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കാതെ, ജസ്റ്റിസ് ഡിവി ശര്‍മ്മ തര്‍ക്കസ്ഥലം രാമക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടു നല്‍കണം എന്ന അഭിപ്രായം ഉന്നയിച്ചത് വിവാദവുമായിരുന്നു.
ഏതെങ്കിലുമൊരു വിഭാഗത്തിന് അനുകൂലമായി വിധി വരുന്നപക്ഷം അത് എതിര്‍പക്ഷത്തെ തീവ്രചിന്താഗതിക്കാര്‍ മുതലെടുക്കുകയും, അനിഷ്ടസംഭവങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും, അത് രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യുമെന്നും തങ്ങള്‍ ആശങ്കപ്പെടുന്നതായി വെള്ളിയാഴ്ച ഫയല്‍ ചെയ്ത ഹര്‍ജ്ജിയില്‍ സിജെപി പറഞ്ഞു.
2010 ലെ ഹൈക്കോടതി വിധി പ്രകാരം വാദികളില്‍ ആര്‍ക്കും തന്നെ മതിയായ രേഖകള്‍ കോടതിമുമ്പാകെ സമര്‍പ്പിക്കുവാനോ, തര്‍ക്കഭൂമിയുടെ കൈവശാവകാശം തങ്ങള്‍ക്കുണ്ടെന്നു തെളിയിക്കുവാനോ സാധിച്ചിരുന്നില്ല. തര്‍ക്കമന്ദിരം സ്ഥിതി ചെയ്യുന്ന അയോദ്ധ്യ വിശ്വാസപ്രകാരം രാമജന്മഭൂമി ആണെന്നതും, ഹൈന്ദവവിശ്വാസികള്‍ അവിടെ കാലങ്ങളായി പൂജ ചെയ്യാന്‍ വരുന്നുണ്ട് എന്നുമുള്ള വസ്തുതകള്‍ കൂടി കണക്കിലെടുത്താണ് അലഹബാദ് ഹൈക്കോടതി വിധിപ്രസ്താവം പുറപ്പെടുവിച്ചത്. ‘തര്‍ക്കഭൂമിയില്‍ ക്ഷേത്രം വേണമെന്നും, പള്ളി വേണമെന്നും വാദിക്കുന്നവര്‍ക്ക് തങ്ങളുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്ന യാതൊരുവിധ രേഖകളും കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്തെ മതേതര വ്യവസ്ഥ അപകടപ്പെടരുത് എന്നതിനാലാണ് ഹൈക്കോടതി ഹര്‍ജ്ജിക്കാര്‍ക്ക് ഭൂമി വീതിച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചത്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഈ തര്‍ക്കം ഉണ്ടാക്കിയ പ്രശ്‌നങ്ങളും, ഉണങ്ങാത്ത മുറിവുകളും വളരെ വലുതാണ്.’
രാജ്യത്തിന്റെ അഖണ്ഡതയെ പോലും ബാധിക്കുന്ന ഗുരുതരമായ വിഷയം ആയതുകൊണ്ടാണ് ഇരുവിഭാഗത്തെയും പ്രകോപിപ്പിക്കാത്ത നയം സ്വീകരിക്കാന്‍ കോടതി ശ്രമിച്ചത്.
ഒരു വിഭാഗം ആളുകള്‍ കരുതിക്കൂട്ടി സൃഷ്ടിച്ച ഒരു പ്രശ്‌നമാണ് ഇപ്പോള്‍ കോടതിയുടെ മുന്‍പില്‍ വിധി കാത്തു കിടക്കുന്നത്. ഹര്‍ജിക്കാരായ ഇരുവിഭാഗങ്ങളും തുല്യശക്തികള്‍ അല്ലെങ്കില്‍പോലും , ഭാവിയില്‍ വലിയൊരു രക്തരൂക്ഷിത കലാപത്തിനോ രാജ്യത്തിന്റെ വിഭജനത്തിനോ പോലും കാരണമാകാവുന്നതോ ആയ ഈ പ്രശ്‌നം അവസാനിച്ചു കാണുവാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങളും, ശബ്ദിക്കാന്‍ അവസരമില്ലാത്തവരുമായ ദശലക്ഷക്കണക്കിനു ജനങ്ങള്‍ രാജ്യത്തുണ്ട്.
വര്‍ഗ, ജാതി, സമുദായ, ലിംഗ ന്യൂനതകളുടെ സങ്കുചിത ചിന്തകളില്‍നിന്നും ഉയര്‍ന്ന് മതനിരപേക്ഷ പരിഹാരത്തിന് ശ്രമിച്ചാല്‍ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാവൂ എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.