Wednesday
19 Sep 2018

സ്ത്രീകള്‍ അറിയുന്ന ചുള്ളിക്കാട്

By: Web Desk | Friday 6 October 2017 1:37 AM IST

എം സരിതാ വര്‍മ്മ

സ്ത്രീകളുടെ ചുള്ളിക്കാട് സംവാദം വേണ്ടത്ര കവിത ചൊല്ലല്‍, വേണ്ടത്ര വ്യക്തിപഠനം, വേണ്ടത്ര അടിയന്തരാവസ്ഥാനന്തര കാമ്പസ് വിചാരം, വേണ്ടത്ര പ്രണയസ്മൃതികള്‍, വേണ്ടത്ര സ്ത്രീപുരുഷസ്വത്വബോധം, വേണ്ടത്ര ഐറണി എന്നിവയോടെ ക്ഷ- ക്ഷയായി.
വേണ്ടതിലേറെ എന്ന് ചിലര്‍ക്ക് പുരികം ചുളിഞ്ഞതെന്താണ്? യൗവ്വനസുരഭിലമായ പൂര്‍വകാലങ്ങളിലേയ്ക്ക് പോവുമ്പോള്‍ , സംവാദത്തിന് ഒരു ചുള്ളിക്കാടിയന്‍ അരാജകത്വം വന്നു കൂടി. വേദിയും കാണികളും എന്ന വേര്‍തിരിവില്ലാതെ സ്ത്രീകളുടെ കവിതാവെടിവട്ടം, മുന്‍നിശ്ചയിച്ച രണ്ടുമണിക്കൂര്‍ കഴിഞ്ഞും പറഞ്ഞുതീരാതെ അരമണിക്കൂര്‍ കൂടി കത്തിക്കയറി.
സുഗതകുമാരി ടീച്ചര്‍ തന്റെ സഹപാഠിയായ എന്‍ മോഹനനെ സ്‌നേഹമധുരമായി അനുസ്മരിക്കയും, 60 തികയുന്ന ബാലചന്ദ്രന് വാത്സല്യത്തോടെ കാവ്യായുസ്സ് നേരുകയും ചെയ്തു.
തന്നെ ചൊല്ലിയുള്ള ചര്‍ച്ചകളില്‍ സന്നിഹിതനാവില്ല എന്ന നയത്തിന് നീക്കുപോക്കില്ലാതെ, ബാലചന്ദ്രന്‍ ചുള്ളിക്കാട് സ്‌നേഹപുരസരം വിട്ടുനിന്നു. എന്നാലെന്ത്, വാദങ്ങളോട്, വിയോജിക്കാനും കവിത ചൊല്ലാനും സംവാദത്തില്‍ പങ്കെടുത്തവരിലെ പുരുഷപക്ഷത്തിനെ പ്രതിനിധീകരിച്ച് ആത്മാരാമന്‍ മുന്നോട്ടു വന്നു. വിമലാമേനോന്‍, സുനിത ബാലകൃഷ്ണന്‍, എസ് കെ മിനി എന്നിവര്‍ ചുള്ളിക്കാട് കവിതകള്‍ ചര്‍ച്ചയ്ക്ക് ഇടയ്ക്കിടയ്ക്കായി ചൊല്ലി.
‘സന്ദര്‍ശനം’ ചൊല്ലി തുടങ്ങുമ്പോഴുണ്ട് ചുറ്റും ഏതാണ്ടെല്ലാ ചുണ്ടുകളും വരികള്‍ക്കൊപ്പം കൃത്യമായി കൂമ്പുകയും വിടരുകയും ചെയ്യുന്നു! ‘അത് കാണാപാഠം അറിയാതെ ആരുണ്ട്!’ എന്നായി സുഗതടീച്ചര്‍. ശ്വാസം മുട്ടല്‍ മറന്നു, ടീച്ചര്‍ ബാലചന്ദ്രനുള്ള ടീച്ചറിന്റെ ‘അര്‍ത്ഥന’ എന്ന കവിത ചൊല്ലി.
‘സ്വപ്‌നസങ്കീര്‍ത്തന’ത്തിലെ പഞ്ചചാമരത്തിന്റെ താളസാന്നിധ്യം, സംസ്‌കൃതപദസന്നിവേശത്തിന്റെ കാര്യക്ഷമത, ബിംബസഞ്ചാരം എന്നിവ നിരവധി ടീച്ചര്‍മാരുടെ ടീച്ചറായ ഡോ എസ് ശ്രീദേവി സരസമായി വ്യാഖ്യാനിച്ചു.
