Wednesday
21 Nov 2018

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം: ബാഹുബലി മൂന്ന് ഉടന്‍

By: Web Desk | Friday 6 July 2018 10:57 PM IST

തിരുവനന്തപുരം: കത്തുന്ന പ്രണയത്തിന്റെയും പകയുടെയും കഥപറഞ്ഞ രാജമൗലി ചിത്രം ബാഹുബലിയുടെ ഒന്നും രണ്ടും പതിപ്പുകള്‍ തിയേറ്ററിലും സിനിമാ പ്രേമികളുടെ മനസ്സിലും വന്‍ വിജയമായിരുന്നു. ഒന്നാം പതിപ്പില്‍ തുടങ്ങിയ കഥയുടെ അവസാനഭാഗമായിരുന്നു രണ്ടാം ഭാഗം. ബാഹുബലിയുടെ മരണത്തിന് പിന്നിലുണ്ടായിരുന്ന രഹസ്യം തെളിഞ്ഞതോടെ മൂന്നാം ഭാഗത്തിനുള്ള കാത്തിരിപ്പിലായി പ്രേക്ഷകര്‍. കാത്തിരിപ്പിന് വിരാമമിട്ട് ബാഹുബലിയുടെ മൂന്നാം ഭാഗവും ഇറങ്ങുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
ആനന്ദ് നീലകണ്ഠന്‍ എഴുതിയ ‘ ദ റൈസ് ഓഫ് ശിവകാമി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. രാജമാതാ ശിവകാമി ദേവിയുടെ ജീവിത യാത്രയാകും ചിത്രം പറയുന്നത്. രമ്യ കൃഷ്ണനാണ് ചിത്രത്തില്‍ ശിവകാമിയായി എത്തിയത്. രമ്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം തന്നെയായിരുന്നു അത്.
അമേരന്ദ്ര ബാഹുബലിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥപറഞ്ഞ ബാഹുബലിയിലെ പ്രധാന കഥാപാത്രമായിരുന്നു ശിവകാമി. ശിവകാമിയുടെ കഥ പക്ഷെ ബാഹുബലിയില്‍ പറഞ്ഞിരുന്നില്ല. അതിനാല്‍ ശിവകാമിയുടെ കഥയാണ് ബാഹുബലി മൂന്നിന് കഥയാകുക.
രാജമൗലി തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗവും ഒരുക്കുന്നത്. എന്നാല്‍ തിയേറ്റര്‍ റിലീസിനായല്ല ചിത്രത്തിന്റെ മൂന്നാംഭാഗം ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ വെബ് സ്ട്രീമിങ് സര്‍വീസിനു വേണ്ടിയാണ് ചിത്രം ഒരുങ്ങുന്നത്. രാജമൗലിക്കൊപ്പം സംവിധായകന്‍ ദേവ കട്ടയും ചിത്രത്തില്‍ സഹകരിക്കുന്നുണ്ട് എന്നാണ് വിവരം.