Saturday
17 Nov 2018

അടിച്ചുകൊല്ലും വലിച്ചുകീറും, തെറിയഭിഷേകം…

By: Web Desk | Thursday 8 November 2018 8:20 PM IST

ലളിതയും കുടുംബവും സന്നിധാനത്ത്

തൃശൂർ:  മരണം മുന്നിൽകണ്ട നിമിഷങ്ങളായിരുന്നു അത‌്… ലളിതയെ വലിച്ചിഴച്ചു.  അടിച്ചുകൊല്ലുമെന്നും വലിച്ചുകീറുമെന്നും കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷവുമായിരുന്നു  സ്വാമിമാരുടെ വേഷത്തിലെത്തിയ സംഘപരിവാറുകാരില്‍ നിന്നും – തൃശൂർ ലാലൂർ കണ്ടങ്ങത്ത് വീട്ടിൽ കെ വി സുരേഷ്ബാബു പറഞ്ഞു.

വിനീഷിനെ ഇടിച്ചുവീഴ‌്ത്തി കാൽ ചവിട്ടി ഒടിച്ചു. തടയാൻചെന്ന മൃദുലിനെ കാവിമുണ്ടുടുത്ത സംഘം വളഞ്ഞിട്ട് മർദിച്ചു..

“ചുറ്റുംനിന്ന ക്രിമിനലുകൾ തേങ്ങ, വടി, കല്ല്, കസേര എന്നിവകൊണ്ട് എറിഞ്ഞു. ഭക്തരെ ആക്രമിക്കുന്നത‌് കണ്ടാണ് സമീപത്തുണ്ടായിരുന്ന പൊലീസുകാർ രക്ഷയ്ക്കെത്തിയത്. വലയമൊരുക്കി ഞങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ പൊലീസുകാർക്കും മർദനമേറ്റു.  കൈയിലുണ്ടായിരുന്ന മൈാബൈൽഫോൺ, മൂന്നുപേരുടെ ആധാർ കാർഡുകൾ, പണമടങ്ങിയ പേഴ്സ് തുടങ്ങിയവയെല്ലാം നഷ്ടപ്പെട്ടു ” –- മൃദുൽ പറഞ്ഞു.

കുഞ്ഞിന്റെ ചോറൂണിനായി ചൊവ്വാഴ്ച രാവിലെ സന്നിധാനത്തെത്തിയപ്പോഴാണ് ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം ഉണ്ടായത്. പ്രായമായ സ്ത്രീകളെയും മകൻ മൃദുലിനെയും വളഞ്ഞിട്ട് ആക്രമിച്ചു. പൊലീസ് വലയം തീർത്ത് സംരക്ഷിച്ചതിനാലാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് സുരേഷിന്റെ മകൻ മൃദുൽകുമാർ ഒരു മാധ്യമത്തോടു പറഞ്ഞു.

ലാലൂർ കണ്ടങ്ങത്ത് വീട്ടിൽ സുരേഷ്ബാബു, ഭാര്യ ഗീത, മക്കൾ മൃദുൽകുമാർ, ഷിഗിൽ, ഗീതയുടെ ചേച്ചി ലളിത, ഭർത്താവ് വി കെ രവി, മകൻ വിനീഷ്, ഭാര്യ നീതു, ആറുമാസമായ വിനയ, ശശി, മിനി, ഗീതയുടെ മറ്റൊരു സഹോദരി ഗിരിജ, പേരക്കുട്ടി അഭിനവ്, കണ്ണൻ തുടങ്ങി 19 പേരടങ്ങുന്ന കുടുംബമാണ് തിങ്കളാഴ്ച രാവിലെ ശബരിമലയിലേക്ക് പോയത്. വൈകിട്ട് 5.30ന് പമ്പയിൽ എത്തിയപ്പോൾ സംഘപരിവാറുകാർ തടഞ്ഞു. ചെറുപ്പക്കാരായ സ്ത്രീകളെ പമ്പയിൽ ഇരുത്തി, ചൊവ്വാഴ്ച പുലർച്ചെ ലളിത (52), ഗിരിജ (56), സുജാത (58) എന്നിവരും പുരുഷന്മാരും  കുഞ്ഞിനെയുംകൊണ്ട് ശബരിമലയിലേക്ക് പുറപ്പെട്ടു.

സന്നിധാനത്ത് നടപ്പാതയിൽ എത്തിയപ്പോൾ, ശരണംവിളിച്ചെത്തിയ അക്രമികൾ തടഞ്ഞു. ആധാർകാർഡ് കാണിച്ച് ബോധ്യമായതോടെ കടത്തിവിട്ടു. വീണ്ടും മുന്നോട്ടുപോയപ്പോഴാണ് ചാടിയെത്തിയ സംഘം അക്രമം തുടങ്ങിയത്.

മുത്തശ്ശന്റെ കാലംമുതൽ വർഷങ്ങളായി ശബരിമലയിൽ ദർശനത്തിന് പോകാറുണ്ടെന്ന് സുരേഷ്ബാബു പറഞ്ഞു. “കുടുംബാംഗങ്ങളും ബന്ധുക്കളും ട്രാവലർ വിളിച്ചാണ് പോകുക. കെട്ടുനിറച്ചും അല്ലാതെയും പോകാറുണ്ട്. ഒരിക്കൽപോലും അക്രമമോ തടയലോ ഉണ്ടായിട്ടില്ല.  മൃദുലിനെ മർദിച്ച സംഘം കറുത്തമുണ്ട് വലിച്ചൂരി, ഷർട്ടും വലിച്ചുകീറി. മറ്റൊരു ഭക്തൻ മുണ്ട് കൊടുത്തെങ്കിലും അതും അക്രമികള്‍ അനുവദിച്ചില്ല.  പ്രശ‌്നങ്ങൾക്ക‌ുശേഷം പൊലീസ‌് സഹായത്തോടെ ദർശനം നടത്തിയാണ‌് മലയിറങ്ങിയത‌് – സുരേഷ് ബാബു പറഞ്ഞു.

Image courtesy Anu Mohan