അരങ്ങിനെക്കുറിച്ചുള്ള അവബോധമാണ് ചുള്ളിക്കാട് കവിതയുടെ പ്രത്യേകമായ ശരീരഭാഷ. കടലാസിനപ്പുറം, അവതരണത്തിലൂടെ കവിത ശബ്ദസാന്നിദ്ധ്യമായി മാറുന്നത് ഇത് കൊണ്ടാണെന്നു ഡോ. മീന ടി പിള്ള അഭിപ്രായപ്പെട്ടു.
‘അമാവാസി’യില്‍ നിന്ന്, ചുള്ളിക്കാട് ഏറ്റവും ഒടുക്കം എഴുതിയ ‘ചെണ്ട’ വായിക്കും മുമ്പ്, മരണാഭിമുഖ്യത്തില്‍ നിന്ന് ജീവിതാസക്തിയിലേക്കുള്ള കവിയുടെ യാത്ര ചന്ദ്രമതിടീച്ചര്‍, സ്വന്തം കാന്‍സര്‍ യാത്രയ്ക്ക്, സമാന്തരമായി വരച്ചിട്ടു.
എണ്‍പതു കടന്ന സുഗതകുമാരി ടീച്ചറും, സാറാതോമസും മാത്രമല്ല തൊണ്ണൂറിലേയ്ക്ക് കുതിയ്ക്കുന്ന പ്രൊഫ രാജമ്മടീച്ചറും (സഖാവ് പിജിയുടെ പത്‌നി) സാകൂതം ശ്രദ്ധിക്കുന്നതൊന്നും ചുള്ളിക്കാട്കവിതയിലെ ഈഡിപ്പസ് കോംപ്ലക്‌സ്, ബിംബങ്ങളില്‍ പ്രസരിക്കുന്ന ബയോളജി, അനാട്ടമി, സെക്‌സോളജി എന്നിവയെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍ക്കുള്ള ഊര്‍ജ്ജം കുറച്ചില്ല.
ഫെമിനിസത്തിന്റെ കുതിച്ചുകയറ്റത്തോടെ സ്‌െ്രെതണശൃംഗാരത്തിന്റെ കാവ്യപ്രസക്തി നഷ്ടപ്പെട്ടതു ശ്രീദേവി ടീച്ചര്‍ തെല്ലു പ്രതിലോമപരമായ സങ്കടത്തോടെ ഓര്‍ത്തു. സുഗതകുമാരി കവിതകളില്‍പ്പോലും രാധയുടെയോ മീരയുടെയോ ആത്മസമര്‍പ്പണം നടത്തുന്ന പ്രണയങ്ങള്‍ ഇന്ന് മാഞ്ഞുപോയി.
മറിച്ച്, സാമൂഹികയാഥാര്‍ഥ്യങ്ങളെ കാരിരുമ്പിന്റെ മൂര്‍ച്ചയോടെ സമീപിക്കുന്ന കവിതകളാണ് (‘മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്’) സുഗതടീച്ചര്‍ ഇന്ന് എഴുതുന്നത്. കാലത്തിന്റെ മാറ്റവും ഭാവുകത്വപരിണാമവും ചുള്ളിക്കാട് കവിതകളെയും ‘പ്രതിനായകനും’ ആസുരവാദ്യമായ ‘ചെണ്ട’യും ആക്കി. ഒപ്പം ഏറെ കുറെ മുക്തച്ഛന്ദസാക്കി.
