Saturday
15 Dec 2018

വില്ലുവണ്ടി സമരത്തിന്‍റെ 125ാം വാര്‍ഷികം 20 മുതല്‍

By: Web Desk | Wednesday 16 May 2018 5:31 PM IST

കോട്ടയം:

രാജ്യത്തെ അധസ്ഥിത ജനതയുടെ വിമോചന ചരിത്രത്തില്‍ ധീരതയുടെ പര്യായമായി വിളങ്ങുന്ന അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്രയുടെ 125ാം വാര്‍ഷികാഘോഷം 20, 21, 22 തീയതികളില്‍ തിരുവാര്‍പ്പില്‍ നടക്കും. ആര്‍ കെ മേനോന്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി 20 ന് വില്ലുവണ്ടി യാത്രയുടെ പുനരാവിഷ്‌കാരം നടക്കും. സാംസ്‌കാരിക റാലി അയ്യന്‍കാളിയുടെ ചെറുമകനും അണ്ടര്‍സെക്രട്ടറിയുമായിരുന്ന അഡ്വ. ഗിരിജാത്മജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുവാര്‍പ്പ് ക്ഷേത്രമൈതാനത്ത് നടക്കുന്ന നവോത്ഥാന സന്ദേശ സദസ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, മോഹിനിയാട്ടത്തെ പരിചയപ്പെടുത്തി സോഫിയ സുദീപ് ശതമോഹനം അവതരിപ്പിക്കും.

തിങ്കളാഴ്ച രാവിലെ 10.30 ന് തിരുവാര്‍പ്പ് സഞ്ചാരസ്വാതന്ത്ര്യ സമര സ്മൃതിമണ്ഡപസഭയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ നിര്‍വ്വഹിക്കും. വൈകിട്ട് ‘അയ്യന്‍കാളിയുടെ പ്രസക്തി വര്‍ത്തമാനകാല ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സ്മൃതിസംഗമം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 7 ന് കരുണ നാടകം അരങ്ങേറും. ചൊവ്വാഴ്ച വൈകിട്ട് നാലിന് കലാപരിപാടികള്‍ക്കു ശേഷം നടക്കുന്ന സമാപന സമ്മേളനം അഡ്വ. കെ സുരേഷ്‌കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30 ന് നിഴല്‍കുത്ത് കഥകളി അരങ്ങേറും.