Tuesday
11 Dec 2018

വഞ്ചനയും തട്ടിപ്പും തടയാനുള്ള മാര്‍ഗം ആരായുകയാണ് വേണ്ടത്

By: Web Desk | Monday 9 April 2018 11:03 PM IST

രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐയുടെ വിശ്വാസ്യത കനത്ത വെല്ലുവിളിയെ നേരിടുന്നുവെന്ന് ആഗോള ക്രഡിറ്റ് റേറ്റിങ് ഏജന്‍സി (ബാങ്കുകളുടെ വിശ്വാസ്യതാ തോത് നിര്‍ണയ ഏജന്‍സി) ഫിഞ്ച് റേറ്റിങ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഐസിഐസിഐ വീഡിയോകോണ്‍ ഗ്രൂപ്പിന് മൂവായിരത്തില്‍പരം കോടി രൂപ വായ്പ അനുവദിച്ചതില്‍ അടുത്തിടെ ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു. ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാര്‍ അവരുടെ ഭര്‍ത്താവ് ദീപക് കൊച്ചാറിന് ഉറ്റബന്ധമുള്ള വീഡിയോകോണിന് 3,250 കോടി രൂപ വായ്പ അനുവദിച്ചത് ദീപക്കും വീഡിയോകോണും ഉള്‍പ്പെട്ട പവര്‍ റിന്യുവബിള്‍സ് എന്ന കമ്പനിക്ക് സാമ്പത്തികലാഭം ഉണ്ടാക്കുന്നതിനുവേണ്ടിയായിരുന്നുവെന്നാണ് ആരോപണം. വീഡിയോകോണിനു നല്‍കിയ വായ്പയില്‍ തിരിച്ചടയ്ക്കാത്ത 2,810 കോടി രൂപ കിട്ടാക്കടമായി മാറിയിരുന്നു. ഐസിഐസിഐ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തങ്ങളുടെ സിഇഒയില്‍ വിശ്വാസം ആവര്‍ത്തിച്ചു പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അവിടെ കാര്യങ്ങള്‍ ക്രമരഹിതമായാണ് നടക്കുന്നതെന്ന് ജനങ്ങള്‍ ന്യായമായും സംശയിക്കുന്നു. എന്നാല്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ അനേ്വഷണത്തിന് റിസര്‍വ് ബാങ്കോ അനേ്വഷണ ഏജന്‍സികളോ നരേന്ദ്രമോഡി സര്‍ക്കാരോ ജനങ്ങള്‍ക്ക് ബോധ്യമാകുന്ന യാതൊരു നടപടിക്കും തയാറായിട്ടില്ല. ഐസിഐസിഐ ബാങ്കും വീഡിയോകോണും ഉള്‍പ്പെട്ട കുംഭകോണത്തെപ്പറ്റി ഇതിനകം പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ എല്ലാംതന്നെ ഇന്ത്യന്‍ ബാങ്കിങ് മേഖലയും കോര്‍പ്പറേറ്റ് ലോകവും ഉള്‍പ്പെട്ട ഇരുളടഞ്ഞ നിയമവിരുദ്ധ ഇടപാടുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ഉള്‍പ്പെട്ട 13,500 കോടി രൂപയുടെ നീരവ് മോഡി വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് അത്തരം തട്ടിപ്പുകള്‍ പൊതുമേഖലാ ബാങ്കുകളുടെ മാത്രം പ്രശ്‌നമാണെന്ന് വരുത്തിതീര്‍ക്കാന്‍ വ്യാപകമായ ശ്രമം നടന്നുവരികയായിരുന്നു. അത്തരം വന്‍ തട്ടിപ്പുകള്‍ക്കും ക്രമക്കേടുകള്‍ക്കും വിരാമമിടാനുള്ള ഒറ്റമൂലി പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കലാണെന്ന ആസൂത്രിത മുറവിളിയും വ്യാപകമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫിച്ച് റേറ്റിങ്‌സിന്റെ റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്.
സമീപകാലങ്ങളില്‍ ഇന്ത്യന്‍ ബാങ്കുകളില്‍ അരങ്ങേറിയ തട്ടിപ്പുകളും കുംഭകോണങ്ങളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഉന്നത ബാങ്ക് ഉദേ്യാഗസ്ഥരും വന്‍ കോര്‍പ്പറേറ്റുകളും അധികാര രാഷ്ട്രീയത്തിന്റെ അമരക്കാരും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടുകളാണ് അവയ്ക്ക് പിന്നിലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യപ്പെടും. വിജയ് മല്യ മുതല്‍ നീരവ് മോഡി