Wednesday
19 Sep 2018

ബാങ്ക് പണിമുടക്കിന്റെ ചുവരെഴുത്ത് മനസിലാക്കുക

By: Web Desk | Wednesday 23 August 2017 1:19 AM IST

ഇന്ത്യയിലെ ബാങ്കിങ് മേഖല അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ച ദിവസമായിരുന്നു ഇന്നലെ. മേഖലയിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും പിന്തുണയുള്ള ഒമ്പത് പ്രമുഖ സംഘടനകള്‍ നടത്തിയ പണിമുടക്കിന്റെ ഫലമായിരുന്നു അത്തരത്തിലൊരു സാഹചര്യമുണ്ടായത്. പത്തുലക്ഷത്തിലധികം പേരാണ് സമരത്തില്‍ പങ്കെടുത്തത്. പൊതുമേഖല, സ്വകാര്യമേഖല, പുതുതലമുറ എന്നിങ്ങനെ വ്യത്യാസങ്ങളില്ലാതെ ബാങ്കുകളെയും മേഖലാ ഓഫീസുകളെയും പണിമുടക്ക് ബാധിച്ചു. സാധാരണ പ്രവര്‍ത്തനങ്ങളൊന്നും തന്നെ നടത്താനായില്ല.
ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ക്ലിയറിങ് കേന്ദ്രങ്ങളില്‍ 40 ലക്ഷം ചെക്കുകളുടെയും അതുവഴി 20,000 കോടി രൂപയുടെയും ഇടപാടുകളാണ് പ്രതിദിനം നടന്നിരുന്നത്. ഇന്നലെ ക്ലിയറിങ് ഹൗസുകള്‍ അടഞ്ഞുകിടന്നതിനാല്‍ ഈ ഇടപാടുകളും നടന്നില്ല. 17 ആവശ്യങ്ങളാണ് പണിമുടക്കിന് ആധാരമായി സംഘടനകള്‍ മുന്നോട്ടുവച്ചിരുന്നത്. പ്രസ്തുത ആവശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഈ പണിമുടക്ക് ജീവനക്കാര്‍ അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയല്ല, രാജ്യത്തിന്റെയും പൊതുസമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് നിലക്കൊള്ളുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും.
ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, ബാങ്കുകള്‍ ലയിപ്പിക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള തീരുമാനം പിന്‍വലിക്കുക, കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളുന്ന രീതി അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തത് കുറ്റമായി പ്രഖ്യാപിക്കുക, കോര്‍പ്പറേറ്റുകളുടെ നിശ്ചല ആസ്തിയുടെ ബാധ്യത ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവയ്ക്കരുത്, ബാങ്കുകളുടെ വിശ്വാസ്യത നിലനിര്‍ത്തുക എന്നിവയും ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണ്. ഇതോടൊപ്പം ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരമാവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും ഉന്നയിക്കുന്നുണ്ട്.
അവയാകട്ടെ ആദ്യമുന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് ഇടയാക്കിയ ഭരണ നയങ്ങളുടെ അനന്തരഫലമായി പ്രധാനമായും ജീവനക്കാര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ്. ബാങ്കുകളുടെ ലയനത്തിലൂടെ തസ്തികകളുടെയും ശാഖകളുടെയും എണ്ണം കുറയ്ക്കുന്നത് സുരക്ഷിത തൊഴിലുണ്ടായിരുന്ന ഒരു വിഭാഗം ജീവനക്കാരെ തെരുവാധാരമാക്കുന്നതിനാണ് വഴിയൊരുക്കുന്നത്. ഒഴിഞ്ഞുപോകുന്നതിന് സ്വയം വിരമിക്കല്‍ എന്ന ഓമനപ്പേരിലുള്ള രീതിയും എന്നിട്ടും ഒഴിയാത്തവരെ വിദൂര സ്ഥലങ്ങളിലേയ്ക്ക് മാറ്റി പുറത്തുപോകാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന ശിക്ഷാരീതിയും അവലംബിക്കുന്നു. പല തരത്തിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കലും നടപ്പിലാക്കുന്നു. ഇതെല്ലാം രാജ്യത്തെ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളുടെ ഉപോല്‍പ്പന്നങ്ങളാണ്.
