Friday
20 Jul 2018

ബാബറി മസ്ജിദ് അന്തിമവാദം ഫെബ്രുവരി എട്ടിന്

By: Web Desk | Tuesday 5 December 2017 10:37 PM IST

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിംകോടതി അന്തിമ വാദം കേള്‍ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അയോധ്യയിലെ ബാബറി മസ്ജിദ്‌രാമക്ഷേത്ര തര്‍ക്കത്തില്‍ വാദം കേട്ടത്.
മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അനൂപ് ജോര്‍ജ് ചൗധരി, രാജീവ് ധവാന്‍, സുശീല്‍ ജെയിന്‍ എന്നിവര്‍ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും വേണ്ടി ഹാജരായി. കേസില്‍ ഇപ്പോള്‍ വാദം കേള്‍ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. കേസ് 2019 ജൂലൈയിലേക്ക് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. കേസിന്റെ അന്തിമവാദം കേള്‍ക്കല്‍ ഏഴംഗ ബെഞ്ചിന് വിടണമെന്നും കപില്‍ സിബലും രാജീവ് ധവാനും ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചില്‍ സമര്‍പ്പിച്ച രേഖകളും തെളിവുകളും പരിഭാഷപ്പെടുത്തുന്നതിന് സമയം ആവശ്യമാണെന്ന ഹര്‍ജിക്കാരുടെ അഭിഭാഷകരുടെ വാദം അംഗീകരിച്ചാണ് കേസ് ഫെബ്രുവരിയിലേക്ക് മാറ്റിയത്.
അഭിഭാഷകരായ കെ പരാശരന്‍, സി എസ് വൈദ്യനാഥന്‍, സൗരഭ് ഷാംശേരി എന്നിവരാണ് രാംലാല വിരാജ്മാന് വേണ്ടി ഹാജരായത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയാണ് വാദിച്ചത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലാല വിരാജ്മാന്‍ എന്നിവയ്ക്ക് 2.77 ഏക്കര്‍ വരുന്ന ഭൂമി തുല്യമായി പങ്കിട്ടു നല്‍കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നതിനൊപ്പമാണ് കേസില്‍ അന്തിമവാദം സുപ്രിംകോടതിയില്‍ തുടങ്ങിയത്. ഹര്‍ജികളില്‍ എത്രയും വേഗം വാദം കേള്‍ക്കുമെന്ന് കഴിഞ്ഞ ജൂലൈ 21 ന് മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. 1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുന്നത്. പളളി നില്‍ക്കുന്ന സ്ഥലം രാമജന്മ ഭൂമിയാണെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചാണ് മസ്ജിദ് പൊളിച്ചത്. 2010ല്‍ അലഹബാദ് ഹൈക്കോടതി രാംലാല, നിര്‍മോഹി അഖാഡക്കും സുന്നി വഖഫ് ബോര്‍ഡിനും ഭൂമി തുല്യമായി വീതിച്ച് നല്‍കിയതോടെയാണ് രാമജന്മഭൂമിയുടെ അവകാശ തര്‍ക്കം സുപ്രിംകോടതിയിലെത്തുന്നത്. വിവാദ രാമജന്മഭൂമിക്ക് സമീപത്ത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തായി പള്ളി നിര്‍മിക്കാമെന്ന് നിലപാടാണ് ശിയ വഖഫ് ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചിട്ടുള്ളത്.
കോടതിക്ക് പുറത്ത് കേസ് ഒത്തു തീര്‍ക്കാന്‍ ഇരുകൂട്ടരും നടപടി സ്വീകരിക്കണമെന്ന് 2017 മാര്‍ച്ചില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചകളൊന്നും നടന്നില്ല. തുടര്‍ന്ന് കേസ് നീണ്ടു പോകുന്ന സാഹചര്യം ഒഴിവാക്കി പെട്ടെന്ന് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി എം പി സുബ്രഹ്മണ്യം സ്വാമി സുപ്രിംകോടതിയെ സമീപിക്കുന്നത്. ബാബറി മസ്ജിദ് പൊളിക്കുവാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എല്‍ കെ അഡ്വാനി അടക്കം 13 പേര്‍ക്കെതിരെ കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാ ഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍, സാധ്വി ഋതംബര, വിഎച്ച് ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്‍, ആര്‍ വി വേദാന്തി, പരമ ഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി എല്‍ ശര്‍മ, നൃത്യഗോപാല്‍ ദാസ്, ധരം ദാസ് എന്നിവരടക്കമുള്ള ബിജെപി, വിഎച്ച്പി നേതാക്കളും കേസിലെ പ്രധാന പ്രതികളാണ്. മരണമടഞ്ഞതിനെ തുടര്‍ന്ന് ശിവസേന നേതാവ് ബാല്‍ താക്കറെയെ ഗൂഢാലോചന കേസ് പ്രതിസ്ഥാനത്ത് നിന്ന് കോടതി ഒഴിവാക്കിയിരുന്നു.