Monday
10 Dec 2018

സാമ്പത്തിക തട്ടിപ്പ്; ബാങ്കുകള്‍ക്ക് ഒറ്റ വര്‍ഷംകൊണ്ട് നഷ്ടമായത് 32,000 കോടി രൂപ

By: Web Desk | Tuesday 7 August 2018 7:17 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം തട്ടിപ്പുകളില്‍പ്പെട്ട് ബാങ്കുകള്‍ക്ക് നഷ്ടമായത് 32,000 കോടി രൂപ. രാജ്യത്ത് ബാങ്കുകളില്‍ നടക്കുന്ന വെട്ടിപ്പുകള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നുവെന്ന് ധനകാര്യവകുപ്പ് സഹമന്ത്രി ശിവ പ്രതാപ് ശുക്ല ലോക്‌സഭയില്‍ സിപിഐ നേതാവ് സിഎന്‍ ജയദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. 5879 കേസുകളിലായാണ് ഇത്രയും തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.
2013-14 ല്‍ 4306 കേസുകളിലായി 10,200 കോടി രൂപയാണ് തട്ടിപ്പിലൂടെ ബാങ്കുകള്‍ക്ക് നഷ്ടമായത്. 2014-15 ല്‍ ഇത് 4636 കേസുകളിലായി 19,400 കോടിയും 2015-16ല്‍ 4693 കേസുകളിലായി 18,700 കോടിയും 2016-17 ല്‍ 5067 കേസുകളിലായി 23,900 കോടി രൂപയും ബാങ്കുകള്‍ക്ക് വന്‍കിടക്കാര്‍ നടത്തിയ തട്ടിപ്പിലൂടെ നഷ്ടമായെന്ന് മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
വന്‍കിട കോര്‍പ്പറേറ്റുകള്‍ വായ്പയിനത്തില്‍ തട്ടിപ്പ് നടത്തുന്നതും ബോധപൂര്‍വം തിരിച്ചടവില്‍ വീഴ്ച വരുത്തുന്നതും വര്‍ധിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് പരിശോധിക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരി 20 ന് വൈഎച്ച് മലേഗം ചെയര്‍മാനായി ഒരു സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ നടത്തിയ പരിശോധനയില്‍ വെട്ടിപ്പ് നടത്തിയ 17 വന്‍കിട അക്കൗണ്ടുകള്‍ തിരിച്ചറിയുകയുണ്ടായി. വജ്ര, ജ്വല്ലറി ഉടമകള്‍, വ്യവസായികള്‍, നിര്‍മാതാക്കള്‍, കാര്‍ഷിക, മാധ്യമ, വ്യോമയാന വ്യവസായ രംഗത്തുള്ളവര്‍ തുടങ്ങിയവരാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ വായ്പകളും പണമിടപാടുകളും നടത്തുമ്പോള്‍ കൂടുതല്‍
കരുതലും സുരക്ഷാ മാര്‍ഗങ്ങളും കൈക്കൊള്ളണമെന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക്
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കുകളനുസരിച്ച് ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 292 കേസുകള്‍ സിബിഐ അന്വേഷിക്കുന്നുണ്ടെന്നും  മന്ത്രി അറിയിച്ചു.

Related News