Sunday
19 Nov 2017

നാട്ടറിവുകളുടെ വേരുകള്‍ തേടി ബാലസഭ കൂട്ടുകാര്‍

By: Web Desk | Friday 15 September 2017 9:35 PM IST

 

കോഴിക്കോട്: നാട്ടറിവുകളും പഴമയുടെ വേരുകളും തേടി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലസഭാ കൂട്ടുകാര്‍ പ്രാദേശിക ചരിത്ര രചനയ്ക്ക് തയ്യാറെടുക്കുന്നു.
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ തദ്ദേശഭരണ സ്ഥാപനത്തിലും ‘ നാടറിയാന്‍, നാടിനെ അറിയാന്‍’ എന്ന പേരില്‍ ബാലസഭാ കുട്ടികളുടെ നേതൃത്വത്തിലാണ് ചരിത്രരചന നടത്തുക. ആധുനിക കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് സ്വന്തം പ്രദേശത്തെ തിരിച്ചറിയുന്നതിനും കാലാവസ്ഥ, കൃഷിരീതി, മണ്ണ്, കല, സംസ്‌കാരം തുടങ്ങിയവയുടെ മാറ്റങ്ങള്‍ മനസിലാക്കാനുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ നിലവിലുള്ള വിഭവങ്ങളും സമ്പത്തും കണ്ടെത്താനും ഓരോ പ്രദേശത്തെയും ജൈവവൈവിദ്ധ്യങ്ങള്‍ മനസിലാക്കി അവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുതുതലമുറക്ക് ബോധ്യപ്പെടുത്താനും പ്രാദേശിക ചരിത്ര പഠനം വഴി ലക്ഷ്യമിടുന്നു. ഇതിനായി വ്യത്യസ്ഥങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കുടുംബശ്രീ മിഷന്‍ ലക്ഷ്യമിടുന്നത്. പഴയ തലമുറയില്‍ നിന്നുള്ളവരുടെ അഭിമുഖങ്ങളിലൂടെയും ചര്‍ച്ചകള്‍ പ്രാദേശിക വിവരശേഖരണം എന്നിവയിലൂടെയും രചനകള്‍ സമ്പുഷ്ടമാക്കും. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് ഓരോ പഞ്ചായത്തിന്റെയും പ്രാദേശിക ചരിത്രം പുസ്തക രൂപത്തില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിന് മുന്നോടിയായുള്ള പരിശീലന പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാബ്ലോക്ക്പഞ്ചായത്ത്/നഗരസഭാതലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം ലഭ്യമാക്കും. ജില്ലാതലപരിശീലന പരിപാടിയുടെ ഉദ്ഘാടനം യൂത്ത് ഹോസ്റ്റലില്‍ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ പി.സി. കവിത നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഓരോ തദ്ദേശഭരണസ്ഥാപനത്തിലും പരിശീലനം പൂര്‍ത്തിയാക്കി ചരിത്രരചനക്ക് നാന്ദി കുറിക്കും. സെപ്റ്റംബര്‍ 30 ഓടെ ചരിത്രരചന പൂര്‍ത്തീകരിക്കും.