അതേസമയം, അനാഥത്വത്തിന്റെ പരിവേഷവും (യാത്രാമൊഴി), ആത്മ പീഢയും, പ്രണയകാല്‍പനികതയുമാണ് (ആനന്ദധാര) ചുള്ളിക്കാട് കവിതയെ ഒരു കാലഘട്ടത്തിന്റെ റോക്സ്റ്റാര്‍ ആക്കിയത് എന്ന് ആര്‍ക്കുണ്ട് സംശയം! കാല്‍നൂറ്റാണ്ട് മുമ്പ്, ഏറ്റവുമധികം പ്രേമലേഖനങ്ങളുടെ കവിള്‍ തുടുപ്പിച്ചത്, എത്രയോ ഹൃദയങ്ങളെ അടുപ്പിച്ചത് ചുള്ളിക്കാട് കവിതാകാലത്തിന്റെ ആദ്യദശകങ്ങളാവണം.
ചര്‍ച്ച, പക്ഷെ, അവസാനിച്ചത് പ്രണയത്തിലല്ല, പരുക്കന്‍ ഐറണിയിലാണ്.
സ്ത്രീകള്‍ ചുള്ളിക്കാടിനെ എങ്ങിനെയാണ് കാണുന്നത്?
‘ഭയമാണങ്ങയെ…’ ( വിജയലക്ഷ്മി ‘മൃഗശിക്ഷകന്‍’) എന്ന അവസ്ഥ ആയാലോ! വിഷമാണെന്നറിഞ്ഞു കഴുത്തില്‍ അത് പിടിച്ച് നിര്‍ത്തലായാലോ?
എത്ര ഹൃദയാവര്‍ജ്ജകമായാലും, കടുത്ത പാട്രിയാര്‍ക്കി തന്നെയാണ് ചുള്ളിക്കാടിന്റെ ദര്‍ശനത്തിലെ നെടുംതൂണെന്നു ആര്‍ പാര്‍വതീദേവി.
കാമുകത്വത്തിനു വലിയ മൂല്യമുള്ള ഒരു റിബല്‍കവിക്ക് ഉത്തമഭര്‍തൃമൂല്യമുണ്ടാവണം എന്നില്ല എന്ന ബോധ്യമുണ്ട് പുതിയ തലമുറയ്ക്ക്.
ട്രാന്‍സ്‌ജെണ്ടര്‍നീതിയെക്കുറിച്ചും കൂടി തിരിച്ചറിവ് വന്നു തുടങ്ങിയ 2017 ല്‍, പുരുഷ വിഹലതകളെക്കുറിച്ചുള്ള ആത്മാലാപങ്ങള്‍ക്ക് പ്രസക്തി കുറയുകയുമാണ്. പെണ്‍കുട്ടികള്‍ കവിതാവായനയെ സമീപിക്കുന്ന രീതിക്ക് ഇത് കാര്യമായ മാറ്റമുണ്ടാക്കിയേക്കാം.
ഇനി ചോദ്യം തിരിച്ചിട്ടു നോക്കാം. ചുള്ളിക്കാട് സ്ത്രീകളെ എങ്ങിനെയാണ് കാണുന്നത്?
കവി തന്നെ ഓര്‍മിച്ചു അത്തരമൊരു ചോദ്യോത്തരം.
‘ഒരു ഫെമിനിസ്റ്റ് എന്നോട് ചോദിച്ചു: നിങ്ങള്‍ പെണ്ണിനെ ഉപഭോഗവസ്തുവായാണോ കാണുന്നത്?’
അല്ല, ഞാന്‍ അവളോട് പറഞ്ഞു.
പെണ്ണിനെ ഞാന്‍ പൂര്‍ണമായും ഭോഗവസ്തുവായാണ് കാണുന്നത്, ഒട്ടും ‘ഉപ’ഭോഗമായല്ല.
ആത്മവിമര്‍ശനത്തിലും ആത്മപീഢയിലും ഭാവനയിലും ഏറെ മുന്തിയ ഒരു കവിയില്‍ നിന്നാവുമ്പോള്‍ ഈ കഥ, വെറും നര്‍മത്തിന്റെ വഴിയിലാവാനേ സാധ്യതയുള്ളു.
കഥ ഗൗരവത്തിലെടുക്കണ്ട. ബാലചന്ദ്രന്‍ ചുള്ളിക്കാടിന് സ്ത്രീകളെ അറിയില്ല, കവിതയേ അറിയൂ. ഒരു പക്ഷെ, ഇനി അത്രയും മതി താനും.)

(2017 ലെ എന്‍ മോഹനന്‍ അനുസ്മരണത്തോടൊപ്പം നടന്ന ‘സ്ത്രീകള്‍ ചുള്ളിക്കാട് കവിതയെ എങ്ങിനെ കാണുന്നു എന്ന ചര്‍ച്ചയുടെ ഓര്‍മച്ചുരുക്കം)’.