പൊതുമേഖലാ ബാങ്കുകളെന്നത് ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് ശക്തിപകര്‍ന്നിരുന്ന സ്ഥാപനങ്ങളായിരുന്നു. ബാങ്കിങ് – ഇന്‍ഷുറന്‍സ് മേഖലകളുടെ പൊതുമേഖലാവല്‍ക്കരണത്തിലൂടെ അതുവരെ സ്വകാര്യ വ്യക്തികളും കോര്‍പ്പറേറ്റുകളുമുണ്ടാക്കിയിരുന്ന വന്‍ ലാഭം പൊതു ഖജനാവിലേയ്ക്ക് എത്തുന്ന സ്ഥിതിയുണ്ടായി. അത് വികസന ആവശ്യങ്ങള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്ന സാഹചര്യവുമുണ്ടായി. നോട്ടുനിരോധനത്തിന്റെ ആഘാതമുണ്ടായതിനെ തുടര്‍ന്ന് കുറഞ്ഞുപോയെങ്കിലും കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്കെന്ന ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ലാഭവിഹിതമായി നല്‍കിയത് 30,659 കോടി രൂപയിലധികമായിരുന്നു. മുന്‍വര്‍ഷം അത് 65,876 കോടി രൂപയായിരുന്നുവെന്നോര്‍ക്കുക.
കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളിയും നിഷ്‌ക്രിയ ആസ്തികളെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയും വന്‍തുക നഷ്ടപ്പെടുത്തുമ്പോള്‍ തന്നെ ഇടത്തരക്കാരും സാധാരണക്കാരും ഉപഭോക്താക്കളായി നില്‍ക്കുന്നതിനാലാണ് ഇത്രയെങ്കിലും ലാഭമുണ്ടാക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുന്നത്. അതില്‍ തന്നെ ജീവനക്കാരും ഉദ്യോഗസ്ഥരും നിര്‍ണായക പങ്ക് വഹിക്കുന്നുമുണ്ട്.
സ്വകാര്യ ബാങ്കുകള്‍ ഉപഭോക്താക്കളെ മാത്രമല്ല ചൂഷണം ചെയ്യുന്നത്. ജീവനക്കാരെ അമിത ജോലിയും ഭാരവുമേല്‍പ്പിച്ച് ചൂഷണം ചെയ്യുന്നതും പതിവാണ്. ലാഭം മുഴുവന്‍ ഉടമകള്‍ കൊണ്ടുപോവുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ നിലനില്‍ക്കുകയെന്നത് രാജ്യത്തിന്റെ പൊതുവായ ആവശ്യമായി തീരുന്നു. പ്രസ്തുത ആവശ്യമാണ് ഇന്നലത്തെ പണിമുടക്കില്‍ പ്രധാനമായി ഉന്നയിച്ചത്.
സ്വകാര്യവല്‍ക്കരണത്തിന്റെ കാല്‍നൂറ്റാണ്ട് കാലത്ത് ബാങ്കുകളും വന്‍ വ്യവസായ സംരംഭങ്ങളുമുള്‍പ്പെടെ എല്ലാം വിറ്റഴിക്കുകയെന്ന നയം ഇതുവരെയുള്ള എല്ലാ ഭരണാധികാരികളും പിന്തുടരുന്നുണ്ട്. മൂന്നേകാല്‍ വര്‍ഷം മുമ്പ് അധികാരത്തിലെത്തിയ മോഡി സര്‍ക്കാര്‍ അതിതെ അതിവേഗം മുന്നോട്ടുനയിക്കുകയാണ്. അതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രാധികാരത്തെ പോലും കൈപ്പിടിയിലൊതുക്കി ബാങ്കിങ് മേഖലയെ പൂര്‍ണമായും കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ഇതിനെതിരായ വളര്‍ന്നുവരുന്ന യോജിച്ച സമരത്തിന്റെ രൂപമായിരുന്നു ഇന്നലെ ബാങ്കിങ് മേഖലയില്‍ കണ്ടത്. തൊഴിലാളി സംഘടനകളുടെ ഐക്യവേദി മറ്റൊരു രൂപമായിരുന്നു. അടുത്ത ഘട്ടമെന്ന നിലയില്‍ സെപ്റ്റംബര്‍ 15 ന് പാര്‍ലമെന്റിന് മുന്നില്‍ ഒരു ലക്ഷം പേരുടെ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രാജ്യത്ത് വളര്‍ന്നു വരുന്ന യോജിച്ച സമരങ്ങളുടെ ചുവരെഴുത്ത് വായിക്കാന്‍ ഇനിയെങ്കിലും കേന്ദ്ര ഭരണാധികാരികള്‍ സന്നദ്ധമാകേണ്ടതാണ്.