വരെയുള്ള എല്ലാവര്‍ക്കും അവര്‍ നടത്തിയ തട്ടിപ്പുകള്‍ക്കും അതിനെത്തുടര്‍ന്ന് രാജ്യംവിടാനും ഒത്താശ ചെയ്തവര്‍ രാഷ്ട്രീയ അധികാരസ്ഥാനങ്ങളിലുള്ളവരാണെന്ന് സത്യസന്ധവും സുതാര്യവുമായ അനേ്വഷണം വ്യക്തമാക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയും നീരവ് മോഡിയും തമ്മിലുള്ള ചങ്ങാത്തം വ്യക്തമാക്കുന്ന ലോകസാമ്പത്തിക ഉച്ചകോടി വേളയിലെ ചിത്രങ്ങള്‍ പോലും മാധ്യമങ്ങള്‍ പുറത്തുവിടുകയുണ്ടായി. അവയെ എല്ലാം അപ്പാടെ അവഗണിച്ചുകൊണ്ടാണ് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുവേണ്ടിയുള്ള മുറവിളി ഉയരുന്നത്. ജനങ്ങളുടെയും രാജ്യത്തിന്റെയും സമ്പത്ത് കൊള്ളയടിച്ച് ആഡംബരജീവിതം നയിക്കുന്ന തട്ടിപ്പുകാരെ രാജ്യത്ത് തിരികെ കൊണ്ടുവന്ന് നിയമാനുസൃതം വിചാരണ ചെയ്യാനും ശിക്ഷിക്കാനും ആത്മാര്‍ഥമായ യാതൊരു ശ്രമവും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. ഭരണാധികാരികള്‍ അതിന് തയാറാവാത്തത് ആ നടപടികള്‍ ആത്യന്തികമായി തുറന്നുകാട്ടുക തങ്ങളുടെതന്നെ അഴിമതിയുടെ നിഗൂഢതകളാണെന്ന തിരിച്ചറിവാണ്. അതീവ ഗുരുതരമായ അന്തരീക്ഷത്തില്‍പോലും ബാങ്കുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിന് പര്യാപ്തമായ അനേ്വഷണ നടപടികള്‍ക്ക് ഈ ഭരണകൂടവും റിസര്‍വ്ബാങ്ക് തന്നെയും അറച്ചുനില്‍ക്കുന്നു.
അഴിമതിക്കും തട്ടിപ്പുകള്‍ക്കും പൊതു-സ്വകാര്യമേഖലകള്‍ എന്ന വേര്‍തിരിവ് കല്‍പിക്കുന്നത് തികഞ്ഞ മൗഢ്യമാണ്. പൊതുമേഖലാ ബാങ്കുകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് സാധ്യത ഏറുമെന്ന വസ്തുത നിഷേധിക്കാനാവില്ല. സ്വകാര്യമേഖലയിലാവട്ടെ കോര്‍പ്പറേറ്റ് ചങ്ങാത്തമാണ് കളികള്‍ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യവല്‍ക്കരണമെന്നത് പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതിനു തുല്യമാണ്. ഇന്ത്യയിലെ സ്വകാര്യബാങ്കുകളെ ദേശസാല്‍ക്കരിച്ചത് വ്യക്തമായ ചില സാമൂഹ്യസാമ്പത്തിക ലക്ഷ്യങ്ങളോടുകൂടിയാണ്. അവ കൈവരിക്കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ പരാജയപ്പെട്ടെങ്കില്‍ അതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം ഭരണനേതൃത്വത്തിന്റെയും നയപരിപാടികളുടേതും മാത്രമാണ്. ബാങ്കിങ് രംഗത്തെ ഈ അപഭ്രംശത്തിനു പരിഹാരം കാണാനാവശ്യമായ നടപടികളാണ് അധികാര കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവേണ്ടത്. അതിനുപകരം സ്വകാര്യവല്‍ക്കരണമെന്ന ഒറ്റമൂലി ഫലത്തില്‍ രാജ്യത്തെ ബാങ്കുകളെയും രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും സമ്പത്തും കോര്‍പറേറ്റ് ആര്‍ത്തിക്കുമുന്നില്‍ അടിയറ വയ്ക്കലായിരിക്കും. ഇക്കഴിഞ്ഞ ദിവസം രാഷ്ട്രതലസ്ഥാനത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവെ ബംഗ്ലാദേശ് ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ മുഹമ്മദ് യൂനസ് നടത്തിയ അഭിപ്രായ പ്രകടനം ശ്രദ്ധേയമാണ്. ‘പൊതുമേഖലാ ബാങ്കുകളെക്കാള്‍ എന്ത് മികച്ച പ്രകടനമാണ് സ്വകാര്യ ബാങ്കുകള്‍ കാഴ്ചവച്ചിട്ടുള്ളത്? വഞ്ചനയും തട്ടിപ്പും തടയാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ആവശ്യം’ അദ്ദേഹം പറഞ്ഞു.