Sunday
22 Oct 2017

കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന്‌ ഹൈക്കോടതി

By: Web Desk | Friday 13 October 2017 2:57 PM IST

കൊച്ചി. സമരവും സത്യഗ്രഹവും വിദ്യാലയങ്ങളില്‍ പാടില്ലെന്നും കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്നും ഹൈക്കോടതി. പഠിപ്പുമുടക്കി സമരം ചെയ്യുന്നവരെ പുറത്താക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൊന്നാനി എംഇഎസ് കോളജില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് അധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവാണിത്. ഈ മാസം 16ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

സമരത്തിനുള്ള വേദികളല്ല കലാലയങ്ങള്‍, പഠിക്കാനുള്ളവയാണ്. പഠിക്കാനായി മാത്രമാണ് വിദ്യാര്‍ഥികള്‍ അവിടേക്കു പോകുന്നത്. അതല്ല, സമരങ്ങളും ധര്‍ണകളും സത്യഗ്രഹങ്ങളും വഴി രാഷ്ട്രീയഭാവി നേടിയെടുക്കാനുള്ള ശ്രമമാണെങ്കില്‍ അതിനുവേണ്ടി പഠനം ഉപേക്ഷിച്ചു പോകേണ്ടതാണ്. കോളജുകളിലെ വിദ്യാഭ്യാസ അന്തരീക്ഷത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം സമരങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികളെ പുറത്താക്കാന്‍ കോളജ് അധികൃതര്‍ക്ക് അധികാരമുണ്ട്.